TopTop

'പ്രേത'മനുഷ്യരുടെ തെളിവുകള്‍ കണ്ടെത്തി

അരലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന പുരാതന 'നിഗൂഢ ജനതയെ' (Ghost Population) കുറിച്ചുള്ള തെളിവുകള്‍ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇന്നത്തെ മനുഷ്യരിൽ പോലും അവരുടെ ജീനുകളുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയില്‍ ജീവിക്കുന്നവരുടെ ജീനോമുകൾ ഗവേഷകർ വിശകലനം ചെയ്തപ്പോൾ അവരുടെ ഡിഎൻ‌എയുടെ അഞ്ചിലൊന്ന് വരെ ഈ അജ്ഞാത പൂർവ്വികരുടെതാണെന്നാണ് കണ്ടെത്തല്‍.

പുരാതന യൂറോപ്യന്‍സ് നിയാണ്ടര്‍ത്താലുമായി പ്രത്യുത്പാദന ബന്ധത്തില്‍ ഏര്‍പ്പെട്ടതുപോലെ ആധുനിക പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ പൂർവ്വികർ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പുരാതന മനുഷ്യരുമായി ഇടപെട്ടിട്ടുണ്ടാകാമെന്ന് ജനിതകശാസ്ത്രജ്ഞർ സംശയിക്കുന്നു. 'ഞങ്ങൾ പരിശോധിച്ച പടിഞ്ഞാറൻ ആഫ്രിക്കക്കാരിൽ എല്ലാവർക്കും ഈ അജ്ഞാത പുരാതന മനുഷ്യരില്‍ നിന്നുള്ള വംശപരമ്പരയുണ്ട്' എന്ന് ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണത്തിന് നേതൃത്വം നൽകിയ കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റ് ശ്രീരാം ശങ്കരരാമൻ പറയുന്നു.

ഈ സിദ്ധാന്തം തെളിയിക്കാൻ അസ്ഥികളോ പുരാതന ഡിഎൻ‌എകളോ ഇല്ല. പക്ഷേ ആധുനിക പശ്ചിമാഫ്രിക്കക്കാരുടെ ജീനുകളിൽ തെളിവുകൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു. നൈജീരിയയിലേയും സിയറ ലിയോണിലേയും ആളുകളിൽ നടത്തിയ പരിശോധനയെ തുടര്‍ന്നാണ്‌ 'ഗോസ്റ്റ് ഡിഎൻഎ' അവര്‍ കണ്ടെത്തുന്നത്. ഒരു വിഭാഗം പുരാതന മനുഷ്യര്‍ ഒരിക്കൽ ആഫ്രിക്കയിൽ ഉണ്ടായിരുന്നു. അവരുടെ ഫോസിലുകളോ ഡിഎൻ‌എയോ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവയെക്കുറിച്ച് കൂടുതലൊന്നും ശാസ്ത്രലോകത്തിന് അറിയില്ല.

'സയൻസ് അഡ്വാൻസസ് ജേണലിൽ' പ്രസിദ്ധീകരിച്ച ഗോസ്റ്റ് ഡിഎൻ‌എയെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഹോമോ സാപ്പിയൻസ് അഥവാ ആധുനിക മനുഷ്യർ മറ്റ് മനുഷ്യ ബന്ധുക്കളിൽ നിന്ന് എങ്ങനെ പരിണമിച്ചു എന്നതിന്റെ ചിത്രത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. കഥ അവിശ്വസനീയമാംവിധം സങ്കീർണ്ണമാണ്. കാരണം പശ്ചിമാഫ്രിക്കയിൽ കാണപ്പെടുന്ന അസാധാരണമായ ഈ ഡി‌എൻ‌എയ്ക്ക് നിയാണ്ടർത്തലുകളുമായോ ഡെനിസോവനുകളുമായോ യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് അവരുടെ പൂര്‍വ്വികരെ 'പ്രേത മനുഷ്യര്‍' എന്ന് വിളിക്കുന്നത്.


Next Story

Related Stories