TopTop
Begin typing your search above and press return to search.

നിഗൂഡമായ കോസ്മിക് വെബിനെ ശാസ്ത്രജ്ഞര്‍ ആദ്യമായി നേരിട്ട് നിരീക്ഷിക്കാന്‍ ഒരുങ്ങുന്നു

നിഗൂഡമായ കോസ്മിക് വെബിനെ ശാസ്ത്രജ്ഞര്‍ ആദ്യമായി നേരിട്ട് നിരീക്ഷിക്കാന്‍ ഒരുങ്ങുന്നു

കോസ്മിക് വെബ് ആദ്യമായി നേരിട്ട് നിരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. മഹാവിസ്‌ഫോടനത്തെത്തുടര്‍ന്ന് താരാപഥങ്ങള്‍ ആദ്യമായി എങ്ങനെ രൂപപ്പെട്ടു എന്നതിനെ കുറിച്ചുള്ള നിലവിലെ സിദ്ധാന്തങ്ങളുടെയെല്ലാം കേന്ദ്രമാണ് കോസ്മിക് വെബിന്റെ നിലനില്‍പ്പ്. എന്നാല്‍ അവയെകുറിച്ച് ഇതുവരെ സാഹചര്യപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തപ്പെടുന്നത്. അക്വേറിയസ് നക്ഷത്രസമൂഹത്തില്‍നിന്നും ഏകദേശം 12 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു പുരാതന താരാപഥത്തെ മങ്ങിയ വാതക ഫിലമെന്റുകളുടെ ഒരു ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നാണ് അടുത്തിടെ നടന്ന ചില നിരീക്ഷണങ്ങളില്‍നിന്നും വ്യക്തമാകുന്നത്.

ഒന്നുകൂടെ ലളിതമായി പറഞ്ഞാല്‍..

നിരവധി ഗ്യാലക്‌സികളും ചെറിയ ഗ്യാലക്‌സി ഗ്രൂപ്പുകളും ചേരുന്ന വലിയ സമൂഹത്തെ ഗ്യാലക്‌സി സൂപ്പര്‍ ക്ലസ്റ്റര്‍ എന്നു വിളിക്കുന്നു. ഗ്യാലക്‌സികളെ തമ്മില്‍ ഗ്രാവിറ്റി ബലത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന പ്രപഞ്ചത്തിലെ വലിയ ജ്യോതിര്‍ നിര്‍മ്മിതികളാണിവ. കോടിക്കണക്കിനു ഗ്യാലക്‌സികള്‍ ഇത്തരം സൂപ്പര്‍ ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടുന്നു. ഒരു സൂപ്പര്‍ ക്ലസ്റ്ററിലേ ഗ്യാലക്‌സികള്‍ തമ്മില്‍ പ്രകാശ വര്‍ഷങ്ങളുടെ അകലം ഉണ്ടായിരിക്കും.

ഉദാഹരണത്തിന് ഒരു ക്ലസ്റ്ററിലെ A എന്ന ഗ്യാലക്‌സിയും B എന്ന ഗ്യാലക്‌സിയും തമ്മില്‍ D പ്രകാശ വര്‍ഷം ദൂരമുണ്ട് എന്നു കരുതുക. D എന്ന സഞ്ചാരപാത തികച്ചും ശൂന്യമായിരിക്കും. അവിടെ യാതൊരുവിധ ദൃശ്യ ജ്യോതിര്‍ വസ്തുക്കളും ഉണ്ടാകില്ല. അത്തരം ശൂന്യമായ സ്ഥലത്തെ വോയിഡുകള്‍ അഥവാ പ്രാപഞ്ചികസ്ഥാമായ വിടവുകള്‍ എന്നു വിളിക്കാം. ഇത്തരം ഗ്യാലക്‌സി ആന്തര വിടവുകളെയാണ് കോസ്മിക് വെബ് എന്ന് സാധാരണ ഗതിയില്‍ വിളിക്കുന്നത്. അവയെ കുറിച്ച് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അനുമാനങ്ങളാണ് ഇക്കാലമത്രയും ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത്രയും വിദൂരതയിലുള്ള മങ്ങിയ ഘടനകളെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കപ്പെട്ടതോടെ വെബിന്റെ സത്യങ്ങളിലേക്ക് ഗവേഷകര്‍ നീങ്ങാന്‍ തുടങ്ങി.

ഞങ്ങള്‍ കണ്ടു

ആദ്യകാല പ്രപഞ്ചത്തിലെ ഒന്നിലധികം വിപുലീകൃത ഫിലമെന്റുകള്‍ ആദ്യമായി വ്യക്തമായി കാണാന്‍ കഴിഞ്ഞുവെന്ന് ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ പ്രൊഫ. മിഷേല്‍ ഫുമാഗള്ളി പറയുന്നു. ഈ ഘടനകളെ നേരിട്ട് മാപ്പ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് അവര്‍. അതോടെ, അതിശയകരമായ തമോഗര്‍ത്തങ്ങളുടെയും താരാപഥങ്ങളുടെയും രൂപീകരണം നിയന്ത്രിക്കുന്നതില്‍ അവയുടെ പങ്ക് വിശദമായി മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും.

യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വലിയ ദൂരദര്‍ശിനി ഉപയോഗിച്ചുകൊണ്ടാണ് നിരീക്ഷണം നടന്നത്. എസ്എസ്എ 22 എന്ന വിദൂര ഗ്യാലക്‌സി ക്ലസ്റ്ററിനുള്ളിലെ താരാപഥങ്ങള്‍ വികിരണം ചെയ്ത ഹൈഡ്രജന്‍ പ്രകാശം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. അതോടെ പുതുതായി രൂപംകൊണ്ട ക്ലസ്റ്ററിലുള്ള യുവ താരാപഥങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്റര്‍ഗാലാക്റ്റിക് വാതകത്തിന്റെ വ്യക്തിഗത ഫിലമെന്റുകള്‍ കണ്ടെത്താനും സാധിച്ചു. കോസ്മിക് വെബിനെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങള്‍ക്കും അറുതിയാവുമെന്ന് കരുതുന്നു.


Next Story

Related Stories