TopTop
Begin typing your search above and press return to search.

'വിദ്വേഷ പ്രചാരണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടു', ഫേസ്ബുക്കിലെ പരസ്യങ്ങൾ പിൻവലിച്ച് കമ്പനികൾ

വിദ്വേഷ പ്രചാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നു ആരോപിച്ചുകൊണ്ട് നിരവധി കമ്പനികൾ ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നോർത്ത് ഫെയ്സ്, ആർ‌ഐ, പാറ്റഗോണിയ തുടങ്ങിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ പരസ്യത്തിന് പണം നൽകില്ലെന്ന് പ്രതിജ്ഞയെടുത്തു.

ആന്റി ഡിഫമേഷൻ ലീഗ്, എൻ‌എ‌എ‌സി‌പി, കളർ ഓഫ് ചേഞ്ച് എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ബുധനാഴ്ച ആരംഭിച്ച 'Stop Hate for Profit' കാമ്പെയ്‌നിന്റെ ഭാഗമായാണ് കൂടുതല്‍ കമ്പനികള്‍ ഫേസ്ബുക്കിനെതിരെ രംഗത്തു വരുന്നത്. ഫ്രീലാൻസ് ജോബ് ലിസ്റ്റിംഗ് സൈറ്റ് അപ്‌വർക്കും ഇന്റർനെറ്റ് കമ്പനിയായ മോസില്ലയും സമാനമായ തീരുമാനമെടുത്തു.

ജൂലൈ മാസത്തിൽ ഫേസ്ബുക്കില്‍പരസ്യം ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് വംശീയവും വിദ്വേഷകരവുമായ ഉള്ളടക്കത്തിനെതിരെ കർശനമായ നയങ്ങൾ സ്വീകരിക്കാൻ ടെക് ഭീമനെ സമ്മർദ്ദത്തിലാക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആഹ്വാനം ചെയ്തത്. വെളുത്ത മേധാവിത്വവാദികളുടെ സന്ദേശങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താത്ത, ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാത്ത ഫേസ്ബുക്കിന്റെ വാർഷിക പരസ്യ വരുമാനം 70 ബില്യൺ ഡോളറില്‍ കൂടുതലാണ്.

'സമൂഹത്തിലെ ഏറ്റവും മോശം ഘടകങ്ങളെ നമ്മുടെ വീടുകളിലേക്കും ജീവിതത്തിലേക്കും ഫേസ്ബുക്ക് ആനയിക്കുന്നത് എങ്ങിനെയാണെന്ന് നാം അനുദിനം കാണുന്നതാണ്. നാമെല്ലാവരും വ്യക്തിപരമായും കൂട്ടമായും അവരുടെ പ്ലാറ്റ്ഫോമുകൾ സുരക്ഷിതമാക്കാൻ ഫേസ്ബുക്കിനോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. എന്നാൽ അർത്ഥവത്തായ നടപടി സ്വീകരിക്കുന്നതിൽ അവർ ആവർത്തിച്ചു പരാജയപ്പെട്ടു. മാറ്റങ്ങൾ വരുത്താൻ അവരുടെ ഉപയോക്താക്കളും പരസ്യദാതാക്കളും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഈ കാമ്പെയ്‌ൻ ഒടുവിൽ ഫേസ്ബുക്കിനെ ബോധ്യപ്പെടുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നാണ് ആന്റി ഡിഫമേഷൻ ലീഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോനാഥൻ ഗ്രീൻബ്ലാറ്റ് പറഞ്ഞത്.


Next Story

Related Stories