TopTop
Begin typing your search above and press return to search.

ഇനി സൂര്യന്റെ ക്ലോസ് അപ്, സോളാര്‍ ഓര്‍ബിറ്റര്‍ പുറപ്പെട്ടു കഴിഞ്ഞു

ഇനി സൂര്യന്റെ ക്ലോസ് അപ്, സോളാര്‍ ഓര്‍ബിറ്റര്‍ പുറപ്പെട്ടു കഴിഞ്ഞു

ഫെബ്രുവരി 9 ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സോളാര്‍ ഓര്‍ബിറ്റര്‍ (സോളോ) വിക്ഷേപിച്ചതിലൂടെ സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകര്‍. ഇതിനുമുമ്പ് സൂര്യനു സമീപമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആ ചരിത്രമായിരിക്കും സോളോ മാറ്റിക്കുറിക്കുന്നത്.

2018 ല്‍ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബിനു ശേഷമുള്ള ഈ സൗരദൗത്യം ഫെബ്രുവരി 9 ന് ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍ നിന്നുമാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. പത്ത് വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൗത്യമായിരിക്കും ഇത്. ഇതിന്റെ ആദ്യഘട്ടത്തില്‍ ബുധന്റെ ഭ്രമണപഥത്തിലേക്കായിരിക്കും യാത്ര. സൂര്യനെക്കുറിച്ചും, സൂര്യന്റെ ഹീലിയേസ്ഫിയറിനെക്കുറിച്ചും അന്വേഷിക്കുക എന്നതായിരിക്കും ഇതിന്റെ പ്രധാന ലക്ഷ്യം.

പ്രാരംഭഘട്ടത്തിലുള്ള സൗരവാതത്തിന്റെ വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂര്യന്റെ ധ്രുവപ്രദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. ഹീലിയോസ്ഫിയര്‍ രൂപപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും എങ്ങനെയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പേടകത്തിന്റെ നിരീക്ഷണങ്ങളില്‍ നിന്നും ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

വിക്ഷേപണത്തിനുശേഷം, സോളാര്‍ ഓര്‍ബിറ്റര്‍ ഏകദേശം 3.5 വര്‍ഷം കൊണ്ട്, ഭൂമിയുടെയും ശുക്രന്റെയും ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് അതിന്റെ ഭ്രമണപഥത്തിലെത്തും. ശുക്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് അതിന്റെ ചെരിവ് 0ത്തില്‍ നിന്ന് 25 ആയി ഉയര്‍ത്തും. ഇത് സൂര്യന്റെ ധ്രുവങ്ങളെ നന്നായി പഠിക്കുന്നതിനു സഹായിക്കും.


Next Story

Related Stories