TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്സിന്റെ മ്യൂട്ടേഷനുകള്‍ രോഗപ്പകര്‍ച്ചയുടെ തീവ്രത കൂട്ടുന്നുവെന്ന് പഠനം

കൊറോണ വൈറസ്സിന്റെ മ്യൂട്ടേഷനുകള്‍ രോഗപ്പകര്‍ച്ചയുടെ തീവ്രത കൂട്ടുന്നുവെന്ന് പഠനം

കൊറോണ വൈറസ് മ്യൂട്ടേഷനുകളിലൂടെ (സ്വഭാവ സംക്രമണം) കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കാമെന്ന് പഠനം. കോശങ്ങളിലേക്ക് മുമ്പത്തെക്കാളധികം തീവ്രതയോടെ ആക്രമിച്ചു കയറാന്‍ വൈറസ്സിന് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. യുഎസ്, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കോവിഡ് രോഗത്തിന്റെ ഭ്രാന്തമായ പകര്‍ച്ച നടക്കുന്നതിന് കാരണം ഈ മ്യൂട്ടേഷനായിരിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

ഫ്ലോറിഡയിലെ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.

വൈറസ്സുകളുടെ മ്യൂട്ടേഷന്‍ അതിന്റെ സ്വയംപെരുകലിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. കൊറോണ വൈറസ് വുഹാനില്‍ പടര്‍ന്നു തുടങ്ങിയ കാലത്തെ അതേ രൂപഭാവങ്ങളിലാകില്ല ഇപ്പോഴുള്ളത്. നിരന്തരമായ മ്യൂട്ടേഷനുകള്‍ ഏത് വൈറസ്സിനും സംഭവിച്ചു കൊണ്ടിരിക്കും. അതായത്, ഈ വര്‍ഷത്തെ അതേ നിലയിലാകണമെന്നില്ല അടുത്ത വര്‍ഷമെത്തുമ്പോഴേക്കും വൈറസ്സിന്റെ ജൈവഘടന. ഇക്കാരണത്താല്‍ തന്നെ ഏത് വൈറസ്സിന്റെയും ഗൗരവതരമായ മ്യൂട്ടേഷനുകളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ മരുന്നുകളുടെ സ്വഭാവത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കാറുണ്ട്.

അതെസമയം അതിവേഗത്തില്‍ ഇത്തരം മ്യൂട്ടേഷനുകള്‍ സംഭവിക്കുമെങ്കിലും അത് ഗൗരവതരമായ വിധത്തിലുള്ള ഒരു വ്യതിയാനത്തിലേക്ക് എത്തിച്ചേരാന്‍ സമയം ഏറെയെടുക്കും. അതായത്, നിലവിലുള്ള വാക്സിന്‍ നിര്‍മാതാക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ള വൈറസ്സിന്റെ ജൈവശരീരത്തിന് വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്ന് കരുതാന്‍ വയ്യെന്നാണ് ഈ വിഷയത്തില്‍ വിദഗ്ധരായവര്‍ പറയുന്നത്. അഥവാ, വാക്സിന്‍ നിര്‍മിക്കപ്പെട്ടു വരുമ്പോഴേക്ക് വൈറസ്സിന് രൂപമാറ്റം സംഭവിച്ച് പ്രസ്തുത വാക്സിന്‍ ഏല്‍ക്കാതെ വരുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നില്ല.

ഈ പഠനം ഇതുവരെ പിയര്‍ റിവ്യൂവിന് അയച്ചിട്ടില്ലെന്നാണ് വിവരം.

ഇതുവരെ സംഭവിച്ച മ്യൂട്ടേഷനുകള്‍ കോവിഡ് രോഗത്തിന്റെ വ്യാപനത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്. മ്യൂട്ടേഷനുകള്‍ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നതിനാല്‍ത്തന്നെ ഈ പ്രശ്നം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥകളില്‍ കാഴ്ചയില്‍ കാണാവുന്ന വ്യതിയാനമൊന്നും ഉണ്ടായെന്നു വരില്ല. എന്നാല്‍‌ പകര്‍ച്ചയുടെ തീവ്രത വര്‍ധിക്കുകയാണ് ചെയ്യുന്നത്.


Next Story

Related Stories