TopTop
Begin typing your search above and press return to search.

ട്രംപിനെതിരെ മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും ഫേസ്ബുക്കും, എച്ച് വൺ ബി വിസ നിര്‍ത്തിവെക്കാനുള്ള നീക്കം അനവസരത്തിലുള്ളത്

ട്രംപിനെതിരെ മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും ഫേസ്ബുക്കും, എച്ച് വൺ ബി വിസ നിര്‍ത്തിവെക്കാനുള്ള നീക്കം അനവസരത്തിലുള്ളത്

എച്ച് വൺ ബി വിസ നിര്‍ത്തിവക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ടെക് ഭീമന്മാര്‍ രംഗത്ത്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളാണ് വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരികുന്നത്.

ഇതല്ല ആ സമയം - മൈക്രോസോഫ്റ്റ്

'ലോകത്തുള്ള പ്രതിഭകളിൽ നിന്ന് നമ്മുടെ രാജ്യത്തെ ഒഴിവാക്കാനോ അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിക്കാനോ ഉള്ള സമയമല്ല ഇത്' എന്നാണ് മൈക്രോസോഫ്റ്റ് ചീഫ് കൗൺസിലർ ബ്രാഡ് സ്മിത്ത് ട്വീറ്റ് ചെയ്തത്. 'കുടിയേറ്റക്കാർ ഞങ്ങളുടെ കമ്പനിയിൽ സുപ്രധാന പങ്ക് വഹിക്കുകയും നമ്മുടെ രാജ്യത്തിന്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഈ രാജ്യത്തിനുവേണ്ടി പരമാവധി സംഭാവന നല്‍കിയവരാണ് അവര്‍' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദീര്‍ഘവീക്ഷണമില്ല - ആമസോണ്‍

ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്ത പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ച ആമസോണ്‍, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്നും അഭിപ്രായപ്പെട്ടു. 'ഉയർന്ന നൈപുണ്യമുള്ളവര്‍ക്കായുള്ള വിസ പ്രോഗ്രാമുകളുടെ മൂല്യം എത്രത്തോളമാണെന്ന് വ്യക്തമാണ്. ഉപയോക്താക്കൾക്കായി പുതിയ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനായി യു‌എസിൽ‌ എത്തിയ ലോകമെമ്പാടുമുള്ള നിരവധി ജീവനക്കാരോട് ഞങ്ങൾ എക്കാലവും നന്ദിയുള്ളവരായിരിക്കും' എന്നും ആമസോണ്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

കടുത്ത നിരാശ -ഗൂഗിള്‍

അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് ഇമിഗ്രേഷൻ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും, അതാണ് അമേരിക്കയെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കിയാതെന്നും, ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചേയും പ്രതികരിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശവാനാണെന്നു പറഞ്ഞ അദ്ദേഹം, കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു.പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല - ഫേസ്ബുക്ക്

താറുമാറായ രാജ്യത്തിന്റെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാനുള്ള പ്രഖ്യാപനമാണ് നടത്തിയതെങ്കിലും അതുകൊണ്ട് പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാകില്ലെന്ന് ഫേസ്ബുക്ക് അഭിപ്രായപ്പെട്ടു. 'അമേരിക്ക ഒരു കുടിയേറ്റക്കാരുടെ രാജ്യമാണ്, ലോകമെമ്പാടുമുള്ള പ്രതിഭാധനരായ ആളുകളെ ഇവിടെ താമസിക്കാനും ജോലിചെയ്യാനും സംഭാവന നൽകാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യത്തിനും പ്രയോജനം ലഭിക്കുന്നു. ഇതാണ് യാഥാര്‍ത്ഥ്യം. ഇത് പരിമിതപ്പെടുത്തിയാല്‍ ദൂരവാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും' എന്ന് ഫേസ്ബുക്ക് വക്താവും പ്രതികരിച്ചു.

ഈ വർഷാവസാനംവരെ എച്ച് വൺ ബി വിസകൾ നൽകേണ്ടതില്ലെന്നാണ് ട്രംപിന്‍റെ നിർദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യു.എസില്‍ തൊഴിൽ നഷ്ടമായ ദശലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇത്തരൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ട്രംപിന്റെ വിപുലീകരിച്ച യാത്രാ നിയന്ത്രണങ്ങൾ 525,000 വിദേശികളെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കും. ഏപ്രിലില്‍ പുതിയ ഗ്രീൻ കാർഡ് വിതരണം ചെയ്യുന്നത് തടഞ്ഞതോടെ 170,000 വിദേശികള്‍ പ്രതിസന്ധിയിലായിരുന്നു. പുതിയ ഉത്തരവ് നിലവില്‍ സാധുവായ വിസ കവശമുള്ളവരെ ബാധിക്കില്ല. ഈ വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെ തൊഴിലില്ലായ്മ നാലിരട്ടിയായതാണ് ഇത്തരമൊരു നീക്കത്തിനു കാരണമായി പറയപ്പെടുന്നത്.

'നമ്മുടെ നാട്ടിലൊരു ജോലി ലഭിക്കണമെങ്കില്‍ നമ്മുടെ നാട്ടുകാര്‍ വിദേശികളുമായി മത്സരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന്' ട്രംപ് ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെടലില്ലാതെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

ഓരോ വർഷവും അനുവദിക്കുന്ന 85,000 എച്ച് -1 ബി വിസകളിൽ മുക്കാൽ ഭാഗവും സാങ്കേതിക മേഖലയിലുള്ള കമ്പനികളാണ് കരസ്ഥമാക്കുന്നത്. ഇത്തരത്തില്‍ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ തങ്ങളുടെ കമ്പനികൾക്കും യുഎസിനും ഉണ്ടാകുന്ന നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പല ടെക് ഭീമന്മാരും ട്രംപിന്റെ ഉത്തരവിനോട് പ്രതികരിച്ചത്.Next Story

Related Stories