ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് ഇസ്രായേൽ സ്പൈവെയറുകൾ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകള് പുറത്ത് വന്നത്. ഇന്ത്യയിലെ മനുഷ്യാവകാശ, മാധ്യമ, സാമൂഹിക പ്രവർത്തകരുടെത് മുതൽ യുഎസിലെ മുതിർന്ന സര്ക്കാർ ഉദ്യോഗസസ്ഥരുടെ വരെ ഉള്ളവരുടെ ഫോണുകളാണ് സ്പൈവെയർ ചോർത്തിയത്. ഈ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഉപഭോക്താക്കൾ ആശങ്കയിലായത്. വാർത്തകൾക്ക് പിന്നാലെ ആശങ്ക അകറ്റാൻ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയുമാണ് വാട്സ്ആപ്പ്.
ഇപ്പോളത്തെ ഭീഷണിയിൽ നിന്നും പുറത്ത് കടക്കുന്നതിനും ഭാവിയിൽ ഇത്തരം ആക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഇതിൽ പ്രധാന നിർദേശം. തങ്ങളുടെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിരന്തരം അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ചില മൊബൈൽ ഫോണുകളിൽ വീഡിയോ കോളിംഗ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതായി കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഈ "advanced cyber actor" എന്ന് വിഷേശിപ്പിക്കാവുന്ന സ്പൈവെയറിനെ വാട്ട്സ്ആപ്പ് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഫോണുൾപ്പെടെയുള്ള ഉപകരണങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു.സ്പൈവെയർ ആക്രമണത്തിന് ഇരയായവർക്ക് നിർദേശങ്ങൾ അയച്ചിട്ടുണ്ട്.
വിഷയത്തിൽ, സ്പൈവെയറിന് പിന്നിൽ പ്രവർത്തിച്ച എൻഎസ്ഒയ്ക്കെതിരെ ഫെയ്സ്ബുക്ക് നിയമനടപടി സ്വീകരിക്കും. 20 രാജ്യങ്ങളിലായി 1,400 ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ഇസ്രായേൽ കമ്പനി പെഗാസസ് സ്പൈവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് സെർവറുകൾ നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും കമ്പനി ആരോപിക്കുന്നു.
ഇസ്രായേൽ സ്പൈവെയർ ഇന്ത്യയിൽ മാധ്യമപ്രവർത്തകർ, പ്രവർത്തകർ, അഭിഭാഷകർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തരാണ് ഈ പട്ടികയിൽ ഭുരിഭാഗം എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലി സ്പൈവെയർ പെഗാസസ് വാട്ട്സ്ആപ്പ് വഴി ഇവരുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നെന്ന് പുതിയ റിപ്പോർട്ടിൽ ഇന്ത്യൻ എക്സ്പ്രസ് ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച യുഎസ് ഫെഡറൽ കോടതിയിൽ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് നൽകിയ റിപ്പോർട്ടിലാണ് പെഗാസസ്-ഡവലപ്പർ എൻഎസ്ഒ ഗ്രൂപ്പിന്റെ ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്ന് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങളും പുറത്ത് വരികയായിരുന്നു. ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടന്ന 2019 മെയ് വരെയുള്ള കാലയളവിലാണ് സ്പൈവെയർ പ്രവർത്തിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.