Top

ഡ്രൈവിംഗിനിടെ ഫോൺ വിളി വേണ്ട, കാമറ പിടിക്കും - ലോകത്തെ ആദ്യ മൊബൈല്‍ ഡിറ്റക്ഷന്‍ കാമറകള്‍ ഓസ്‌ട്രേലിയയില്‍

ഡ്രൈവിംഗിനിടെ ഫോൺ വിളി വേണ്ട, കാമറ പിടിക്കും - ലോകത്തെ ആദ്യ മൊബൈല്‍ ഡിറ്റക്ഷന്‍ കാമറകള്‍ ഓസ്‌ട്രേലിയയില്‍

ലോകത്തെ ആദ്യ മൊബൈല്‍ ഫോണ്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ പുറത്തിറക്കി. എന്‍എസ്ഡബ്‌ള്യു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് മൊബൈല്‍ ഡിറ്റക്ഷന്‍ ക്യമറകള്‍ വികസിപ്പിച്ചത്. ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതിനിട മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രധാനമായും ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ റോഡ് അപകട നിരക്ക് കുറയ്ക്കാനാകുമെന്ന് ന്യൂ സൗത്ത് വെയില്‍സ് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ഹാന്‍ഡ്‌സ് ഫ്രീ സെറ്റുകള്‍ ഉപയോഗിച്ച് ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നത് ന്യൂസൗത്ത് വെയില്‍സില്‍ നിയമവിധേയമാണ്. എന്നാല്‍ വീഡിയോ കോളിംഗ്, സോഷ്യല്‍ മീഡിയ, ഫോട്ടോഗ്രഫി തുടങ്ങിയവ നിയമവിരുദ്ധമാണ്. ഈ വര്‍ഷം ഇതുവരെ 329 പേരാണ് ന്യൂ സൗത്ത് വെയില്‍സില്‍ റോഡ് അപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 354 പേരായിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഡിറ്റക്ഷന്‍ കാമറകള്‍ ഉപയോഗിക്കുന്നത്. 2021നകം റോഡപകട മരണങ്ങള്‍ 30 ശതമാനമെങ്കിലും കുറയ്ക്കാനാണ് ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഡിറ്റക്ഷന്‍ കാമറകള്‍ പ്രവര്‍ത്തിക്കുക. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ തിരിച്ചറിയുന്ന ഇമേജുകള്‍ ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ വിവരം നല്‍കും. ഡിറ്റക്ഷന്‍ കാമറകള്‍ പ്രവര്‍ത്തനസജ്ജമായി ആദ്യ മൂന്ന് മാസങ്ങള്‍ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ നല്‍കും. ഇതിന് ശേഷം പിഴ ചുമത്തും. 344 ഓസ്ട്രേലിയൻ ഡോളര്‍ (ഏതാണ്ട് 16,685.96 ഇന്ത്യൻ രൂപ) ആണ് പിഴ. സ്‌കൂളുകളുടെ പരിസരപ്രദേശങ്ങളില്‍ ഇത് 457 ഡോളര്‍ (ഏതാണ്ട് 22,167.11 ഇന്ത്യൻ രൂപ) ആയിരിക്കും.


Next Story

Related Stories