TopTop

മനുഷ്യര്‍ക്കിടയിലെ ഹിംസ കുറഞ്ഞിട്ടുണ്ടെന്ന് പറയുന്നത് നുണയല്ല; സത്യത്തില്‍ നമ്മള്‍ പണ്ടത്തേക്കാള്‍ നന്നായിട്ടുണ്ട്

മനുഷ്യര്‍ക്കിടയിലെ ഹിംസ കുറഞ്ഞിട്ടുണ്ടെന്ന് പറയുന്നത് നുണയല്ല; സത്യത്തില്‍ നമ്മള്‍ പണ്ടത്തേക്കാള്‍ നന്നായിട്ടുണ്ട്
പാരീസില്‍ പതിനാറാം നൂറ്റാണ്ടില്‍ ജനപ്രീതിയാജ്ജിച്ചൊരു വിനോദമായിരുന്നു പൂച്ചയെ കത്തിക്കല്‍. ഒരു സ്റ്റേജില്‍ പൂച്ചയെ കെട്ടിപ്പൊക്കി ഉയര്‍ത്തിയിട്ട് സാവധാനം അതിനെ തീയിലേക്ക് താഴ്ത്തുന്ന ഏര്‍പ്പാടായിരുന്നു അത്. ചരിത്രകാരന്‍ നോര്‍മന്‍ ഡേവിസിന്‍റെ അഭിപ്രായത്തില്‍ ''വേദന കൊണ്ടാ മൃഗം നിലവിളിക്കുമ്പോള്‍ രാജാവും രാജ്ഞിയുമടങ്ങുന്ന കാഴ്ച്ചക്കാര്‍ ആര്‍ത്തട്ടഹസിക്കുമായിരുന്നു, പൂച്ച തീയില്‍ വാടി വെന്ത് അവസാനം കരിയാകുംവരെ.'' ഇക്കാലത്ത് മേല്‍പറഞ്ഞ രീതിയിലുള്ള സാഡിസം ലോകത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും അചിന്ത്യമായ ഒന്നാണ്. സെന്‍സിബിളിറ്റീസില്‍ വന്ന ഈ മാറ്റം കേവലം ഒരു ഉദാഹരണം മാത്രമാണ്. ഒരുപക്ഷെ വളരെ പ്രധാന്യമര്‍ഹിക്കുന്നതും എന്നാല്‍ മനുഷ്യഗാഥയുടെ ഗതിവിഗതികളില്‍ തീരെ ഗുണനിരൂപണം ചെയ്യപ്പെടാതെ പോയതും. ചരിത്രത്തിന്റെ ദീര്‍ഘകാലങ്ങളെ പിന്നിടുമ്പോള്‍ ഹിംസാത്മകത  ചരിത്രത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഡര്‍ഫാറിന്റേയും ഇറാഖിന്റേയും ഈ ദശകങ്ങളില്‍ ഹിറ്റ്‌ലറുടേയും സ്റ്റാലിന്റെയും മാവോയുടേയും നൂറ്റാണ്ട് കഴിഞ്ഞിട്ട് തന്നെ കാലമാകാത്ത ഒരു സമയത്ത് ഹിംസാത്മകത ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന വാദം ഒരു പക്ഷെ മതിഭ്രമവും അശ്‌ളീലവുമായി തോന്നാം. എങ്കിലും വയലന്‍സിന്‍റെ ചരിത്രപരമായ വൃദ്ധിക്ഷയങ്ങളെ അളന്നുതിട്ടപ്പെടുത്താനുള്ള അന്വേഷണങ്ങള്‍ കൃത്യമായി ഈയൊരു നിഗമനത്തെ ശരി വയ്ക്കുന്നു.

ചില തെളിവുകള്‍ നമ്മുടെ മൂക്കിന് താഴെ തന്നെയുണ്ട്. സാമ്പ്രദായിക ചരിത്രം തന്നെ നാം കൂടുതല്‍ സൗമ്യരും അനുകമ്പയുള്ളവരും ആയിക്കൊണ്ടിരിക്കുന്നു എന്ന് വിവിധ രീതികളില്‍ കുറെ കാലമായി കാണിച്ചുതരുന്നുണ്ട്. വിനോദം എന്ന നിലയിലുള്ള ക്രൂരകൃത്യങ്ങള്‍, അന്ധവിശ്വാസത്തിന്റെ ഭാഗമായി വരുന്ന മനുഷ്യബലി, അധ്വാനലാഭത്തിന് വേണ്ടിയുള്ള അടിമ സമ്പ്രദായം, ഗവര്‍മെന്‍ന്റിന്റെ ദൗത്യം എന്ന നിലയിലെ പിടിച്ചടക്കല്‍, ഭൂമിപിടിച്ചടക്കലുകള്‍ എന്ന ഉദ്ദേശത്തോടെയുള്ള നരഹത്യകള്‍, ദിവസേനയുള്ള ശിക്ഷയായി ദണ്ഡനവും അംഗച്ഛേദവും, ബഹുസ്വരതക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള വധശിക്ഷ, രാഷ്ട്രീയ മുതലെടുപ്പിനായുള്ള കൊലപാതകങ്ങള്‍, യുദ്ധത്തടവുകാരികളെ ബലാത്സംഗം ചെയ്യല്‍, മോഹഭംഗത്തില്‍ നിന്നും നിര്‍ഗമിക്കുന്ന പദ്ധതികള്‍, പ്രശ്‌നപരിഹാരം എന്ന നിലയിലെ വംശഹത്യ - മനുഷ്യ ചരിത്രത്തില്‍ ഏറിയകൂറും ഇപ്പറഞ്ഞവയെല്ലാം സര്‍വസാധാരണമായ ജീവിത വ്യവഹാരങ്ങളായിരുന്നു. എന്നാല്‍ ഇന്ന്, പാശ്ചാത്യലോകത്ത് ഇതൊക്കെ വിരളമോ നിലനില്‍ക്കാത്തതോ ആണ്. വേറെ ഇടങ്ങളിലും പഴയപോലെ സര്‍വസാധാരണമേ അല്ല, അത് സംഭവിക്കുമ്പോള്‍ മറച്ചുവെക്കപ്പെടുകയും കണ്ടെത്തപ്പെടുമ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു.യുഎസ് സൈനികന്‍ വിയറ്റ്‌കോംഗ്  സായുധ പോരാളിയെ വെടി വച്ച് കൊല്ലുന്നു - വിയറ്റ്‌നാം യുദ്ധരംഗത്ത് നിന്ന് നിക് ഉത് പകര്‍ത്തിയ ചിത്രം

ഒരു കാലത്ത് ഈ വസ്തുതകളൊക്കെ പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. നാഗരികത, പുരോഗമനം, വന്യതയില്‍ നിന്നും കടത്തത്തില്‍ നിന്നുമുള്ള മനുഷ്യന്റെ ഉയിര്‍പ്പ് എന്നീ സങ്കല്‍പ്പങ്ങളുടെയെല്ലാം ഉറവിടമായിരുന്നു അത്. എങ്കിലും, അടുത്തിടെ ഈ ആശയങ്ങളെല്ലാം പഴഞ്ചനും അപകടകരം പോലും ആയി മാറിയിട്ടുണ്ട്. അത് അന്യ സ്ഥലങ്ങളിലും കാലങ്ങളിലുമുള്ള മനുഷ്യരെ പിശാച് ബാധിച്ചവരായി ചിത്രീകരിക്കുകയും, കോളനികള്‍ പിടിച്ചടക്കാനും മറ്റ് വൈദേശിക സാഹസികതകള്‍ക്കുമുള്ള സമ്മതപത്രം പ്രദാനം ചെയ്യുന്നതോടൊപ്പം നമ്മുടെ സ്വന്തം സമൂഹങ്ങളുടെ കുറ്റകൃത്യങ്ങളെ മൂടിവെക്കുകയും ചെയ്യുന്നു. കുലീന കാടന്‍ (Noble Savage) എന്ന തത്വം - മനുഷ്യന്‍ പ്രകൃത്യാ ശാന്തശീലനാണെന്നും ആധുനിക സ്ഥാപനങ്ങളാണ് മനുഷ്യനെ കളങ്കപ്പെടുത്തിയത് എന്നുള്ള വാദം - ജോസ് ഒര്‍ട്ടേഗ വൈ ഗസ്സെറ്റിനെപോലുള്ള ബുദ്ധിജീവികളുടെ എഴുത്തില്‍ നിരന്തരം ഉയര്‍ന്നു പൊങ്ങുന്നുണ്ട്. (യുദ്ധം ജന്മവാസനയല്ല, കണ്ടുപിടുത്തമാണ്), സ്റ്റീഫന്‍ ജായ് ഗൗള്‍ഡ
(ഹോമോ സാപ്പിയന്‍സ് വിനാശകാരിയോ നാശം പിടിച്ചതോ ആയ ഒരു ജീവവര്‍ഗം അല്ല) ആഷ്ലി മോണ്ടാഗ് (സര്‍വലൗകിക സാഹോദര്യത്തിന്റെ നൈതികതയെ ജീവശാസ്ത്ര പഠനങ്ങള്‍ ശരി വയ്ക്കുന്നു). എന്നാല്‍ ഇപ്പോള്‍ ഈ സാമൂഹ്യ ശാസ്ത്രകാരന്മാര്‍ വിത്യസ്ത ചരിത്ര ഘട്ടങ്ങളിലെ ജഡശരീരങ്ങളെ എണ്ണി നോക്കുകയും തങ്ങളുടെ കാല്‍പ്പനിക തത്വങ്ങള്‍ അപ്രസക്തങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്: കുറെ പിറകോട്ടു പോകുമ്പോള്‍ നാം കൂടുതല്‍ അക്രമാസക്തരാകുന്നു. ആധുനികമായ പലതും അതിന്റെ സാംസ്‌കാരിക വ്യവസ്ഥകളും ആണ് നമ്മെ കുലീനരാക്കിയിട്ടുള്ളത്.

ഹിംസാത്മകതയുടെ കയറ്റിറക്കങ്ങളെ കുറിച്ചുവെക്കാനുള്ള ഏതു ശ്രമവും തീര്‍ച്ചയായും അനശ്ചിതത്വത്തില്‍ കുതിര്‍ന്നതായിരിക്കും എന്നുറപ്പാണ്. ഏറെക്കുറെ ലോകത്തില്‍ എല്ലായിടത്തും വിദൂര ഭൂതകാലമെന്നത് ആരും കേള്‍ക്കാതെ കാട്ടിലേക്ക് മുറിഞ്ഞുവീഴുന്ന ഒരു മരമായിരുന്നു. ചരിത്ര രേഖകളിലുള്ള സംഭവങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പോലും ഈയടുത്ത കാലംവരെ കറുത്ത പുള്ളികള്‍ വീണവയുമാണ്. ഭീതിജനകമായ രക്തച്ചൊരിച്ചിലിന്റെ കൂര്‍ത്ത അഗ്രങ്ങളെയും വളവുതിരിവുകളെയും മൃദുലപ്പെടുത്തി മാത്രമേ ദീര്‍ഘകാലമായുള്ള അതിന്റെ ഗതിവിഗതികളെ ഗ്രഹിച്ചെടുക്കാന്‍ കഴിയൂ. കേവലതയേക്കാളും ആപേക്ഷികതയിലേക്ക് നിരീക്ഷണവലയത്തെ തിരഞ്ഞെടുക്കുമ്പോള്‍ നൂറ് പേരില്‍ 50% പേര്‍ കൊല്ലപ്പെടുന്നതാണോ അതോ ഒരു ബില്യണില്‍ 1% കൊല്ലപ്പെടുന്നതാണോ കൂടുതല്‍ ദൂഷ്യമായതെന്ന ധാര്‍മികമായ അവ്യക്തതയെ വെളിച്ചത്ത് കൊണ്ടുവരുന്നു.

അപ്പോള്‍തന്നെ ഈ മുന്നറിയിപ്പുകള്‍ക്ക് വിപരീതമായി ഒരു ചിത്രം രൂപപ്പെട്ടുവരുന്നു. വയലന്‍സിലുള്ള കുറവ് ആയിരം വര്‍ഷത്തിന്റെ, നൂറ്റാണ്ടുകളുടെ, ദശാബ്ദത്തിന്റെയോ വര്‍ഷങ്ങളുടെയോ അളവുകോലില്‍ മാത്രം ദൃഷ്ടിഗോചരമാകുന്ന സൂക്ഷ്മമായ ഒരു പ്രതിഭാസമാണ്. വംശഹത്യയില്‍ നിന്ന് യുദ്ധത്തിലേക്കും അതില്‍ നിന്ന് കലാപത്തിലേക്കും അതില്‍ നിന്നും നരഹത്യയിലേക്കും അതില്‍നിന്നും കുട്ടികളുടേയും മൃഗങ്ങളുടേയും ചികിത്സയിലേക്കും എന്ന പ്രകാരം ഹിംസാത്മകതയുടെ വ്യത്യസ്ത ശ്രേണികളിലൂടെ പലവിധത്തില്‍ രൂപപ്പെട്ടതാണ്. ഏകാത്മകത്വമുള്ള ഒന്ന് അല്ലെങ്കിലും ലോകത്താകമാനം ഒരേ പ്രവണതയില്‍ ഇത് പ്രത്യക്ഷപ്പെടുന്നുണ്ട്. അതിന്റെ മുന്നണിയില്‍ പാശ്ചാത്യ സമൂഹങ്ങള്‍, പ്രത്യകിച്ചും ഇംഗ്ലണ്ടും ഹോളണ്ടുമാണുണ്ടായിരുന്നത്. ഈ സ്ഥലങ്ങള്‍ പതിനേഴാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ ഉദിച്ചുയര്‍ന്ന യുക്തിയുഗത്തിന് പശ്ചാത്തലമൊരുക്കി എന്നുവേണം കരുതാന്‍.വിപുലമായ വീക്ഷണകോണില്‍ നോക്കിയാല്‍ ആയിരക്കണക്കിന് വരഷങ്ങളിലൂടെയുള്ള, പ്രാകൃത സമൂഹത്തിലെ നമ്മുടെ പൂര്‍വികരില്‍ നിന്നും നമ്മെ വേര്‍ത്തിരിക്കുന്ന വലിയ വ്യത്യാസം ഒരാള്‍ക്ക് കാണാന്‍ സാധിക്കും. ഇടതുപക്ഷ വിരുദ്ധരായ നരവംശശാസ്ത്രജ്ഞര്‍, കുലീന കാടന്‍ (Noble Savage) ആഘോഷമാക്കിയവര്‍, വസ്തുനിഷ്ട്ടമായ കണക്കെടുക്കുമ്പോള്‍- പ്രാകൃത സമൂഹത്തിലെ മഴു അടയാളങ്ങളുള്ളതും ആസ്ത്രതലപ്പുകള്‍ തറഞ്ഞതുമായ അസ്ഥികൂടങ്ങളുടെ അനുപാതം നോക്കുമ്പോള്‍ അല്ലെങ്കില്‍ മറ്റ് മനുഷ്യരുടെ കയ്‌കൊണ്ട് മരിച്ച സമകാലീനരായ അലഞ്ഞുതിരിയുന്ന ഗോത്ര മനുഷ്യരുടെ അനുപാതം നോക്കുമ്പോള്‍ - പറയുന്നത് പ്രാകൃത സമൂഹങ്ങള്‍ നമ്മുടെ സമൂഹങ്ങളേക്കാള്‍ എത്രയോ അക്രമാസക്തരാണെന്നാണ്.

തേരോട്ടങ്ങളും യുദ്ധങ്ങളും വളരെ ചെറിയ ഒരു ശതമാനം ആളുകളെ മാത്രമേ ആധുനിക കാലത്തെ യുദ്ധക്കളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളൂ എന്നത് സത്യമാണ്. എന്നാല്‍ ഗോത്ര ലഹളകളില്‍ ഏറ്റുമുട്ടലുകള്‍ തുടര്‍കഥയാണ്. ജനസംഖ്യയിലെ വലിയ ശതമാനം ആളുകള്‍ പോരിലേര്‍പ്പെടുകയും യുദ്ധങ്ങളിലെ മരണ നിരക്ക് വളരെ കൂടുതലും ആയിരുന്നു. നരവംശശാസ്ത്രഞരായ ലോറന്‍സ് കീലി, സ്റ്റീഫന്‍ ലെബ്ലാന്‍ക്, ഫിലിപ് വാക്കര്‍, ബ്രൂസ് നൌഫ് എന്നിവരുടെ അഭിപ്രായയത്തില്‍ മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ ആധുനിക കാലത്തെ യുദ്ധങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകമായി മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഗോത്രവര്‍ഗ കലഹങ്ങളില്‍ ആണ്. ഒരു പരമ്പരാഗത ഗോത്ര സമൂഹത്തിലെ ലഹളയില്‍ മരിച്ച മനുഷ്യര്‍ക്ക് ആനുനുപതികമായി ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ മനുഷ്യരെ കൊന്നൊടുക്കിയിരുന്നെങ്കില്‍ അത് 100 മില്യണ് പകരം രണ്ട് ബില്യണ്‍ ആവുമായിരുന്നു.

പ്രത്യയശാസ്ത്ര വര്‍ണ്ണരാജിയുടെ മറ്റേ അറ്റത്തുള്ള രാഷ്ട്രീയമായ ശരി നിലപാട് (Political correctness) എന്ന തത്വം ആദ്യകാല സംസ്‌കാരങ്ങളില്‍, അതായത് വേദപുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്ന സംസ്‌കാരങ്ങളില്‍ ഉള്ള ഹിംസാത്മകതയെ കുറിച്ചുള്ള സങ്കല്‍പത്തെ വളച്ചൊടിച്ചിട്ടുണ്ട്. ധാര്‍മ്മിക മൂല്യങ്ങളുടെ പ്രഭവസ്ഥാനം എന്ന് വിശേഷിപ്പിക്കപെടുന്ന ഇത് വംശഹത്യയുടെ ഒരുപാട് ആഘോഷങ്ങളെ വഹിക്കുന്നുണ്ട്. ഇതില്‍ ഹീബ്രു ജനതകള്‍ കീഴടക്കപ്പെട്ട നഗരങ്ങളിലെ അവസാനത്തെ മനുഷ്യനെ വരെയും ദൈവത്തിന്റെ പിന്തുണയോടെ തന്നെ കശാപ്പ് ചെയ്തു. ഇതു കൂടാതെ, വിഗ്രഹാരാധന, ദൈവദൂഷണം, സ്വവര്‍ഗരതി, അവനവന്റെ രക്ഷിതാക്കളെ ബഹുമാനിക്കാതിരിക്കല്‍, ശാബത്ത് നാളില്‍ പണിയെടുക്കല്‍ എന്നിങ്ങനെയുള്ള ഒരുപാട് അക്രമരഹിതമായ നിയമ ലംഘനങ്ങല്‍ക്ക് കല്ലെറിഞ്ഞ് കൊല്ലാന്‍ വേദപുസ്തകം ശിക്ഷ നിര്‍ദ്ദേശിക്കുന്നുണ്ട്. തീര്‍ച്ചയായും ഹീബ്രു ജനതകള്‍ മറ്റു ഗോത്ര ഗണങ്ങളെക്കാള്‍ ഹിംസാത്മകമായിരുന്നില്ല. വംശഹത്യയുടെയും പരപീഡനത്തിന്റേയും നിരന്തരമായ വീരവാദങ്ങള്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ചൈനക്കാരുടെയും ആദ്യകാല ചരിത്രങ്ങളിലും ഒരാള്‍ക്ക് കണ്ടെത്താം.നൂറ്റാണ്ടിന്‍റെ കാലാനുക്രമത്തില്‍ മധ്യകാലത്തെയും ആധുനിക കാലത്തെയും യുദ്ധമരണങ്ങളുടെ പരിമാണികമായ പഠനങ്ങള്‍ കണ്ടെത്തുക ശ്രമകരമാണ്. നൂറ്റാണ്ടുകളിലൂടെ വര്‍ത്തമാന കാലത്തിലെത്തുമ്പോള്‍ രേഖപ്പെടുത്തി വച്ച യുദ്ധങ്ങളുടെ കണക്കുകളിലെ ഒരുയര്‍ച്ച പല ചരിത്രകാരന്മാരും ചൂണ്ടിപ്പറയുന്നുണ്ട്.

എന്നാല്‍ രാഷ്ട്രതന്ത്രജ്ഞനെന്ന നിലയില്‍ ജയിംസ് പെയിന്‍ പറയുന്നത്, ഇതൊരുപക്ഷെ ഇത്ര മാത്രമേ കാണിക്കുന്നുള്ളൂ. ''പതിനാറാം നൂറ്റാണ്ടിലുണ്ടായിരുന്ന സന്യാസിമാരെക്കാള്‍ ലോകത്ത് നടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് വ്യാപ്തിയുള്ള വിവരങ്ങളുടെ (information) സ്രോതസ്സ് അസോസിയേറ്റ് പ്രസ് ആണ്''. അടിമത്ത്വം, അംഗവിച്ഛേദനം, അന്ധരാക്കുക, ചൂടുവച്ച് പൊള്ളിക്കുക, തോലുരിക്കുക, വയറുകീറി കുടലെടുക്കുക, ജീവനോടെ ദഹിപ്പിക്കുക, ചക്രവിദ്യ എന്നിങ്ങനെ അഞ്ച് നൂറ്റാണ്ടിനിടെ കാലഹരണപ്പെട്ടുപോയ കിരാതമായ നിരവധി പ്രവൃത്തികളുടെ തെളിവുകള്‍ പാശ്ചാത്യ സാമൂഹ്യചരിത്രങ്ങള്‍ നല്‍കുന്നുണ്ട്. അതുപോലെതന്നെ, മറ്റൊരു തരം ഹിംസാത്മകതയെക്കുറിച്ചുള്ള -നരഹത്യ- സ്ഥിതിവിവരക്കണക്കുകള്‍ വിപുലവും വിസ്മയിപ്പിക്കുന്നതുമാണ്.

കുറ്റശാസ്ത്ര വിദഗ്ദനായ മാനുവേല്‍ ഇസ്‌നേര്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ സ്ഥലങ്ങളില്‍ നിന്നും 1200നും 1950നും ഇടക്കുള്ള ചില കാലഘട്ടങ്ങളിലെ രേഖകള്‍ സൂക്ഷിക്കുന്ന നൂറുകണക്കിന് നരഹത്യകളുടെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം വിശകലനം ചെയ്ത എല്ലാ രാജ്യങ്ങളിലും കൊലപാതക നിരക്ക് കുത്തനെ കുറഞ്ഞു വരുന്നു- ഉദാഹരണത്തിന്, പതിനാലാം നൂറ്റാണ്ടില്‍ ഒരു ലക്ഷം ഇംഗ്ലീഷ്‌കാര്‍ക്കിടയില്‍ ഇരുപത്തിനാല് എന്ന നരഹത്യയില്‍ നിന്നും 1960കളുടെ ആദ്യത്തിലത് ഒരു ലക്ഷം പേരില്‍ 0.6 എന്ന നിലയിലേക്ക്.

ദശകങ്ങളുടെ കണക്കില്‍ നോക്കുമ്പോള്‍ വ്യാപ്തിയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന ഒരു സന്തോഷ ചിത്രം നല്‍കുന്നു: ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം പിന്നിടുമ്പോള്‍ ആഗോള ഹിംസാത്മകത അവിരാമമായി കുറയുന്നുണ്ട്. 2006ലെ ഹ്യുമന്‍ സെക്യൂരിറ്റി ബ്രീഫ് അനുസരിച്ച്, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന യുദ്ധമരണങ്ങളുടെ എണ്ണം 1950 കളിലെ ഒരു വര്‍ഷത്തിലെ 65000ത്തില്‍ കവിഞ്ഞ സംഖ്യയില്‍ നിന്നും ഒരു വര്‍ഷത്തില്‍ 2000ല്‍ കുറവ് എന്ന നിലയിലേക്ക് ഈ ദശകത്തില്‍ കുറഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കയിലും ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതി യുദ്ധങ്ങളുടെ എണ്ണത്തിലും സൈനിക അട്ടിമറിയിലും മാരകമായ വംശീയ കലാപങ്ങളിലും അത്യധികമായ കുറവ് കാണിക്കുന്നു.ദശകത്തെ വീണ്ടും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ അത് വീണ്ടും മറ്റൊരു കുറവിലേക്ക് വെളിച്ചം വീശുന്നു. ശീതയുദ്ധത്തിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗത്തും രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാര്യമായി തന്നെ കുറവ് കണ്ടു. അങ്ങനെ സംഭവിച്ചാല്‍ തന്നെ കയ്പ്പ് നിറഞ്ഞൊരു അന്ത്യം വരെ പൊരുതുന്നതിന് പകരം ചര്‍ച്ചകളിലൂടെ അത് പരിഹരിക്കാനാണ് കൂടുതല്‍ സാധ്യത. അതുപോലെ തന്നെ, രാഷ്ട്രതന്ത്രജ്ഞ ബാര്‍ബറ ഹര്‍ഫിന്റെ അഭിപ്രായത്തില്‍ 1989നും 2005നും ഇടയില്‍ പൗരന്‍മാരെ കൂട്ടക്കൊല ചെയ്യുന്ന സംഘടിത പ്രവര്‍ത്തനങ്ങളുടെ എണ്ണം 90 ശതമാനവും കുറഞ്ഞു.

കൊലപാതകത്തിലും മൃഗീയതയിലും വന്ന കുറവ് ലോകത്തെ മനസിലാക്കാനുള്ള നമ്മുടെ കഴിവിന്‍പ്രതി ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രാരംഭമായി, എങ്ങനെ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ ഇത്രയും അധികം ആളുകള്‍ ന്യായവിരുദ്ധമായ നിഗമനത്തിലെത്തി? ഭാഗികമായി അത് പ്രത്യഭിജ്ഞാനമായ (cognitive illusion) ഒന്നാണ്: ഉദാഹരണങ്ങളെ ആയാസത്തോടെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നതില്‍ നിന്നാണ് നാം ഒരു സംഭവത്തിന്റെ സാധ്യതയുടെ മൂല്യനിര്‍ണയം നടത്തുന്നത്.

വയസുകാലത്ത് മരിച്ചുപോകുന്ന ആളുകളുടെ ഫൂട്ടേജിനേക്കാള്‍ കൂട്ടക്കൊലകളുടെ ദൃശ്യങ്ങളാണ് നമ്മുടെ സ്വീകരണമുറികളില്‍ കൂടുതലായും തങ്ങിനില്‍ക്കുന്നതും ഓര്‍മകളിലേക്ക് ശേഖരിക്കപ്പെടുന്നതും. ഭാഗികമായത് പാശ്ചാത്യ സമൂഹത്തിലും നാഗരികതയുടെ സ്ഥാപനങ്ങളിലും നല്ലതെന്തെകിലും ഉണ്ട് എന്ന് അംഗീകരിക്കാനുള്ള വിമുഖത എന്നൊരു ബൗദ്ധിക സംസ്‌കാരവും ഭാഗികമായി അത് അഭിപ്രായ ചന്തകളുടെയും കര്‍മകുശലതയുടെയും പ്രചോദന ഘടനയും ആണ്: കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നു എന്ന് പ്രഖ്യാപിക്കുക വഴി ആരുമൊരിക്കല്‍ പോലും പുഷ്പങ്ങളാലും സംഭാവനകളാലും സ്വീകരിക്കപ്പെട്ടിട്ടില്ല.

വിശദീകരണത്തിന്റെ ഭാഗം അതിന്റെ പ്രതിഭാസത്തില്‍ തന്നെയാണ് കുടികൊള്ളുന്നത്. അക്രമാത്മക സ്വഭാവത്തില്‍ വന്ന കുറവിന് സമാന്തരമായി അക്രമോത്സുകതയെ അംഗീകരിക്കാനോ പ്രകീര്‍ത്തിക്കാനോ ഉള്ള മനോഭാവത്തിലും കുറവ് വന്നുകൊണ്ടിരിക്കുന്നുണ്ട്. മിക്കപ്പോഴും ഈ ഒരു നിലക്ക് തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതും. അബു ഗ്രായിബിലെ ദുര്‍വിനിയോഗങ്ങളും ടെക്‌സാസിലെ കൊലയാളികളുടെ കുറച്ചു മാരകമായ കുത്തിവെപ്പുകളും വളരെ പരിതാപകരമെങ്കിലും മനുഷ്യ ചരിത്രത്തിലെ പൈശാചികവൃത്തികളുടെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ തീരെ ചെറുതാണ്. എന്നാല്‍ ഒരു സമകാലിക ശുഭാപ്തി വീക്ഷണത്തില്‍, നമ്മുടെ സ്വഭാവം എത്രകണ്ട് മുങ്ങി താഴ്ന്നു എന്നതിന്റെ ലക്ഷണങ്ങളായിട്ടാണ് നാമതിനെ നോക്കിക്കാണുക. നമ്മുടെ നിലവാരം എത്ര കണ്ട് ഉയര്‍ന്നു എന്ന നിലക്കല്ല.വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്ന ടെക്സാസ് കേന്ദ്രത്തിലെ മുറി

അക്രമോത്സുകതയിലുള്ള കുറവിനെ എങ്ങനെ വിശദീകരിക്കും എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. യുഗ യുഗാന്തരങ്ങളായി ഒരേ ദിശയിലേക്ക് അതിനെ നയിക്കുന്ന ഒരു ശക്തി, വന്‍കരകള്‍, സാമൂഹ്യ സ്ഥാപനത്തിന്റെ അളവുകോലുകള്‍ ഇവയെല്ലാം നമ്മുടെ സാധാരണ വിശദീകരണത്തിന്റെ ലക്ഷണമൊത്ത ഉപാധികളെ പരിഹസിക്കുന്നു. സാധാരണഗതിയില്‍ സംശയിക്കപ്പെടുന്നവ- തോക്കുകള്‍, മയക്കുമരുന്നുകള്‍, പത്രലോകം, അമേരിക്കന്‍ സംസ്‌കാരം- ഇവയും തൃപ്തികരമായ ഉത്തരങ്ങളല്ല. ജീവശാസ്ത്രജ്ഞന്റെ ദര്‍ശനം അനുസരിച്ചുള്ള പരിണാമ പ്രകാരവും ഇതു വിശധീകരിക്കാന്‍ സാധ്യമല്ല: വിനയശീലം ഭൂമിയില്‍ പൂര്‍വ്വാര്‍ജ്ജിതമെന്ന് വരുകില്‍പോലും പ്രകൃതി നിര്‍ധാരണത്തിന് വിനയത്തിന്റെ ജനിതകങ്ങളെ വേണ്ടത്ര വേഗമാക്കും വിധം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

എങ്ങനെ ആയാലും, മനുഷ്യ പ്രകൃതം അക്രമോല്‍സുകതയുടെ താല്‍പര്യത്തെ അപ്രത്യക്ഷമാക്കും വിധം അത്രക്ക് ഒന്നും മാറിയിട്ടില്ല. 80 ശതമാനം ആളുകളെങ്കിലും തങ്ങള്‍ക്ക് ഇഷ്ട്‌പ്പെടാത്തവരെ കൊല്ലുന്നതിനെക്കുറിച്ച് വിഭാവനം ചെയ്യുന്നുണ്ടെന്ന് സാമൂഹ്യ മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനിക മനുഷ്യന്‍ അകമങ്ങളെ കാണുന്നതില്‍ നിന്നും ഇന്നും ആനന്ദം അനുഭവിക്കുന്നുണ്ട്; താഴെ പറയും പ്രകാരം നാം വിലയിരുത്തപ്പെടുകയാണെങ്കില്‍: ജനകിയങ്ങളായ കൊലപാത ദുരൂഹതകള്‍, ഷേക്‌സ്പീരിയന്‍ നാടകങ്ങള്‍, മില്‍ ഗിബ്‌സന്‍ സിനിമകള്‍, വീഡിയോ ഗയിമുകള്‍, ഹോക്കി.

സ്പഷ്ടമായും ഇത്തരം ഭാവനാവിലാസങ്ങളുടെ പുറത്ത് പ്രവര്‍ത്തിക്കാനുള്ള ജനങ്ങളുടെ മനോഗതിയിയിലാണ് മാറ്റം വന്നിട്ടുള്ളത്. സാമൂഹ്യ ശാസ്ത്രജ്ഞനായ നോബെര്‍ട്ട് എലിയാസിന്റെ അഭിപ്രായത്തില്‍, ആത്മനിയന്ത്രണം, ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ആസൂത്രണം, മറ്റുള്ളവരുടെ വികാര വിചാരങ്ങളെ ഉള്‍കൊള്ളുവാനുള്ള അവബോധം എന്നിവയിലുണ്ടായ വര്‍ദ്ധനവിലൂടെയാണ് പാശ്ചാത്യ ആധുനികത അതിന്റെ ത്വരിതവല്‍ക്കരിക്കപ്പെട്ട ഒരു ''സാംസ്‌കാരിക പ്രക്രിയയെ'' അടയാളപ്പെടുത്തുന്നത്. കൃത്യമായും ഇതൊക്കെ തന്നെയാണ് ഇന്നത്തെ ജ്ഞാനാത്മക ന്യൂറോ ശാസ്ത്രജ്ഞര്‍ (cognitive neuroscientists) പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ (prefrontal cortex) ധര്‍മങ്ങളായി മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ എന്തുകൊണ്ട് മനുഷ്യര്‍ അവരുടെ മസ്തിഷ്‌കങ്ങളുടെ ഈയൊരു ഭാഗത്തെ വര്‍ദ്ധിതമായി ഉപയോഗപ്പെടുത്തി എന്ന ചോദ്യം മാത്രമേ ഇത് ഉയര്‍ത്തുന്നുള്ളു. എന്തു കൊണ്ടാണ് നമ്മുടെ സ്വഭാവരീതികള്‍ നമ്മുടെ മെച്ചപ്പെട്ട മാലാഖമാരുടെ (Better angels) പ്രകൃതത്തിന് കീഴില്‍ വന്നുവെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ നാല് അര്‍ദ്ധസത്യങ്ങളോടുകൂടിയ നിര്‍ദേശങ്ങളുണ്ടിവിടെ.

അതില്‍ ആദ്യത്തെത് ഹോബ്‌സ് ആണ്. പ്രകൃതിസഹജമായ ഒരു ഘട്ടത്തില്‍ ജീവിതം അരോചകവും മൃഗീയവും ഹ്രസ്വവുമാകുന്നത് പ്രാകൃതികമായ രക്തദാഹം കൊണ്ടല്ല മറിച്ച് അരാജകത്വത്തിന്റെ അപരിഹാര്യമായ യുക്തികൊണ്ടാണ്. സ്വന്തം കാര്യത്തില്‍ ഇത്തിരിയെങ്കിലും താല്‍പര്യമുള്ള ഏതൊരുവനും തന്‍റെ അയല്‍വാസിയുടെ വസ്തുവകകള്‍ കട്ടെടുക്കാന്‍ താല്‍പര്യം കാണിച്ചേക്കും. അയല്‍വാസികളാകട്ടെ തങ്ങള്‍ ആക്രമിക്കപ്പെടുമെന്നുള്ള ഭയത്തില്‍ നിന്നും പ്രധിരോധം എന്ന നിലയില്‍ ആദ്യം ആക്രമിക്കാന്‍ താല്‍പര്യപ്പെടും. ഇത് ആദ്യ ഗ്രൂപ്പിനെ പ്രധിരോധം എന്ന നിലയില്‍ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കും, അതങ്ങനെ മുന്നോട്ടു പോകും. ഈ അപകടം ഒരു ആക്രമണ പ്രതിരോധ നയം വഴി അത് തടയുവാന്‍ കഴിയും- ആദ്യം ആക്രമിക്കരുത്, ആക്രമിച്ചാല്‍ തിരിച്ചടിക്കുക- എന്നാല്‍ അതിന്റെ വിശ്വസ്തതയെ ഉറപ്പിക്കാനായി തീര്‍ച്ചയായും കക്ഷികള്‍ നടത്തുന്ന സകല വെല്ലുവിളികളും പ്രവൃത്തികളും രക്തരൂക്ഷിതമായ സങ്കര്‍ഷങ്ങളുടെ ചാക്രികതയിലേക്ക് നയിക്കുന്നു.നോബര്‍ട്ട് ഏലിയാസ്

നിഷ്പക്ഷമായിക്കൊണ്ടുള്ള പിഴ ചുമത്തുക വഴി ആക്രമണത്തെ തുടച്ചുനീക്കാനുള്ള പ്രചോദനം ഭരണകൂടത്തിന് നല്‍കാന്‍ കഴിയുന്നത് കൊണ്ട് ഈ ദുരന്തങ്ങളെ അക്രമോത്സുകതക്ക് മുകളില്‍ ആധിപത്യമുള്ള ഒരു ഭരണകൂടം വഴി പരിഹരിക്കാം. തന്നിമിത്തം പ്രതിരോധം എന്ന നിലയിലുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ പരിഹരിക്കാനും വളരെ പെട്ടന്നുള്ള തിരിച്ചടികളെ ഒഴിവാക്കാനും കഴിയും. മാടമ്പി യോദ്ധാക്കളുടെ സമൂഹങ്ങളില്‍ നിന്നും ആധുനികതയുടെ ആദ്യ ഘട്ടത്തിലെ കേന്ദ്രീകൃത ഭരണകൂടങ്ങളിലേക്കുള്ള പരിണാമത്തില്‍ തീര്‍ച്ചയായും യൂറോപ്യന്‍ നരഹത്യയുടെ തോത് കുറക്കാന്‍ എല്‍സിനെറും ഏലിയാസും ഹേതുവായിട്ടുണ്ട്. ഇന്നും രാജ്യാതിര്‍ത്തികള്‍, പരാജയപ്പെട്ട ഭരണകൂടങ്ങള്‍, ശക്തിക്ഷയം സംഭവിച്ച സാമ്രാജ്യങ്ങളില്‍, മാഫിയകള്‍ കലഹിക്കുന്ന ദേശങ്ങള്‍, ഗുണ്ടായിസം, കള്ളക്കടത്തും മറ്റും നടത്തുന്നരൊവക്കേയുള്ള അരാജകത്വത്തിന്റെ മണ്ഡലങ്ങളിലാണ് അക്രമോത്സുകത ദുസഹമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

പെയ്ന്‍ പറയുന്നത് മറ്റൊരു സാധ്യതയെക്കുറിച്ചാണ്: ആക്രമണങ്ങളുടെ അനുവര്‍ത്തനത്തില്‍ നിന്നും ഉടലെടുക്കുന്ന ഗുരുതരമായ അസ്ഥിരത എല്ലാറ്റിനും ഉപരി ജീവിതം തരം താഴ്ന്നതാണെന്ന ധാരണ സൃഷ്ട്ടിക്കും. വേദനയും നേരത്തെയുള്ള മരണവും അവനവന്റെ ജീവിതത്തിലെ തന്നെ നിത്യ സംഭവങ്ങളാകുമ്പോള്‍ ഇതെല്ലാം മറ്റൊരുവനില്‍ അടിച്ചേല്‍പിക്കാന്‍ ഒരാള്‍ക്ക് അല്‍പം മനസാക്ഷികുത്ത് അനുഭവപ്പെടും. സാങ്കേതികവിദ്യയും സാമ്പത്തിക കാര്യപ്രാപ്തിയും നമ്മുടെ ജീവിതത്തെ വലുതാക്കുകയും പുരോഗമിപ്പിക്കുകയും ചെയ്തപ്പോള്‍ ഉന്നതമായ മൂല്യങ്ങളെ നാം ആകത്തുകയില്‍ ജീവിതത്തിലേക്ക് വിന്യസിപ്പിച്ചു.

മൂന്നാമതൊരു സിദ്ധാന്തം റോബെര്‍ട്ട് റൈറ്റിന്റെ വക മാര്‍ഗദര്‍ശനം ചെയ്യുന്നത് ആര്‍ക്കും നഷ്ടമില്ലാ കളികളുടെ (non-zero-sum games) യുക്തിയെക്കുറിച്ചാണ്: സഹകരിക്കുക വഴി ഇരുകൂട്ടര്‍ക്കും ഗുണമായി ഭവിക്കാവുന്ന സാഹചര്യങ്ങള്‍, ചരക്കുകളുടെ വ്യാപാരവും തൊഴില്‍ വിഭജനവും അല്ലെങ്കില്‍ ആയുധങ്ങള്‍ താഴെ വെക്കുകവഴി സംജാതമാകുന്ന സമാധാന സ്ഥിതിയും അങ്ങനെയുള്ളതാണ്. സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും അത് ധാരാളമായി പങ്കുവെക്കുവാനും എങ്ങനെ കഴിയുമെന്ന് മനുഷ്യര്‍ അറിവ് ആര്‍ജ്ജിക്കുന്നതോടെ സഹകരിക്കാനുള്ള അവരുടെ പ്രചോദനം കുത്തനെ ഉയരുന്നു, എന്തുകൊണ്ടെന്നാല്‍, ജീവിച്ചിരിക്കുന്ന ഇതര മനുഷ്യര്‍ മരിച്ചവരേക്കാള്‍ മൂല്യമുള്ളവരായിത്തീരുന്നുണ്ട്.

പിന്നെ, തത്വചിന്തകന്‍ പീറ്റര്‍ സിംഗര്‍ വരച്ചുവയ്ക്കുന്ന ഒരു ചിത്രമുണ്ട്. അദ്ദേഹം പറയുന്നത്, പരിണാമം സമഷ്ടി സ്‌നേഹത്തിന്റെ ചെറിയ പാരമ്പര്യമേ മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളു, അതാണെങ്കില്‍ അവര്‍ സഹജമായി സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടുങ്ങിയ വൃത്തത്തില്‍ മാത്രം പ്രയോഗിച്ചുപോന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ജനങ്ങളുടെ ധാര്‍മികവൃത്തം കൂടുതല്‍ വിശാലമായ രാഷ്ട്ര വ്യവഹാര സംവിധാനങ്ങളിലേക്ക് വികസിച്ചിട്ടുണ്ട്: ഗോത്രം, സമുദായം, രാജ്യം, ആണും പെണ്ണും, മറ്റ് ജനവര്‍ഗങ്ങള്‍, മൃഗങ്ങള്‍ പോലും. ഈ വൃത്തം ഒരു പക്ഷെ വികസിച്ച് പരന്നത് പരസ്പരവിനിമയത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാകാം. എന്നാല്‍ അത് അഭിവൃദ്ധിപ്പെട്ടത് ഒഴിവാക്കാന്‍ കഴിയാത്ത ഗോള്‍ഡന്‍ റൂള്‍ (golden rule) യുക്തിയുടെ ഫലമായിട്ടുകൂടിയാണ്: ഒരുവന്‍ മറ്റ് ജീവ വസ്തുക്കളെക്കുറിച്ച് അധികമറിയാനും ചിന്തിക്കാനും തുടങ്ങുമ്പോള്‍ അവനവന്റെ താല്‍പര്യങ്ങളെ അവര്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കല്‍ കൂടുതല്‍ ശ്രമകരമാകുന്നു. സമഷ്ടി സ്‌നേഹം കോസ്‌മോപൊളിറ്റനിസം വഴിയും ഒരു പക്ഷെ ശക്തിയാര്‍ജിച്ചിട്ടുണ്ടാവം. അതില്‍ പത്രപ്രവര്‍ത്തനം, ഓര്‍മ്മക്കുറിപ്പുകള്‍, യഥാതഥമായ ആഖ്യായിക സാധ്യമാക്കുന്ന മറ്റു മനുഷ്യരുടെ ആന്തരിക ജീവിതങ്ങളും, അവനവന്റെ തന്നെ അനിശ്ചിതത്വം നിറഞ്ഞ പ്രകൃതവും, കൂടുതല്‍ പ്രത്യക്ഷവുമായ അനുഭവമാണത് 'there but for fortune go I'.*പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കുള്ള പ്രവേശന കവാടം

കാരണമെന്തുതന്നെ ആയാലും ഹിംസാത്മകതയില്‍ വന്നിട്ടുള്ള കുറവ് ആഴത്തിലുള്ള ഗുണഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് സ്വയംതൃപ്തിയടയാനുള്ള ഒരു സമ്മതപത്രമൊന്നുമല്ല: പൂര്‍വ തലമുറയിലെ ആളുകള്‍ അവരുടെ കാലത്തെ ആക്രമണോത്സുകത കൊണ്ട് ഭയവിഹ്വലരാവുകയും അതവസാനിപ്പിക്കാന്‍ പണിപ്പെടുകയും ചെയ്തുകൊണ്ടുതന്നെ ഇന്ന് നാം നമുക്കിടയിലുള്ള സമാധാനത്തെ ആസ്വദിക്കുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കാലത്തെ ഞെട്ടിക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് അന്ത്യം വരുത്താന്‍ നമ്മളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആധുനികമായ ആയുധങ്ങളും ആധുനികതക്ക് മുന്‍പുള്ള മനസുകളുമായി ലോകത്ത് ഇതിന് മുന്‍പേ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധം ദേശീയ നേതാക്കന്മാരുള്ള ഒരു ലോകക്രമത്തില്‍ സമീപ ഭാവിയില്‍ തന്നെ ക്രമപ്പെട്ടുവരാവുന്ന സമാധാനലോകത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പോലും അസ്ഥാനത്താണെങ്കിലും.

എന്നാല്‍ ഈ പ്രതിഭാസം അക്രമോത്സുകതയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. എന്തോ നാടകീമായി മുന്നേറിയിട്ടുണ്ടെന്ന അറിവോട് കൂടെ തന്നെ നമുക്കതിനെ ഹേതുവും ഫലവും അടങ്ങിയ ഒരു സംഗതി എന്ന നിലയിലും പരിഗണിക്കാവുന്നതാണ്. ''എന്തുകൊണ്ടാണ് യുദ്ധം?'' എന്ന് ചോദിക്കുന്നതിന് പകരം ''എന്തുകൊണ്ടാണ് സമാധാനം?'' എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ഭരണകൂടങ്ങള്‍ നരഹത്യ നടത്തുന്ന സംഭവ്യതയില്‍ നിന്നും ആളുകള്‍ പൂച്ചകളെ പരിലാളിക്കുന്നതിലേക്കുള്ള പാതയില്‍ നാം ശരിയയാതെന്തോ അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സൂക്ഷ്മമായി അതെന്താണെന്നറിയുന്നതും നന്നായിരിക്കും.

(പ്രശസ്ത മനശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ പിങ്കറുടെ History of violence എന്ന പ്രബന്ധത്തിന്‍റെ പരിഭാഷ. വിവര്‍ത്തനം ചെയ്തത് നജീബ് റസല്‍ )

Next Story

Related Stories