TopTop
Begin typing your search above and press return to search.

ഒരു ജീപ്പ് കടന്നുപോകാവുന്ന തുരങ്കങ്ങൾ വരെ രൂപപ്പെടാറുണ്ട്; എന്താണ് പുത്തുമല ദുരന്തത്തിന് കാരണമായതായി കരുതുന്ന സോയിൽ പൈപ്പിങ് അഥവാ 'മണ്ണിന്റെ കാന്‍സര്‍'?

ഒരു ജീപ്പ് കടന്നുപോകാവുന്ന തുരങ്കങ്ങൾ വരെ രൂപപ്പെടാറുണ്ട്; എന്താണ് പുത്തുമല ദുരന്തത്തിന് കാരണമായതായി കരുതുന്ന സോയിൽ പൈപ്പിങ് അഥവാ മണ്ണിന്റെ കാന്‍സര്‍?

വയനാട്ടിലെ പുത്തുമലയിൽ ഉണ്ടായ ഭീമമായ മണ്ണിടിച്ചിലിന് കാരണം സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന ഭൗമ പ്രതിഭാസമാണെന്ന വിലയിരുത്തലുകൾ ഉണ്ടാകുന്നുണ്ട്. ആഗസ്റ്റ് 8 നു പുത്തുമലയിൽ ഒൻപതിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ 20 ഹെക്ടറോളം മണ്ണാണ് ഒലിച്ചു പോയത്. വീടുകൾ അടക്കം വൻ നാശനഷ്ടത്തിന് ഇടയാക്കിയ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ മരണ സംഖ്യ ഇനിയും പുറത്തു വന്നിട്ടില്ല.

എന്താണ് സോയിൽ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്?

ഭൂനിരപ്പിന് താഴെയുണ്ടാകുന്ന മണ്ണൊലിപ്പിനെയാണ് പൊതുവിൽ സോയിൽ പൈപ്പിങ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. കനത്ത മഴ പെയ്യുന്ന ഇടങ്ങളിൽ മണ്ണ് അതിവേഗം ജലത്താൽ പൂരിതമാകുന്നു. മണ്ണിനടിയിൽ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ ഈ ജലം ഒഴുകാൻ തുടങ്ങുന്നതോടെ സോയിൽ പൈപ്പിങ് പ്രതിഭാസം ആരംഭിക്കുന്നു. ഈ സുഷിരങ്ങൾ ക്രമേണ വലുതാകുന്നു. നദി ഒഴുകും പോലെ കൈവഴികളായി തുരങ്കങ്ങൾ (സോയിൽ പൈപ്പ്) രൂപപ്പെടുന്നു. ഒരു ജീപ്പിനു കടന്നു പോകാൻ തക്ക വിസ്താരമുള്ള പൈപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിലൂടെ ദൃഢത കുറഞ്ഞ ചെളിമണ്ണും ജീർണിച്ച സസ്യഭാഗങ്ങളും മലയുടെ അടിവാരത്തേക്ക് ഒഴുകി എത്തുന്നു. ഇതുമൂലം ഒരു പ്രദേശം തന്നെ ദുർബലമാകുകയും മണ്ണിടിച്ചിലിന് വഴി വെക്കുകയും ചെയ്യുന്നു.

മണ്ണിൽ വൻ തോതിൽ വിള്ളലുകൾ രൂപം കൊള്ളുകയും ദീർഘനാൾ നീണ്ടു നിൽക്കുന്ന കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന പ്രദേശങ്ങളിൽ മണ്ണിന്റെ സ്ഥിരത നഷ്ട്ടപ്പെട്ട് ജലം ഭൂഗർഭ സുഷിരങ്ങളിലൂടെ ഒഴുകാനുള്ള സാധ്യത കൂടുതലാണ്. ക്രമേണ സോയിൽ പൈപ്പിന് മുകളിലുള്ള ഭാഗം ഉറപ്പ് നഷ്ടമായി താഴേക്ക് ഇടിഞ്ഞു താണുകൊണ്ട് മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു.

കുന്നിന്റെ ചരിവ്, പാറയുടെ ഘടന, ഭൂഗർഭ ജലത്തിന്റെ അളവ്, ഭൂവിനിയോഗം, പുഴയുമായുള്ള അകലം തുടങ്ങി സോയിൽ പൈപ്പിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.

നൂറു കോടിയിലധികം വർഷങ്ങൾ പഴക്കമുള്ള പാറകൾക്ക് മുകളിൽ കേവലം പതിനായിരത്തോളം വര്‍ഷം മാത്രം പഴക്കമുള്ള മണ്ണ്- കേരളത്തിന്റെ ഭൂഗർഭ ഘടന ഇത്തരത്തിലാണ്. മഴ എത്തുന്നതോടെ ഈ മണ്ണ് അതിവേഗം പൂരിതമാകുന്നു. സ്ഥിരതയുള്ള ഒരു ഭൂഭാഗത്തെ മണ്ണിന്റെ ഘനം കുറഞ്ഞത് 2.5 മീറ്റർ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ പുത്തുമലയിൽ ഇത്‌ 1.5 മീറ്ററിൽ താഴെ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മരങ്ങൾ മുറിച്ചു മാറ്റുന്നതോടെ മണ്ണിൽ ഉപേക്ഷിക്കപ്പെടുന്ന വേരുകൾ ജീർണ്ണിച്ചു രൂപം കൊള്ളുന്ന കുഴികൾ, എലി അടക്കമുള്ള ജന്തുക്കൾ തുരന്നു ഉണ്ടാക്കുന്ന കുഴികൾ ഇവയൊക്കെ സോയിൽ പൈപ്പിങ്ങിലേക്ക് നയിച്ചേക്കാം.

1980 കളിൽ തേയില തോട്ടങ്ങളുടെ നിർമ്മാണത്തിന് വേണ്ടി പുത്തുമലയിൽ വൻതോതിൽ മരങ്ങൾ മുറിച്ചു മാറ്റിയതായി പറയുന്നു. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ അതിതീവ്ര മഴയാണ് ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് 5 ലക്ഷം ടൺ മണ്ണാണ് ഈ പ്രദേശത്തേക്ക് ഒലിച്ചെത്തിയത്.

നദീതടങ്ങളിലും അണക്കെട്ടുകളിലും സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് സോയിൽ പൈപ്പിങ് എന്നാൽ ഭൂമിക്കടിയിൽ സംഭവിക്കുന്നതായതിനാൽ മുൻകൂട്ടി പ്രവചിക്കാനോ തിരിച്ചറിയാനോ പ്രയാസമാണ്. ദുരന്തത്തിന് ശേഷമാകും പലപ്പോഴും ഇത്‌ തിരിച്ചറിയുക. അതിനാൽ ഈ അപ്രതീക്ഷിത ദുരന്തത്തെ "മണ്ണിന്റെ കാൻസർ" എന്ന് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. സോയിൽ പൈപ്പിങ് സംഭവിക്കുന്ന പ്രദേശങ്ങൾ പൂർണമായും വാസയോഗ്യമല്ലാതെ തകർന്നടിയുന്നു. സമാനമായ അനുഭവമാണ് പുത്തുമലയിലേത്.

കേരളത്തിൽ ബാണാസുര സാഗർ അണക്കെട്ടിന് സമീപം, നേര്യമംഗലം -തട്ടേക്കണ്ണി പ്രദേശങ്ങളിൽ സോയിൽ പൈപ്പുകൾ കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ ചെറുപുഴ ചട്ടിവയലിൽ ആണ് സംസ്ഥാനത്തു ഏറ്റവും കൂടുതൽ സോയിൽ പൈപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പരിസ്ഥിതിക്ക് മേൽ മനുഷ്യൻ നടത്തുന്ന അനിയന്ത്രിതമായ കൈ കടത്തലുകളും ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഭൂവിനിയോഗത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ, അനിയന്ത്രിതമായ ഖനനം, സ്വാഭാവിക നീരൊഴുക്കിനുണ്ടാകുന്ന തടസങ്ങൾ തുടങ്ങിയവയൊക്കെ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories