Top

ലോകസഞ്ചാരം ഇനി റോക്കറ്റില്‍, മിനുട്ടുകള്‍ക്കുള്ളില്‍: സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് സ്പേസ് എക്സ്

ലോകസഞ്ചാരം ഇനി റോക്കറ്റില്‍, മിനുട്ടുകള്‍ക്കുള്ളില്‍: സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് സ്പേസ് എക്സ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക്, നഗരങ്ങളില്‍ നിന്ന് വിദൂര നഗരങ്ങളിലേക്ക് മിനുട്ടുകള്‍ക്കുള്ളില്‍ പറന്നെത്തുന്നത് സങ്കല്‍പ്പിച്ച് നോക്കൂ. ഈ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന സൂചനയാണ് സ്വകാര്യ ബഹിരാകാശ റോക്കറ്റ് നിര്‍മ്മാതാക്കളായ സ്‌പേസ് എക്‌സിന്റെ ഉടമ എലോണ്‍ മസ്‌ക് നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ അസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസിലാണ് എലോണ്‍ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ ലണ്ടനില്‍ നിന്ന് വെറും 29 മിനുട്ട് കൊണ്ട് അറ്റ്‌ലാന്റികിന് മുകളിലുടെ പറന്ന് ന്യൂയോര്‍ക്കിലെത്താമെന്നാണ് പ്രൊമോഷണല്‍ വീഡിയോ പറയുന്നത്.

2024ല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് എലോണ്‍ മസ്‌ക് പറയുന്നു. ഇതിന് ആവശ്യമായ വാഹനങ്ങള്‍ 2018ല്‍ നിര്‍മ്മിക്കും. ബിഎഫ്ആര്‍ എന്നറിയപ്പെടുന്ന തരം ബഹിരാകാശ വാഹനങ്ങളാണ് നിര്‍മ്മിക്കുക. 106 മീറ്റര്‍ ഉയരവും 9 മീറ്റര്‍ വീതിയുമാണ് വാഹനത്തിനുണ്ടാവുക. നിലവിലുള്ള റോക്കറ്റുകള്‍ക്ക് വഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വലിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന റോക്കറ്റുകളാണ് നിര്‍മ്മിക്കുക. ബഹിരാകാശ യാത്രയ്ക്ക് പുറമെ ഭൂമിയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ബിഎഫ്ആറിന്റെ പ്രത്യേകത.സ്‌പേസ് എക്‌സിന്റെ സിഇഒയും ചീഫ് ഡിസൈനറുമായ മസ്‌ക് തന്നെയാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലക്കും രൂപം നല്‍കിയിരിക്കുന്നത്. കൂടാതെ സോളാര്‍ സിറ്റി ചെയര്‍മാനുമാണ് എലോണ്‍ മസ്‌ക്. പുനരുല്‍പ്പാദന സാങ്കേതിക വിദ്യകളിലും ഉയര്‍ന്ന സംഭരണ ശേഷിയുള്ള ബാറ്ററികള്‍ വികസിപ്പിക്കുന്നതിലും സോളാര്‍ സിറ്റി പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നു. ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ച് ഭൂമിയില്‍ തിരിച്ചെത്തിക്കാനും വീണ്ടും ഉപയോഗിക്കാനും കഴിയുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതടക്കം ഏറെ നേട്ടങ്ങള്‍ സ്‌പേസ് എക്‌സിന് അവകാശപ്പെടാനുണ്ട്. നിലവില്‍ സ്‌പേസ് എക്‌സ് വികസിപ്പിച്ചിട്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റുകളും ലോകസഞ്ചാരത്തിനായി ഉപയോഗപ്പെടുത്താമെന്നാണ് എലോണ്‍ മസ്‌ക് കരുതുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്ലാതെ ചരക്കുകള്‍ മാത്രം വച്ച് ബിഎഫ്ആര്‍ റോക്കറ്റുകള്‍ 2022നകം ചൊവ്വയിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി എലോണ്‍ മസ്‌ക് പറയുന്നു. ഉപഭോക്താക്കള്‍ വളരെ യാഥാസ്ഥികരാണ് എന്നാണ് എലോണ്‍ മസ്‌കിന്റെ പക്ഷം പുതിയ ഉല്‍പ്പന്നങ്ങളോടും സാങ്കേതികവിദ്യകളോടും തുടക്കത്തില്‍ അവര്‍ മുഖം തിരിച്ചുനില്‍ക്കും. അതുകൊണ്ടാണ് സ്റ്റോക്കില്‍ ധാരാളമായുള്ള ഫാല്‍ക്കണ്‍ റോക്കറ്റുകളും ഉപയോഗിക്കാം എന്ന് കരുതുന്നത്. അതേസമയം ഫാല്‍ക്കണിന്റെ സ്ഥാനം പതുക്കെ ബിഎഫ്ആര്‍ പൂര്‍ണമായും ഏറ്റെടുക്കും എന്ന വസ്തുത അവര്‍ മനസിലാക്കണമെന്നും മസ്‌ക് പറയുന്നു. മെല്‍ബണിലെ സിന്‍ബൂണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് ആന്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗിന്റെ ഭാഗമായ പ്രൊഫ.അലന്‍ ഡഫി അടക്കം നിരവധി പ്രമുഖര്‍ ബഹിരാകാശ കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. താന്‍ സ്‌പേസ് എക്‌സിനെ ഇഷ്ടപ്പെടുന്നതും ലോകത്തെ ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും ഈ കമ്പനിക്ക് വിശ്വാസ്യത കല്‍പ്പിച്ചിരിക്കുന്നതും ഇത്തരം ആശയങ്ങളും പദ്ധതികളും കൊണ്ടാണെന്നും അലന്‍ ഡഫി പറഞ്ഞു.


Next Story

Related Stories