വാര്‍ത്തകള്‍

വിഭാഗിയതയും വെറുപ്പും സൃഷ്ടിക്കുന്നവരെ തോല്‍പ്പിക്കുക; തെരഞ്ഞെടുപ്പ് ആഹ്വാനവുമായി ശാസ്ത്രജ്ഞരും

ഇതാദ്യമായാണ് ശാസ്ത്ര സമൂഹം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്താവന പുറപ്പെടുവിക്കുന്നത്.

വിഭാഗീയതയും വെറുപ്പും സൃഷ്ടിക്കുകയും മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം കാണിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ശാസ്ത്ര സമൂഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യമായാണ് രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍ പ്രസ്താവന പുറപ്പെടുവിക്കുന്നത്.

രാജ്യത്തെ സംബന്ധിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രധാനമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസം, അഭിപ്രായ, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളിലെ പ്രമുഖര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുകയും, മതന്യുനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും ദരിദ്രരെയും അകറ്റി  നിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രകാരന്മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ നിരാശയാണ് ഉടലെടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ പ്രൊഫസര്‍ സത്യജിത്ത് രഥ് പറഞ്ഞു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍ യുണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോ ഫിസിക്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

ശാസ്ത്ര സ്ഥാപനങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമീപനത്തിനെതിരെ നിരവധി തവണ ഗവേഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു.

രബീന്ദ്രനാഥ ടാഗോറിന്റെ where the mind is without fear എന്ന കവിത ഉദ്ധരിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ മുല്യം ആ വാക്കുകളിലുണ്ടെന്ന് പറഞ്ഞാണ് പ്രസ്താവന തുടങ്ങുന്നത്. ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കണമെന്ന ഭരണഘടനയിലെ തത്വങ്ങള്‍ അടക്കം പരിഗണിച്ച് ബുദ്ധിപൂര്‍വം വോട്ടവകാശം രേഖപ്പെടുത്തണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ശാസ്ത്രവിരുദ്ധതയ്ക്ക് സര്‍ക്കാര്‍ പ്രചാരണം നല്‍കുന്നതില്‍ പ്രതിഷേധിച്ച് 2015 ല്‍ ശാസ്ത്രജ്ഞന്‍മാര്‍ ആദ്യമായി പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പ്ലാസ്റ്റിക്ക് സര്‍ജറി പൗരാണിക ഇന്ത്യയില്‍ വികസിപ്പിച്ച ശാസ്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞതും വലിയ വിവാദമായിരുന്നു. ആധുനിക കാലത്തെ എല്ലാ ശാസ്ത്ര നേട്ടങ്ങളും പൗരാണിക ഇന്ത്യയില്‍ ഉണ്ടായിരുന്നതാണെന്നാണ് വിവിധ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പറഞ്ഞത്. സയന്‍സ് കോണ്‍ഗ്രസില്‍ പോലും ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രബന്ധങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍