TopTop
Begin typing your search above and press return to search.

വേണം രണ്ടാം ഭൂപരിഷ്കരണം

വേണം രണ്ടാം ഭൂപരിഷ്കരണം

അഴിമുഖം പ്രതിനിധി

ജീവിക്കാനും കൃഷി ചെയ്യാനുമുള്ള ഭൂമി ആവശ്യപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള ഭൂസമരങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയില്ല. സംസ്ഥാനമൊട്ടാകെയും ചിലപ്പോള്‍ പഞ്ചായത്ത് തലത്തില്‍ പോലുമൊക്കെ അത്തരം നിരവധി സമരങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനമാണ് നാം എന്ന് പലപ്പോഴും വീമ്പ് പറയുന്നതിനപ്പുറം യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഭൂമിയുമായി ബന്ധപ്പെട്ട് പരിശോധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതിന്റെ ഒരു നേര്‍ചിത്രം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമൂഹിക, സാമ്പത്തിക സര്‍വെയിലെ കാര്യങ്ങള്‍.

ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവരുടെ എണ്ണം എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതായത്, രാജ്യത്തെ 10.08 കോടി അല്ലെങ്കില്‍ 56 ശതമാനത്തിനും സ്വന്തമായി ഭൂമിയില്ല. അതില്‍ തന്നെ 72 ശതമാനമുള്ളത് കേരളത്തിലും 70 ശതമാനം ബംഗാളിലുമാണ്. ഇടതുപക്ഷം അധികാരത്തില്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രം ഭൂപരിഷ്‌കരണം നടപ്പാക്കിയ രണ്ട് സംസ്ഥാനങ്ങളാണിവ. ആന്ധ്ര, തമിഴ്‌നാട് എന്നിവയും നമുക്കൊപ്പം ഉണ്ടെങ്കിലും എന്തുകൊണ്ട് കേരളം ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ കൊടുക്കണം എന്നുള്ളതിന് പ്രത്യേക കാരണങ്ങളുണ്ട്.

അവയില്‍ പ്രധാനം നമ്മുടെ ഭൂപരിഷ്‌കരണം എത്രത്തോളം ഫലപ്രദമായിരുന്നു എന്നാണ്. മനുഷ്യന് കുടില്‍ കെട്ടി ജീവിക്കാനെങ്കിലും ഭൂമി ലഭിച്ചു എന്നതായിരുന്നു നാം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഏതു മനുഷ്യര്‍ക്ക്, അവര്‍ ഏതു വിഭാഗത്തില്‍ നിന്നുള്ളവര്‍, എന്നതൊക്കെ ഇത്രകാലവും തര്‍ക്കങ്ങള്‍ക്ക് കാരണവുമായ വസ്തുതകളാണ്. അര്‍ഹതപ്പെട്ടവര്‍ക്കാണോ ഭൂമി ലഭിച്ചത്, അര്‍ഹതപ്പെട്ടവര്‍ക്ക് അതു ലഭിച്ചിട്ടുണ്ടോ തുടങ്ങിയവയൊക്കെ ആ കാര്യങ്ങളില്‍ പ്രധാനവുമാണ്. ആ ചര്‍ച്ചകള്‍ മുന്നോട്ടു പോകേണ്ടതിന്റെയും തിരുത്തല്‍ നടപടികള്‍ ആവശ്യമെങ്കില്‍ നടപ്പാക്കേണ്ടതിന്റെയും സൂചന കൂടിയായി ഈ സര്‍വെയെ കാണേണ്ടതുണ്ട്.മറ്റൊന്ന്, സര്‍വെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് കാര്‍ഷിക ഭൂമിയുടെ മാത്രം അടിസ്ഥാനത്തിലാണ്. പുരയിടം എന്നത് കണക്കാക്കിയിട്ടില്ല എന്നതിനാലാണ് കേരളത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവരുടെ എണ്ണം കൂടുതലാണ് എന്ന് കണക്കാക്കിയിരിക്കുന്നതെന്നാണ് ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം അഭിജിത് സെന്നിന്റെ അഭിപ്രായം. ഇതെന്തായാലും, ആലോചിക്കേണ്ട ഒരു കാര്യം, ഭൂപരിഷ്‌കരണത്തിനു ശേഷവും ഇപ്പോള്‍ ആധുനിക കാലത്തും നമ്മുടെ കൃഷിയിടങ്ങളും പറമ്പുകളുമൊക്കെ പുരയിടങ്ങള്‍ മാത്രമായി മാറുന്നു എന്നതാണ്. ഈ പുരയിടങ്ങളിലാകട്ടെ വേണ്ടത്ര കൃഷികള്‍ ഇല്ല എന്നത് നമുക്ക് അറിയാവുന്ന കാര്യവുമാണ്.

കൃഷിയെ മഹത്തരമായ കാര്യമായി കൊണ്ടാടുന്നതിനു പകരം മനുഷ്യര്‍ക്ക് ജീവിച്ചു പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുകയാണ് പ്രധാനമെന്ന വാദങ്ങളും സജീവമാണ്. തീര്‍ച്ചയായും മനുഷ്യര്‍ക്ക് താമസിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെയുള്ള സൗകര്യങ്ങള്‍ വേണ്ടതു തന്നെയാണ്. എന്നാല്‍ നമ്മുടെ കൃഷിയിടങ്ങള്‍ റിയല്‍ എസ്‌റ്റേറ്റുകാരുടെ സ്വന്തം മണ്ണു മാത്രമായി മാറുന്നതും പാര്‍പ്പിടാവശ്യങ്ങള്‍ വര്‍ധിച്ചു വരുന്നതുമൊക്കെ കണക്കിലെടുക്കുമ്പോള്‍ എവിടെയോ പോരായ്മകള്‍ പ്രശ്‌നമായി വരുന്നുണ്ട്. അപ്പോള്‍ കൃഷിഭൂമി തിരിച്ചു പിടിക്കുക, കൃഷി ചെയ്ത് ജീവിക്കാന്‍ ആവശ്യമായ ഭൂമി ഉണ്ടാവുക എന്നതിലേക്ക് വീണ്ടും കാര്യങ്ങളെത്തും.

സ്വാതന്ത്ര്യം ലഭിച്ച് ആറു ദശകങ്ങള്‍ കഴിയുകയും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസം എന്നു തുടങ്ങി സര്‍വ മേഖലകളിലും വെന്നിക്കൊടി പാറിച്ച സംസ്ഥാനമെന്ന അവകാശവാദം പൊളിഞ്ഞു തുടങ്ങിയിട്ട് കുറച്ചുകാലമായി. വീടിന്റെ അടുക്കള പൊളിച്ച് ശവസംസ്‌കാരം നടത്തുന്നവരും ഭൂമിക്ക് വേണ്ടി ദീര്‍ഘകാലമായി പ്രക്ഷോഭം നടത്തുന്ന ഇവിടുത്തെ ദളിത്, ആദിവാസി വിഭാഗങ്ങളുമൊക്കെ ചോദിക്കുന്ന ഒന്നുണ്ട്, എവിടെയാണ് കേരളത്തിലെ ഭൂമി? ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടും ഇന്നും അത് അനധികൃതമായി കൈയടക്കി വച്ചിരിക്കുന്നത് ആരൊക്കെയാണ്? ഇതൊക്കെ തിരിച്ചു പിടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരുകള്‍ക്ക് ഇല്ലാതെ പോകുന്നത് എന്തു കൊണ്ടാണ്?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories