UPDATES

ട്രെന്‍ഡിങ്ങ്

പഠനയാത്ര വേണ്ടെന്നു വച്ചു; വിശദീകരണം ചോദിച്ചതിന് വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടു

കണ്ണൂര്‍ പയ്യന്നൂര്‍ എ ഡബ്ല്യു എച്ച് കോളേജില്‍ ബിഎസ്സി സൈക്കോളജിയിലെ എട്ടു വിദ്യാര്‍ത്ഥിനികളെയാണ് രണ്ടു മണിക്കൂര്‍ പൂട്ടിയിട്ടത്

കണ്ണൂര്‍ പയ്യന്നൂര്‍ എ ഡബ്ല്യു എച് കോളേജില്‍ എട്ടു വിദ്യാര്‍ത്ഥിനികളെ കാമ്പസിനുള്ളില്‍ പൂട്ടിയിട്ടതായി പരാതി. കോളേജിലെ ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ത്ഥിനികളെയാണു കാമ്പസിനുള്ളില്‍ നിര്‍ത്തി സെക്യൂരിറ്റി ഗേറ്റ് പൂട്ടി പോയത്. രണ്ടു മണിക്കൂറോളം അകത്തുകിടന്ന വിദ്യാര്‍ത്ഥിനികളെ പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസാണു ഗേറ്റ് തുറന്നു പുറത്തെത്തിച്ചത്. പല കുട്ടികള്‍ക്കും ഇതിനകം ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തു. പൊലീസ് കേസ് ഒഴിവാക്കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ തങ്ങളെ അകാരണമായി കാമ്പസില്‍ പൂട്ടിയിട്ടതിനെതിരേ കോളേജില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിലബസിന്റെ ഭാഗമായി തീരുമാനിച്ചിരുന്ന പഠനയാത്ര അപ്രതീക്ഷിതമായി റദ്ദ് ചെയ്തതിന്റെ വിശദീകരണം അറിയാന്‍ നിന്ന വിദ്യാര്‍ത്ഥികളെയാണു കാമ്പസില്‍ പൂട്ടിയിട്ടിത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ പറയുന്നതിങ്ങനെയാണ്;

ഇന്നലെ (മാര്‍ച്ച് രണ്ടാം തീയതി) രാത്രി എട്ടരയ്ക്കായിരുന്നു സിലബസിന്റെ ഭാഗമായി ഐവിയുടെയും ഹോസ്പിറ്റല്‍ വിസിറ്റിന്റെ ഭാഗമായുള്ള പഠനനയാത്ര പുറപ്പെടേണ്ടിയിരുന്നത്. മുമ്പ് ഒരു തവണ മാറ്റിവച്ച യാത്രയായിരുന്നു. എന്നാല്‍ ഇന്നലെ മൂന്നരയോടെ ഡിപ്പാര്‍ട്ട്‌മെന്റ് പെട്ടെന്ന് യാത്ര റദ്ദ് ചെയ്യുന്നതായി അറിയിക്കുകയായിരുന്നു. കൂടെ വരാന്‍ ലേഡീസ് സ്റ്റാഫ് അരും ഇല്ലെന്നതായിരുന്നു യാത്ര റദ്ദ് ചെയ്യുന്നതിനായി പറഞ്ഞ കാരണം. ബാച്ചില്‍ പെണ്‍കുട്ടികളാണു കൂടുതലും ഉള്ളതിനാല്‍ വനിത അധ്യാപികയുടെ സാന്നിധ്യം ഒപ്പം വേണമെന്നാണു ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പറയുന്നത്.

പക്ഷെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിശേഷം ഇങ്ങനെയൊരു കാരണം പറഞ്ഞു യാത്ര റദ്ദ് ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. രക്ഷകര്‍ത്താക്കളില്‍ നിന്നും അനുമതി വാങ്ങിക്കുകയും യാത്രയ്ക്കുള്ള പണം അടയ്ക്കുകയും എല്ലാം കഴിഞ്ഞതാണ്. രണ്ടു ദിവസത്തേക്കുള്ള യാത്രയ്ക്കായി ബസും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ബുക്ക് ചെയ്തിരുന്നതാണ്. ടീച്ചര്‍മാര്‍ ആരും വരുന്നില്ലെന്നത് രണ്ടു ദിവസം മുമ്പു തന്നെ ഞങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിനെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ പകരമൊരു പരിഹാരം കാണാനോ മറ്റെന്തെങ്കിലും വഴി നോക്കാനോ അദ്ദേഹം തയ്യാറായില്ല.

ഒന്നും ചെയ്യാതെ ഇന്നലെ യാത്ര പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ വന്ന് ഇന്നു യാത്ര പോകാന്‍ പറ്റില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെന്നും പറഞ്ഞു. ഒരിക്കല്‍ ഇതേപോലെ മാറ്റിവച്ച യാത്രയായതിനാല്‍ ഇത്തവണയത് സാധിക്കില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞതോടെ താന്‍ ഏകപക്ഷീയമായി ഈ യാത്ര റദ്ദ് ചെയ്യുകയാണെന്നു പറഞ്ഞ് അദ്ദേഹം പോയി.

ഇതോടെയാണു കൃത്യമായൊരു വിശദീകരണം ഈ കാര്യത്തില്‍ വേണമെന്നു പറഞ്ഞു ഞങ്ങള്‍ കാമ്പസില്‍ നിന്നത്. ഇതിനിടയില്‍ സെക്യൂരിറ്റി വന്നു ഞങ്ങളോടു കാമ്പസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ പ്രിന്‍സിപ്പാലിന്റെ മുറിയിലേക്കു പോയി. അവിടെ നിന്നും വന്നശേഷം സെക്യൂരിറ്റി ഗേറ്റ് പൂട്ടി പുറത്തുപോവുകയായിരുന്നു.

ഞങ്ങളെ പൂട്ടിയിട്ടു പോയതിനുശേഷം ഈ വിവരം അറിയിക്കാനായി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പ്രിന്‍സിപ്പാലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെയുണ്ടായിരുന്ന ഒരു ഒരു ടീച്ചറിനോട് കാര്യം പറഞ്ഞെങ്കിലും അവരും ഒന്നും ചെയ്തില്ല. പിന്നീട് ഈ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാരാണു പൊലീസില്‍ വിവരം നല്‍കിയത്.

പൊലീസ് പിന്നീട് സ്റ്റേഷനിലേക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡിനെ ഉള്‍പ്പെടെ വിളിപ്പിച്ചിരുന്നു. സെക്യൂരിറ്റിക്കെതിരേ കേസ് എടുക്കാമെന്നു പൊലീസ് പറഞ്ഞെങ്കിലും അയാളുടെ പ്രായവും മറ്റും കണക്കിലെടുത്ത് അങ്ങനെയൊരു നീക്കം വേണ്ടെന്നു ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം പ്രിന്‍സിപ്പാലിനടക്കം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍