Top

വാ തുറക്കും മുന്‍പ് ഓർക്കണം ഒമ്പത് വട്ടം

വാ തുറക്കും മുന്‍പ് ഓർക്കണം ഒമ്പത് വട്ടം

ഭരണകൂടത്തിനെതിരെയുള്ള ഏത് തരം പ്രവർത്തനവും തടവ് മുതൽ നാടുകടത്തലും വധശിക്ഷ തന്നെയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായിരുന്നു പണ്ട് രാജഭരണ കാലത്ത്. ഇന്ന് നാം ബഹുമാനിക്കുന്ന നിരവധി നേതാക്കളും സ്വാതന്ത്ര്യസമരസേനാനികളും ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് തുറുങ്കിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ രാജവാഴ്ചയും കോളനിവാഴ്ചയും പോലെയല്ലല്ലോ ജനാധിപത്യം. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ ഭരണത്തിൽ ഭരണകൂട വിമർശനങ്ങളും പ്രതിഷേധങ്ങളും, പ്രതിരോധങ്ങൾ പോലും സാധുവാകുന്നത് വിയോജിക്കാനുള്ള അവകാശം എന്ന ജനാധിപത്യത്തിന്റെ ആണിക്കല്ലായ മൂല്യവുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ നാല് തൂണുകൾക്കും അത് കാത്തുസൂക്ഷിക്കുവാനുള്ള ധാർമ്മിക ഉത്തരവാദിത്തമുണ്ട്.

തത്വത്തിൽ ഇതൊക്കെ അങ്ങനെ തന്നെ നിലനില്ക്കുമ്പോഴും ഏകാധിപത്യ സ്വഭാവം അന്തർലീനമായുള്ള ഒരു പ്രത്യയശാസ്ത്രവും, അതിന്റെ ഭരണകൂടരൂപവും ജനാധിപത്യ മാർഗ്ഗത്തിൽ കൂടി ആയാൽ പോലും അധികാരത്തിൽ വരാനിടയായാൽ, അവർക്ക് ആ പ്രത്യയശാസ്ത്ര ഹെഗമണിയുടെ സ്വാധീനം ഭരണഘടനയുടെ നാല് തൂണുകളിലേക്ക് വ്യാപിപ്പിക്കാനായാൽ പിന്നെ ഭരണഘടനയും ജനാധിപത്യവും ഒക്കെ വെറും നോക്കുകുത്തികളായി മാറും. അവയുപയോഗിച്ച് തന്നെ അവയെ അട്ടിമറിക്കാനാവും. അതാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

രാജ്യദ്രോഹനിയമം അഥവാ സെഡിഷൻ ലോ
ഒരു ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെട്ടിട്ടും ഇന്ത്യയുടെ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹ നിയമം തുടരുന്നതിനെ അന്നേ പലരും എതിർത്തിരുന്നത് അത്തരം ഒരു നിയമവും ജനാധിപത്യത്തിന്റെ രാഷ്ട്രീയ മൂല്യങ്ങളും തമ്മിൽ ഒത്തുപോവുകയില്ല എന്നതുകൊണ്ടാണ്. നിലനില്ക്കുന്ന വ്യവസ്ഥയെ കായികമായി തകർത്തുകൊണ്ട്, കലാപങ്ങൾ അഴിച്ചുവിട്ടുകൊണ്ട് അധികാരം പിടിച്ചടക്കാനുള്ള ശ്രമങ്ങൾ തടയപ്പെടേണ്ടതുണ്ട്. പക്ഷേ അതേ സമയം വ്യവസ്ഥയിലെ പോരായ്മകളെ കുറിച്ചുള്ള സൃഷ്ടിപരമായ സാംസ്കാരിക വിമർശനങ്ങളെ ജനാധിപത്യത്തിന്റെ ആന്തരിക ചലനശാസ്ത്രത്തിന്റെ ഭാഗമായ തിരുത്തൽ ശക്തിയായി തന്നെ പരിഗണിക്കപ്പെടേണ്ടതും ഉണ്ട്. ഇവ തമ്മിലുള്ള വ്യത്യാസത്തിന്റെ അമൂർത്തമായ അതിർത്തിയെ അധികാരം ഉപയോഗിച്ച് ദുർവ്യാഖ്യാനം ചെയ്യുക എന്ന ഒരു സാധ്യതയെ മുൻനിർത്തിയായിരുന്നു ആ എതിർപ്പ്. അതിന്റെ സാംഗത്യം നമുക്ക് ആദ്യം മനസിലാക്കിത്തന്നത് അടിയന്തരാവസ്ഥയാണ്. അതിൽ നിന്ന് നാം പാഠം പഠിച്ചില്ല. അതുകൊണ്ട് ഇതാ അപ്രഖ്യാപിത അടിയന്തരാവസ്ഥ.രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്ക്, എം പിമാർക്ക്, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയ്ക്ക് മേൽ തന്നെയും ആണ് രാജ്യദ്രോഹ കുറ്റത്തിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്; അതും കോടതി നിർദ്ദേശം അനുസരിച്ച്! രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ആനന്ദ് ശർമ്മ, ഡി രാജ, അരവിന്ദ് കേജരിവാൾ എന്നിവർക്ക് എതിരെയാണ് രംഗറെഡ്ഡീ ജില്ലാ കോടതിയുടെ നിർദ്ദേശപ്രകാരം തെലുങ്കാന പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒപ്പം ജേ എൻ യു വിദ്യാർത്ഥികളായ കനയ്യയ്ക്കും ഉമർ ഖാലിദിനും എതിരെയും ഉണ്ട് കേസ്.

ആധാരമായ സംഭവം
അതിന്റെ നാല് തൂണുകളിലേക്കും ഏകാധിപത്യ പ്രവണതയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ ഹെഗമണിയെ വ്യാപിപ്പിക്കുവാനായാൽ ജനാധിപത്യം അതിനെ താങ്ങുന്ന കാലുകളാൽ തന്നെ അട്ടിമറിക്കപ്പെടും എന്ന് മുകളിൽ പറഞ്ഞു. സകലർക്കും അറിയുന്നത് പോലെ ഭരണഘടനയുടെ നാലാം തൂണായ ഒരു മാധ്യമം വഴി പ്രചരിച്ച വ്യാജ വീഡിയോ ആണ് കനയ്യയ്ക്ക് എതിരേ ഉള്ള തെളിവ്. അത് വ്യാജമാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തെളിഞ്ഞിട്ട് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പ്രതി കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുന്നതായി വിവരം ലഭിച്ചിട്ടും കേവല സാങ്കേതികതയുടെ പേരിൽ കോടതി അനുമതിയോടെ റിമാൻഡിലാണ് രാജ്യത്തെ ഒരു പ്രമുഖ സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ ആ ചെറുപ്പക്കാരൻ.

അയാൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ആ സര്‍വകലാശാലയിലെ വിദ്യാർത്ഥികൾ സമരം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ബുദ്ധിജീവികളും സാംസ്കാരിക പ്രമുഖരും ഒക്കെ ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. അതിൽ പ്രമുഖരായ നേതാക്കൾക്ക് എതിരെ, ജെ എൻ യുവിൽ നേരിട്ടെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്ക് എതിരേ ആണ് ഈ നടപടി. രാജ്യദ്രോഹിക്ക് ആയാൽ പോലും ആശയപരമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ഉപാധികൾ ഇല്ലാത്തവണ്ണം ഏകപക്ഷീയമായി രാജ്യദ്രോഹ കുറ്റമായി വ്യാഖ്യാനിക്കാനാകുമോ എന്നതിൽ ഇനിയും വ്യക്തത വേണം. അങ്ങനെ ഇരിക്കെയാണ് കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലാത്ത, ആരോപിതർ മാത്രമായ വ്യക്തികളുമായി ഐക്യപ്പെടുന്നതും എഫ് ഐ ആർ ചുമത്താവുന്ന കുറ്റമാണെന്ന് യാന്ത്രികമായി അംഗീകരിക്കപ്പെടുന്നത്.

ഭരണഘടനയുടെ നാല് തൂണുകളിൽ പാർലമെന്റിൽ മൂന്നിൽ രണ്ടിനടുപ്പിച്ച് ഭൂരിപക്ഷമുള്ള ഒരു ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിന് പരിധികളുണ്ട്. അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എക്സിക്യൂട്ടിവിനെയും. പിന്നെ ബാക്കിയുള്ളത് ജുഡീഷ്യറിയും നാലാം തൂണായ മാധ്യമങ്ങളും ആണ്. സാധാരണക്കാരന്റെ നീതിബന്ധിയായ പോരാട്ടങ്ങളുടെ അവസാന അത്താണി എന്ന് ചുമ്മാ പറഞ്ഞ് വിശ്വസിക്കുന്ന കോടതി എന്ന സംവിധാനം എത്രത്തോളം യാന്ത്രികമായി ആണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ 'ദ കോർട്ട്' എന്ന മറാത്തി സിനിമ ഒരുവട്ടം കണ്ടാൽ മതി. അതേ യാന്ത്രികമായ നിസ്സംഗതയാണ് ഈ സംഭവങ്ങളിൽ ഉടനീളം കോടതി പുലർത്തുന്നത്; സാങ്കേതികമായി നൂറ് ശതമാനവും വാദിച്ചുനിൽക്കാവുന്ന ഒരു നിസ്സംഗത!ഭരണകൂട ലക്ഷ്യം
രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ആനന്ദ് ശർമ്മ, ഡി രാജ, അരവിന്ദ് കേജരിവാൾ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ച് ഒതുക്കിക്കളയാം എന്നൊരു ലക്ഷ്യമൊന്നും ഇപ്പോൾ ബിജെപി സർക്കാരിനുണ്ടെന്ന് തോന്നുന്നില്ല. ഒന്നാമത് കോടതിയിൽ എത്തിയാൽ കേസ് എത്ര യാന്ത്രികമായി പരിഗണിച്ചാലും നിലനില്ക്കില്ല. രണ്ടാമത് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച ഈ വിഷയത്തിൽ കാര്യങ്ങളെ കൂടുതൽ വഷളാക്കുന്ന, വൻ പ്രതിഷേധങ്ങളും, കലാപങ്ങളും ക്ഷണിച്ച് വരുത്തുന്ന തരം നിലപാടുകൾ എടുക്കുന്നത് രാജ്യത്തെ കോർപ്പറേറ്റുകളുടെ താല്പര്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയാണ്. പക്ഷേ അപ്പോഴും അവർ ഇതൊക്കെ ചെയ്യുന്നത് വെറുതേ ഒരു 'മൂച്ചി'നാണെന്ന് വിശ്വസിക്കാനും ആവില്ല.

രാഹുൽ ഗാന്ധി മുതൽ സീതാറാം യെച്ചൂരി, ആനന്ദ് ശർമ്മ, ഡി രാജ, അരവിന്ദ് കേജരിവാൾ വരെയുള്ളവരെ അറസ്റ്റ് ചെയ്ത് ജീപ്പിൽ ഇരുത്തി ഇടിച്ച് പാന്റിലൂടെ പെടുപ്പിച്ച് വിചാരണ വൈകിപ്പിച്ച് അകത്ത് കിടത്തുക എന്നത് നിലവിലെ സംഘി സർക്കാർ മാനുഷിക മൂല്യങ്ങൾ പ്രമാണിച്ച് വേണ്ടാ എന്ന് വയ്ക്കുകയൊന്നുമില്ല. പക്ഷേ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടി എണ്ണുമ്പോൾ അത്ര ലാഭകരമാവില്ല എന്നതുകൊണ്ട് വേണ്ട എന്ന് വയ്ക്കാനാണ് സാദ്ധ്യത. അപ്പോൾ ഇവിടെ ലക്ഷ്യം രാഹുൽ ഗാന്ധിയും യെച്ചൂരിയും കേജരിവാളുമൊന്നുമല്ല, രാജ്യത്തെ സാധാരണക്കാർകുള്ള ഒരു സന്ദേശമാണ്.

വാതുറക്കും മുന്‍പ് ഓർക്കണം ഒമ്പത് വട്ടം
കനയ്യ ചെയ്ത കുറ്റം സ്വാതന്ത്ര്യം ആവശ്യപ്പെട്ടു എന്നതാണ്. അതും മനുവാദത്തിൽ നിന്ന്, സംഘിവാദത്തിൽ നിന്ന്, ഫ്യൂഡലിസത്തിൽ നിന്ന്! ഹിന്ദുരാഷ്ട്ര വാദത്തിന്റെ അടിസ്ഥാന ശിലകളിൽ നിന്നാണ് കനയ്യ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്. ഒരു ഹിന്ദുരാഷ്ട്രത്തിൽ അത് വിഘടനവാദം തന്നെയാണ്. കാരണം മേല്പറഞ്ഞവയിൽ നിന്ന് പൗരസമൂഹത്തിന് സ്വാതന്ത്ര്യം കൊടുത്താൽ ആ രാഷ്ട്രം സ്വയം ഇല്ലാതെയാവും. അപ്പോൾ സംഘിപക്ഷത്ത് നിന്ന് നോക്കുമ്പോൾ കനയ്യ ചെയ്തത് രാജ്യദ്രോഹം തന്നെയാണ്. പക്ഷേ പ്രശ്നം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമാണ് എന്നതും. അതിനെ ഒരു സംഘി രാഷ്ട്രത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പ്രക്രിയയിൽ അതിലെ രാഷ്ട്രീയ നേതാക്കളെ അല്ല, സാധാരണ മനുഷ്യരെയാണ് ആദ്യം നിശബ്ദരാക്കേണ്ടത്.സംഘി സർക്കാർ സാധാരണക്കാർക്ക് നല്കുന്ന സന്ദേശം വാതുറക്കും മുന്‍പ് ഒമ്പത് വട്ടം ആലോചിക്കണം എന്നതാണ്. പ്രതിപക്ഷ നേതാക്കൾ, എം പിമാർ തൊട്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാർക്ക് എതിരേ പോലും വേണമെന്ന് വച്ചാൽ ഞങ്ങൾ കേസെടുക്കും. അവർ ഒരുപക്ഷേ വലിയ പരിക്കില്ലാതെ ഊരിപ്പോരുമായിരിക്കും. പക്ഷേ നീയൊക്കെ റോഡിൽ കിടന്ന് അടിവാങ്ങും, പാന്റിലൂടെ മൂത്രമൊഴിക്കും, ഒരു നിയമവും കോടതിയും ചോദിക്കില്ല എന്നതാണ് അവർ നമുക്ക് തരുന്ന സന്ദേശം. അതായത് നേതാക്കൾ കളിക്കുന്നത് കണ്ട് നീയൊന്നും തുള്ളരുതെന്ന്.

ജനാധിപത്യത്തിന്റെ അരാഷ്ട്രീയ വല്ക്കരണം പല വഴികളിലൂടെ ആ ലക്ഷ്യത്തിൽ വന്ന് സംഗമിക്കുന്ന ഒന്നാണ്. പല വഴികളിലൂടെ അത് നടക്കുന്നുമുണ്ട്. അതിലെ ഒരു വഴിയാണ് ഇത്. പ്രത്യേകിച്ച് ജനാധിപത്യത്തെ നയിക്കുന്നവർ എന്ന് അവകാശപ്പെടുന്ന ബുദ്ധിജീവികളിലും സാംസ്കാരിക നായകരിലും പെട്ട ഒരു വിഭാഗം ഇപ്പോഴും കൺമുമ്പിലെ ഭീഷണി കാണാതെ അതിനെതിരെ ഉണ്ടാകുന്ന പ്രതിരോധങ്ങളെ കേവലമായി പ്രശ്നവൽക്കരിക്കുന്ന പശ്ചാത്തലത്തിൽ. സൂക്ഷ്മവും ആനുപാതികവുമായ വ്യത്യാസങ്ങളെ കാണാതെ എല്ലാം ഒന്നുതന്നെ, ഇടതും വലത് തന്നെ, എവിടെയും ബ്രാഹ്മണിക്ക് ഹിന്ദുത്വം തന്നെ എന്നതരം നിരുത്തരവാദപരമായ സാമാന്യവൽക്കരണങ്ങൾ അവർക്ക് ചില പ്ലാറ്റ്ഫോമുകൾ തരപ്പെടുത്തിയേക്കാം. പക്ഷെ പലായനങ്ങളുടെ ചരിത്രം ഓർക്കുക. കിട്ടിയതും പൊതിഞ്ഞ് ഓടിപ്പോകേണ്ടിവരുന്നവരിൽ ഈ കൂട്ടർ അപൂർവ്വമായെ പെടാറുള്ളു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories