TopTop
Begin typing your search above and press return to search.

സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍

സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍

രാകേഷ് നായര്‍

കേരളം പോലൊരു സംസ്ഥാനത്ത് അസംഘടിത തൊഴില്‍ മേഖലയില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നത് എത്ര നിര്‍ഭാഗ്യകരമാണ്! അവിടെയെല്ലാം ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണെന്നത് അപമാനം ഇരട്ടിയാക്കുന്നു. തൃശൂര്‍ കല്യാണ്‍ സില്‍ക്‌സിലെ സ്ത്രീജീവനക്കാര്‍ ആഴ്ച്ചകളോളം നടത്തിയ ഇരിപ്പുസമരത്തില്‍, അവര്‍ ഉന്നയിച്ച കാര്യങ്ങള്‍, ആ മേഖലയില്‍ നടക്കുന്ന ചൂഷണം എത്രത്തോളമെന്നത് വിളിച്ചു പറയുകയായിരുന്നു. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലിയെടുക്കുന്ന മഹാഭൂരിപക്ഷത്തിനും പറയാനുള്ളത് ഇതേ ദുരനുഭവങ്ങള്‍ തന്നെയാണെന്നും പുറത്തുവരുന്ന ഓരോരോ സംഭവങ്ങള്‍ തെളിയിക്കുന്നു. മാനുഷികപരിഗണനപോലും നല്‍കാതെ പണിയെടുപ്പിക്കുന്ന മാനേജ്‌മെന്റുകളുടെ ക്രൂരതകളെക്കുറിച്ച് സ്ത്രീ തൊഴിലാളികള്‍ പുറത്തു പറയാന്‍ നിര്‍ബന്ധിതരാകുന്നത്, സഹനത്തിന്റെ അവസാനപടിയും കടന്നു നില്‍ക്കുമ്പോഴാണ്.

ആലപ്പുഴ സീമാസ് എന്ന വസ്ത്രസ്ഥാപനത്തിലും അതേ ദുര്‍ഗതിയുടെ ഇരകള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുറത്തു വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ സ്ഥാപനത്തിനു പുറത്ത് അവര്‍ ഒത്തുകൂടി വിവിധ ആവശ്യങ്ങള്‍ക്കായി സമരം തുടങ്ങിയിരിക്കുകയാണ്.

സീമാസില്‍ നടക്കുന്നത്
അമ്പതോളം സ്ത്രീ ജീവനക്കാര്‍ (സെയില്‍ ഗേള്‍സ് മുതല്‍ സ്വീപ്പര്‍മാരെ) ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം സെയില്‍സ് ഗേള്‍സ് എന്ന ലേബലില്‍ ജോലി നോക്കുന്നവരാണ്. ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂറോളം നിന്നു കൊണ്ടു തന്നെ തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്ന ഈ സ്ത്രീകള്‍ക്ക് സ്ഥാപനത്തില്‍ നിന്നുണ്ടാകുന്നത് ഒട്ടും ആശാസ്യകരമാല്ലാത്ത അനുഭവങ്ങളും. രാവിലെ 9.15 ന് എല്ലാ ജീവനക്കാരും പഞ്ച് ചെയ്ത് അകത്തു കയറിയിരിക്കണം. താമസിക്കുന്നവര്‍ക്ക് ഫൈന്‍. രാവിലെ തുടങ്ങുന്ന ജോലി രാത്രി എട്ടരയ്ക്ക് കട ക്ലോസ് ചെയ്താലും അവസാനിക്കില്ല. അടുക്കിപ്പെറുക്കലും മറ്റുമായി പിന്നെയും ഒന്നൊന്നര മണിക്കൂര്‍ കൂടി ജോലിയുണ്ട്. ഉത്സവ സീസണുകളിലാണെങ്കില്‍ ഡ്യൂട്ടി ടൈം പിന്നെയും കൂടും. പത്തരവരെയെങ്കിലും ജോലി നോക്കേണ്ട അവസ്ഥവരെ ഉണ്ടാകും. ഉച്ചയ്ക്ക് കിട്ടുന്ന അരമണിക്കൂറാണ് ഇവരുടെ റെസ്റ്റ് ടൈം. അത് ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഒന്നാം നിലയില്‍ ജോലി ചെയ്യുന്നവര്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലേണ്ടത് അഞ്ചാം നിലയില്‍. പടി കയറി തന്നെ പോകണം, ലിഫ്റ്റ് ഉപയോഗിച്ചാല്‍ അഞ്ഞൂറു രൂപയാണ് ഫൈന്‍. ഓട്ടപ്പാച്ചിലാണ് ഭക്ഷണം കഴിക്കാന്‍. ഇതിനിടയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കോ മറ്റോ പോയി താമസിച്ചാല്‍ അതിനും ഫൈന്‍ അടയ്ക്കണം. ആകെയുള്ളത് 4 ശൗചാലയങ്ങള്‍. ജോലിക്കിടയില്‍ രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാലോ! അപ്പോഴും അടയ്ക്കണം നൂറുരൂപാവീതം ഫൈന്‍. ആളെണ്ണം കൂടുന്നതിനനുസരിച്ച് തുകയും കൂടും. പന്ത്രണ്ടു മണിക്കൂറോളം ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ ഒരു സ്റ്റൂള്‍ പോലും ഇട്ടിട്ടില്ല. ഇരിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സ്ത്രീകളാണെന്ന പരിഗണനപോലും ഇവരോട് കാണിക്കുന്നില്ല.അഞ്ചുവര്‍ഷമായി ഈ സ്ഥാപനം ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. അന്നുതൊട്ട് ഇവിടെ ജോലി നോക്കുന്ന സെയില്‍സ് ഗേള്‍സിനുപോലും ഇപ്പോഴും കിട്ടുന്നത് 7,500 രൂപ! പി എഫ്, ഇ എസ് ഐ എന്നിവ പിടിച്ചു കഴിഞ്ഞാല്‍ കൈയില്‍ കിട്ടുന്നത് അതിലും ചെറിയ തുക. പി എഫ്, ഇ എസ് ഐ എന്നീ അവകാശങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്നുമില്ല. അതുമല്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി ഈയിനത്തില്‍ പിടിക്കുന്ന തുകയ്ക്ക് രസീതൊന്നും തൊഴിലാളികള്‍ക്ക് നല്‍കുന്നുമില്ല. ഏറ്റവും കൂടിയ ശമ്പളം 7,500 ആകുമ്പോള്‍ പുതിയതായി വരുന്നവരുടെ കാര്യം പറയണ്ടല്ലോ. നാലായിരത്തിനും അയ്യായിരത്തിനും ഇടയിലാണ് അവരുടെ ശമ്പളം. ഒരു ദിവസത്തിന്റെ പകുതിയോളം കഠിനമായ ജോലിയെടുക്കുന്നതിനാണ് ഈ കൂലിയെന്ന് ഓര്‍ക്കണം. മാസത്തില്‍ മുപ്പതു ദിവസത്തോളം ഇവര്‍ക്ക് ജോലിക്കു വരേണ്ടി വരും. ലീവ് എന്നതൊക്കെ കിട്ടിയാല്‍ കിട്ടുന്ന മഹാഭാഗ്യം! ഞായര്‍ പോലും ജോലിക്കു വരേണ്ട അവസ്ഥ. കുടുംബവും കുട്ടികളുമൊക്കെയുള്ളവര്‍ക്ക് പോലും ഇതില്‍ നിന്നും മോചനമില്ല. പ്രത്യേക അവസരങ്ങളില്‍ ഓവര്‍ടൈം ചെയ്യേണ്ട ജോലിക്ക് ഒരുപൈസപോലും കൂടുതല്‍ നല്‍കില്ല. അതേസമയം ജീവനക്കാര്‍ക്ക് നല്‍കുന്ന യൂണിഫോമിനും ടാഗിനും വരെ കാശ് അവരുടെ ശമ്പളത്തില്‍ നിന്നു പിടിക്കുകയും ചെയ്യും.

ബോണസ് എന്നത് ശമ്പളത്തിന്റെ പകുതിമാത്രം. ഏറ്റവും കൂടിയ തുക നാലായിരം. പെരുന്നാള്‍ പ്രമാണിച്ചു മുസ്ലിം സമുദായത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടികള്‍ക്കുപോലും ഒരു രൂപ അധികം കൊടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. നോമ്പ് പിടിച്ചിരുന്നവര്‍ വൈകുന്നേരം നോമ്പ് വീടാന്‍ ആയി ഒരു തുള്ളി വെള്ളം കുടിക്കണമെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ടുവരണമായിരുന്നു.

തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആരെങ്കിലും പരാതി പെട്ടാല്‍ ഒന്നുകില്‍ അവര്‍ക്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍. അതുകൊണ്ട് തന്നെ പലരും ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് നിന്നു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ വന്നതോടെയാണ് അവര്‍ കടയ്ക്കു വെളിയില്‍ ഇറങ്ങി തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം തുടങ്ങിയത്. ഈ ഘട്ടത്തില്‍ ഇവരില്‍ പലരും സി ഐ ടിയുവിന്റെ സംഘടനയില്‍ ചേരുകയും അതോടെ തൊഴിലാളി പ്രശ്‌നം സംഘടന ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് സി ഐ ടി യു സംസ്ഥാന കമ്മിറ്റി മെംബറും ആലപ്പുഴയിലെ ടെക്‌സറ്റൈല്‍ തൊഴിലാളി സംരക്ഷണത്തിനായി രൂപകരിച്ച സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ മുന്‍ അലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായ പി പി ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കാനായി ചര്‍ച്ചകള്‍ തുടങ്ങി. മാനേജ്‌മെന്റ് കടുംപിടുത്തം നടത്തുന്ന അവസ്ഥയില്‍ തൊഴിലാളി സമരം ശക്തപ്പെടുത്താനാണ് തീരുമാനമെന്ന്, ജീവനക്കാര്‍ അനുഭവിക്കുന്ന മേല്‍ പറഞ്ഞ പ്രശനങ്ങള്‍ അഴിമുഖത്തോട് പങ്കുവച്ചുകൊണ്ട് ചിത്തരഞ്ജന്‍ വ്യക്തമാക്കി.

ഒരു സെയില്‍സ് ഗേളിനു പറയാനുള്ളത്
ആലപ്പുഴയില്‍ സീമാസ് പ്രവര്‍ത്തനം ആരംഭിച്ച നാള്‍ തൊട്ട് ഇവിടെ ജോലി ചെയ്യുന്നൊരാളാണ് രേഖ (പേര് യഥാര്‍ത്ഥമല്ല). ഇക്കാലയളവിനുള്ളില്‍ അനുഭവിക്കേണ്ടിവന്ന യാതനകളും അപമാനങ്ങളുമാണ് രേഖയടക്കമുള്ളവരെ തുറന്നൊരു പോരാട്ടത്തിലേക്ക് നയിച്ചത്. രേഖയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ;

അഞ്ച് വര്‍ഷമായി ഇവിടെ വന്നിട്ട്. വീടും വീട്ടുകാരെയുമെല്ലാം വിട്ട് ജീവിക്കാന്‍ വേണ്ടി ഇവിടെയെത്തിയൊരു പെണ്‍കുട്ടി. പക്ഷെ ഇതിനകത്ത് എന്നപ്പോലുള്ളവരുടെ-ഒരു തൊഴിലാളിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും-എല്ലാ അവകാശങ്ങളും കവര്‍ന്നെടുത്തുകൊണ്ട് ഞങ്ങളെ അടിമകളെപോലെ പണിയെടുപ്പിക്കുകയാണ്. അമ്പതോളം സ്റ്റാഫാണ് ഇവിടെയുള്ളത്. ഇതില്‍ ഞങ്ങള്‍ പതിമൂന്നുപേര്‍ ഈ സ്ഥാപനത്തിന്റെ തന്നെ ഏറ്റവും മുകളിലത്തെ നിലയിലാണ് താമസം. ഹോസ്റ്റല്‍ എന്നാണ് മനേജ്‌മെന്റ് പറയുന്നതെങ്കിലും ഒരു കുടുസു മുറിയില്‍ അഞ്ച് കട്ടിലിട്ട് അതിലാണ് ഞങ്ങള്‍ പതിമൂന്നുപേര്‍ കഴിയുന്നത്. പലരും തറയില്‍ കിടന്ന് ഉറങ്ങേണ്ട അവസ്ഥയില്‍. കാറ്റും മഴയും വന്നാല്‍ പിന്നെ ഉറക്കം ഇല്ല, അഴുക്കുവെള്ളം ഒഴുകി തറയില്‍ വരും. കുറെ പരാതി പറഞ്ഞപ്പോള്‍ തറ സിമന്റ് ചെയ്തു. എന്നിട്ടും വെള്ളമൊഴുകി വരുന്നത് തുടരുന്നു. ഒരിക്കല്‍ ഈക്കാര്യം പരാതി പെട്ടപ്പോള്‍ വാര്‍ഡന്‍ തിരിച്ചു പറഞ്ഞത്, അത് നീ കോരിയൊഴിക്കുന്നതായിരിക്കും എന്നാണ്.ഇവിടെയുള്ളത് ആകെ നാലു ശൗചാലയങ്ങളാണ്. കുളിക്കാനും മലമൂത്രവിസ്സര്‍ജനത്തിനായുമെല്ലാം അതാണ് ഉപയോഗിക്കേണ്ടത്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കുമായി ആകെയുള്ളതാണ് ഈ നാലു ശൗചാലയങ്ങള്‍. ഇതിനോടു ചേര്‍ന്നാണ് ഞങ്ങളുടെ കിച്ചന്‍. ആഹാരം പാകം ചെയ്യുന്ന സമയമാണെങ്കില്‍ പുക മുഴുവന്‍ ഞങ്ങളുടെ മുറിയിലാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം നേരിടുന്നത്. ഭക്ഷണവും പലപ്പോഴും പഴകിയതാണ് കിട്ടുന്നത്. ഒന്നുരണ്ടുമാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.

അഞ്ചുവര്‍ഷമായി ഇവിടെ ജോലി നോക്കുന്ന എനിക്ക് കിട്ടുന്നത് ഏഴായിരത്തി അഞ്ഞൂറു രൂപയാണ്. ഇ എസ് ഐ, പി എഫ് എന്നിവ പിടിച്ചശേഷം(അതിന്റെയൊന്നും രസീതുകള്‍ ഞങ്ങള്‍ക്ക് കിട്ടാറില്ല) കൈയില്‍ വരുന്നത് അതിലും കുറഞ്ഞ തുകയാണ്. ഏറ്റവും സീനിയറായവര്‍ക്കാണ് ഇത്രയും കിട്ടുന്നത്. ബാക്കിയുള്ളവര്‍ക്കൊക്കെ നാലായിരവും അയ്യായിരവുമൊക്കെയാണ്. അഞ്ചുവര്‍ഷമായി ജോലിനോക്കുന്ന ക്ലീനിംഗ് ജീവനക്കാരികള്‍ക്ക് കിട്ടുന്നതും അയ്യായിരം രൂപയാണ്. രണ്ടുവര്‍ഷമായി ഇവിടെ ശമ്പള വര്‍ദ്ധന നടത്തിയിട്ടില്ല. അതേസമയം ലേബര്‍ ഓഫിസില്‍ കൊടുത്തിരിക്കുന്ന കണക്കില്‍ ഞങ്ങളുടെ അടിസ്ഥാന ശമ്പളം പതിനായിരവും പന്ത്രണ്ടായിരവുമൊക്കെയാണ്. ലേബര്‍ ഓഫിസില്‍ പലതവണ ഞങ്ങള്‍ പരാതി പറഞ്ഞിട്ടും അനുകൂലമായ ഒന്നും അവര്‍ ചെയ്തിട്ടില്ല. ഇത്രയും കുറഞ്ഞ ശമ്പളത്തിനാണ് ഞങ്ങള്‍ ജോലി ചെയ്ത് തളരുന്നത്. രാവിലെ ഒമ്പതേ കാലിന് പഞ്ച് ചെയ്ത് അകത്തു കയറണം. മൊബൈല്‍ ഫോണ്‍ അടക്കം സെക്യൂരിറ്റിയെ ഏല്‍പ്പിച്ചുവേണം അകത്തു കയറാന്‍. രാവിലെ തുടങ്ങുന്ന നില്‍പ്പ് രാത്രി ഒമ്പത് ഒമ്പതര വരെ നീളും. എട്ടരയ്ക്ക് കട ക്ലോസ് ചെയ്യുമെങ്കിലും എല്ലാം അടുക്കി പെറുക്കി വച്ച് റൂമില്‍ തിരിച്ചെത്തുമ്പോള്‍ ഒമ്പതര പത്താകും. ഇത്രയും നേരം ഒന്നിരിക്കാന്‍ പോലും അവകാശമില്ല. സ്ത്രീയെന്ന നിലയില്‍ ഉണ്ടാകുന്ന ശാരിരികാസ്വസ്ഥ്യങ്ങള്‍ പോലും സഹിച്ച് നില്‍ക്കേണ്ടി വരികയാണ്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ജോലി സംബന്ധമായല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിച്ചു കൂടാ. അങ്ങനെ സംസാരിച്ചാല്‍ ഒരാളില്‍ നിന്നു നൂറു രൂപ പിഴയീടാക്കും. ഉച്ചയ്ക്ക് അരമണിക്കൂറാണ് ബ്രേക്ക്. താഴത്തെ നിലയില്‍ ജോലി നോക്കുന്ന ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി അഞ്ചാമത്തെ നിലയില്‍ ചെല്ലണം. ലിഫ്റ്റ് ഉപയോഗിക്കാന്‍ അവകാശമില്ല, സ്‌റ്റെപ് കയറി തന്നെ പോകണം. ഈ കയറ്റിറക്കങ്ങള്‍ക്ക് തന്നെ സമയം പോകും. പലപ്പോഴും പ്രാഥമികാവശ്യങ്ങള്‍ക്ക് തോന്നലുണ്ടായാല്‍ പോലും അതിനുള്ള സമയംപോലും കിട്ടാറില്ല.

ഈ കാര്യങ്ങളിലൊക്കെ ആരെങ്കിലും പരാതി പറയുകയാണെങ്കില്‍ അവരെ ജോലിയില്‍ നിന്നു പറഞ്ഞുവിടുകയാണ് പതിവ്. അതുകൊണ്ട് തന്നെ ആരും പരാതി പറയാന്‍ തയ്യാറാകുന്നില്ല. ഞങ്ങളെല്ലാവരും തന്നെ നിരവധി കഷ്ടപ്പാടുകളില്‍ നിന്നു വരുന്നവരാണ്, അതുകൊണ്ട് തന്നെ കിട്ടിയ ജോലി നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കില്ല, ഈ നിസ്സഹായവസ്ഥയാണ് മാനേജ്‌മെന്റ് മുതലെടുക്കുന്നത്. പക്ഷേ പലതും സഹിക്കാന്‍ തീരെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഞങ്ങള്‍ പരസ്യമായി എതിര്‍പ്പുകള്‍ ഉയര്‍ത്തിയത്.രണ്ടുദിവസങ്ങള്‍ക്ക് മുമ്പ്, രാവിലെ പതിവുപോലെ ഞങ്ങള്‍ യൂണിഫോം സാരി ഉടുത്തുകൊണ്ടു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് വാര്‍ഡന്‍ സൗമ്യ കടന്നുവന്ന് എല്ലാവരും വേഗം താഴെയെത്താന്‍ കല്‍പ്പിച്ചു. മീറ്റിംഗ് ഉണ്ടത്രേ. തലേദിവസം പോരുന്നതുവരെ ഇത്തരമൊരു മീറ്റിംഗിനെക്കുറിച്ച് ഒന്നും പറയാതെ രാവിലെ ഓടിവന്ന് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാല്‍ ഞങ്ങള്‍ എന്തു ചെയ്യണം? പുതിയതായി വന്ന കുട്ടികള്‍ക്കുള്ള മീറ്റിംഗാണെന്നും ഞങ്ങളും അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് സൗമ്യ റൂമില്‍ നിന്നും ആട്ടിയറിക്കുന്നതുപോലെ ഞങ്ങളെ താഴേക്ക് തള്ളി വിടുകയായിരുന്നു. സാരി മുഴുവനായി ഉടുക്കാന്‍ പോലും സമ്മതിച്ചില്ല വാരിചുറ്റിയ സാരിയുമായി ഞങ്ങള്‍ താഴെ ചെല്ലുമ്പോള്‍ അവിടെ ആണുങ്ങളടക്കം സ്ഥാപനത്തിലെ മുഴുവന്‍ ജോലിക്കാരുമുണ്ട്. എല്ലാവരുടെയും മുന്നില്‍ ഞങ്ങള്‍ നാണംകെട്ടു നിന്നു. ഒരു സ്തീയായിട്ടുപോലും സൗമ്യ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കാതെ മാനേജ്‌മെന്റിന്റെ ആളായി നിന്നുകൊണ്ട് കാണിച്ച ക്രൂരതയാണിത്. മുതലാളിയടക്കം അന്നവിടെ ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ ആ നിസ്സാഹയാവസ്ഥയില്‍ ഒരലിവും തോന്നിയില്ല. ഇങ്ങനയാണെങ്കില്‍ പാതിരാത്രി വന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞാലും ഞങ്ങള്‍ ഇറങ്ങേണ്ടി വരില്ലേ? ആരുണ്ട് ചോദിക്കാന്‍? ഈ അവസ്ഥ ഇനിയും സഹിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിലാണ് ഞങ്ങള്‍ പതിമൂന്നുപേരും കടയുടെ പുറത്തു സമരത്തിന് തയ്യാറായി ഇറങ്ങിയത്. അതോടൊപ്പം സി ഐ ടിയുവിന്റെ സംഘടനയിലും അംഗത്വം നേടി. ഇത് മാനേജ്‌മെന്റിനെ ചൊടിപ്പിക്കുകയും ഞങ്ങളെ അവര്‍ മാറ്റിനിര്‍ത്തുകയും ചെയ്തു. ന്യായമായ അവകാശങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന തൊഴില്‍ പീഢനങ്ങള്‍ അവസാനിപ്പിക്കണം, ഞങ്ങളെ മനുഷ്യജീവികളായെങ്കിലും പരിഗണിക്കണം. ഇതിനായാണ് സമരം. ഈ സമരത്തില്‍ എല്ലാ തൊഴിലാളികളും ഒപ്പമുണ്ട്. പൊതുസമൂഹത്തിന്റെയും നീതിയുടെയും പിന്തുണ കൂടി കിട്ടിയാല്‍, വിജയിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

രേഖയെ പോലുള്ള നിരവധി പേരാണ് ഇത്തരത്തില്‍ ന്യായമായ നീതിക്കുവേണ്ടി സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നത്. കല്യാണ്‍ സില്‍ക്‌സിലോ സീമാസിലോ മാത്രം ഒതുങ്ങുന്നതുമല്ല ഈ പീഢനങ്ങള്‍. പുറത്തുവരാത്ത എത്രയോ രേഖമാര്‍ ഇപ്പോഴും പല വസ്ത്ര സാമ്രാജ്യങ്ങള്‍ക്കുള്ളിലും അടിമകളെ പോലെ ജോലിയെടുക്കുന്നുണ്ട്, ഒന്നിരിക്കാന്‍ പോലും അവകാശമില്ലാതെ. അതുകൊണ്ട് വേണ്ടത് ശ്വാശതമായ പരിഹാരമാണ്...ഇവര്‍ക്കൊപ്പം ഇവരെപ്പോലുള്ള ആയിരങ്ങള്‍ക്കും നീതി കിട്ടാനായി പൊതുസമൂഹം കൈ ഉയര്‍ത്തേണ്ടതുണ്ട്...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories