TopTop
Begin typing your search above and press return to search.

ആര്‍ത്തവവും ലെഗ്ഗിന്‍സും മാത്രമല്ല പ്രശ്നം; സീമാസിലെ സ്ത്രീകളെ കാണാതെ പോയവരോട്

ആര്‍ത്തവവും ലെഗ്ഗിന്‍സും മാത്രമല്ല പ്രശ്നം; സീമാസിലെ സ്ത്രീകളെ കാണാതെ പോയവരോട്

സനിത മനോഹര്‍

ആലപ്പുഴ സീമാസ് സമരത്തിന്റെ വിജയം ആഹ്ലാദകരം തന്നെ. തൊഴിലാളി സമരങ്ങള്‍ വ്യവസായങ്ങളെ തകര്‍ക്കുന്നുവെന്നും പുരോഗതിയെ തകര്‍ക്കുന്നുവെന്നും ഒക്കെ സഹതപിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിജയം. സമരങ്ങളിലൂടെ നേടിയെടുത്തതാണ് ഇന്ന് കേരളത്തില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പല ആനുകൂല്യങ്ങളും എന്നതു കൊണ്ട് തന്നെ തൊഴിലാളി സമരങ്ങള്‍ക്ക് ഇന്നും പ്രാധാന്യമുണ്ട്. പിന്നെ തൊഴിലാളികള്‍ക്കു മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ സ്ഥാപനം പൂട്ടുക എന്ന മനുഷ്യത്വരഹിതമായ മുതലാളിമാരുടെ നയത്തിന്റെ ഭാഗമായാണ് പല സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടത്. ഈ വിജയത്തിന്റെ പങ്ക് കേരളത്തിലെ വസ്ത്ര സാമ്രാജ്യത്തിലെ മുഴുവന്‍ സ്ത്രീ തൊഴിലാളികള്‍ക്കും അനുഭവിക്കാനാവണം. കാരണം, ഇത് ഒരു സീമാസിലെ അവസ്ഥയല്ല. വസ്ത്ര വ്യാപാര രംഗത്തെ മുഴുവന്‍ സ്ത്രീ തൊഴിലാളികളുടെയും അവസ്ഥയാണ്. ഈ രംഗത്ത് സ്ത്രീ തൊഴിലാളികള്‍ കൂടുന്നത് വസ്ത്ര മുതലാളിമാര്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടത് കൊണ്ടല്ല. പുരുഷന്മാര്‍ വേണ്ടെന്നുവെച്ച തൊഴില്‍ ആയതുകൊണ്ടും സ്ത്രീ തൊഴിലാളികള്‍ സംഘടിക്കുകയോ പ്രതീകരിക്കുകയോ ചെയ്യില്ലെന്നത് കൊണ്ടും ആയിരുന്നു. പുരുഷന്മാരുമായി ചേര്‍ന്ന് സംഘടിക്കാതിരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇവരെ നിയന്ത്രിക്കുന്ന ജോലി നല്‍കുകയും ശമ്പളം കൂടുതല്‍ നല്‍കുകയും ചെയ്യുന്നു.

പതിനൊന്നു മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തുക എന്ന ക്രൂരതയ്ക്ക് പുറമെയാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോവാനോ ലിഫ്റ്റ് ഉപയോഗിക്കാനോ പരസ്പരം സംസാരിക്കാനോ പാടില്ലെന്നും ഭക്ഷണം പത്തു മിനുട്ടു കൊണ്ട് കഴിക്കണമെന്നും ഒക്കെയുള്ള നിബന്ധനകള്‍. ദിവസത്തിന്റെ പകുതിയോളം പണിയെടുക്കുന്ന ഇവര്‍ക്ക് ലഭിക്കുന്നതാവട്ടെ തുച്ഛമായ ശമ്പളവും. ഉത്സവ സീസണില്‍ അവധിപോലും ഇല്ലാതെ പണിയെടുക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മിക്കവാറും സ്ത്രീകളുടെ കുടുംബം കഴിഞ്ഞു പോവുന്നത് അവരുടെ ശമ്പളം കൊണ്ടായിരിക്കും. നിത്യ ജീവിതം നിന്നു പോയേക്കുമോ എന്ന ഭയം ഉണ്ടായിരുന്നിട്ടും പ്രതീകരിക്കാന്‍ അവര്‍ തയ്യാറായത് ക്രൂരതകള്‍ സഹിക്കാവുന്നതിനും അപ്പുറമായിട്ടാവണം. കല്യാണ്‍ സാരീസിലെ സ്ത്രീകളുടെ ആഴ്ച്ചകളോളം നീണ്ട സമരം നമ്മള്‍ കണ്ടതാണ്. സഹായമാകേണ്ടവര്‍ മാനേജ്‌മെന്റിനൊപ്പം കൂടി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇന്ന് സീമാസിലെ തൊഴിലാളികള്‍ക്ക് കിട്ടിയ പിന്തുണ അന്നവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ആ സമരം ജനകീയമാവുമായിരുന്നു. കല്യാണിലെയും സീമാസിലെയും തൊഴിലാളികള്‍ ശബ്ദം ഉയര്‍ത്തിയത് വസ്ത്ര വിപണന രംഗത്തെ സ്ത്രീ തൊഴിലാളികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ ആയിരുന്നു.കല്യാണും സീമാസും വിരിച്ച പട്ടില്‍ മയങ്ങി സകല പൈങ്കിളിയും ചര്‍ച്ചയ്‌ക്കെടുക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഈ വിഷയം കാണാതെപോയത് മനസ്സിലാക്കാം. ശക്തമായ സ്ത്രീ മുന്നേറ്റം നടക്കുമ്പോള്‍ എവിടെ പോയി ശാക്തീകരിക്കപ്പെട്ട സ്ത്രീ സംഘടനകളും വനിതാ കമ്മീഷനുമൊക്കെ? അതോ ബലാത്സംഗ കേസുകളില്‍ മാത്രമേ ഇവര്‍ ഇടപെടുകയുള്ളൂ എന്നുണ്ടോ. ആര്‍ത്തവം ശുദ്ധമാണോ അശുദ്ധമാണോ എന്ന് ചര്‍ച്ചചെയ്യുകയും ലെഗിന്‍സ് ഇട്ട സ്ത്രീയെ നോക്കി ബോധമില്ലാത്ത ഒരുവന്‍ പറഞ്ഞ വിവരക്കേടിനെതിരെ പ്രതീകരിക്കുകയും ചെയ്യുന്ന സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് വല്ലപ്പോഴുമെങ്കിലും ഇത്തരം പീഢിത സ്ത്രീ വര്‍ഗ്ഗത്തിനൊപ്പവും നില്‍ക്കാവുന്നതാണ്. രാഷ്ട്രീയത്തില്‍ സംവരണം ഉണ്ടായിരുന്നിട്ടും ശക്തമായ സ്ത്രീ സാന്നിധ്യം ഇല്ലാതെ പോവുന്നത് ഇത്തരം പ്രശ്‌നങ്ങളോടുള്ള സ്ത്രീ പ്രസ്ഥാനങ്ങളുടെ മുഖം തിരിക്കലുകള്‍ കൊണ്ടാണ്. അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വളരെ പരിതാപകരമായിരുന്നിട്ടും ഇതുവരെ സ്ത്രീ പ്രസ്ഥാനങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് പോട്ടെ. അത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദം ഉയരുമ്പോള്‍ പിന്തുണയ്ക്കുകയെങ്കിലും ചെയ്യാമായിരുന്നു.

സ്ത്രീ രാഷ്ട്രീയമെന്നത് സംവരണ സീറ്റില്‍ മത്സരിക്കലും വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സ്ത്രീപക്ഷ ചര്‍ച്ചകളില്‍ പങ്കെടുക്കലും മാത്രമായി ഒതുങ്ങേണ്ടതാണോ? ഇത്തരം പ്രശ്‌നങ്ങളില്‍ സ്ത്രീ പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ ശക്തമാക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. കാലങ്ങള്‍ക്കു മുന്നെയുള്ള സ്ത്രീ പോരാട്ടങ്ങള്‍ നേടിത്തന്ന വെളിച്ചമേ നമുക്കു മുന്നില്‍ ഇപ്പോഴും ഉള്ളൂ, അതിനപ്പുറം എന്തെങ്കിലും നേടാന്‍ തക്ക ശക്തമായ ഒരു പോരാട്ടവും ഉണ്ടായില്ലെന്നത് ഖേദകരം തന്നെ. സീമാസിലെ സ്ത്രീ തൊഴിലാളികള്‍ ഉയര്‍ത്തിയ ശബ്ദം കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനമാവുമെന്ന് പ്രതീക്ഷിക്കാം.


(ഒമാനില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് സനിത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories