TopTop
Begin typing your search above and press return to search.

പീറ പന്തുകളിക്കാരാ, അവള്‍ക്ക് യുദ്ധത്തിന്റെ വില നന്നായറിയാം... നീ കൂട്ടിയാല്‍ കൂടില്ല

പീറ പന്തുകളിക്കാരാ, അവള്‍ക്ക് യുദ്ധത്തിന്റെ വില നന്നായറിയാം... നീ കൂട്ടിയാല്‍ കൂടില്ല

ഇന്നലെ മകൾ ചോദിച്ചു, അച്ഛാ, ഝാൻസി റാണിയല്ലാതെ നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ യുദ്ധം ചെയ്ത വേറെ സ്ത്രീകളുടെയൊന്നും പേര് കണ്ടില്ലല്ലോയെന്ന്.

***

തങ്ങളുടെ യുദ്ധചരിത്രങ്ങളിൽ ഇന്ത്യൻ സൈന്യം അഭിമാനിക്കുന്ന ഒരു കാര്യമുണ്ട്: മരിക്കുന്ന ഓഫീസർമാരുടെ എണ്ണം മറ്റു രാജ്യങ്ങളിലേക്കാൾ കൂടുതലാണ്. കാരണം അവർ മുന്നിൽനിന്നു നയിക്കുന്നവരാണ്. സമാധാന മേഖലയിൽ തങ്ങൾക്കർഹമായ പോസ്റ്റിങ്ങിൽ താല്പര്യമില്ലാതെ പോരാട്ടമുഖത്തു സ്വന്തം ബറ്റാലിയനോടൊപ്പം പോകാൻ ആഗ്രഹിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.

ക്യാപ്റ്റൻ മൻദീപ് സിങ്, ഗുർമേഹർ കൗറിന്റെ അച്ഛൻ, അത്തരത്തിൽ ഒരോഫീസറായിരുന്നിരിക്കണം. പാകിസ്‌ഥാൻ പട്ടാളം ഒളിച്ചുകടത്തിയ ഭീകരന്മാരോട്, പിന്നെ പാകിസ്‌ഥാൻ പട്ടാളത്തോടും യുദ്ധംചെയ്താണ് അദ്ദേഹം മരിച്ചത്. ധീരനായ പട്ടാളക്കാരൻ.

തനിക്കു എബിവിപിക്കാരെ ഭയമില്ല എന്ന് ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്‌ഥിനിയായ ഗുർമേഹർ പറഞ്ഞതിൽ അതിശയമില്ല. യുദ്ധത്തിന്റെ വില നന്നായി അറിയാവുന്നവളാണ് അവൾ. വെറുതെ രാജ്യസ്നേഹം പറഞ്ഞുനടക്കുന്നവരുടെ ഇടയിലാണ് യുദ്ധത്തിൽ അഛൻ നഷ്ടപ്പെട്ട മകൾ ഭീരുക്കളുടെ കണ്ണിൽ നോക്കി പറഞ്ഞത്, എനിക്ക് നിങ്ങളെ ഭയമില്ലെന്ന്. അവർ പ്രതികരിച്ചത് അവർക്കു ചേരുന്ന വിധത്തിൽ: ബലാത്സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തി! സ്വാഭാവികം.

എ ബി വി പി ക്കാരെ നമുക്ക് പണ്ടേയറിയാം; ഗുർമേഹറിനെ അറിയുമായിരുന്നില്ല. ഇപ്പോൾ പക്ഷെ നമുക്കവളേയറിയാം. അടുത്ത തലമുറയിലും ശത്രുവിന്റെ കണ്ണിൽനോക്കി വർത്തമാനം പറയുന്ന പെൺകുട്ടിയായി, പെൺകുട്ടികളുടെ പ്രതിനിധിയായി. ഇരുട്ടിന്റെ ശക്തികളോട് ഈ രാജ്യം നടത്തുന്ന യുദ്ധത്തിൽ മുൻപിൽ നിന്ന് നയിക്കുന്നവളായി. എനിക്കാണെങ്കിൽ, ഝാൻസി റാണിയുടെ താവഴിയിൽ ചേർക്കാൻ എന്റെ മകൾക്കു ഞാൻ പറഞ്ഞു കൊടുക്കുന്ന പേരായി.

***

മനുഷ്യർ ഭാവിയിലേക്ക് നോക്കി വർത്തമാനം പറയുന്നതിടയിൽ, ഞാനെന്റെ മകളോട് അവളുടെ തലമുറ നടത്തേണ്ട സമരത്തെക്കുറിച്ച് പറയുന്നതിനിടയിൽ, കയറിനിന്നു വിഡ്ഢിത്തരം വിളമ്പാൻ നിനക്കെന്തു കാര്യം, പീറ പന്തുകളിക്കാരാ? നീ ചെല്ല്. ശരീരം മുഴുവൻ പഞ്ഞിവെച്ചുകെട്ടി പുൽമൈതാനത്തു നിന്ന് തലേരാത്രി ഒപ്പം മദ്യപാന സദസ്സിലുണ്ടായിരുന്ന ഒരുത്തൻ ചുറ്റിയെറിഞ്ഞ തുണിപ്പന്ത് വടി കൊണ്ടടിച്ചു ദൂരെക്കളഞ്ഞതിനു കിട്ടാനുള്ള ചില്വാനം വല്ലോം ബാക്കിയുണ്ടെങ്കിൽ അവിടെച്ചെന്നു കണക്കുപറ.

തീയുണ്ടകളെ നേരിട്ട് മരിച്ചുവീണ യോദ്ധാവിന്റെ ധീരയായ മകളുടെ കണ്ണിൽ നോക്കി വർത്തമാനം പറയുക എന്നത് നീ കൂട്ടിയാൽ കൂടുന്ന കണക്കല്ല.

സത്യമായും അല്ല.

(കെജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories