TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ സീറ്റിലെ ഫീസ് കുറയ്ക്കണമെന്നു പറയാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കു ചുണയുണ്ടോ? ഹൈബി ഈഡന്‍

സര്‍ക്കാര്‍ സീറ്റിലെ ഫീസ് കുറയ്ക്കണമെന്നു പറയാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കു ചുണയുണ്ടോ? ഹൈബി ഈഡന്‍

ഹൈബി ഈഡന്‍ എംഎല്‍എ

ജനാധിപത്യ ധര്‍മം പാലിക്കാന്‍, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊതുപ്രവര്‍ത്തകരും തന്നെ ചോദ്യം ചെയ്യുന്നവരോട് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പോയി പണിനോക്കാന്‍ പറയുന്നൊരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ കേരളം കാണുന്നത്.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു മുന്നില്‍ കീഴടങ്ങി നിന്നുകൊണ്ട് മുതലാളിമാര്‍ക്ക് യഥേഷ്ടം കൊള്ളനടത്താന്‍ അനുവാദം നല്‍കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നതു തന്നെയാണു കോണ്‍ഗ്രസും യുഡിഎഫും ശക്തിയുക്തമായി ആവശ്യപ്പെടുന്നത്. എംഎല്‍എമാര്‍ നിരാഹരം ഇരിക്കുന്നതും അതിനുവേണ്ടി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണം. പഠിക്കാനുള്ള അവകാശം പണത്തിന്റെ പേരില്‍ മുടങ്ങരുത്.

ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ കള്ളങ്ങള്‍ക്കു മേല്‍ കള്ളങ്ങള്‍ പറയുകയാണ് പിണറായി സര്‍ക്കാര്‍. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഫീസ് കൂട്ടി വിദ്യാര്‍ത്ഥികളെ ചതിക്കുകയും മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന് എന്ത് ജനാധിപത്യധാര്‍മികതയാണുള്ളത്?

2009 ല്‍ എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് 45,000 രൂപയായിരുന്ന ഫീസില്‍ വര്‍ദ്ധനവ് വരുത്തിയത് 1.38 ലക്ഷമാക്കി. ഏതാണ്ട് 200 ശതമാനം വര്‍ദ്ധനവ്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം വര്‍ദ്ധനവൊന്നും നടത്തിയില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആറു മുതല്‍ ഏഴുശതമാനം മാത്രമാണ് ഫീസ് ഉയര്‍ത്തിയിരുന്നുള്ളൂ. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടുപോലുമില്ല. അതിനു മുന്നേ ചെയ്തിരിക്കുന്നത് 32 ശതമാനത്തോളം ഫീസ് ഉയര്‍ത്തിയിരിക്കുന്നു. യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ടു കൂട്ടിയതിനേക്കാള്‍ എത്രയോ ഇരട്ടി.

ഫീസ് വര്‍ദ്ധിപ്പിച്ചില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങി അതുവഴി പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ മൂന്നാം ബാച്ച് പുറത്തിറങ്ങി. 100 സീറ്റുകളാണവിടെ. അതില്‍ 70 ശതമാനം നീക്കിവച്ചിരിക്കുന്നതും പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി. മഞ്ചേരി മെഡിക്കല്‍ കോളേജും ആ വിധത്തില്‍ സര്‍ക്കാരിന്റെ നേട്ടമാണ്. പാരിപ്പള്ളി, തിരുവനന്തപുരം,ഇടുക്കി മെഡിക്കല്‍ കോളേജുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ 250 ഓളം സീറ്റുകള്‍ കിട്ടും. 25,000 രൂപ ഫീസില്‍ അവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാം. എന്നാല്‍ ഈ സര്‍ക്കാര്‍ അതിനൊന്നും ശ്രമിക്കുന്നേയില്ല.

സീറ്റുകളുടെ എണ്ണം കൂട്ടിയെന്നാണ് അവര്‍ അവകാശവാദം മുഴുക്കുന്നത്. എങ്ങനെയാണ് സീറ്റുകള്‍ കൂടിയത? നിങ്ങളുടെ ഇഷ്ടത്തിനു ഫീസ് കൂട്ടിക്കോ എന്നു മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ പറയുകയാണ്. ഇതില്‍ സംപ്രീതരായ മാനേജുമെന്റുകള്‍ സര്‍ക്കാരുമായി കരാറിനു വന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ പറയുന്നതുകേട്ടാല്‍ എന്തോ വലിയ പ്രയത്‌നം നടത്തി മാനേജ്‌മെന്റുകളെ വരുതിയില്‍ നിര്‍ത്തിയെന്ന തോന്നലാണ് ഉണ്ടാകുന്നത്. യാഥാര്‍ത്ഥ്യം എന്താണെന്നു ജനങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്. എല്ലാക്കാലവും എല്ലാവരെയും മണ്ടന്‍മാരാക്കാമെന്നു കരുതരുത്. തോന്നിയപോലെ കൊള്ളനടത്താമെങ്കില്‍ മാനേജ്‌മെന്റിനു സീറ്റുകളുടെ എണ്ണം കൂട്ടാന്‍ മടി കാണില്ല. ഈ സൗജന്യം ചെയ്തുകൊടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അതിന്റെ വൈരാഗ്യത്തില്‍ അവര്‍ സര്‍ക്കാരുമായി കരാറിലെത്താന്‍ വിസമ്മതിച്ചു. ജനങ്ങളാണ് വലുതെന്നു കരുതിയ ഒരു ഭരണകൂടത്തിന്റെ നിലപാടായിരുന്നു അന്നു കണ്ടത്.കൊള്ളയും പിടിച്ചുപറിയും ഇല്ലാതാക്കിയെന്നാണു പിണറായി വിജയന്‍ പറയുന്നത്. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയിട്ടും അഡ്മിഷന്‍ കിട്ടാന്‍ അമ്പതും അറുപതും ലക്ഷം കൊടുക്കണമെന്നു നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രക്ഷകര്‍ത്താവ് കഴിഞ്ഞദിവസം എന്നോടു സംസാരിച്ചിരുന്നു. മാനേജ്‌മെന്റുകളുടെ കൊള്ള അവസാനിപ്പിച്ചെന്നു അവകാശപ്പെടുന്ന മുഖ്യമന്ത്രി അറിയണം, ആ രക്ഷകര്‍ത്താവ് താങ്കളുടെ പാര്‍ട്ടിയില്‍ പെട്ട ഒരംഗം തന്നെയാണ്. കൊള്ളയുടെയും ലേലം വിളികളുടെയും തെളിവുകള്‍ പലതും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ആവശ്യം ഫീസ് കുറയ്ക്കണമെന്നാണ്. സര്‍ക്കാര്‍ സീറ്റുകളില്‍ പോലും അതിനു തയ്യാറാകാത്തതെന്താണ്? അങ്ങനെ ചെയ്താല്‍ തന്നെ മാനേജ്‌മെന്റുകള്‍ക്ക് അത്ര വല്യനഷ്ടമൊന്നും വരികയില്ല. എന്നിട്ടും സര്‍ക്കാര്‍ അതിനു തയ്യാറാകാതെ വരുന്നതുകൊണ്ടാണ് സമരത്തിന്റെ പാതയിലേക്ക് ഞങ്ങള്‍ വരേണ്ടി വന്നത്.

ഓര്‍ക്കണം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആറും ഏഴും ശതമാനം ഫീസ് വര്‍ദ്ധിപ്പിച്ചപ്പോള്‍ തെരുവിലിറങ്ങി കൊലവിളി നടത്തി, കോടികളുടെ പൊതുമുതല്‍ നശിപ്പിച്ചവരാണ് എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും. സ്വാശ്രയ കോളേജുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിയവരാണ് എ ഐ എസ് എഫും എ ഐ വൈ എഫും. ഇവരൊക്കെ ഇപ്പോള്‍ എന്തു ചെയ്യുകയാണ്? സര്‍ക്കാര്‍ സീറ്റുകളില്‍ ഫീസ് കുറയ്ക്കണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അവര്‍ അംഗീകരിക്കുന്നോ? അതേറ്റു പറയാന്‍ അവര്‍ക്കു ചുണയുണ്ടോ? അതോ സര്‍ക്കാരിനുവേണ്ടി കുഴലൂത്തു നടത്താനാണോ താത്പര്യം? അറിയണം, ഞങ്ങള്‍ക്കു മാത്രമല്ല, ഇവിടുത്തെ ജനങ്ങള്‍ക്കും.

സിപിഎം ഭരിക്കുന്ന പരിയാരത്തെങ്കിലും ഇവര്‍ക്ക് ഫീസ് കുറയ്ക്കാമായിരുന്നില്ലേ? അതുവഴി മാനേജ്‌മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നല്ലോ. പരിയാരത്തിനുമാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നൊക്കെയുള്ള ഒഴിവുകഴിവുകള്‍ ആരെ പറ്റിക്കാനാണ്? വര്‍ഷാവര്‍ഷം കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം ആചരിക്കുന്നവരാണ് സിപിഎമ്മും എസ്എഫ് ഐയും ഡിവൈഎഫ് ഐയും. ഒരല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ആ രക്തസാക്ഷികളോടും അവരുടെ കുടുംബത്തിനോടും ഉണ്ടെങ്കില്‍, സ്വാശ്രയമാനേജ്‌മെന്റിനു കൊള്ളനടത്താന്‍ കൂട്ടുനില്‍ക്കില്ലായിരുന്നു. എന്തിനാണ് അഞ്ചുപേര്‍ വെടിയേറ്റു മരിച്ചതെന്ന് അവര്‍ മറന്നുപോയെന്നാണോ?

ഈ സമരം ലക്ഷ്യം കാണാതെ തീരുമെന്ന് സര്‍ക്കാര്‍ കരുതരുത്. ഒട്ടും മര്യാദ കാണിക്കാതെയുള്ള സമീപനമാണ് പ്രതിപക്ഷത്തോടും ഈ സമരത്തോടും സര്‍ക്കാര്‍ നടത്തുന്നത്. ഒരു സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ പ്രതിപക്ഷത്തോടു അസഹിഷ്ണുത കാണിച്ചിട്ടില്ല. മുഖ്യമന്ത്രിക്കു തികഞ്ഞ ധാര്‍ഷ്്ട്യമാണ്. നിക്ഷ്പക്ഷനാകേണ്ട സ്പീക്കര്‍ തീര്‍ത്തും മര്യാദയില്ലാതെയാണ് പ്രതിപക്ഷത്തോടു പെരുമാറുന്നത്. സര്‍ക്കാരിനെതിരെയുള്ള ഏതു പ്രതിഷേധിത്തിനോടും തന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുക കൂടിയാണ് ഇപ്പോള്‍ സ്വാശ്രയ കരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍. പക്ഷേ ഏകാധിപത്യമനോഭാവം കൊണ്ടു ജനാധിപത്യപ്രതിഷേധങ്ങളെ തോല്‍പ്പിക്കാമെന്നു പിണറായി വിജയന്‍ കരുതേണ്ടതില്ല. ജനകീയ സമരങ്ങള്‍ സമരങ്ങള്‍ ഫലം കാണുക തന്നെചെയ്യും.

(ഹൈബി ഈഡനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories