TopTop
Begin typing your search above and press return to search.

ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല; പക്ഷെ ഈ പ്രതിബദ്ധത നേരത്തെ ഉണ്ടാകേണ്ടതായിരുന്നില്ലേ

ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല; പക്ഷെ ഈ പ്രതിബദ്ധത നേരത്തെ ഉണ്ടാകേണ്ടതായിരുന്നില്ലേ

കെ എ ആന്റണി

2004 ല്‍ കേരളത്തില്‍ സ്വാശ്രയ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി കരുതിയിട്ടുണ്ടാവില്ല തന്റെ സര്‍ക്കാര്‍ വലിയൊരു പൊല്ലാപ്പാണ് ക്ഷണിച്ചു വരുത്തുന്നതെന്ന്. രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജ് എന്നാണ് അന്ന് ആന്റണി പറഞ്ഞത്. എന്നാല്‍ സ്വാശ്രയം വന്നപ്പോള്‍ ആന്റണിയുടെ സ്വപ്നം പാടെ പാളി. ഇന്നിപ്പോള്‍ രണ്ടു പോയിട്ട് നാല് സ്വാശ്രയ കോളേജ് ചേര്‍ന്നാല്‍ പോലും ഒരു സര്‍ക്കാര്‍ കോളേജിന്റെ ഗുണം കിട്ടുന്നില്ല എന്നതാണ് വസ്തുത.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാനങ്ങളില്‍ പോയി കൊട്ടക്കണക്കിനു രൂപ ഫീസും കോഴയും നല്‍കി പഠിക്കേണ്ടിവരുന്ന ഗതികേട് ഒഴിവാക്കുകയെന്നതായിരുന്നു ആന്റണിയുടെ ലക്ഷ്യമെങ്കിലും ഭരണകക്ഷിയില്‍ പെട്ട ചിലരും സ്വകാര്യ മാനേജ്‌മെന്റുകളും ലാഭക്കൊതിയോടുകൂടിയായിരുന്നു ആന്റണി സര്‍ക്കാരിനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചത് എന്ന യാഥാര്‍ഥ്യം അധികം വൈകാതെ തന്നെ വ്യക്തമായി.

2005 മുതല്‍ കേരളത്തില്‍ സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ കൂണു പോലെ മുളച്ചു പൊന്തുകയായിരുന്നു. കയ്യില്‍ നാലു ചിക്കിലി ഉള്ള ഭൂരിപക്ഷം പേരും സംഘം ചേര്‍ന്ന് ഇത്തരം സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ചെറിയ മാറ്റം വന്നെങ്കിലും. ഫീസിന്റെയും കോഴയുടെയും കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. തന്നെയുമല്ല കേരളത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളിലും തീവെട്ടിക്കൊള്ള ആരംഭിച്ചതോടെ അന്യ സംസ്ഥാന മാനേജ്‌മെന്റുകള്‍ ഫീസില്‍ അല്‍പ്പം കുറവ് വരുത്തി അവരുടെ കച്ചവടം പൂട്ടാതെ കാത്തു.ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്ന 2006 വിദ്യാര്‍ത്ഥി സമരങ്ങളുടെ വേലിയേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. കാമ്പസുകളിലും സെക്രട്ടേറിയേറ്റിലും നിരത്തിലുമൊക്കെ ചോരപ്പുഴ ഒഴുകി. എസ്എഫ്‌ഐ യുടെ അക്കാലത്തെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയിക്ക് പോലീസിന്റെ ഗ്രെനേഡ് പ്രയോഗത്തില്‍ കാലിന്റെ ഉപ്പൂറ്റി തന്നെ നഷ്ട്ടപ്പെട്ടു.

അന്ന് കയ്യും കെട്ടി നോക്കിനിന്നവര്‍ ഇന്ന് തെരുവില്‍ ഇറങ്ങിയിരിക്കുന്നു. അവര്‍ ഉന്നയിക്കുന്ന പ്രശനം ന്യായമാണെങ്കിലും പണ്ട് ഈ പ്രതിബദ്ധത എവിടെയായിരുന്നു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

സ്വാശ്രയം കൊണ്ടുവന്നത് തങ്ങളല്ലെങ്കിലും ഈ പ്രശ്‌നത്തില്‍ നിന്ന് ഇടതുപക്ഷത്തിനും അതിനെ നയിക്കുന്ന സിപിഎമ്മിനും തല ഊരാന്‍ പറ്റില്ല. 2006ല്‍ അധികാരത്തില്‍ വന്ന വി എസ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ലാഭക്കൊതിക്ക് തടയിടാന്‍ ശ്രമിച്ചില്ല. ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന പിണറായി സര്‍ക്കാരിനും അവര്‍ക്കാര്‍ക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

എം വി രാഘവനില്‍ നിന്നും പിടിച്ചെടുത്ത പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ കാര്യത്തിലും സിപിഎം പ്രതിക്കൂട്ടിലാണ്. എന്‍ ആര്‍ ഐ സീറ്റുകള്‍ക്ക് ഈ സ്ഥാപനത്തിലും കഴുത്തറപ്പന്‍ ഫീസാണ് ഈടാക്കുന്നതു. പരിയാരം മെഡിക്കല്‍ കോളേജും ആശുപത്രിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം മുന്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. ഈ ആവശ്യം ഉന്നയിച്ചു ഇടയ്ക്കിടെ ചില സംഘടനകള്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്‍പില്‍ നിരാഹാരം അടക്കമുള്ള സമരങ്ങള്‍ നടത്താറുണ്ട്. ഈ സര്‍ക്കാര്‍ ഒരു അനുകൂല നിലപാടെടുത്താല്‍ കുറച്ചു വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും ഒരു തീരുമാനം ഉണ്ടാക്കാം.


(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories