TopTop

സ്വാശ്രയ മണ്ണാങ്കട്ട അഥവ ഒരു പാമ്പും കോണിയും കളി

സ്വാശ്രയ മണ്ണാങ്കട്ട അഥവ ഒരു പാമ്പും കോണിയും കളി

കെ എ ആന്റണി

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് കളിച്ച കളികളില്‍ ഒന്നാണു പാമ്പും കോണിയും. പാമ്പു ചിലപ്പോള്‍ വിഴങ്ങും അപ്പോള്‍ വീണ്ടും കളി തുടങ്ങണം. ചില വിരുതന്മാര്‍ കരുവേറില്‍ വിദഗ്ധരായിരിക്കും ചിലപ്പോള്‍ ഭാഗ്യവും തുണയായി ഉണ്ടാവും. നൂറിലെത്തിയാല്‍ പൂര്‍ണന്‍. 99 ല്‍ പാമ്പു വിഴുങ്ങിയാല്‍ സംപൂജ്യനായി മൂന്നാം കളത്തിലേക്കു മടക്കം. വീണ്ടും കരുവെറിഞ്ഞ് മുന്നേറേണ്ടതുണ്ട്. ഏറു കൃത്യമായില്ലെങ്കില്‍ പാമ്പു വിഴുങ്ങിയും കയറിയും പോയ ചിലര്‍ വിജയികളാകും. സ്വാശ്രയവിദ്യാഭ്യാസത്തെ കുറിച്ചു പറയുമ്പോള്‍ ഇത്തരമൊരു കളിയെക്കുറിച്ച് ആലോചിക്കാതിരിക്കുന്നത് കടുത്ത അപരാധമാണെന്നും തോന്നുന്നു. സ്വാശ്രയവിദ്യാഭ്യാസം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്ക് ഓടിയെത്തുന്നത് എം വി രാഘവന്‍ എന്ന എംവിആറിനെയും പഴയ കൂത്തുപറമ്പ് വെടിവയ്പ്പിനെ കുറിച്ചുമൊക്കെയാണ്. കാലം ഇത്തിരി പിന്നോട്ടാണ്. കൂത്തുപറമ്പ് വെടിവയ്പ്പില്‍ അഞ്ചു ജീവനുകളാണു പൊലിഞ്ഞത്. പുഷ്പന്‍ എന്ന ജീവിക്കുന്ന രക്തസാക്ഷിയേയും ഡിവൈഎഫ്‌ഐക്ക് സമ്പാദ്യമായി കിട്ടി. നട്ടെല്ലു പൂര്‍ണമായും തകര്‍ന്നുപോയ പുഷ്പന്റെ വീട്ടില്‍ ഇടയ്‌ക്കൊക്കെ സിപിഎമ്മിന്റെ വലിയനേതാക്കളും എത്താറുണ്ട്. സംഘപരിവാറിനും കോണ്‍ഗ്രസിനുമൊക്കെ വളക്കൂറുള്ള പാനൂര്‍ മേഖലയിലാണ് പുഷ്പന്റെ വീട് എന്നതുകൊണ്ട് ജീവിക്കുന്ന രക്തസാക്ഷി സഖാവിനെ മറ്റാരും ദത്തെടുക്കാതിരിക്കാനുള്ള ഒരു കരുതലായി ഇത്തരം സന്ദര്‍ശനങ്ങളെ കാണുന്നുവരുമുണ്ട്.

പഴയ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായിരുന്ന സാമുവല്‍ ആറോണ്‍ കുഷ്ടരോഗികളുടെ ചികിത്സയ്ക്കായി ആതുരാലയം നിര്‍മിക്കാന്‍ പരിയാരത്ത് സൗജന്യമായി നല്‍കിയ ഭൂമിയിലാണ് എംവിആര്‍ പരിയാരം മെഡിക്കല്‍ കോളേജ് പടുത്തുയര്‍ത്തിയത്. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണൂരിലെ അനിഷേധ്യ നേതാവായിരുന്നു എംവിആര്‍. ബദല്‍ രേഖയുടെ പേരില്‍ പുറത്താക്കപ്പെട്ട എംവിആര്‍ സിഎംപി എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി. കെ കരുണാകരന്റെയും മുസ്ലിം ലീഗിന്റെയും സഹായത്തോടെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു, സഹകരണമന്ത്രിയുമായി.

എംവിആറിന്റെ ആദ്യഗുസ്തി താന്‍കൂടി വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ കണ്ണൂര്‍ തളാപ്പിലെ എ കെ ജി മെമ്മോറിയല്‍ ആശുപത്രി തന്റെ അധികാരപരിധിയില്‍ തുടരാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എ കെ ജി ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ നടന്നത് വമ്പന്‍ അടി. അടിയേറ്റ് പലരും ചോരയൊലിപ്പിച്ചു വീണു. അക്കൂട്ടത്തില്‍ എകെജിയുടെ ഭാര്യ സുശീല ഗോപാലനും ഉണ്ടായിരുന്നു. എംവിആറിന്റെ പാനല്‍ ജയിച്ചു. എന്നുവച്ചാല്‍ സിപിഎമ്മിന്റെ പാനല്‍ തോറ്റൂ.

കനത്ത വില നല്‍കേണ്ടി വന്നൂ എംവിആറിന്. പറശനിക്കടവിലെ പാമ്പുവളര്‍ത്തു കേന്ദ്രത്തിനു തീയിട്ടു. രാജവെമ്പാലയും സിംഹവാലന്‍ കുരങ്ങും അടക്കം ഒട്ടേറെ വന്യജീവികളെ ചുട്ടുചാമ്പലാക്കി. പൊള്ളലേറ്റ ചില പാമ്പുകള്‍ പുറത്തേക്ക് ഇഴഞ്ഞതിനെ കുറിച്ച് സിപിഎം ആന്തൂര്‍ കമ്മിറ്റി വല്ലാത്തൊരു റിപ്പോര്‍ട്ടും തയ്യാറാക്കി പൊലീസിനു സമര്‍പ്പിച്ചു. അവിടെയാണു തമാശ. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ തീപടര്‍ന്നതാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സുഗതകുമാരി ടീച്ചറടക്കം പ്രതിഷേധിച്ചവര്‍ മണ്ടന്മാരോ മണ്ടികളോ ആയി.

എംവിആര്‍ മരിച്ചു. ആ മരണവും സിപിഎം ആഘോഷമാക്കി മാറ്റി. സിഎംപിയെ നെടുകെ പിളര്‍ത്തി കൊണ്ടായിരുന്നു അതെന്നും ഓര്‍ക്കണം. എംവിആര്‍ പുത്രന്‍ നികേഷിന് അച്ഛന്റെ പഴയ തട്ടകമായിരുന്ന അഴിക്കോട് തന്നെ സീറ്റു നല്‍കി സുഖിപ്പിക്കുമ്പോള്‍ സ്വാശ്രയത്തിന്റെ പഴയവഴിയിലെ പരിയാരം മെഡിക്കല്‍ കോളേജ് മാത്രമല്ല, എംവിആര്‍ തുടങ്ങിയ പറശിനിക്കടവിലെ ആയുര്‍വേദ സ്വാശ്രയ കോളേജും തങ്ങള്‍ക്കു സ്വന്തം എന്നവര്‍ ആഹ്ലാദിക്കുന്നുണ്ടാവാം.സ്വാശ്രയവഴികളില്‍ കെഎസ്‌യുക്കാരന്റെ പ്രതിഷേധ ശബ്ദം സത്യത്തില്‍ ഉയര്‍ന്നു കേട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. തന്നെയാരോ ചതിച്ചു എന്ന എ കെ ആന്റണിയുടെ വാക്കുകള്‍ക്കുപോലും ഇപ്പോള്‍ പുല്ലുവില. അന്നൊക്കെ സമരം ചെയ്യാതിരുന്ന കെഎസ്‌യുക്കാര്‍ ഇന്നലെ തിരോന്തരത്ത് ഒരു സമരസദ്യ നടത്തി. പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ അണിനിരന്ന ഒരു സ്വാശ്രയ വിരുദ്ധ തിരുവാതിര കളി. കൊച്ചി മേയര്‍ സൗമിനി ജയിനെതിരെ സിപിഎമ്മുകാര്‍ അംഗനമാരെ അണിനിരത്തി നടത്തിയ പ്രതിഷേധ തിരുവാതിരപോലെ മറ്റൊന്ന്. പാമ്പും കോണിയും കയറുന്നതുപോലെ ചിലരൊക്കെ ബാരിക്കേടുകള്‍ക്കു മുകളിലേക്ക് നുഴഞ്ഞു കയറി പതാക വീശുന്നതും കണ്ടു. ആ ഏര്‍പ്പാട് നന്നേ ഇഷ്ടമായി. പതാകവീശി കഴിഞ്ഞപ്പോള്‍ പരസ്പരം പൃഷ്ഠം ചൊറിയുന്ന വാക്കുകള്‍ ഉയര്‍ത്തി ആത്മഹര്‍ഷം കൊള്ളുന്ന ഷാഫിയേയും വിഷ്ണുവിനെയും ഹൈബിയേയും കണ്ടപ്പോള്‍ പുച്ഛം തോന്നി. സ്വാശ്രയവിരുദ്ധ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയിയുടെ ഉപ്പൂറ്റി തെറിച്ചുപോയപ്പോള്‍ ഇക്കൂട്ടരേയൊന്നും കണ്ടിരുന്നില്ല. ഭരണത്തിന്റെ ശീതളഛായയില്‍ സ്വാശ്രയമാര്‍ഗം തേടിയ വിഷ്ണുനാഥിനും സംഘത്തിനും ഇനി സമരത്തിന്റെ നാളുകള്‍. എംഎല്‍എ പണി പോയാല്‍ മറ്റൊരു മാര്‍ഗം വേണമല്ലോ. ഇതു വിഷ്ണുനാഥിന്റെ മാത്രം ഗതികേടല്ല. പരിയാരം മെഡിക്കല്‍ കോളേജ് ഉത്ഘാടനദിവസം പ്രവേശന കവാടത്തില്‍ അടികൊണ്ടു പൊരിഞ്ഞ എ പി അബ്ദുള്ള കുട്ടിയെ ഇന്നു രാവിലെയും കണ്ടു. അബ്ദുള്ളകുട്ടി ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. എംവിആറിനെതിരെ സമരാഹ്വാനം മുഴക്കിയ പഴയ ഡിവൈഎഫ് ഐ നേതാവ് എം വി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രധാന സാരഥിയും. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ മക്കള്‍ക്കും ഒരു ഡിവൈഎഫ് ഐ നേതാവിന്റെ മകള്‍ക്കും അഡ്മിഷന്‍ നല്‍കിയ വകയിലുള്ള പ്രാരാബ്ധങ്ങള്‍ പേറി നടക്കുകയാണ് ജയരാജന്‍ എന്നു ചിലരൊക്കെ പറയുന്നുണ്ട്. സ്വാശ്രയത്തെ എതിര്‍ത്ത സിപിഎമ്മും പോഷകസംഘടനകളും എംവിആറിന്റെ നെഞ്ചില്‍ നിന്നും പറിച്ചെടുത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ വാങ്ങുന്ന എന്‍ആര്‍ഐ സീറ്റുകളുടെ പണം തന്നെ മതിയാകും ആസ്ഥാപനത്തെ നന്നാക്കാന്‍. എന്നിട്ടും ഒന്നും നടക്കുന്നില്ല. പരിയാരം മെഡിക്കല്‍ കോളേജിനു മുന്നിലും കണ്ണൂര്‍ കളക്‌ട്രേറ്റിനു മുന്നിലും ഇടയ്‌ക്കൊക്കെ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലും കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരങ്ങള്‍ നടക്കുന്നുണ്ട്.

സ്വാശ്രയം എന്നാല്‍ സ്വയം രക്ഷിക്കല്‍ എന്നാണര്‍ത്ഥം. സ്വയം സുരക്ഷിതരാകാന്‍ മുതലാളിമാര്‍ ഇറങ്ങിപുറപ്പെട്ടതിന്റെ ഒരു ചെറുകിട സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ് കൂണുപോലെ മുളച്ചുപൊന്തിയ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സ്വാശ്രയ സംവിധാനത്തിനെതിരെ ആദ്യം സമരം ചെയ്തവര്‍ അത്തരം ചിലസ്ഥാപനങ്ങളുടെ അധികാരികളായി മാറുകയും സ്ഥാപനങ്ങളൊന്നും പതിച്ചു കിട്ടാത്തവര്‍ പ്രതിഷേധ കൂട്ടായ്മയുമായി ഇറങ്ങുമ്പോള്‍ ആരാണു ശരി, ആരു തെറ്റ് എന്ന് പുതുതലമുറ എങ്ങനെ വിലയിരുത്തും? അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories