TopTop
Begin typing your search above and press return to search.

പാമ്പാടി ഓര്‍മ്മയില്ലേ? രക്ഷിതാക്കള്‍ ഇങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍...

പാമ്പാടി ഓര്‍മ്മയില്ലേ? രക്ഷിതാക്കള്‍ ഇങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍...
സ്വാശ്രയ കോളേജ് മാനേജ്‌മെന്റിന്റെ നയങ്ങളെ ചോദ്യം ചെയ്താല്‍ വിദ്യര്‍ത്ഥികള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഡനം വളരെ വലുതാണ്. പാമ്പാടി നെഹ്‌റു കോളേജില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജുകളില്‍ പലയിടത്തും ഇതു തന്നെയാണ് അവസ്ഥ. എവിടെ സ്വശ്രയമുണ്ടോ അവിടെ പീഡനവുമുണ്ടാകും എന്ന രീതിയിലാണ് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത് രണ്ടു ദിവസത്തിനു ശേഷം ഒരു സ്വകാര്യ കോളേജില്‍ നടന്ന സംഭവം ഏവരെയും ഞെട്ടിപ്പിക്കും. പശ്ചിമകൊച്ചിയിലാണ് സംഭവം. കോളേജിലെ കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ചില അധ്യാപകരെ കളിയാക്കി ട്രോള്‍ ഇറക്കി. ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. ട്രോളുണ്ടാക്കിയ വിരുതന്‍മാര്‍ ഐഡന്റിറ്റി മറച്ചുവെക്കാന്‍ മറന്നു. ട്രോളുകള്‍ മാനേജ്‌മെന്റിന്റെ കണ്ണിലുമെത്തി. കോളേജ് അധ്യാപകരും മാനേജ്‌മെന്റും ഇളകി. ട്രോളിയ കുട്ടികളെ അവര്‍ കൈയ്യോടെ പൊക്കി. കോളേജില്‍ തീര്‍ക്കാവുന്ന ചെറിയ പ്രശ്‌നം മാനേജ്‌മെന്റും അധ്യാപകരും ഊതിപ്പെരുപ്പിച്ചു.

വിവരം തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. കുട്ടികള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. പോലിസിനെ വിളിച്ച ശേഷം രക്ഷിതാക്കളോടും ഉടന്‍ കോളേജിലെത്താന്‍ അധികൃതര്‍ വിളിച്ചറിയിച്ചു. കാര്യം ഫോണിലൂടെ പറയാതിരുന്നതിനാല്‍ ആധിയോടെയാണ് രക്ഷിതാക്കളെത്തിയത്. ഓടിക്കിതച്ചെത്തിയ അവര്‍ ആ കാഴ്ച കണ്ടു ഞെട്ടി. കുറ്റവാളികളെപ്പോലെ തങ്ങളുടെ മക്കളെ പോലീസ് വളഞ്ഞിട്ട് ചോദ്യം ചെയ്യുകയാണ്. കുറ്റം ഏല്‍ക്കാതായതോടെ ഭീഷണിയായി. സ്‌റ്റേഷനില്‍ കൊണ്ടുപോയി മൂന്നാം മുറ പ്രയോഗിക്കുമെന്നായിരുന്നു ഭീഷണി.

ഇങ്ങനെ പീഡിപ്പിക്കാന്‍, കുട്ടികള്‍ ചെയ്ത കുറ്റമെന്താന്നെന്ന് രക്ഷിതാക്കള്‍ തിരക്കി. കളിയാക്കി ട്രോളുണ്ടാക്കിയ വിവരം പോലീസ് രക്ഷിതാക്കളെ ധരിപ്പിച്ചു. ഇതോടെ, രക്ഷിതാക്കള്‍ പോലീസിനോട് കയര്‍ത്തു. 'പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ വരെ ട്രോള്‍ ഇറങ്ങുന്ന ഇക്കാലത്ത് ഇതൊന്നും വലിയ കുറ്റമല്ല. കോളേജില്‍ തീര്‍ക്കേണ്ട ഈ ചെറിയ പ്രശ്‌നത്തിന് പോലീസ് വന്നതു തെറ്റായിപ്പോയി. പോലീസിനെ വിളിച്ചു വരുത്തിയ കോളേജുകാരെ പറഞ്ഞാല്‍ മതിയല്ലോ'. രക്ഷിതാക്കളുടെ ഈ ഡയലോഗ് കേട്ടതോടെ പോലീസിനും കോളേജ് അധികൃതര്‍ക്കും കലികയറി. ഇതോടെ രക്ഷിതാക്കളില്‍ ചിലര്‍ ഒരു കാര്യം ഓര്‍മ്മപ്പെടുത്തി. പാമ്പാടി നെഹ്‌റു കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ട് അധിക ദിവസമായില്ല. ഇതൊക്കെ മറന്നാണോ കുട്ടികളെ ഇങ്ങനെ പീഡിപ്പിക്കുന്നത്? രക്ഷിതാക്കളുടെ ഈ ഡയലോഗ് കേട്ടതോടെ പോലീസും കോളേജ് അധികൃതരും പത്തി താഴ്ത്തി.വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന ചില രക്ഷിതാക്കളുണ്ടായതാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷയായത്. ഇല്ലെങ്കില്‍, വീണ്ടും ചിലപ്പോള്‍ ഒരു പാമ്പാടി ആവര്‍ത്തിച്ചേനെ. മാനേജ്‌മെന്റിന്റെ കടുംപിടിത്തത്തിന് വഴങ്ങി പോലീസ് കേസെടുത്തിരുന്നെങ്കില്‍ കുട്ടികളുടെ ഭാവി എന്താകുമായിരുന്നു?

എന്നാല്‍ എല്ലായ്പ്പോഴും ഇത്തരം വിവേകപൂര്‍വമായ ഇടപെടലുകള്‍ നടക്കുന്നില്ല. അതിന്റെ ഫലമായിരുന്നു ആലപ്പുഴ ജില്ലയിലെ കട്ടച്ചിറയിലുള്ള സ്വാശ്രയ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. രക്ഷിതാവിന്റെ മുന്നില്‍ വെച്ച് കോളേജ് അധികൃതര്‍ ശകാരിച്ചതാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങി. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ മാനേജ്‌മെന്റിലെ ചിലര്‍ ചേര്‍ന്ന് കോളേജിലെ ഇരുട്ട് മുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. ഒരു സമുദായ നേതാവിന്റെ പേരിലുള്ളതായിരുന്നു കോളേജ്. പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ പോലീസിന് കേസെടുക്കേണ്ടി വന്നു. മുസ്ലിം വിദ്യാര്‍ഥികളെ വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ വിടാത്ത സംഭവത്തിന് പുറമെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കും ഈ കോളേജിനെ വിവാദത്തില്‍ മുക്കിയിരുന്നു. ഇതിനെല്ലാമെതിരേ സമരവും അരങ്ങേറി.

രണ്ടു മാസം മുമ്പായിരുന്നു ഈ സംഭവങ്ങള്‍. പക്ഷേ, ഇപ്പോള്‍ കോളേജിനെതിരെ ഒന്നും കേള്‍ക്കാനില്ല. സമരം നടത്തിയവര്‍ മാനേജ്‌മെന്റില്‍ നിന്ന് കോഴ വാങ്ങി ഒത്തുതീര്‍പ്പായെന്നാണ് ഇപ്പോള്‍ നാട്ടിലാകെ സംസാരം.

ഏതെങ്കിലുമൊരു സംഭവമുണ്ടായാല്‍, അത് മുതലെടുത്ത് നേട്ടം കൊയ്യാന്‍ സംഘടനകള്‍ ശ്രമിക്കുമ്പോള്‍ നീതിമാത്രം അകലെയാവുകയാണ്. എന്നാല്‍ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പീഢനവാര്‍ത്തകള്‍ അറിഞ്ഞാല്‍, അതല്ലെങ്കില്‍ ഊതിപ്പെരുപ്പിച്ച കാര്യങ്ങള്‍ക്കാണ് തങ്ങളുടെ കുട്ടികള്‍ കുറ്റവാളികള്‍ ആകുന്നതെന്നു മനസിലാക്കിയാല്‍ അവിടെ മാതാപിതാക്കളുടെ യുക്തിപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. ഇനിയും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് നമ്മുടെ കലാലയങ്ങള്‍ ഇടമാകരുത്.


Next Story

Related Stories