Top

പച്ചയ്ക്കു പറയുന്ന പിണറായിയും പറഞ്ഞതു വിഴുങ്ങിയ ചെന്നിത്തലയും ഒന്നും പറയാത്ത വിദ്യാര്‍ത്ഥിസംഘടനകളും

പച്ചയ്ക്കു പറയുന്ന പിണറായിയും പറഞ്ഞതു വിഴുങ്ങിയ ചെന്നിത്തലയും ഒന്നും പറയാത്ത വിദ്യാര്‍ത്ഥിസംഘടനകളും

കെ എ ആന്റണി

അസംബന്ധ നാടകവേദി ഒരു വലിയ സംഭവം ആയിരുന്നു. മനുഷ്യനെ ഏറെ ചിന്തിപ്പിക്കുകയും പ്രതികരിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത ഒരു ചാലക ശക്തി. യുജിന്‍ ഐന്‍സ്‌കോ മുതല്‍ സാമുവല്‍ ബക്കറ്റ് വരെ തിമിര്‍ത്താടിയ നാടകവേദി. കാലം മാറി. നാടകം എന്ന മാധ്യമം തന്നെ ഏതാണ്ട് ശിഥിലമായിരിക്കുന്നു. നാടകത്തിനു പുതിയ മുഖവും സ്വീകാര്യതയും ലഭ്യമാക്കാന്‍ ഇന്നും കഠിന പ്രയത്‌നം നടത്തുന്ന നാടക പ്രവര്‍ത്തകരെ കാണാതിരിക്കുന്നില്ല. പുതിയ സങ്കേതങ്ങള്‍ തേടിയുള്ള അവരുടെ യാത്ര ഫലം കാണാതിരിക്കില്ല എന്നു പ്രതീക്ഷിക്കാം.

അസംബന്ധ നാടകവേദിയെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കേണ്ടിവന്നത് ഇനി അങ്ങോട്ട് പറയാന്‍ പോകുന്ന ചില സംഭവങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അസംബന്ധങ്ങള്‍ക്കും പ്രസ്തുത നാടക വേദിയുമായി യാതൊരുവിധ ബന്ധവും കല്പിക്കരുതേ എന്നു വിനീതമായി അപേക്ഷിക്കാനാണ്.

കുറച്ചു ദിവസമായി സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് അഡ്മിഷനനുമായി ബന്ധപ്പെട്ട് ഒരു സമരം നമ്മുടെ സംസ്ഥാനത്ത് അരങ്ങേറി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് എന്നു പറഞ്ഞാല്‍ അത്രകണ്ടങ്ങ് ശരിയാകില്ല. അസംബ്ലിക്കുള്ളിലും സെക്രട്ടേറിയേറ്റിനു മുന്നിലും ആണ് ഈ സമരം. വൈകിവന്ന ബുദ്ധിപോലെ സമരം തിരുവനന്തപുരത്തേക്കു മാത്രം കേന്ദ്രീകരീച്ച് നടപ്പാക്കിയിരിക്കുകയാണ്. സാധാരണ വിദ്യാര്‍ത്ഥി സമരങ്ങള്‍ ജില്ല തലങ്ങളില്‍ തുടങ്ങി സെക്രട്ടേറിയേറ്റിലേക്കും അസംബ്ലി കവാടത്തിലേക്കും പരിണമിക്കുന്നതാണ് പതിവ്. ഇക്കുറി എല്ലാപതിവും തെറ്റിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പടപ്പുറപ്പാട്. ഈ പറഞ്ഞതുകൊണ്ട് അവര്‍ നടത്തുന്ന സമരം തികച്ചും ആപേക്ഷികമാണെന്ന് കരുതരുതേയെന്നൊരു അപേക്ഷകൂടിയുണ്ട്. ഈ സമരത്തിനും ഹേതുവായിട്ടുള്ള പ്രശ്‌നം സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് അഡ്മിഷന്‍ തന്നെയാണ്. പക്ഷേ സമരം നടത്തുന്ന യൂത്തന്മാര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് അഡ്മിഷനില്‍ മാത്രമാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇതും കാണാതിരിക്കാന്‍ ആവില്ല. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വഴിയാധാരമായാലും മെഡിക്കലില്‍ പിടിക്കാം എന്ന യുക്തി ഡീന്‍ കുര്യാക്കോസിന്റെതാണോ അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ തര്‍ക്കം ഉണ്ടെന്നാണു കേള്‍ക്കുന്നത്. സുധീരനെ മാറ്റാന്‍ സുധൈര്യം നീങ്ങുന്ന ചെന്നിത്തലയ്ക്ക് അക്കാര്യത്തില്‍ മാത്രമെ ഉമ്മന്‍ ചാണ്ടി വിഭാഗത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നുള്ളൂ. നിയമസഭയ്ക്ക് അകത്തും പുറത്തുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരത്തോട് ഉമ്മന്‍ ചാണ്ടി പുലര്‍ത്തുന്ന ഒരു സാമട്ട് സൂചിപ്പിക്കുന്നതും അതു തന്നെയാണ്. അതൊക്കെ അവിടെ നില്‍ക്കട്ടെ. ഒരിക്കല്‍ കേരള മുഖ്യനാവാന്‍ കുപ്പായം തയ്പ്പിച്ചുവച്ചയാളാണ് ചെന്നിത്തല ഡല്‍ഹിയിലെ പണിയും ഹിന്ദി വിദ്യാഭ്യാസവുമൊക്കെ ഒഴിവാക്കി ഇങ്ങു കേരളത്തിലേക്ക് മടങ്ങിയതും ആ ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ഒടുവില്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിനിടയില്‍ നിന്നും ഉമ്മന്‍ ചാണ്ടി ക്ഷുഭിതനായി ഇറങ്ങിപ്പോയപ്പോള്‍ ചെന്നിത്തലയ്ക്ക് ഒരു കാര്യം പിടികിട്ടി, അങ്ങനെയാണ് ചാണ്ടി മാര്‍ഗം പിന്തുടര്‍ന്ന് എംഎല്‍എ ആയെങ്കിലും പുറത്തു നിന്ന് കെപിസിസിയെ നയിച്ചത്.

കാലം വീണ്ടും മാറി ചാണ്ടിയുടെ അടവുകള്‍ പിഴയ്ക്കുന്നുവെന്ന സൂചനകള്‍ ഇന്ദ്രപുരിയില്‍ ഹൈക്കമാന്‍ഡിനു തലവേദനയായി മാറിയപ്പോള്‍ കേരളത്തിലും ഒരു കോംപ്രമൈസ് ഉണ്ടായി. തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തല ആഭ്യന്തരം കൈയാളി. ഇതൊക്കെ പഴയ കഥകളാണ്. പുതിയ കഥയില്‍ നായകന്‍ ചെന്നിത്തല തന്നെയാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുന്നവരെ കൂടിക്കൂട്ടി സുധീരന്റെ കസേര തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് ചെന്നിത്തലയുടെ വിശാല ഐ ഗ്രൂപ്പ്. ഇതിനിടയിലാണ് ആദ്യമായി വീണു കിട്ടിയ ഒരു പ്രശ്‌നം കൊഴുപ്പിക്കാന്‍ നമ്മുടെ പ്രതിപക്ഷ നേതാവ് കരുക്കള്‍ നീക്കിയത്. അതിന്റെ ഭാഗമായി ഉണ്ടായ സമരമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

എങ്കിലും അണ്ടിയോടു അടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി എന്ന് പറഞ്ഞതുപോലെയായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവും നയിക്കുന്ന സ്വാശ്രയ കരാറിനെ ചൊല്ലി സര്‍ക്കാരിനെതിരെ നടക്കുന്ന സമരം. തിരുവനന്തപുരത്തു മാത്രമാണെങ്കിലും ഇന്നൊരു ഹര്‍ത്താല്‍ നടത്തേണ്ടി വന്നു. ഇക്കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്തു ഹര്‍ത്താല്‍ നിരോധന ബില്ല് കൊണ്ടുവന്ന ആളാണ് ചെന്നിത്തല. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ഹര്‍ത്താല്‍ നിരോധനം ആവശ്യപ്പെട്ടു നിരാഹാരം കിടന്ന ആളും. ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയുടെ മുഖ്യ നേതാവ് എന്ന നിലയില്‍ ഹസ്സന്റെ നിരാഹാരത്തെ കുറ്റം പറയാക്കാനാവില്ല. ഹര്‍ത്താല്‍ വിരുദ്ധരാവുമ്പോള്‍ ആരും നിരാഹാരം കിടന്നുപോകും. അത് ഹസ്സന്‍ ആയാല്‍ പോലും എന്ന് മാത്രമേ ആ പഴയ നിരാഹാരത്തെക്കുറിച്ചു ഇപ്പോള്‍ പറയാന്‍ നിവര്‍ത്തിയുള്ളു. കാരണം ഹസ്സന്‍ അല്ലല്ലോ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. നിലവില്‍ നായകര്‍ ചെന്നിത്തലയും വി എം സുധീരനും ഒരു പരിധി വരെ ഉമ്മന്‍ ചാണ്ടിയും ആണ്.ഇനിയങ്ങോട്ട് എങ്ങനെ സമരം നയിക്കണമെന്ന് പിടികിട്ടാത്തതിന്റെ ഒരു പെടാപ്പാടുണ്ട് ചെന്നിത്തലയുടെ മുഖത്ത്. അപ്രതീക്ഷിതമായി ഒതുക്കപ്പെട്ട ചാണ്ടിയോ അദ്ദേഹത്തിന്റെ വലം കൈയായ കെ സി ജോസഫോ ഒന്നും ഉപദേശിക്കുന്നില്ല. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. മൂന്ന് എംഎല്‍എമാര്‍ നിയമസഭയില്‍ സത്യഗ്രഹം കിടക്കും. തുണയ്ക്കായി രണ്ടു ലീഗുകാരും മുസ്ലിങ്ങള്‍ക്ക് നിരാഹാരം നിഷിദ്ധമാണെന്ന് ആരാണാവോ കണ്ടെത്തിയത്. അങ്ങനെ വന്നാല്‍ പാകിസ്താന്‍ രൂപീകരണത്തെ അനുകൂലിച്ച തലശ്ശേരിയിലെ പഴയ മുസ്ലിം ലീഗിന്റെ പ്രതിനിധികളായി മാറില്ലേ അവര്‍. ഓരോ ചോദ്യവും സ്വയം ചോദിക്കേണ്ടവയാകയാല്‍ അത്തരം കാര്യങ്ങള്‍ അവര്‍ക്കു തന്നെ വിടുന്നു.

സമരാവേശം മൂത്ത് യൂത്തന്മാര്‍ രംഗത്തിറങ്ങുമ്പോള്‍ എന്തുകൊണ്ട് കെഎസ് യുക്കാരെ കണ്ടില്ല എന്ന ചോദ്യത്തിന് നിലനില്‍ക്കുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. യുഡിഎഫ് ഘടകകക്ഷികളായ ആര്‍എസ്പിയുടേയോ വീരേന്ദ്ര കുമാര്‍ ജനതയുടേയോ സിപി ജോണിന്റെ സിഎംപിയുടേയോ വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങള്‍ പോകട്ടെ നേതാക്കളെ പോലും എവിടെയും കാണാനില്ല.

കോണ്‍ഗ്രസിനെ ശിഥിലമാക്കി കമ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്ത് അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണത്തില്‍ എന്നു പറയുന്ന ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെയോ യുവജനസംഘടനയായ യുവമോര്‍ച്ചയേയോ എങ്ങും കാണാനില്ല. എന്തേ ഇവര്‍ക്കൊന്നും ഇക്കഴുത്തറപ്പന്‍ സ്വാശ്രയ നയത്തിനെതിരേ സമരരംഗത്തിറങ്ങാന്‍ ഇത്രമാത്രം മടി? ബിജെപിയുടെ കാര്യത്തില്‍ ഒരുപക്ഷേ കോഴിക്കോട്ടെ മഹാസമ്മേളനത്തിനുശേഷം ക്ഷീണിതരായി പോയെന്നു കരുതാം. വലിയ ഉത്തരവാദിത്തങ്ങളാണ് സമ്മേളനം നടത്തിയ വകയില്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

അതൊക്കെ അവിടെ നില്‍ക്കട്ടെ ചെന്നിത്തല പിണറായിക്കെതിരേ പറഞ്ഞതിലും അല്‍പം ന്യായമുണ്ട്. അസംബ്ലി ഒരു മാന്യസദസ്സാണെന്നാണു വയ്പ്. അവിടെ എല്ലാ അംഗങ്ങളും, അത് സ്പീക്കറായാലും മുഖ്യമന്ത്രിയായാലും പരസ്പര ബഹുമനത്തോടു കൂടി സംസാരിക്കേണ്ടതുണ്ട് എന്നാണ് ചട്ടവും നിയമവും പറയുന്നത്. എടോ പോടോ വിളികള്‍ക്ക് പണ്ടും നിയമസഭ സാക്ഷിയായിട്ടുണ്ട്. നായനാരും ഗൗരിയമ്മയും എം വി രാഘവനും തീര്‍ന്നില്ല വി എസ് പോലും തങ്ങളുടെ നാട്ടില്‍പുറത്തെ ഭാഷാപ്രയോഗങ്ങള്‍ നിയമസഭയ്ക്കകത്തേക്ക് കയറ്റിയവരാണ്. കണ്ണൂരില്‍ എടാ എന്നു വിളിക്കുന്നതിനു പകരം എടോ എന്നു വിളിക്കുന്നത് ബഹുമാനപുരസ്‌കരമാണ്. കണ്ണൂര്‍ക്കാരനാണെന്നു കരുതി നാടുഭരിക്കുന്ന ഒരു മുഖ്യമന്ത്രിയാണെന്ന ചിന്തയില്ലാതെ സ്വന്തം നാട്ടുഭാഷ നിയമസഭയില്‍ ഉപയോഗിക്കുന്നത് അത്ര നല്ലതാണോ എന്നത് ബഹുമാന്യനായ മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആലോചിച്ച് ഉചിതമായ തീരുമാനത്തിലെത്തേണ്ടതുണ്ട്. ഒരിക്കല്‍ നായനാര്‍ക്ക് കിട്ടിയ ജാമ്യമൊന്നും താങ്കള്‍ക്ക് പുതുതലമുറ കല്‍പ്പിച്ച് തരുമോയെന്നു കൂടി ചിന്തിക്കുന്നത് ഉചിതമാകും.

നായനാര്‍ പണ്ട് പത്രക്കാരെ പേനയൂന്തുകാര്‍ എന്നു വിളിച്ച് ആക്ഷേപിക്കുമായിരുന്നു. കാലം മാറി ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ചുറ്റുമെത്തുന്നത് പത്രക്കാരെക്കാള്‍ കൂടുതല്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരാണ്. അവരുടെ നിലനില്‍പ്പിനുവേണ്ടി ആരെയോ കൂലിക്കെടുത്ത് കരിങ്കൊടി പ്രകടനം നടത്തി എന്നു നിയമസഭയില്‍ പറയുന്നതിനു മുമ്പ് പൊലീസിനെ കൂടി ഭരിക്കുന്ന താങ്കള്‍ കരിങ്കൊടിക്കാര്‍ ആരായിരുന്നുവെന്ന് വ്യക്തവരുത്തേണ്ടതുണ്ടായിരുന്നു. മൃഗീയഭൂരിപക്ഷം ആരെയും അമര്‍ച്ച ചെയ്തു ഭരിക്കാനുള്ള ലൈസന്‍സ് അല്ല എന്നു തിരിച്ചറിയേണ്ടതുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories