TopTop
Begin typing your search above and press return to search.

സെല്‍ഫി വെറുമൊരു പടമല്ല

സെല്‍ഫി വെറുമൊരു പടമല്ല

"Selfies are the only place I see women like me, unlike whites, I don't have entire industries made in my image" -@bad_dominicana

സെൽഫി ലോകം മുഴുവൻ തരംഗം ആയി മാറുന്നതിനിടയിൽ jezebel.com എന്ന പോർട്ടലിൽ എറിൻ ഗ്ലോറിയ റയാൻ എന്ന ലേഖിക, സ്ത്രീകള്‍ സെല്ഫികൾ എടുക്കുന്നത് ഒരു തരത്തിലും വിപ്ലവകരമല്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയത് സെൽഫി പ്രേമികളായ പലരെയും ചൊടിപ്പിച്ചിരുന്നു. സ്ത്രീകളെ സംബന്ധിച്ച് തന്റെ ആകാര സൌന്ദര്യമാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന സാമൂഹിക പൊതുബോധത്തിന്റെ ഹൈടെക് പ്രതിഫലനം മാത്രമാണ് സെല്ഫികൾ എന്നായിരുന്നു "Selfies Aren't Empowering. They're a Cry for Help' എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിലെ പ്രധാന വാദം. അധികം വൈകാതെ തന്നെ മറുപടിയുമായി പല മാധ്യമങ്ങളിലും ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. "ഗ്ലോറിയ പറഞ്ഞതിൽ ചില കാര്യങ്ങളോട് യോജിക്കുന്നു എന്നാൽ താങ്കൾ ഒന്ന് മനസ്സിലാക്കുക, ഇവിടെയുള്ള ബഹുഭൂരിപക്ഷം സ്ത്രീകൾ, പ്രത്യേകിച്ചും ഞാൻ പ്രതിനിധീകരിക്കുന്ന കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ നിങ്ങൾ പറയുന്ന പൊതുസൗന്ദര്യബോധത്തിന് പുറത്താണ്. നിങ്ങളൊരു വെളുത്തവർഗ്ഗക്കാരിയായതു കൊണ്ട് മാധ്യമങ്ങളിലും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലും നിങ്ങളുടെ പ്രതിബിംബം പ്രതിഫലിപ്പിക്കാനുള്ള ആർഭാടം ഉണ്ടായിരിക്കാം. പക്ഷെ ഞങ്ങൾക്കിത്‌ ആത്മാവിഷ്ക്കാരത്തിന്റെ പുത്തൻ സാധ്യതയാണ്, അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ച് ഇത് വിപ്ലവകരവുമാണ്" എന്നായിരുന്നു ഒരു ഒരു മറുപടി.

സെല്‍ഫിക്ക് അടയാളപ്പെടുത്തലിന്റെയും ആത്മാവിഷ്ക്കാരത്തിന്റെയും വിമോചനത്തിന്റെയും രാഷ്ട്രീയമുണ്ടെന്ന് വിളിച്ചു പറയുന്നതാണീ വരികൾ. സ്വന്തം മുഖം സ്വന്തം മൊബൈൽ ക്യാമറയിൽ പതിപ്പിക്കുന്നതിന്റെ കൗതുകത്തിനപ്പുറം ചിലതൊക്കെയുണ്ട്. "ഞാനിവിടെ ജീവിച്ചിരിക്കുന്നു" എന്ന ഉറച്ച പ്രഖ്യാപനമാണ് ഓരോ സെല്‍ഫിയും; അതുകൊണ്ട് തന്നെ ഒരുവന്റെ സ്ഥല-കാല വിവരങ്ങൾ അടയാളപ്പെടുത്തുകയും തന്റെ അസ്തിത്വം ഊട്ടി ഉറപ്പിക്കുകയും ചെയ്യുകയാണ് ഓരോ സെല്‍ഫിയും. നടന്നുപോയ വഴികളിൽ അവശേഷിപ്പ് ബാക്കിവെയ്ക്കാൻ വെമ്പുന്ന ഒരു മനസ്സ് മനുഷ്യസഹജമാണ്. താജ് മഹൽ സന്ദർശിച്ച ശേഷം അവിടെയൊരു ഭിത്തിയിൽ തന്റെ പേര് കോറിയിടുന്നതിലും ശ്രദ്ധേയമാകാം അയാളവിടെ വെച്ചു പകർത്തുന്ന ഒരു സെൽഫി, എന്നാൽ ദൌർഭാഗ്യവശാൽ ആത്മരതി, മനോരോഗം എന്നിവയൊക്കെയുമായി കൂട്ടിക്കെട്ടിയ ചർച്ചകളിലാണ് സെല്‍ഫിയെ നാം പലപ്പോഴും കാണാറുള്ളത്‌. ഇതിനെല്ലാം അപ്പുറമായി സെൽഫി ഒരു രാഷ്ട്രീയവും അതുപോലെ തന്നെ സാംസ്കാരിക പ്രവർത്തനവുമാകുന്നത് എങ്ങനെയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.


Laverne Cox

ഇതുവരെ ക്യാമറയാൽ വീഴ്ത്തപ്പെട്ടവർക്കും ക്യാമറയ്ക്ക് പിന്നിൽ ഒളിച്ചവർക്കും സ്വന്തമായ ഒരു മുഖം സെല്‍ഫിയിലൂടെ രൂപപ്പെടുകയാണ്. സുതാര്യതയാണ് മുഖമുദ്രയെങ്കിലും ഉപഭോഗ സംസ്കാരത്തിന്റെയും സ്ഥാപിത സൌന്ദര്യ സങ്കല്പ്പങ്ങളുടെയും ഓരം പറ്റി ചില വിവേചനങ്ങളുടെ കൂടി ഇടമാണല്ലോ ഓരോ ക്യാമറയും. എല്ലാം പതിയുമെന്നു പറയുമ്പോഴും ചിലതൊക്കെ സൌകര്യപൂർവ്വം ഒഴിവാക്കുന്നുമുണ്ടല്ലോ. അത്തരമൊരു പശ്ചാത്തലത്തിൽ സെൽഫി ക്യാമറകൾ പുത്തനൊരു പരിപ്രേക്ഷ്യം മുന്നോട്ടു വെയ്ക്ക്കയാണ്. ചിലരുടേത് മാത്രമായിരുന്ന ക്യാമറകൾ തട്ടിയെടുക്കുമ്പോള്‍ അതില്‍ ഒരു ജനാധിപത്യവല്ക്കരണവും കാണാതിരിക്കാൻ കഴിയില്ലല്ലോ. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ ഇടയിയിലും വിവിധ രാജ്യങ്ങളിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റികളിലുമാണ് സെല്‍ഫിയുടെ വിപ്ലവകരമായ ഒരു വശം അനാവരണം ചെയ്യപ്പെട്ടതെന്ന് നിരീക്ഷകർ പറയാറുണ്ട്‌ അല്പം സൂക്ഷ്മതയോടെ നോക്കിയാൽ ചില പരമ്പരാഗത നിർവ്വചനങ്ങളും ലിംഗ സമവാക്യങ്ങളും സെല്‍ഫിയിലൂടെ പൊളിച്ചെഴുത്തിനു വിധേയമാകുന്നുണ്ട് എന്ന് കാണാനാവും. ഒന്നമാതായി അവർക്ക് സെൽഫി നല്കിയത് ഒരു ഇടമാണ്. ക്യാമറകൾ മുഖം തിരിക്കുന്ന വേളകളിൽ ഒരിടമെന്നത് ചിലപ്പോൾ അപ്രാപ്യമാണല്ലോ. രണ്ടാമതായി ഒരു ഐഡന്റിറ്റി ഇതിലൂടെ രൂപപ്പെടുന്നു.

stereotype പൊതുബോധത്തെ തകർക്കുകയും തങ്ങളുടെ 'വൈരൂപ്യം' പോലും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് സെൽഫി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തിൽ പ്രധാനമാണ്. കഴിഞ്ഞ നാളുകളിൽ #FeministsAreUgly #NoMakeUpSelfie #365FeministSelfieProject എന്നീ പേരുകളിൽ സെല്‍ഫികൾ സ്ത്രീകൾക്കിടയിൽ ആഘോഷമായത് മാധ്യമങ്ങളിൽ ചർച്ചാ വിഷയം ആയിരുന്നു. മേക്അപ്പ് ഉണ്ടെങ്കിൽ മാത്രമേ സ്ത്രീയ്ക്ക് സ്വത്വം ഉള്ളുവെന്ന പൊതുബോധത്തെ തകർക്കുക കൂടിയാണ് ഈ ഹാഷ്ടാഗുകൾ ചെയ്തത് . കഴിഞ്ഞ മാർച്ചിലെ കണക്കു പ്രകാരം 51,000 തവണ ട്വിറ്ററിൽ #NoMakeupSelfi ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടത്രേ. Pretty Girls Making Ugly Faces (prettygirlsmakinguglyfaces.tumblr.com) എന്നൊരു പേജും ആ സമയത്ത് രൂപപ്പെട്ടു. "Own their Flaws" എന്ന നിശ്ശബ്ദ മുദ്രാവാക്യം പോലും ഇതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. നാക്ക് നീട്ടിയും കോക്രി കാട്ടിയുമൊക്കെ സെല്‍ഫികൾ പുറത്തു വന്നത് പലപ്പോഴും വ്യവസ്ഥിതികളോടുള്ള കലഹമായിട്ടായിരുന്നു. റേച്ചൽ സിമ്മൻസ് എന്ന എഴുത്തുകാരി സ്ലേറ്റ്‌ മാസികയിൽ എഴുതിയത് ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.

"ചിത്രരൂപത്തിലുള്ള ഒരു സന്ദേശമാണ് സെല്‍ഫി. ഞാന്‍ സുന്ദരിയാണ്, സന്തോഷവതിയാണ്, തമാശക്കാരിയാണ്, സെക്സിയാണ് എന്നൊക്കെയാണ് ഞാന്‍ കരുതുന്നത്; നിങ്ങള്‍ എന്തുപറയുന്നു? എന്നതാണ് ചോദ്യം. കാമറ എങ്ങോട്ടുനോക്കണം എന്ന് തീരുമാനിക്കുന്നത് ഫോട്ടോ എടുക്കുന്ന വ്യക്തിയാണ്. ഫോട്ടോയെ എങ്ങനെ വായിക്കണം എന്ന് തീരുമാനിക്കുന്നതും ഫോട്ടോ എടുക്കുന്നയാളാണ്. ജോസി ഹോവാര്‍ഡ് എന്ന മനശാസ്ത്രജ്ഞന്‍ പറയുന്നത് “സൌന്ദര്യത്തെപ്പറ്റിയുള്ള സ്ഥാപിതകാഴ്ചപ്പാടുകളെ കുറച്ചുകൂടി റിയലിസ്റ്റിക്കാക്കാന്‍ സെല്‍ഫികള്‍ സഹായിക്കും” എന്നാണ്. സെല്ഫികള്‍ എടുക്കുന്ന മിഡില്‍ സ്കൂള്‍ പെണ്‍കുട്ടികള്‍ നാക്കൊകെ പുറത്തേയ്ക്ക് തള്ളി ഫോട്ടോയെടുക്കുമ്പോള്‍ പറയുന്നത് ഇതാണ്, “എന്നെ കണ്ടാല്‍ ഒരു മണ്ടിയാണെന്ന് തോന്നുമെന്ന് എനിക്കറിയാം. എങ്കിലും ഇത് ഞാന്‍ തീരുമാനിച്ചതാണ്.”

മൂന്നാമതായി നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ പുരുഷന്റെ മാത്രമായിരുന്ന ക്യാമറ അവന്റെ കൈയ്യിൽ നിന്നും തട്ടിയെടുക്കുന്ന ഒരു വിമോചനത്തിന്റെയും അധികാര പുന:സ്ഥാപനത്തിന്റെയും ഭാഷ്യം കൂടിയുണ്ട് സെല്‍ഫിയ്ക്ക്. ക്യാമറയുടെ ഫോക്കസും, പകർത്തപ്പെടുന്ന ദൃശ്യവുമെല്ലാം പലപ്പോഴും പുരുഷമനസിനെ തൃപ്തിപ്പെടുത്താൻ പാകത്തിൽ ഉള്ളതായിരുന്നെങ്കിൽ ഇനിയതു സ്വയം നിർണ്ണയത്തിന്റെ അടയാളപ്പെടുത്തൽ ആയി മാറുന്നു. "Who controls the image of women?" എന്ന ചോദ്യം ട്വിറ്ററിൽ ഉയർന്നു കേട്ടതും ഇതുകൊണ്ട് തന്നെയാവണം.


"Personal is political" എന്നൊരു വശം കൂടി സെല്‍ഫികൾക്കുണ്ടെന്ന് പലരും വിലയിരുത്താറുണ്ട്. സെല്ഫിയെ ആത്മരതിയായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ ആത്മരതിയും ഒരു രാഷ്ട്രീയം ആണല്ലോ എന്നായിരുന്നു ഒരു ബ്ലോഗ്‌ എഴുത്തുകാരിയുടെ ചോദ്യം. ഗ്രാമി അവാർഡ് ജേതാവായ Lorde ഒരിക്കൽ മുഖക്കുരുവിനുള്ള ക്രീം മുഖത്തു പുരട്ടി, മുഖത്തെ പാടുകൾ വ്യക്തമായി തന്നെ കാണത്തക്ക വിധത്തിൽ ഒരു സെൽഫി തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ അപ്ലോഡ് ചെയ്തത് വൈറൽ ആയിരുന്നു. "Lorde's No-Makeup, Acne cream selfie only further proves her awesomeness" എന്നാണു ഹഫിംഗ്ടണ്‍ പോസ്റ്റ്‌ അന്ന് എഴുതിയത്. സെലിബ്രിറ്റികളുടെ മുഖം മിനുക്കിയ ചിത്രങ്ങൾ കണ്ടു മടുത്ത ആരാധകർക്ക് ഇത്തരത്തിൽ തീർത്തും അനൌപചാരികമായ ചിത്രങ്ങൾ ആവേശമായി മാറുന്നു എന്നത് സത്യമാണ്. അതുകൊണ്ട് തന്നെയാവും സെലബ്രിറ്റി സെല്ഫികൾ അതിനേക്കാൾ ഏറെ ആകർഷകമായ സ്റ്റുഡിയോ ഫോടോഗ്രഫുകകൾക്കപ്പുറമായി പ്രചരിക്കപ്പെടുന്നതിന്റെ കാരണവും.

ബ്രാൻഡുകളുടെ വിപണന തന്ത്രങ്ങളിലും ഇന്ന് സെൽഫി വഹിക്കുന്ന പങ്ക് ചെറുതല്ല. എന്തിനധികം പറയുന്നു, പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം വാങ്ങുമ്പോൾ അതിൽ എഴുത്തുകാരന്റെ ഒപ്പിട്ടു കിട്ടാൻ പണ്ട് പാഞ്ഞിരുന്ന വ്യക്തികൾ ഇന്ന് അവരോടൊപ്പം ഒരു സെൽഫി എടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒപ്പിനേക്കാൾ വലിയൊരു അടയാളപ്പെടുത്തൽ കൂടിയാവുമല്ലോ അത്. വെറുതെയൊരു ചിത്രമെന്ന ധാരണയ്ക്കപ്പുറം സ്വന്തം കൃഷിരീതികൾക്ക് പുതിയൊരു മുഖം നല്കാൻ സെല്‍ഫിയെ ഉപയോഗിക്കുന്ന കർഷകർ ഉണ്ടെന്നു കേൾക്കുമ്പോൾ ഞെട്ടരുത്. സ്വന്തം ഫാമിന്റെ പശ്ചാത്തലത്തിലോ, വളർത്തുമൃഗങ്ങൾക്കൊപ്പമോ എടുക്കുന്ന 'ഫാം സെല്‍ഫികൾ' അഥവാ 'ഫെല്‍ഫികൾ' യുകെയിൽ ശ്രദ്ധേയമാകുകയാണ്. farmingselfie.com എന്നൊരു വെബ്‌ സൈറ്റ് പോലും ഇതിനു ചുവടു പിടിച്ച് പ്രശസ്തിയിലേക്ക് എത്തിക്കഴിഞ്ഞു. കൃഷിയെ സോഷ്യൽ മീഡിയയുമായി ബന്ധിപ്പിക്കാൻ ഇതിനും മുൻപ് #Agrichat എന്നൊരു ഹാഷ്ടാഗ് രൂപപ്പെടുത്തിയിരുന്നു. കർഷകർക്ക് ഒരുമിച്ച് വിവിധ വിഷയങ്ങളിൽ അഭിപ്രായം പങ്കുവെയ്ക്കാനും തങ്ങളുടെ ഉല്പന്നങ്ങൾ വിപണനം ചെയ്യാനും സാധിക്കുന്ന സംവിധാനമായിരുന്നു അത്. ഇതിന്റെ തുടർച്ചയെന്നോണം @famersoftheUK എന്നൊരു ട്വിറ്റർ ഹാൻഡിലിൽ ഓരോ ആഴ്ചയും ഓരോ കർഷകനെ പരിചയപ്പെടുത്തുന്ന രീതിയുണ്ടായി.

കർഷകൻ എടുത്ത സെൽഫി ചിത്രങ്ങളും ചെറിയ വീഡിയോകളുമാണ് ഈ പംക്തിയിൽ പ്രസിദ്ധീരിക്കുന്നത്. 2013-ൽ തുടങ്ങിയ ഈ പതിവ് യുകെയിലെ അനേകം കർഷകരെ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പോലും കൊണ്ടുവന്നു. കൃഷി ചെയ്യാൻ അറിയാമായിരുന്നെങ്കിലും ഇതെങ്ങനെ ഉചിതമായി വിപണനം ചെയ്യുമെന്നു ഇതിനു മുൻപ് അറിയില്ലായിരുന്നു എന്നും ഇപ്പോൾ ഞങ്ങൾ, ഞങ്ങളുടെ കൃഷിയെ തന്നെ ബ്രാൻഡ് ചെയ്യുകയാണെന്നും ഒരു കർഷകൻ ട്വിറ്ററിൽ അഭിപ്രായപ്പെടുന്നത് കാണാനിടയായി. സോഷ്യൽ മീഡിയയിൽ 50,000 ൽ അധികം ഫോളോവേഴ്സ് ഉള്ള കർഷകരുണ്ടെന്ന് അറിയുമ്പോഴാണ് ഇത്തരമൊരു വിപണനരീതിയുടെ തോത് ബോധ്യപ്പെടുക. വിളവെടുപ്പ് സമയങ്ങളിൽ ആയിരക്കണക്കിന് ചിത്രങ്ങളാണ് യുകെയിലെ ഫാർമേഴ്സ് വീക്കിലിയുടെ പക്കൽ എത്തുന്നതത്രേ. ഇത്തരമൊരു രീതി വന്നതോടെ കർഷകനും അവന്റെ സമീപപ്രദേശങ്ങളിൽ ഉള്ള ഉപഭോക്താക്കളും തമ്മിൽ ഒരു പുതിയ ബന്ധം രൂപപ്പെട്ടെന്ന് ഈ മാസിക അവകാശപ്പെടുന്നു. എന്നാൽ ഇതൊക്കെ വിദേശത്തു നടക്കുന്ന കാര്യങ്ങൾ അല്ലെ, നമ്മുക്കെന്ത് സോഷ്യൽ മീഡിയ എന്ന് ചോദിക്കുന്നവർ ബിബിസിയുടെ ആപ്സ് എഡിറ്റർ ആയ ത്രുഷാർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ട്വിറ്ററിൽ എഴുതിയത് വായിക്കുക

"Interesting thing I picked up today: A lot of illiterate farmers in India are using Whatsapp to send/receive pictures of their cattle... Farmer could monitor development of young calves while he was away working in the city"

"Hello, this is me" എന്നതാണല്ലോ സെല്‍ഫിയുടെ സന്ദേശം, ഇത് മനുഷ്യനെ സ്വാർത്ഥ മനോഭാവത്തിലെക്കും ആത്മരതിയിലെക്കുമൊക്കെ നയിക്കുമെന്ന വാർത്തകളാണ് മാധ്യമങ്ങളിൽ സിംഹഭാഗവും. അമേരിക്കൻ സൈകാട്രി അസോസിയേഷന്റേതെന്ന പേരിൽ ചില വ്യാജവാർത്തകളും വന്നിരുന്നു. കടുത്ത മാനസിക പ്രശ്നങ്ങളിലേക്കും സെൽഫി പ്രേമം നയിക്കുമെന്ന പഠനങ്ങളുമുണ്ടായി. മുഖ്യധാരാ മൊബൈൽ കമ്പനികൾ ഇതേ കാരണം കൊണ്ടുതന്നെ ഫ്രണ്ട് ക്യാമറ നിര്‍ത്തലാക്കുന്നു എന്ന് വസ്തുതാരഹിതമായ വാർത്തകളും ഇടയിൽ വന്നിരുന്നു. പല മന:ശാസ്ത്രജ്ഞരും സ്വാർത്ഥത എന്ന പ്രശ്നം ചൂണ്ടിക്കാട്ടുമ്പോൾ, സ്വാർത്ഥത സെല്‍ഫിയുടെ വരവോടെയാണ് കണ്ടു തുടങ്ങിയതെന്ന് എങ്ങനെ പറയാൻ കഴിയും? സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോകളുടെ പ്രിന്റ്‌ ഔട്ടുകൾ കുട്ടികളുടെ കൈയ്യിൽ എത്തുമ്പോൾ ഒരുപക്ഷെ ചങ്കുപറിച്ചു തരാമെന്നു പറഞ്ഞ ക്രഷ് അടുത്തെവിടെ എങ്കിലും നില്‍പ്പുണ്ടെങ്കിലും നമ്മുടെ ദൃഷ്ടി ആദ്യം ചെല്ലുക നമ്മുടെ ചിത്രത്തിലേക്ക് തന്നെയല്ലേ? റെയിൽ പാലത്തിൽ നിന്നുകൊണ്ട് മൊബൈൽ ഫോണ്‍ ക്യാമറയിൽ സ്വന്തം ഫോട്ടോ പകർത്തുന്നതിനിടെ യുവാവ് ട്രെയ്നിടിച്ചു മരിച്ചത് പോലെയുള്ള സംഭവങ്ങൾ വെച്ചു സെല്‍ഫിയെ സാമാന്യവല്ക്കരിക്കാനും മാധ്യമങ്ങൾ മത്സരിച്ചിരുന്നു. 'Exceptions are not examples' എന്നതാവും ഇവർക്കുള്ള ഏറ്റവും നല്ല മറുപടി. സ്വന്തം മുഖം ഏറ്റവും മികച്ച രീതിയിൽ സെല്‍ഫിയായി പകർത്തുന്നത് മാനസികരോഗമുണ്ടാക്കുമെങ്കിൽ അതിലും വലിയ വിഷാദരോഗം വരുന്നത് സ്വന്തം വോട്ടേഴ്സ് ഐ ഡിയിലെയോ, ആധാർ കാർഡിലെയോ ചിത്രം കാണുമ്പോളാവും. ഒരു വ്യക്തിയുടെ ഏറ്റവും മികച്ച ചിത്രം ഫേസ് ബുക്കിലും ഏറ്റവും മോശം ചിത്രം തന്റെ ഐഡി കാർഡിലും ആയിരിക്കുമെന്ന് പറയുന്നത് ഇതുകൊണ്ട് തന്നെയാവും. സെല്‍ഫിയെ അഡിക്ഷനായി കാണുന്നവര്‍ തീർത്തും ന്യൂനപക്ഷമായിരിക്കും, ഏതിനോടും അഡിക്ഷൻ തോന്നുന്നത് അപകടമാണെന്ന് തെളിയിക്കാൻ പഠനങ്ങൾ ആവശ്യമില്ലല്ലോ. വെളിച്ചെണ്ണയുടെ ഉപയോഗം കാൻസറിന് വഴിവെക്കുമെന്നും, ചായ കുടിച്ചാൽ കാൻസർ വരുമെന്നും ഇല്ലെന്നുമൊക്കെയുള്ള പഠനങ്ങൾക്ക് തീരുമാനമാകാത്ത കാലത്തോളം മനോഹരമായ ആത്മപ്രകാശനത്തിന്റെ ഒരു സാധ്യതയെ എന്തിനു സംശയത്തിന്റെ നിഴലിൽ നിർത്തണം!


Next Story

Related Stories