TopTop
Begin typing your search above and press return to search.

അടിമുടി ദുരൂഹത നിറച്ച് യുപി തെരഞ്ഞെടുപ്പ് സമയത്തെ തീവ്രവാദി വേട്ട

അടിമുടി ദുരൂഹത നിറച്ച് യുപി തെരഞ്ഞെടുപ്പ് സമയത്തെ തീവ്രവാദി വേട്ട
ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ നിര്‍ണായകമായ അവസാന ഘട്ടം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ചൊവ്വാഴ്ച മധ്യപ്രദേശിലെ ജബ്ദിക്ക് സമീപം വച്ച് ഭോപ്പാല്‍-ഉജ്ജയിനി പാസഞ്ചര്‍ ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നടന്ന സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന മൂന്നു പേരെ വീതം മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തു. ലക്‌നൗവിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദി എന്ന് സംശയിക്കുന്ന മറ്റൊരാളായ സഫിയുള്ളയെ നിരവധി മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ സഹായികളായ അസര്‍ ഖാന്‍, ഗൗസ് മുഹമ്മദ് ഖാന്‍ എന്നിവരെ പോലീസ് കീടക്കി.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭാഗമാണ് ഇവരെന്ന് ഉത്തര്‍പ്രദേശ് പോലീസ് വളരെ പെട്ടെന്ന് തന്നെ നിഗമനത്തിലെത്തി. വിദേശത്ത് നിന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച കിഴക്കന്‍ യുപിയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇസ്ലാമിക തീവ്രവാദത്തിന്റെ നാടകീയ ആഖ്യാനങ്ങള്‍ ടിവി ചാനലുകളിലും പത്രമാധ്യമങ്ങളിലും നിറഞ്ഞുനിന്നു.

വോട്ടെടുപ്പ് സമാപിക്കുന്ന ഘട്ടത്തില്‍ തലേ ദിവസം തങ്ങള്‍ നടത്തിയ പ്രസ്താവന യുപി പോലീസ് ഭേദഗതി ചെയ്തു. ഈ വ്യക്തികള്‍ക്ക് ഏതെങ്കിലും ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവുമില്ലെന്ന് അവര്‍ പറഞ്ഞു. ആരോപണവിധേയര്‍ 'തീവ്രവാദ സംഘടനയിലെ സ്വയം പ്രഖ്യാപിത അംഗങ്ങളാണെന്നും,' 'ഐഎസ് അംഗങ്ങളാണെന്ന് അവര്‍ സ്വയം സങ്കല്‍പിച്ചിരുന്നതായും' യുപി പോലീസ് പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ തലേദിവസം വൈകുന്നേരം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പോലീസിന്റെ ഭാഗത്തുനിന്നും ധൃതി പിടിച്ച് തീവ്രവാദികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ കുറിച്ച് ഒരു ദിവസം കഴിയുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ഒരു വലിയ ചോദ്യം എല്ലാവരുടെയും മനസിലുണ്ടായിരുന്നെങ്കിലും ആരും അത് ചോദിച്ചില്ല: ഉത്തര്‍പ്രദേശ് പിടിക്കാനുള്ള ബിജെപിയുടെ ആക്രമണോത്സുക ശ്രമങ്ങള്‍ക്ക് കുടപിടിക്കുന്ന തരത്തില്‍ പോലീസ് സേനകള്‍ രാഷ്ട്രീയം കളിക്കുകയായിരുന്നോ? അതായിരുന്നു പ്രധാന കുശുകുശുക്കല്‍. നയങ്ങളിലുള്ള പഴുതുകളും പിന്മാറലകളും അതിനെ ഉറപ്പിക്കുക മാത്രമാണ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ ഒമ്പത് പേരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നത് തെലുങ്കാന പോലീസാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു; ഭോപ്പാലിലെ ട്രെയിനില്‍ പൈപ്പ് ബോംബുകള്‍ വച്ചു എന്ന് ആരോപിക്കപ്പെടുന്ന ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യപ്രദേശ്, യുപി പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് അവര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

ലക്‌നൗവില്‍ വാടകയ്ക്ക് താമസിക്കുന്ന ആരോപണ വിധേയരില്‍ ഒരാള്‍ ഒരു പാസഞ്ചര്‍ ട്രെയിനില്‍ ബോംബ് വെക്കുന്നതിനായി എന്തിനാണ് 600 കിലോമീറ്റര്‍ അകലെയുള്ള ഭോപ്പാലിലേക്ക് പോയത് എന്ന ചോദ്യത്തിന് എംപി, യുപി പോലീസ് മേധാവികള്‍ക്കാര്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെ: 'നിരീക്ഷണത്തിലായിരുന്ന ആരോപണവിധേയരെ ഞങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നു. ഇതില്‍ മൂന്നു പേര്‍ പെട്ടെന്ന് ഭോപ്പാലിലേക്ക് പോയി എന്ന് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അപായസൂചന ഉണ്ടായി. അവരുടെ ഓണ്‍ലൈന്‍ വിലാസങ്ങള്‍ സ്ഥിരമായി മാറ്റിക്കൊണ്ടിരുന്നതിനാല്‍ അവര്‍ സ്ഥിരമായി നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നവര്‍ക്ക് മനസിലായി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിദേശത്തുള്ളവര്‍ എന്ന് അവകാശപ്പെടുന്ന ഒന്നിലേറെ വിലാസങ്ങളില്‍ നിന്നും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു.'

കാണ്‍പൂര്‍ സ്വദേശിയായ അതിഫ് മുസാഫര്‍ ആണ് സംഭവത്തിന്റെ 'സൂത്രധാരന്‍' എന്നും അയാള്‍ ഐഎസ് ബന്ധമുള്ള ആളാണെന്നുമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അവകാശപ്പെട്ടത്. 'അവര്‍ ബോംബിന്റെ ചിത്രമെടുക്കുകയും സിറിയയില്‍ നിന്നും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ആള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇവരില്‍ ഒരാള്‍ ഒരു മെക്കാനിക്കാണ്. ഇന്റര്‍നെറ്റില്‍ നിന്നാണ് അവര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത്,' ഒരു വാര്‍ത്ത ഏജന്‍സിയോട് ചൗഹാന്‍ പറഞ്ഞു. ആരാണ് അദ്ദേഹത്തിന് വിവരങ്ങള്‍ കൈമാറിയത്, ചൗഹാന്റെ പ്രസ്താവനയിലെ നിരുത്തരവാദപരമായ അവകാശവാദത്തിന്റെ അടിസ്ഥാനം എന്താണ് തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമാക്കാനിരിക്കുന്നതേയുള്ളു.

മധ്യപ്രദേശിലെ ഷാജാപൂരില്‍ നിന്നും ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലേക്കുള്ള 796 കിലോമീറ്റര്‍ ദൂരം മൂന്ന് റോഡുകളിലൂടെ താണ്ടാം. ഒരു വഴി 13 മണിക്കൂറുകള്‍ കൊണ്ട് താണ്ടാന്‍ കഴിയുമ്പോള്‍ മറ്റ് രണ്ട് വഴികള്‍ യഥാക്രമം 15ഉം 17ഉം മണിക്കൂറുകള്‍ എടുക്കും. ഷാജാപൂരിന് സമീപമുള്ള ദബ്ദിയില്‍ വച്ചാണ് ഭോപ്പാല്‍-ഉജ്ജയിനി പാസഞ്ചര്‍ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വച്ച് ബോംബ് സ്‌ഫോടനം ഉണ്ടായത്.

മാര്‍ച്ച് ഏഴിന് രാവിലെ 9.30നും 10നും ഇടയിലാണ് സ്‌ഫോടനം നടന്നത്. താകുര്‍ഗഞ്ച് പോരാട്ടം ആരംഭിച്ച് ഏതാനും സമയത്തിനുള്ളില്‍ മറ്റുള്ള മൂന്നു പേരെ പിപാരിയയില്‍ വച്ച് അറസ്റ്റ് ചെയ്തു.

ആദ്യ സംഘം സ്‌ഫോടനം നടത്തിയ ശേഷം കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും രക്ഷപ്പെടുകയുമായിരുന്നെങ്കില്‍ 708 കിലോമീറ്ററുകള്‍ അകലെയുള്ള കാണ്‍പൂരില്‍ എത്താന്‍ അവര്‍ക്ക് കുറഞ്ഞപക്ഷം പതിനൊന്നര മണിക്കൂര്‍ വേണ്ടി വരുമായിരുന്നു. മാര്‍ച്ച് ഏഴിന് രാത്രി പത്തുമണിക്കായിരിക്കണം അറസ്റ്റ് നടക്കേണ്ടത് എന്നാണ് അതിനര്‍ത്ഥം. എന്നാല്‍ വൈകിട്ട് അഞ്ചു മണിക്ക് തന്നെ അറസ്റ്റ് നടന്നു എന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്.

ഇനി രണ്ടാമത്തെ സംഘമാണ് സ്‌ഫോടനം നടത്തിയത് എന്ന് അനുമാനിച്ചാല്‍, സംഭവ സ്ഥലത്ത് നിന്നും 365 കിലോമീറ്റര്‍ കിഴക്കുള്ള പിപാരിയയില്‍ എത്താന്‍ അതിലെ അംഗങ്ങള്‍ക്ക് കുറഞ്ഞപക്ഷം ഏഴ് മണിക്കൂര്‍ വേണം. എന്നാല്‍ മാര്‍ച്ച് ഏഴിന് രാവിലെ തന്നെ ഈ സംഘത്തെ അറസ്റ്റ് ചെയ്‌തെന്നും അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാണ്‍പൂരില്‍ നിന്നുള്ളവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്നുമാണ് പോലീസ് മേധാവികള്‍ അവകാശപ്പെടുന്നത്.ധൃതിയിലുള്ള വിവരങ്ങളുടെ തള്ളിക്കയറ്റം 
കാണ്‍പൂരില്‍ അല്ലെങ്കില്‍ പിപാരിയയില്‍ വച്ച് ഐഎസ്‌ തീവ്രവാദികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ ഈ പറയുന്ന സമയത്ത് അറസ്റ്റ് ചെയ്യപ്പെടമെങ്കില്‍ സംഭവസ്ഥലത്തുനിന്നും അവര്‍ പറക്കേണ്ടി വരുമായിരുന്നു. പിപാരിയയിലുള്ള സംഘത്തെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് യുപിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ വിവരങ്ങള്‍ കൈമാറിയത്. ലക്‌നൗവിലെ താകൂര്‍ഗഞ്ചിലുളള തങ്ങളുടെ സഹപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ഇരട്ടി വേഗത്തിലാണ് ഐഎസ്‌ തീവ്രവാദികള്‍ എന്ന് ആരോപിക്കുന്നവര്‍ വെളപ്പെടുത്തി എന്ന പോലീസ് ഭാഷ്യമാണ് സംഭവത്തില്‍ ഏറ്റവും ആശ്ചര്യകരം. വിവരങ്ങളുടെ പെട്ടെന്നുള്ള ഒരു തള്ളിക്കയറ്റമാണുണ്ടായത്.

തീവ്രവാദി കേസുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ തെറ്റായി അറസ്റ്റ് ചെയ്യപ്പെടുന്ന കേസുകള്‍ക്ക് വേണ്ടി പോരാടുന്ന റിഹായ് മഞ്ച്, ലക്‌നൗ ഏറ്റമുട്ടലില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുകയും യുപി തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പിനെ ബിജെപിക്ക് അനുകൂലമായി ധ്രുവീകരിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമായി അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.

ബിജെപിക്ക് അനുകൂലമായി ഇങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തങ്ങള്‍ പ്രവചിച്ചിരുന്നതായും അവര്‍ അവകാശപ്പെടുന്നു.

രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പഴുതുകള്‍ കൊണ്ട് മെനഞ്ഞെടുത്ത ഒരു കഥയുടെ അടിസ്ഥാനത്തിലുള്ള ഒരു ഏറ്റുമുട്ടലാണ് നടന്നതെന്ന് റിഹായ് മഞ്ച് ജനറല്‍ സെക്രട്ടറി രാജീവ് യാദവ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. യുപിയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ സമയത്ത് സംബാലില്‍ ഇത്തരം ഒരു ശ്രമം നടന്നെങ്കിലും ജാട്ട് വോട്ടര്‍മാര്‍ പദ്ധതി തകര്‍ത്തതായി യാദവ് പറയുന്നു. 'മോദി സര്‍ക്കാരിന്റെ നൈരാശ്യമാണ് വോട്ടെടുപ്പിന്റെ തലേന്ന് നടന്ന സംശയാസ്പദമായ ഇത്തരം ഒരു സംഭവത്തിലൂടെ വെളിവാകുന്നത്,' അദ്ദേഹം പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലക്‌നൗവില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള അയോദ്ധ്യയിലെ വിവാദസ്ഥലമായ ബാബറി മസ്ജിദ്-രാംജന്മ ഭൂമിയിലേക്ക് നടക്കുകയായിരുന്ന നാല് 'ഭീകരരെ' ലക്‌നൗവിലെ പ്രത്യേക ദൗത്യസേന വെടിവെച്ചുകൊല്ലുകയും അവരില്‍ നിന്നും പിടിച്ചെടുത്ത ഒരു വലിയ ബാഗില്‍ നിന്നും റോക്കറ്റ് വിക്ഷേപണികള്‍, റൈഫിളുകള്‍ മറ്റ് മാരകായുധങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

വെളുപ്പിന് നടന്ന ഏറ്റുമുട്ടലിനെ ശേഷം നടന്ന പത്രസമ്മേളനത്തില്‍, ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പോലീസ് അഭിമാനപൂര്‍വം പ്രദര്‍ശിപ്പിച്ചു. പാകിസ്ഥാന്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരുന്ന ഒരു ബാഗും പ്രദര്‍ശിപ്പിച്ചു!

യുപി, എംപി പോലീസുകാരുടെ പെരുമാറ്റത്തില്‍ അത്ഭുതപ്പെടുത്തുന്നതായി ഒന്നുമില്ല. പക്ഷെ, നിര്‍ണായക സമയങ്ങളില്‍ രാഷ്ട്രീയം കളിക്കാനുള്ള തങ്ങളുടെ ശേഷിയാണ് ഇത്തവണ അവര്‍ പ്രദര്‍ശിപ്പിച്ചത്. ഇത് ഭീതിജനകമായ ഒരവസ്ഥയാണ്.


Next Story

Related Stories