TopTop
Begin typing your search above and press return to search.

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍...

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍...

"ജീന്‍സും ഷര്‍ട്ടും ബനിയനുമെല്ലാം ഇട്ട് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടിത്താഴ്ത്തണമെന്ന്" ഒരു വൈദികന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അത്തരം വെറി പിടിച്ച വൈദികരുടെ പ്രലോഭനത്തിനും അതിക്രമങ്ങള്‍ക്കും ആവശ്യമായ ചികിത്സ വേണമെന്ന് കേരളത്തിലെ സഭാ നേതൃത്വത്തിന് തോന്നിയിട്ടില്ലെങ്കിലും കത്തോലിക്ക സഭയുടെ പരമോന്നത നേതാവായ പോപ്പിന് തോന്നിയിട്ടുണ്ട്. . അവര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നുകില്‍ നേരം വെളുത്തിട്ടില്ല. അല്ലെങ്കില്‍ അവര്‍ ഉറക്കം നടിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമാണ്.

ഏറ്റവും പുതിയ വാര്‍ത്ത കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്നാണ്. 16-കാരിയായ പെണ്‍കുട്ടി, ഇടവക പിതാവിന്റെ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരിക്കുന്നു. റോബിന്‍ വടക്കുഞ്ചേരി എന്ന വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഭയുടെ പത്രമായ ദീപികയുടെ മുന്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ് റോബിന്‍. സംഭവം മറച്ച് വയ്ക്കാനും കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടി വയ്ക്കാനും വരെ ശ്രമമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീ - പുരുഷ ബന്ധങ്ങള്‍, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കാര്യങ്ങളിലെല്ലാം തീര്‍ത്തും യാഥാസ്ഥിതിക നിലപാടുകള്‍ വച്ച് പുലര്‍ത്തുന്ന ക്രൈസ്തവ സഭയുടെ ഭാഗമായവരാണ് ഇമ്മാതിരി കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നത്. പെണ്‍കുട്ടികള്‍ ജീന്‍സിടുന്നുണ്ടോ? ഇറുകിയ വസ്ത്രം ധരിക്കുന്നുണ്ടോ? ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്? സഭാംഗങ്ങള്‍ മറ്റ് സമുദായങ്ങളില്‍ പെട്ടവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നുണ്ടോ? ഇതിലൊക്കെയാണ് സഭയുടെ ആശങ്ക. സഭാംഗങ്ങളായ വികാരികള്‍ കാണിച്ച് കൂട്ടുന്ന ലൈംഗികാതിക്രമങ്ങള്‍ അതിനെ സംബന്ധിച്ച് പ്രശ്‌നമല്ല.

കുട്ടികളടക്കമുള്ളവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വൈദികരുടെ പ്രവൃത്തികളില്‍ ക്ഷമ ചോദിക്കുന്ന ആദ്യത്തെ പോപ്പല്ല ഫ്രാന്‍സിസ് മാര്‍പാപ്പ. ബെനഡിക്ട് 16ാമനും അതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമനുമൊക്കെ അത് ചെയ്തിട്ടുണ്ട്. എന്നാല്‍ സഭയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചിട്ടുള്ളതും ചര്‍ച്ചകള്‍ക്ക് വഴി തുറന്നതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. വിവിധ വിഷയങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലും സഭയുടെ യാഥാസ്ഥിതിക നിലപാടുകളില്‍ പലപ്പോളും പുന:പരിശോധ ആവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് പാപ്പ രംഗത്തെത്തിയിട്ടുള്ളത്. സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ മാപ്പ് പറയുന്നതായും പോപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറയല്‍ തുടരുകയാണ്; പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളും. വൈദികര്‍ കന്യാസ്ത്രീകളേയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയുമെല്ലാം ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നിരവധി കേസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡിസംബര്‍ 28ന് ബിഷപ്പുമാര്‍ക്ക് പോപ്പ് കത്തെഴുതിയിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ യാതൊരു സഹിഷ്ണുതയും പാടില്ല എന്നാണ് ഫ്രാന്‍സിസ് പാപ്പ എഴുതിയത്. ജനുവരി 30ന്‍റെ ഔട്ട്‌ലുക്ക്‌ വാരികയുടെ കവര്‍ സ്റ്റോറി തന്നെ കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ ആയിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ കത്തോലിക്കാ വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഒരുപക്ഷേ കേരളത്തിലായിരിക്കും. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പൊതുവില്‍ കേരളത്തിന്റെ വലിയ സാമൂഹ്യ പ്രശ്‌നമാണ്. അപ്പോള്‍ പിന്നെ ലൈംഗികതയെ അടിച്ചമര്‍ത്തി നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കത്തോലിക്ക വൈദികരുടെ കാര്യം പറയേണ്ടതില്ലല്ലോ. 1966ല്‍ ഒരു കത്തോലിക്ക വൈദികനെ, മറിയക്കുട്ടി എന്ന സ്ത്രീയെ ലൈംഗികപീഡനത്തിനിരയാക്കി കൊല ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് തുടങ്ങുന്നു കേരളത്തിലെ ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനത്തിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചരിത്രം. മറിയക്കുട്ടി വധക്കേസില്‍ പ്രതിയായ ഫാദര്‍ ബെനഡിക്ട് ഓണംകുളത്തിനെ, കൊല്ലം ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു. എഎസ്ആര്‍ ചാരി എന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷകനെയാണ് ബെനഡിക്ടിന് വേണ്ടി സഭ ഏര്‍പ്പാടാക്കിയത്. മറിയക്കുട്ടിയെ കുറിച്ച് നിരവധി അപവാദ പ്രചാരണങ്ങള്‍ വന്നു. ഇയാളെ കുറേകാലത്തേയ്ക്ക് മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് പുരോഹിതനായി തുടരാന്‍ സഭ അനുവദിച്ചു. ഓണംകുളത്തെ വാഴ്ത്തപ്പെട്ടവനാക്കാന്‍ വരെ സഭ തീരുമാനിക്കുകയും ചെയ്തു.

എഡി 52ല്‍ സെന്റ് തോമസ് എത്തിയെന്ന് വിശ്വാസികള്‍ കരുതുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരത്താണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര. ഇവിടുത്തെ ലൂര്‍ദ് മാതാ പള്ളിയിലാണ് കുമ്പസാരത്തിനെത്തിയ 14കാരിയെ, പള്ളിയിലെ സ്വന്തം മുറിയില്‍ കൊണ്ടുപോയി വികാരിയച്ചന്‍ ബലാത്സംഗം ചെയ്തത്. 2015 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ഫാദര്‍ എഡ്വിന്‍ ഫിഗാറെസ് (41) എന്ന വികാരി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കിയതായാണ് പരാതി. 2016 ഡിസംബറില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫിഗാറെസ് ഏറെക്കാലം നിരവധി ഇടവക വിശ്വാസികള്‍ക്കിടയില്‍ താന്‍ നിരപരാധിയാണെന്ന വിശ്വാസം നിലനിര്‍ത്തുകയും പെണ്‍കുട്ടിയേയും പരാതി നല്‍കിയ കുട്ടിയുടെ അമ്മയേയും മോശമായി ചി്ത്രീകരിക്കുകയും ചെയ്തിരുന്നു.

തൃശൂര്‍ ജില്ലയിലെ തൈക്കാട്ടുശേരിയിലുള്ള സെന്റ് പോള്‍സ് പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ കൊക്കന്‍ (40) ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 2014 ഏപ്രിലില്‍ കൊക്കനെതിരെ കേസെടുക്കുകയും ഇയാള്‍ ഇവിടെ നിന്ന് മുങ്ങുകയും ചെയ്തു. പിന്നീട് നാഗര്‍കോവിലില്‍ നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം നേടി പുറത്തിറങ്ങി. ഈ കേസിന്റെ വിചാരണ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്. ഇത്തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി വിശ്വാസികള്‍ക്കിടയില്‍ കരുതപ്പെടുന്ന പുരോഹിതരില്‍ പലരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന പരാതിയാണ് പല വിശ്വാസികള്‍ക്കുമുള്ളത്. വിശ്വാസികള്‍ക്ക് നീതിയുണ്ടാക്കുന്നതിന് പകരം കുറ്റവാളികളായ പുരോഹിതരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സഭാ നേതൃത്വം പലപ്പോഴും ശ്രമിക്കുന്നതെന്ന പരാതി ശക്തമാണ്.

ആരോപണം ഉന്നയിക്കുന്നവരെ ശത്രുതാ മനോഭാവത്തോടെയാണ് സഭ കാണുന്നത്. ഒന്നുകില്‍ മാനസികനില തെറ്റിയവരായോ അല്ലെങ്കില്‍ സഭയെ ബോധപൂര്‍വം അപകീര്‍ത്തി പെടുത്താന്‍ നടക്കുന്നവരായോ പരാതിക്കാര്‍ ചിത്രീകരിക്കപ്പെടും. 2005ലാണ് ബിന്നി ദേവസ്യയുടെ മകള്‍ ജീസാമോളെ തൃശൂര്‍ പാവറട്ടിയിലെ സാന്‍ ജോസ് പാരിഷ് ഹോസ്പിറ്റല്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തന്റെ മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബിന്നി ഉറച്ച് വിശ്വസിക്കുന്നു. പുരോഹിതര്‍ക്കെതിരെ കേസിന് പോവരുതെന്നാണ് സഭാ നേതൃത്വം ബിന്നിയോട് പറഞ്ഞത്. കേസിന് പോയാല്‍ കുടുംബം തകരുമെന്ന ഭീഷണിയും. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെന്തിന് ഭയപ്പെടണം എനിക്കിപ്പോള്‍ ദൈവവുമില്ല, പള്ളിയുമില്ല - ബിന്നി പറയുന്നു.

ആലപ്പുഴയിലെ ആക്‌സപ്റ്റ് കൃപാഭവനില്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രേയ ബെന്നിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസ് എവിടെയും എത്തിയില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പള്ളിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പതിയെ കേസില്‍ നിന്ന് പിന്‍വാങ്ങി. ഇങ്ങനെ നിരവധി ക്രിമിനല്‍ കേസുകളാണ് 1966ലെ മറിയക്കുട്ടി കേസിന് ശേഷം കത്തോലിക്ക പുരോഹിതരുമായി ബന്ധപ്പെട്ട് വന്നത്. സിസ്റ്റര്‍ അഭയയുടെ കേസും ആരോപണ വിധേയരെ സംരക്ഷിക്കാന്‍ സഭ നടത്തിയ ശ്രമങ്ങളും നമുക്ക് മുന്നിലുണ്ട്. സിസ്റ്റര്‍ ജെസ്മി അടക്കമുള്ളവര്‍ നടത്തിയ വെളിപ്പെടുത്തലുകളും. കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായ നിരവധി സംഭവങ്ങളുണ്ടായി. പല കേസിലും സഭ വലിയ തുക ചിലവാക്കി സുപ്രീംകോടതിയില്‍ നിന്നടക്കമുള്ള പ്രമുഖ അഭിഭാഷകരെ കുറ്റാരോപിതര്‍ക്ക് വേണ്ടി കൊണ്ടുവന്നു.

അടിച്ചമര്‍ത്തപ്പെടേണ്ടതാണ് ലൈംഗികതയെന്ന കാഴ്ചപ്പാട് ലോകത്തിന് മുന്നില്‍ വച്ചതില്‍ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്കുള്ള പങ്ക് മറ്റെന്തിനേക്കാളും കൂടുതലാണ്. അത് തിരുത്താനുള്ള ഉത്തരവാദിത്തം സഭയ്ക്കുണ്ട്. അതിനെ സഭാ നേതൃത്വം അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതാണ്. വിവാഹബന്ധങ്ങളും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധങ്ങളും പുരോഹിതര്‍ക്ക് വിലക്കാന്‍ പാടില്ല. കത്തോലിക്ക സഭയുടെ ദൈവശാസ്ത്ര സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് കിഴക്കന്‍ സഭകളുടേതും (ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, ജേക്കബൈറ്റ് തുടങ്ങിയവ) ആംഗ്ലിക്കന്‍ സഭയുടേതും (പ്രൊട്ടസ്റ്റന്റ്). അവര്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദിക്കുന്നുണ്ട്. മാത്രമല്ല ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി പുരോഹിതരെ കാണുന്നുമില്ല. അവരെ സംബന്ധിച്ച് പുരോഹിതര്‍ ജനപ്രതിനിധികളാണ്. ദൈവത്തിന് മുന്നില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍. അവര്‍ പുരോഹിതവൃത്തിക്ക് ശമ്പളം നല്‍കുകയും ചെയ്യുന്നു.

പൗരസ്ത്യസഭകളിലെ പുരോഹിതര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെങ്കിലും കത്തോലിക്ക പുരോഹിതരുടെ പേരിലുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ലൈംഗികാതിക്രമങ്ങളുടെ പേരിലുള്ള കുപ്രസിദ്ധിയും കളങ്കവും കൂടുതലുള്ളതും കത്തോലിക്ക പുരോഹിതരുടെ പേരിലാണ്. ഇതെല്ലാം പാഠമാക്കിയുള്ള സമൂല പരിഷ്കരണത്തിന് കത്തോലിക്ക സഭാ നേതൃത്വം തയ്യാറാവുന്നില്ലെങ്കില്‍ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനാവില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരോഹിതരെ സംരക്ഷിക്കുന്ന നിലപാട് ഉപേക്ഷിക്കാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സഹകരിക്കാനും സഭാ നേതൃത്വം തയ്യാറാകണം.


Next Story

Related Stories