TopTop
Begin typing your search above and press return to search.

എറിന്‍ കവലിയര്‍ എന്ന 18-കാരിയുടെ പോരാട്ടത്തിന്റെ കഥ

എറിന്‍ കവലിയര്‍ എന്ന 18-കാരിയുടെ പോരാട്ടത്തിന്റെ കഥ

നിക്ക് ആന്‍ഡേഴ്സണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കുറച്ച് ഗ്ലാസ് വൈനും ടെക്കീല ഷോട്ടുകളും കഴിച്ച ശേഷമാണ് ഒരു വാട്ടര്‍ ബോട്ടിലില്‍ നിറയെ വോഡ്കയും സ്പ്രൈറ്റും നിറച്ച് അമേരിക്കയിലെ കത്തോലിക്ക് സര്‍വകലാശാലയിലെ തന്‍റെ ഒന്നാം സെമസ്റ്ററിന്റെ അവസാനം ആഘോഷിക്കാന്‍ പതിനെട്ടുകാരിയായ എറിന്‍ കവലിയര്‍ ഡോര്മിട്ടറിയിലേയ്ക്ക് പോയത്.

ആ മിക്സഡ്‌ ഡ്രിങ്ക് കഴിച്ച ശേഷമാണ് എറിന്‍ പാര്‍ട്ടിയിലെത്തി ബിയര്‍ കുടിക്കാന്‍ തുടങ്ങിയത്. പാതിരാത്രി കഴിഞ്ഞപ്പോള്‍ ബോധം മറഞ്ഞ അവസ്ഥയിലാണ് തന്നെ കാമ്പസിലെ മുറിയില്‍ എത്തിക്കാമോ എന്ന് ആരോടോ എറിന്‍ ചോദിച്ചത്. പരിചയമുണ്ടായിരുന്ന ഒരു പുരുഷവിദ്യാര്‍ഥി സഹായിക്കാന്‍ ഒരുങ്ങി. താന്‍ ബ്ലാക്ക്ഔട്ട്‌ ആയിപ്പോയിരുന്നു എന്നാണ് എറിന്‍ പറയുന്നത്.

മുറിയിലെത്തിയപ്പോള്‍ എറിന്‍ തനിക്കു ബോധം തിരിച്ചുകിട്ടിയത് ഓര്‍മ്മിക്കുന്നുണ്ട്. ആ മനുഷ്യന്‍ അപ്പോള്‍ അവളെ റേപ്പ് ചെയ്യുകയായിരുന്നു. ഒരു ലൈംഗികബന്ധത്തിന് സമ്മതിക്കാന്‍ കഴിയാത്തത്ര മദ്യപിച്ചിരുന്നു താന്‍ എന്നാണ് എറിന്‍ പറയുന്നത്.

പുരുഷന്റെ കഥ വ്യത്യസ്തമാണ്. മുറിയിലെത്തിയശേഷം പരസ്പരസമ്മത പ്രകാരമാണ് ലൈംഗികബന്ധമുണ്ടായത് എന്നാണ് അയാളുടെ പക്ഷം. പുരുഷനില്‍ കുറ്റാരോപണം ഉണ്ടായില്ല. പരസ്പരസമ്മതം ഉണ്ടായിരുന്നു എന്നാണ് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നത് എന്ന് പോലീസും എഴുതി. എന്നാല്‍ കഥ അവിടെ അവസാനിച്ചില്ല.2012 ഡിസംബറില്‍ നടന്ന ഈ സംഭവത്തിനുശേഷം ഉണ്ടായ കാര്യങ്ങള്‍ ഒന്നര വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ കോളേജുകള്‍ പീഡന ആരോപണങ്ങളോട് പ്രതികരിക്കുന്നതിനെപ്പറ്റി വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. കോളേജുകളെ നിശബ്ദമായി ബാധിച്ചു കൊണ്ടിരുന്ന ഒരു പ്രശ്നമാണ് എറിനെപ്പോലെയുള്ള വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്കെത്തിച്ചത്.

ചില കാമ്പസ് പീഡനകഥകള്‍ വ്യക്തമാണ്‌. എന്നാല്‍ പലതിലും മദ്യവും പാര്‍ട്ടികളും വീട്ടില്‍നിന്ന് മാറിനില്‍ക്കുന്ന കൗമാരക്കാരും ഉള്‍പ്പെടുന്നു. ഫെഡറല്‍ നിയമത്തിനുകീഴില്‍ കാമ്പസുകളില്‍ നടക്കുന്ന ലൈംഗികഅതിക്രമങ്ങള്‍ കുറ്റകരമാണെന്ന് മാത്രമല്ല അതിവേഗം പരിഹാരം കണ്ടെത്തേണ്ട ഒരു അവസ്ഥകൂടിയാണ്. സ്കൂളുകള്‍ ആക്ഷനെടുക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടുകൊണ്ടേഇരിക്കുകയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതരുമാണ്.

കോളേജ് കാമ്പസുകളിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കു 2009ല്‍ നിന്ന് 2012 എത്തുമ്പോള്‍ അമ്പതുശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. കാമ്പസുകള്‍ ഏറെ അപകടകരമായി എന്ന് ഇതിനര്‍ത്ഥമില്ല. മുന്‍തലമുറകളിലെ വിദ്യാര്‍ഥികള്‍ നിശബ്ദരായിരുന്നതാവാം കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. കോളേജുകളും ഈ പ്രശ്നത്തെ മനസിലാക്കുന്നതിലും ഏതെങ്കിലും തരം ലഹരികളിലായിരിക്കുന്നത് കൊണ്ട് ഒരാളുടെ സമ്മതം ഉണ്ടെന്ന് സ്ഥാപിക്കാനാകില്ലെന്ന് വിദ്യാര്‍ത്ഥികളെ ബോധിപ്പിക്കുന്നതിലും വിജയിച്ചുവെന്ന് വേണം കരുതാന്‍.

കാമ്പസുകളിലെ പീഡനങ്ങള്‍ക്കെതിരെ പൊതുശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പ്രസിഡന്‍റ് ബരാക് ഒബാമ ഈ വര്‍ഷം ഒരു വൈറ്റ്ഹൌസ് ടാസ്ക് ഫോഴ്സിനെ നിയമിച്ചിട്ടുണ്ട്. നിയമ നിര്‍മ്മാണത്തില്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ട് പീഡന ഇരകളെ ക്ഷണിച്ച് നിയമ നിര്‍മ്മാതാക്കള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു.

എന്നാല്‍ ഓരോ ആരോപണത്തിനും ചുരുങ്ങിയത് രണ്ടു വശമെങ്കിലും ഉണ്ടാകും. ലൈംഗികാരോപണങ്ങള്‍ക്ക് വിധേയരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്പത്തേതിനെക്കാള്‍ കുറവുമാത്രമാണ് നീതിലഭിക്കുന്നത് എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍ റിസ്ക്‌ മാനേജ്മെന്റിന്‍റെ പ്രസിഡന്‍റായ ബ്രെറ്റ് സോകോലോവ് പറയുന്നത്. തങ്ങള്‍ ഇരകളാണ് എന്നാണ് പലപ്പോഴും പീഡനആരോപണം നേരിടുന്ന വിദ്യാര്‍ഥികള്‍ പറയാറ്.

മദ്യപിച്ചുള്ള ലൈംഗികബന്ധമായി മാത്രം കരുതുമായിരുന്ന പല കേസുകളും ഇന്ന് കഠിനമായ നിയമലംഘനങ്ങളായാണ് കരുതപ്പെടുന്നത് എന്ന് സോകോലോവ് പറയുന്നു.

കാത്തലിക്ക് സര്‍വകലാശാല ഒരു പീഡനശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ കൈകാര്യം ചെയ്യുന്ന രീതി മാറേണ്ടതുണ്ടെന്നു എറിന്‍ പറയുന്നു. അതിജീവിച്ച ആള്‍ എന്ന നിലയില്‍ അതെത്രമാത്രം ദുരിതമാണ് എന്ന് തനിക്കറിയാമെന്നും എറിന്‍ പറയുന്നു.വാഷിംഗ്ടന്‍ പോസ്റ്റ്‌ സാധാരണ ലൈംഗിക പീഡനത്തിന്റെ ഇരകളെ വെളിപ്പെടുത്താറില്ല. എന്നാല്‍ എറിന്‍ അവളുടെ കഥയുമായി പൊതുജനത്തിനു മുന്‍പില്‍ വരാന്‍ തയ്യാറായിരിക്കുന്നു. കത്തോലിക്ക് സര്‍വകലാശാല അവരുടെ കേസ് മോശമായി കൈകാര്യം ചെയ്തതിനെതിരെ അവര്‍ കേസും കൊടുത്തിട്ടുണ്ട്‌.

എറിനെ ആക്രമിച്ചു എന്ന് പറയുന്ന വിദ്യാര്‍ഥി ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്താനായില്ല എന്നാണ് സര്‍വകലാശാലയുടെ ഹിയറിംഗ് ബോര്‍ഡ് കണ്ടെത്തിയത്.

“വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്നതിലും പ്രശ്നം പരിഹരിക്കുന്നതിലും സര്‍വകലാശാല ശരിയായ രീതിയില്‍ മാത്രമാണ് ഇടപെട്ടത്” എന്നാണ് സര്‍വകലാശാലയുടെ വക്താവായ വിക്ടര്‍ നകാസ് പറയുന്നത്.

ആറായിരത്തി എഴുന്നൂറോളം വിദ്യാര്‍ത്ഥികളുള്ള കത്തോലിക്ക് സര്‍വകലാശാല 1887ല്‍ ഒരു പേപ്പല്‍ ചാര്‍ട്ടറിലൂടെയാണ് സ്ഥാപിക്കപ്പെട്ടത്. ലൈംഗിക പീഡനകേസുകള്‍ കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരില്‍ ഫെഡറല്‍ അന്വേഷണം നേരിടുന്ന അറുപത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇത്. ഈ ഗണത്തില്‍ ഹാര്‍വാര്‍ഡ് ലോ സ്കൂളും കാലിഫോര്‍ണിയയിലെ ബട്ട്‌ ഗ്ലെന്‍ കമ്യൂണിറ്റി കോളേജും വെസ്റ്റ് വിര്‍ജീനിയയിലെ സ്കൂള്‍ ഓഫ് ഓസ്റ്റിയോപതിക് മെഡിസിനും ഒക്കെ ഉള്‍പ്പെടും.

ബെസ്റ്റ് ഓഫ് അഴിമുഖം

അമേരിക്ക ആദ്യം സ്വയം നന്നാവട്ടെ
18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?
ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍
ഞാനുമാണ് നിര്‍ഭയ എങ്കില്‍
അവളെ പൊള്ളിച്ചു കൊല്ലുന്നതിന് മുമ്പ്


വിദ്യാഭ്യാസവകുപ്പില്‍ ഏതെങ്കിലും വ്യക്തി പരാതിനല്‍കുമ്പോഴാണ് ഫെഡറല്‍ അന്വേഷണം ഉണ്ടാകുന്നത്. സ്കൂളുകള്‍ നിയമം ലംഘിക്കുന്നു എന്ന മുന്‍വിധിയൊന്നും തങ്ങള്‍ക്ക് ഇല്ലെന്ന് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

കത്തോലിക് സര്‍വകലാശാല ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനുശേഷം തനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഒരു ഇന്റര്‍വ്യൂവിലൂടെ എറിന്‍ വിശദമാക്കി. തന്റെ സ്വകാര്യതാഅവകാശങ്ങള്‍ വേണ്ടെന്നുവയ്ക്കാനും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനും സര്‍വകലാശാലയ്ക്ക് അനുമതി നല്‍കുകയാണ് എറിന്‍ ചെയ്തത്. എന്നാല്‍ പ്രശ്നത്തില്‍ ഇടപെട്ട രണ്ടുവിദ്യാര്‍ഥികളെയും ഇത് ബാധിക്കും എന്ന കാരണം പറഞ്ഞ് സര്‍വകലാശാല ഇത് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

ബാലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ ഫോണിലും ഫെസ്ബുക്കിലും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. കുറ്റം ചാര്‍ജ് ചെയ്തിട്ടില്ലാത്തത് കൊണ്ടും സര്‍വകലാശാല ഹിയറിംഗ് ബോര്‍ഡ് തെളിവുകളില്ല എന്ന് പറഞ്ഞതിനാലും വിദ്യാര്‍ത്ഥിയെ ഇവിടെ വെളിപ്പെടുത്തുന്നില്ല. എറിന്‍ പറഞ്ഞതുമാത്രമല്ല കഥയിലുള്ളത് എന്നാണ് വിദ്യാര്‍ഥിയുടെ അച്ഛന്‍ പറയുന്നത്. “പുറത്തുവരാത്ത ഒരുപാട് കാര്യങ്ങളുണ്ട്” എന്ന് പറഞ്ഞ് പ്രതിയുടെ അച്ഛന്‍ സംസാരം അവസാനിപ്പിച്ചു.ഏഴ് കുട്ടികളില്‍ ആറാമത്തെയാളായ എറിന്‍ കാത്തോലിക് സ്കൂളുകളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പൊളിറ്റിക്സിലാണ് എറിന്റെ ബിരുദപഠനം. തീവ്രവാദത്തെ എതിര്‍ക്കുന്ന ജോലികളില്‍ പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും എറിന്‍ പറയുന്നു.

ഡിസംബര്‍ പതിനാലിന് പരീക്ഷകള്‍ അവസാനിച്ച് വീട്ടിലേയ്ക്ക് തിരികെപ്പോകാന്‍ ഒരുങ്ങുകയായിരുന്നു എറിന്‍. മറ്റൊരു ഹോസ്റ്റലിലെ പാര്‍ട്ടിക്ക് ഒരു സുഹൃത്താണ് എറിനെ അന്ന്‍ ക്ഷണിച്ചത്. പത്തുമണിക്ക് മദ്യപിക്കാന്‍ തുടങ്ങി എന്നും പന്ത്രണ്ടരയ്ക്ക് അവസാനിപ്പിച്ചുവെന്നുമാണ് എറിന് പറയുന്നത്. താന്‍ “ബ്ലാക്ക്ഔട്ട്‌ ഡ്രങ്ക്” ആയിരുന്നു എന്നാണ് എറിന്‍ പറയുന്നത്. പാര്‍ട്ടി നടന്നയിടത്ത് ഉറങ്ങിവീഴുമെന്ന അവസ്ഥ വന്നപ്പോഴാണ് പോകാന്‍ തീരുമാനിച്ചത് എന്നും ആരെങ്കിലും വീട്ടില്‍ എത്തിക്കുമോ എന്ന് ചോദിച്ചുവെന്നുമാണ് എറിന്‍ ഓര്‍മ്മിക്കുന്നത്. കിടക്കയില്‍ തന്നെ ആരോ ആക്രമിക്കുന്നത് അറിയുന്നതു വരെ പിന്നീടൊന്നും ഓര്‍മ്മയില്ല എന്നാണ് എറിന്‍ പറയുന്നത്. അയാള്‍ പോയതിനുശേഷം എറിന്‍ ബാത്ത്റൂമില്‍ പോയി. ഒരു റസിഡന്‍റ് അസിസ്റ്റന്‍റ് ആണ് ബാത്ത്റൂമില്‍ കരയുന്ന എറിനെ കണ്ടെത്തിയത്.

എന്തുപറ്റി എന്ന് അവര്‍ ചോദിച്ചപ്പോള്‍ താന്‍ ബലാത്സംഗം ചെയ്യപെട്ടു എന്ന് എറിന്‍ പറഞ്ഞു.

റെസിഡന്റ് അസിസ്റ്റന്‍റ് സഹായത്തിന് ആളെ വിളിച്ചു. കാമ്പസ് പോലീസ് സ്ഥലത്തെത്തി. വാഷിംഗ്ടന്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമം നടന്നോ എന്ന് പരിശോധിക്കപ്പെട്ടു. വിക്റ്റിം റിക്കവറിയില്‍ നിന്ന് ഒരു വക്കീല്‍ എത്തി. എറിന്‍ മാതാപിതാക്കളെ വിളിച്ചു.

പോലീസ് സംസാരിച്ചപ്പോള്‍ ക്രിമിനല്‍ ചാര്‍ജുകളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് എറിന്‍ പറഞ്ഞു.

“അവര്‍ ചോദ്യം ചെയ്തപ്പോഴും ഞാന്‍ മദ്യത്തിന്റെ ലഹരിയിലും അങ്ങേയറ്റം പേടിച്ച അവസ്ഥയിലുമായിരുന്നു. ഒരു ലീഗല്‍ പ്രോസസിലൂടെ കടന്നുപോകുന്നത് ഭീകരമായാണ് എനിക്ക് അപ്പോള്‍ തോന്നിയത്”. എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള രതിയായി വെളുപ്പിന് മൂന്നുമണിക്ക് പോലീസ് കേസ് ഫയല്‍ ചെയ്തതിനെ എറിന്‍ എതിര്‍ത്തു.

“അന്ന് ഞാന്‍ പോലീസിനോടോ മറ്റാരോടെങ്കിലുമോ പറഞ്ഞത് എന്താണെന്ന് കൃത്യമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല, എന്നാല്‍ എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നത് ഞാന്‍ റേപ്പ് ചെയ്യപ്പെട്ടു എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത് എന്നാണ്. സമ്മതത്തോടെയുള്ള ബന്ധമായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.”

എറിന്റെയൊപ്പമുണ്ടായിരുന്ന വക്കീലായ ലിന്‍ട്സെ സില്‍വര്‍ബര്‍ഗും ഇത് ശരിവയ്ക്കുന്നു.

രക്തത്തിലെ മദ്യത്തിന്റെ അളവും ഉയര്‍ന്നതായിരുന്നു എന്നാണ് ടോക്സിക്കോളജി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്ന് ഉച്ചതിരിഞ്ഞ് എറിന്‍ കാലിഫോര്‍ണിയയിലെ വീട്ടിലേയ്ക്ക് പോയി.

രണ്ടുദിവസം കഴിഞ്ഞ് സര്‍വകലാശാല അധികൃതര്‍ എറിന് ഇമെയില്‍ അയച്ചു. “സുഖവിവരം അന്വേഷിക്കാനാണെന്നും എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ സഹായിക്കാന്‍ സന്നദ്ധയാണെന്നും ആയിരുന്നു അസിസ്റ്റന്‍റ് ഡീന്‍ ആയ റേച്ചല്‍ വെയ്നര്‍ ആ കത്തില്‍ എഴുതിയത്.

ഫോണില്‍ സംസാരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എറിന്‍ തിരികെയെഴുതി. എന്നാല്‍ ആരും അവധിക്കാലം കഴിഞ്ഞിട്ടും അവളെ തിരികെ വിളിച്ചില്ല. തിരികെയെത്തിയപ്പോള്‍ കാണാന്‍ താല്‍പ്പര്യം കാണിച്ചു എറിന്‍ റേച്ചലിന് എഴുതി.

അന്നുതന്നെ കാണാം എന്ന് ഉടന്‍ തന്നെ റേച്ചലിന്‍റെ മറുപടി വന്നു. അവധിക്കാലത്ത്‌ സംസാരിക്കാന്‍ കഴിയാഞ്ഞതില്‍ ഖേദവുമറിയിച്ചു. സര്‍വകലാശാലയും എറിനും തമ്മില്‍ നാലാഴ്ച സംസാരിക്കാതിരുന്നതിന്റെ തെളിവാണ് ഇമെയിലുകള്‍. റേച്ചല്‍ വെയിനര്‍ ഈ കേസ് ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല.

സര്‍വകലാശാലയുടെ ജനറല്‍ കൌണ്‍സില്‍ അംഗമായ ലോറന്‍സ് മോറിസ് ഈ കേസിനെപ്പറ്റി സംസാരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഒരു ലൈംഗിക ആരോപണം ഉന്നയിക്കുന്ന ഏതുവിദ്യാര്‍ത്ഥിയോടും അവധിക്കാലത്ത്‌ പോലും സര്‍വകലാശാല ഉടനടി ബന്ധപ്പെടാറുണ്ടെന്ന് മോറിസ് പറഞ്ഞു.

റേച്ചല്‍ വെയിനറെ കണ്ടപ്പോള്‍ അവര്‍ ഏറിനു രണ്ടു മാര്‍ഗങ്ങളാണ് മുന്നോട്ടു വെച്ചത്: ഒരു ക്രിമിനല്‍ ചാര്‍ജുമായി മുന്നോട്ടു പോവുകയോ അച്ചടക്ക നടപടികള്‍ ആവശ്യപ്പെടുകയോ ചെയ്യുക, അല്ലെങ്കില്‍ സംഭവം മറന്നുകളയുക. അച്ചടക്ക നടപടികള്‍ ആവശ്യപ്പെടാനാണ് എറിന്‍ തീരുമാനിച്ചത്.ജനുവരി പതിനാറിന് കാമ്പസ് പോലീസ് എറിനെ അഭിമുഖം ചെയ്തു. എറിന്റെ പരാതി കേള്‍ക്കാന്‍ ഒരു ഹിയറിംഗ് വിളിക്കാനുള്ളത്ര തെളിവുകള്‍ ഇല്ല എന്ന് ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് ജോനാഥന്‍ സോയര്‍ പറഞ്ഞു. രണ്ട് വിദ്യാര്‍ത്ഥികളും തമ്മില്‍ അകലം പാലിക്കാനുള്ള നടപടികള്‍ എടുക്കാമെന്ന് സര്‍വകലാശാല പറഞ്ഞു.

തനിക്ക് അത്ഭുതം തോന്നിയെന്ന് എറിന്‍ പറഞ്ഞു. അതുവരെ സര്‍വകലാശാല തന്റെ പക്ഷമാണ് എന്ന് എറിന്‍ ധരിച്ചിരുന്നു. എന്നാല്‍ ഇതോടെ ഏറിനു സംശയങ്ങള്‍ തോന്നിത്തുടങ്ങി. “ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാന്‍ ഒരവസരം പോലും അവര്‍ എനിക്ക് തന്നില്ല. അതാണ്‌ എന്നെ ഏറ്റവും വിഷമിപ്പിച്ചത്.”

പിന്നീട് വിക്ടിം റിക്കവറിയിലെ മാറ്റ് ഓണ്‍സ്ടീന്‍ ആണ് ടോക്സിക്കൊളജി റിപ്പോര്‍ട്ട് എടുക്കാനും എറിന്‍ സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല എന്ന് പറയാനും സഹായിച്ചത്.

ഏപ്രില്‍ പത്തിന് കാമ്പസ് പോലീസ് എറിനെ വീണ്ടും അഭിമുഖം ചെയ്തു. അപ്പോള്‍ ഓണ്‍സ്ടീന്‍ ഒപ്പമുണ്ടായിരുന്നു. ചില മദ്യപര്‍ മദ്യപിച്ചാലും ലൈംഗികബന്ധത്തിനു സമ്മതം കൊടുക്കാറുണ്ടെന്നു അവര്‍ എറിനോട് പറഞ്ഞു.

അവരുടെ വിശദീകരണം വേദനയുണ്ടാക്കിയതായി ഓണ്‍സ്ടീന്‍ പറയുന്നു. എറിന്‍ മദ്യത്തിന്റെ അടിമയായ അമ്പതുവയസുകാരിയല്ല. അവള്‍ക്ക് മദ്യം ബാധിക്കാതിരിക്കാന്‍ തക്ക പ്രതിരോധ ശേഷിയൊന്നുമില്ല.

സാക്ഷികളില്ലാത്തതുകൊണ്ട് എറിന്റെ ആരോപണം വിശ്വസിക്കാന്‍ അവര്‍ വിസമ്മതിച്ചു. കേസ് ഇഴഞ്ഞുനീങ്ങി. എറിന്‍ പഠനം തുടരുകയും റേപ്പ് ചെയ്ത വിദ്യാര്‍ത്ഥിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ എറിന്റെ മാതാപിതാക്കളും വേവലാതിയിലായിരുന്നു. ഒരു സെമസ്റ്റര്‍ കൂടി കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.

നിയമസഹായം തേടാനായി എറിന്റെ അച്ഛന്‍ സ്ഥലത്തെത്തി. ഏപ്രിലില്‍ അവര്‍ ആവശ്യപ്പെട്ട സര്‍വകലാശാല റിപ്പോര്‍ട്ട് ജൂലൈ എട്ടിന് അവര്‍ക്ക് ലഭിച്ചു. സാക്ഷികളുടെ മൊഴികള്‍ എറിന്റെ വക്കീലന്മാരെ അമ്പരപ്പിച്ചു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ എറിന്‍ മദ്യപിച്ച് മയങ്ങി വീഴുകയായിരുന്നുവെന്നും നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു എന്നും പറഞ്ഞിരുന്നു.

സര്‍വകലാശാലയുടെ നിയമപ്രകാരം ഹിയറിംഗ് ബോര്‍ഡില്‍ നാല് അധ്യാപകരാണ് ഉണ്ടാകുന്നത്. വാദിക്കും പ്രതിക്കും രേഖകളും സാക്ഷിമൊഴികളും ഒരേ പോലെ ഉപയോഗിക്കാവുന്നതാണ്. രഹസ്യമായി നടക്കുന്ന നടപടികളില്‍ വിദ്യാര്‍ത്ഥികളുടെയൊപ്പം ഒരു ഉപദേഷ്ടാവായി വക്കീലിനും കൂടെയിരിക്കാവുന്നതാണ്.

സര്‍വകലാശാല എറിന്റെ അച്ഛനമ്മമാരെ നടപടികളില്‍ നിന്ന് വിലക്കിയെന്നാണ് എറിന്‍ പറയുന്നത്. ഹിയറിംഗ് ആറുമണിക്കൂര്‍ നീണ്ടുനിന്നു. പ്രതിയ്ക്ക്നേരെയാണ് എറിന്‍ ഇരുന്നത്.

ആറുദിവസം കഴിഞ്ഞ് വന്ന വിധിയില്‍ “ബലം പ്രയോഗിച്ചില്ല” എന്നും എറിന്‍ സമ്മതം നല്‍കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നുവെന്നും എറിന്‍ സമ്മതം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ആ പുരുഷ വിദ്യാര്‍ത്ഥിക്ക് തോന്നിയില്ല എന്നുമായിരുന്നു പറഞ്ഞിരുന്നത്. അയാള്‍ കുറ്റവിമുക്തനായി.

ഡിസംബര്‍ ഇരുപതിന് എറിന്‍ വിദ്യാഭ്യാസവകുപ്പിന്റെ സിവില്‍ റൈറ്റ്സ് ഓഫീസില്‍ പരാതി സമര്‍പ്പിച്ചു. ജനുവരി എട്ടിനാണ് ഫെഡറല്‍ അന്വേഷണം തുടങ്ങിയത്. സര്‍വകലാശാല ഈ ലൈംഗികപീഡന പരാതിയോട് എങ്ങനെ പ്രതികരിച്ചു എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ കോളേജുകള്‍ സാധാരണയായി അറുപത്ദിവസമാണ് എടുക്കാറുള്ളത് എന്നും അതും അത്യാവശ്യമല്ല എന്നും ഫെഡറല്‍ ഗൈഡ്ലൈന്‍ പറയുന്നു.

ലൈംഗികാതിക്രമ പരാതികളെപ്പറ്റി ആളുകളെ ബോധവല്‍ക്കരിക്കാനായി ഒരു ആക്റ്റിവിസ്റ്റ് ആകാനും ഒരുങ്ങുകയാണ് എറിന്‍ ഇപ്പോള്‍. ലൈംഗികാതിക്രമം തടയാനായി കാമ്പസില്‍ ‘രാത്രിയെ തിരിച്ചുപിടിക്കല്‍’ സമരത്തിനും എറിന്‍ മുന്‍കൈ എടുത്തു. കാത്തലിക് സര്‍വകലാശാലയില്‍ തന്നെ നിന്ന് തന്റെ ഡിഗ്രി പൂര്‍ത്തിയാക്കും എന്ന ഉറച്ച തീരുമാനത്തിലാണ് അവള്‍.

‘അയാള്‍ ചെയ്തതോ സര്‍വകലാശാലയുടെ നിലപാടുകളോ എന്റെ വിദ്യാഭ്യാസത്തെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അത് ന്യായമല്ല.”


Next Story

Related Stories