TopTop
Begin typing your search above and press return to search.

ഇതും കേരളത്തിലാണ്; നമ്മുടെ പെൺകുഞ്ഞുങ്ങളെ വേട്ടയാടുന്നതാരെന്ന് നോക്കൂ; ഈ കണക്കുകള്‍ ഞെട്ടിക്കും

ഇതും കേരളത്തിലാണ്; നമ്മുടെ പെൺകുഞ്ഞുങ്ങളെ വേട്ടയാടുന്നതാരെന്ന് നോക്കൂ; ഈ കണക്കുകള്‍ ഞെട്ടിക്കും

ആദ്യമൊക്കെ ആ തൊടലും തലോടലും അച്ഛന്റെ വാത്സല്യമായാണ് നിയ (യഥാര്‍ത്ഥ പേരല്ല) കരുതിയത്. എന്നാല്‍ ഹൈസ്‌കൂളിലെത്തിയതോടെ വാത്സല്യ പ്രകടനങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തോ ഒളിഞ്ഞിരിക്കുന്നതായി അവള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങി. സ്‌നേഹത്തോടെ തന്നെ ചേര്‍ത്തു പിടിക്കുകയും വാരിപ്പുണരുകയും ചെയ്യുന്ന അച്ഛന്റെ കൈകള്‍ക്ക് ബലം വര്‍ധിക്കുന്നത് പോലെ. പിന്നീട് ആ സ്‌നേഹ പ്രകടനങ്ങള്‍ അവള്‍ക്കൊരു പേടി സ്വപ്‌നമായി മാറിത്തുടങ്ങി. തന്റെ പിറകെ 'സ്‌നേഹ'വുമായെത്തുന്ന അച്ഛനെ അവള്‍ തന്നാലാവും വിധം തട്ടിമാറ്റി. അച്ഛനെ കുറിച്ച് ആരോട് പരാതി പറയാന്‍? അമ്മയോടോ അതോ ടീച്ചറോടോ? ആരോടും ഒന്നും പറയാനുള്ള ധൈര്യമില്ലായിരുന്നു. ഒടുവില്‍ എല്ലാവരുമറിഞ്ഞു, നിയയുടെ ഗര്‍ഭപാത്രത്തില്‍ അവളുടെ അച്ഛന്റെ ബീജം കുട്ടിയുടെ രൂപത്തില്‍ ഉരുവെടുക്കുന്ന കാര്യം. ആര്? എപ്പോള്‍? എങ്ങനെ? കാരണങ്ങള്‍ക്ക് പിന്നാലെ എല്ലാവരും പാഞ്ഞു. ശത്രുവിനെപ്പോലെ പെരുമാറുന്ന അമ്മ, ബന്ധുവീട്ടിലേക്ക് താമസം മാറിപ്പോയ ഇളയ സഹോദരന്‍, ഇതിനിടയില്‍ അവള്‍ മാത്രം ഒറ്റപ്പെട്ടു.

നിയയുടെ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ല. കേരളം മുഴുവന്‍ ഇത്തരം അച്ഛന്‍മാരും ബന്ധുക്കളും ഒളിഞ്ഞിരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇതിന് തെളിവാണ്. നാല് മാസത്തിനിടെ ഇത്തരത്തില്‍ ഗര്‍ഭവതികളായി തങ്ങളുടെ പക്കലെത്തിയത് ഏഴ് പെണ്‍കുട്ടികളെന്ന് ചൈല്‍ഡ് ലൈന്‍. തിരുവനന്തപുരം ജില്ലയില്‍ മാത്രമുള്ള കണക്കാണിത്. അതും ചൈല്‍ഡ് ലൈനിന്റെ സഹായം തേടിയെത്തിവര്‍. അപമാനഭാരവും ഭയവും മൂലം പുറത്തുപറയാത്ത നിരവധി പെണ്‍കുട്ടികള്‍ ഇനിയുമേറെയെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പല കേസുകളും ആശുപത്രിയില്‍ എത്തുമ്പോഴാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയുന്നത്.

തിരുവനന്തപുരം നഗരത്തിലും നഗര പരിധിയിലുമുള്ള സ്‌കൂളികളിലെ വിദ്യാര്‍ഥിനികളാണ് ഇവരില്‍ പലരുമെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. സംസ്ഥാനമൊട്ടുക്കുമുള്ള കണക്കുകള്‍ ക്രോഢീകരിച്ചിട്ടില്ലെങ്കിലും 25ല്‍ അധികം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് അനൗദ്യോഗിക വിവരം. അച്ഛന്‍, സഹോദരന്‍, അടുത്ത ബന്ധുക്കള്‍, കാമുകന്‍ എന്നിവരെല്ലാം ഈ കേസുകളില്‍ പ്രതിസ്ഥാനത്തുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. പൊതുവിടങ്ങളും, വീടകങ്ങളും ഒരു പോലെ പെണ്‍കുട്ടികള്‍ക്ക് ഭീഷണിയാവുന്നതിന്റെ തെളിവുകള്‍ കൂടിയാണിവ.

'പ്രധാനമായും രണ്ട് തരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്‌കൂളില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടികളെ പ്രണയത്തിനും ശാരീരിക ബന്ധത്തിനും പ്രേരിപ്പിക്കുന്ന നിരവധി ചെറുപ്പക്കാരാണ് ഒരിടത്ത് വില്ലന്‍മാര്‍. അച്ഛനമ്മമാരുമായി കുട്ടികള്‍ക്ക് ഇഴയടുപ്പമുള്ള ബന്ധമില്ലാതായിപ്പോവുന്നത് ഇത്തരക്കാരെ സഹായിക്കുകയാണ്. സ്‌കൂളിലേക്കിറങ്ങുന്ന പെണ്‍കുട്ടികളെ പ്രണയമെന്ന പേരില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാരുടെ സ്വാധീനവലയത്തില്‍ പെണ്‍കുട്ടികളില്‍ ചിലരെങ്കിലും വീണുപോവുന്നു എന്നതാണ് വസ്തുത. രാത്രികാലങ്ങളില്‍ കാമുകന്‍മാര്‍ക്കായി വീടിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാന്‍ വരെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തയ്യാറാവുന്നുണ്ട്. പെണ്‍കുട്ടികളായാലും ആണ്‍കുട്ടികളായാലും മൂന്നും നാലും ക്ലാസ്സുകളിലാവുമ്പോള്‍ തന്നെ പോണോഗ്രാഫി മുതലുള്ള അഡള്‍ട്ട് കണ്ടന്റുകളോട് കുട്ടികള്‍ പരിചയമുള്ളവരാവുന്നതാണ് ഒരു പരിധിവരെ ഇതിന് കാരണം.

രണ്ടാമത്തേത് വീടുകള്‍ക്കുള്ളില്‍ തന്നെയുണ്ടാവുന്ന അബ്യൂസുകളാണ്. അടുത്ത ബന്ധുക്കളും വളരെ പ്രിയപ്പെട്ടവരുമാവുമ്പോള്‍ അബ്യൂസുകളെ കുറിച്ച് പുറത്തുപറയാന്‍ പല പെണ്‍കുട്ടികളും മടിക്കും. അച്ഛനും സഹോദരനും ബന്ധുക്കളുമെല്ലാം ഗര്‍ഭിണികളാക്കിയ പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനിനെ ആശ്രയിച്ചെത്താറുണ്ട്.

ഈ രണ്ട് കേസുകളിലും എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പെണ്‍കുട്ടികളാണ് ഇരകളാവുന്ന തെന്നതാണ് ദു:ഖകരമായ സത്യം. മിക്കപ്പോഴും അഞ്ചും ആറും മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഗര്‍ഭവതികളാണെന്ന കാര്യം തന്നെ കുട്ടികള്‍ക്ക് മനസ്സിലാവുന്നത്' ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍മാരിലൊരാളായ ഫാ.പി.ഡി.തോമസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളില്‍ 1568 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 93 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക അതിക്രമത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക, നിയമ വിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുടങ്ങിയവ തടയുന്നതിനായി പോസ്‌കോ നിയമം കൊണ്ടു വന്നെങ്കിലും പീഡനങ്ങള്‍ക്ക് കുറവ് വന്നിട്ടില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോസ്‌കോ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 'എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് പോസ്‌കോ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായുള്ള പ്രത്യേക കോടതികള്‍ ഉള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ തുടങ്ങി കുറ്റക്കാരായവരെ കാലതാമസം കൂടാതെ ശിക്ഷിച്ചാല്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനാവൂ. അതുപോലെ ഇരകളായവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ട്രോമാ കൗണ്‍സലിംഗ് ആവശ്യമാണ്. എന്നാല്‍ അതിന് യോഗ്യതയുള്ളവരെ കിട്ടാനില്ല.' ചൈല്‍ഡ് ലൈന്‍ ഡയറക്ടറായ ഫാ. പി ഡി തോമസ് പറഞ്ഞു.

പോക്സോ നിയമ പ്രകാരമെടുത്ത അയ്യായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നുമാണ് വ്യവസ്ഥ.

പോക്സോ- നോക്കുകുത്തി പോലൊരു നിയമം

പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ എടുത്ത കേസുകളില്‍ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലധികം. ഇതു കൂടാതെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരത്തോളം കേസുകള്‍ വേറെയും. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായത് 4977 കുട്ടികളാണ്. 2016 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകലാണിത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്യല്‍ ഒഫന്‍സ് ആക്റ്റ് (പോക്‌സോ) 2012ലാണ് നിലവില്‍ വന്നത്.

മാനഹാനി, ഭീഷണി, അറിവില്ലായ്മ തുടങ്ങിയവ കാരണം പരാതിപ്പെടാത്തവരുടെ എണ്ണം ഔദ്യോഗിക കണക്കിനും മുകളിലാണെന്നാണ് കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. സംസ്ഥാനത്ത് ഈ നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസെടുത്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 718 കേസുകള്‍. ഇതില്‍ 447 കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളൂ. ബാക്കി 271 കേസുകളില്‍ ചിലത് ഒത്തുതീര്‍പ്പാവുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കേസില്‍ എറണാകുളം ജില്ലയാണ് രണ്ടാമത്, 632 കേസുകളാണ് എറണാകുള്ളത് രജിസ്‌ററര്‍ ചെയ്തിരിക്കുന്നത്. 187 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തൃശൂര്‍ ജില്ല പട്ടികയില്‍ മൂന്നാമത് വന്നു. ഏറ്റവും കുറവ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. 187 കേസുകളാണ് വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2012-13 ലായിരുന്നു പോക്‌സോ നിയമം വന്നത്. ആ വര്‍ഷം തന്നെ വന്ന പരാതികളുടെ എണ്ണം 1000നു മുകളിലായിരുന്നു. ഇപ്പോള്‍ (2016 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം) 5000നടുത്താണ് പോക്‌സോ കേസ് എത്തിയിരിക്കുന്നത്. പലപ്പോഴും കേസുകളുടെ വിചാരണ നീണ്ടു പോകുന്നതും അതുകാരണം കുറ്റവാളികള്‍ രക്ഷപ്പെടുന്നതുമാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാനും തടയാനും കഴിയാത്തത്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വിധി ലഭ്യമായാല്‍ തന്നെ ഈ കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാകുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുമ്പോഴും നിയമം നടപ്പാക്കേണ്ടവര്‍ ഒന്നും ചെയ്യുന്നില്ല എന്നതാണു കേരളത്തിന്റെ നിര്‍ഭാഗ്യം.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories