TopTop
Begin typing your search above and press return to search.

ഉടലുത്സവത്തിന്റെ പ്രണയപ്പൂരക്കൊടിയേറ്റം- ഭാഗം ഒന്ന്

ഉടലുത്സവത്തിന്റെ പ്രണയപ്പൂരക്കൊടിയേറ്റം- ഭാഗം ഒന്ന്

വിലാപ്പുറങ്ങള്‍ (നോവല്‍)
ലിസി
മാതൃഭൂമി ബുക്സ്, 2014മലയാളസാഹിത്യത്തിലെ സ്ത്രൈണാവസ്ഥയെക്കുറിച്ചുള്ള ആവിഷ്കാരങ്ങളും അന്വേഷണങ്ങളും ചില വാര്‍പ്പുമാതൃകയ്ക്കകത്തു നില്‍ക്കുകയാണെന്നു പറയാം. പുരുഷജീവിതത്തിന്റെ ബഹുതലസ്പര്‍ശിയായ ആവിഷ്കാരങ്ങളും പലതലത്തില്‍ ഉണ്ടാകുമ്പോള്‍ സ്ത്രീയെ ശരീരമെന്ന മാധ്യമത്തില്‍ ഉടക്കിയിടുന്ന, ശ്രദ്ധിച്ചു വ്യാഖ്യാനിക്കേണ്ട ഒരുടല്‍ നിനക്കുണ്ടെന്നോര്‍മ്മിപ്പിച്ചുകൊണ്ടുള്ള പരിഭാഷകളാകുന്നു മിക്ക സ്ത്രീപാത്രങ്ങളും. ഇന്ദുലേഖ, സുഭദ്ര, സുകുമാരി, ഉമ്മാച്ചു, കറുത്തമ്മ, രാധ, വിമല, കള്ളിച്ചെല്ലമ്മ, ലൂസി, മര്‍ഗലീത്ത തുടങ്ങിയ സ്ത്രീഭാവനകള്‍ വിളിച്ചുപറയുന്നുണ്ട് ഉടലിന്റെ നിയന്ത്രണരേഖകള്‍ക്കിപ്പുറം നിന്നേ സ്ത്രീക്കു ഉയിരെടുക്കാനാവൂ എന്ന യാഥാര്‍ഥ്യം. ജീവിതാവസ്ഥകളോട് തന്റേടത്തോട് പൊരുതുക, ഒരുപരിധിവരെ പുരുഷനോട് തുല്യത ആവശ്യപ്പെടുക, വീടിനെ പരിപാലിക്കുക, വെറും സ്ത്രീയല്ലെന്നു പ്രഖ്യാപിക്കുക, തുടങ്ങിയവയെല്ലാം ഈ കഥാപാത്രങ്ങളില്‍ കാണാം. തന്റേടമുള്ള, വ്യക്തിത്വമുള്ള സ്ത്രീപാത്രങ്ങളെന്നു നിരൂപണത്തില്‍ കോറിവയ്ക്കുന്നത് ഇവരുടെ പൊതുസൂചകമായാണ്. ഇവരില്‍ പലര്‍ക്കും വീട് ഭാരമായി തോന്നിയവരാണ്. പക്ഷെ പലതുകൊണ്ടും വീട്ടില്‍ത്തന്നെ ഇരുന്നുപോയവരാണ്. ഇവര്‍ക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ തങ്ങളുടെ പ്രണയവും കാമവും പറയാന്‍, പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറയാം. തന്റേടമെന്നു സാങ്കേതികമായി പറയുമ്പോഴും ശരീരത്തിന്റെ ഇച്ഛകളെ തുറന്നുവിടുന്ന തന്റേടം ഇവര്‍ക്കന്യമായിരുന്നു.

ഇവര്‍ക്ക് അപരമായി മറ്റു ചില സ്ത്രീകളെയും നോവലുകളില്‍ കാണാം. ശരീരത്തിന്റെ ബാധ്യതകളില്ലാതെ ജീവിച്ച വേശ്യകളെന്ന് അറിയപ്പെടുന്നവര്‍. നായികാപട്ടത്തിലേക്കോ മറ്റ് സ്ത്രീകള്‍ക്കു നല്‍കുന്ന മഹനീയതയിലേക്കോ ഇവരൊരിക്കലും വന്നിട്ടില്ല. വെറുക്കപ്പെടുന്ന ഗുണങ്ങളുടെ ഇരിപ്പിടമായി അവരലഞ്ഞുനടന്നു. കാമം എന്ന വിഴുപ്പോ വൃത്തികേടോ പേറി ശരീരത്തിന്റെ പീഡകളുമായി നടന്നവര്‍. ചുരുക്കത്തില്‍ മലയാളി പുരുഷഭാവന കുടുംബിനിക്കും വേശ്യയ്ക്കും ഇടയിലാണ് സ്ത്രീയെ നിര്‍ത്തിയത്. വിശ്വസ്തതയുള്ള ഭാര്യ, കാമുകി, അമ്മ എന്നീ സ്ഥാനങ്ങളിലേക്കാണ് ഇവരെ നിര്‍ത്തുന്നത്. അല്ലെങ്കില്‍ അതിന് പുറത്തുപോകാം. ഇവിടെയെല്ലാം ജാതി കൃത്യമായി ഇടപെടുകയും ചെയ്യുന്നതുകാണാം. കുലീനയുടെ ജാതിഘടനയ്ക്കുള്ളിലാണ് നായികമാരെ 'നല്ലവളാ'ക്കുന്നത്. ഇതിനിടയില്‍ കള്ളിച്ചെല്ലമ്മയെപോലെ കുതറിയവളെ അത്ര നന്നല്ലാത്തവളുടെ നോട്ടവുമായിട്ടാണ് നാം എതിരിട്ടത്. തങ്ങള്‍ സ്നേഹിക്കുന്ന ഒരാളുമായേ ശരീരം പങ്കിടൂ എന്നു പറയുന്ന ഇവരുടെ പ്രണയത്തെയും വീട്ടമ്മമാരുടെ ജീവിതത്തെയും വേശ്യാത്വത്തെയും വല്ലാതെ ഉടച്ചെറിഞ്ഞുകൊണ്ടാണ് അവള്‍ വരുന്നത്- ലിസിയുടെ വിലാപ്പുറങ്ങള്‍ എന്ന നോവലിലെ പനങ്കേറി, പലിശ മറിയ എന്നൊക്കെ വിളിക്കുന്ന ഇറച്ചിക്കടക്കാരി മറിയ.

കാമവും നവോത്ഥാനവും
ജാതിയും മരുമക്കത്തായവും കൂടിക്കുഴഞ്ഞ കേരളീയ ഫ്യൂഡല്‍ സാമൂഹ്യാവസ്ഥയെ ഉലച്ചാണ് കേരളീയ ആധുനികത കൊളോണിയലിസത്തിലൂടെ സ്ഥാപിതമാകുന്നത്. മരുമക്കത്തായവും ബഹുഭര്‍തൃത്വ-ഭാര്യാത്വവ്യവസ്ഥകള്‍ നിലനിന്നതുമായ ഫ്യൂഡലിസത്തില്‍ ലൈംഗികത വിലക്കപ്പെട്ട ഒന്നായിരുന്നില്ല. കാമവും ആസക്തികളും വര്‍ജ്ജിക്കേണ്ടതോ സ്വകാര്യസ്ഥലത്ത് അനുഷ്ഠിക്കേണ്ടതോ ആയിരുന്നില്ല. ഈ സാമുഹ്യഘടനയെ ആധുനികത ഉടച്ചുവാര്‍ത്തപ്പോള്‍ ശരീരം പാപമായി, വസ്ത്രത്താല്‍ പൂര്‍ണമായും പൊതിയേണ്ടുന്ന വസ്തുവായി, ലൈംഗികത ആരും കാണാത്ത സ്വകാര്യ ഇടത്തു നിര്‍വഹിക്കേണ്ടുന്ന ഒന്നായി. ഭാര്യ, ഭര്‍തൃബന്ധം ആജീവനാന്തം നിലനിര്‍ത്തേണ്ടുന്ന ഒന്നായി. ഇവിടെയല്ലാം സ്ത്രീയുടെ ശരീരത്തെയും കാമനകളെയും പ്രത്യേകമായി നിയന്ത്രിക്കുന്നതും കാണാം. ചുരുക്കത്തില്‍ ശരീരവും അതിന്റെ കാമനകളും വിലക്കുള്ളതോ നിയന്ത്രണം ആവശ്യമുള്ളതോ ഒന്നായാണ് നവോത്ഥാനത്തിലൂടെ പഠിപ്പിക്കപ്പെട്ടത്. പ്രത്യുല്പാദനത്തിന് സഹായകമാകുന്ന ഒന്നാണെന്ന നിലയിലാണ് അത് പരിചരിക്കപ്പെട്ടത്. ശാരീരികാനന്ദത്തിന്റെ വ്യവഹാരങ്ങളെ നവോത്ഥാനം പ്രോത്സാഹിപ്പിച്ചില്ല. കാമം വര്‍ജിച്ചതോ ഉപേക്ഷിച്ചതോ ആയ വ്യവഹാരങ്ങളെയാണ് 'നല്ലതായി' ഇക്കാലത്ത് പരിഗണിക്കപ്പെട്ടത്. കാമം വര്‍ജിച്ച ശരീരമാണ് നല്ല ശരീരം. കാമം പ്രകടിപ്പിക്കുന്ന ശരീരം ലമ്പടത്തം അഥവാ വേശ്യാത്വം ഉള്ളതാണ്. ലൈംഗികതയില്ലാത്ത അഥവാ മറച്ചുവച്ച സാഹിത്യമാണ് നല്ലത്. ലൈംഗികത തുറന്നെഴുതുന്നത് ഇക്കിളി/ പൈങ്കിളി സാഹിത്യമാണ്. അങ്ങനെഎല്ലായിടത്തു നിന്നും ലൈംഗികതയെ നിര്‍മാര്‍ജനം ചെയ്യുന്ന ഭാവുകത്വം രൂപപ്പെടുന്നു. അതുകൊണ്ടാണ് ലൈംഗികത/അശ്ലീലത പാടുന്ന കൊടുങ്ങല്ലൂര്‍ ഭരണി പോലുളളവ ഇല്ലാതാക്കപ്പെടുന്നത്. ലൈംഗികത തുറന്നു പ്രകടിപ്പിക്കുന്ന വ്യക്തി പ്രത്യകിച്ചും സ്ത്രീ ശരിയല്ലാത്തവളായി ഗണിക്കപ്പെടുന്നു. വീടിന്റെ അകത്തളത്തില്‍ ഒരു സ്ത്രീ ഒരു പുരുഷനുമായി മാത്രം ജീവിതകാലം പുലര്‍ത്തേണ്ടുന്ന വിശ്വസ്തതയായി ലൈംഗികത നിര്‍വചിക്കപ്പെടുന്നു. ശാരീരികാനന്ദമുക്തമായ ഇടമായി സമൂഹത്തെ വിഭാവനം ചെയ്യുന്ന സാഹിത്യം അതിലെ കഥാപാത്രങ്ങളെ ഭാവനചെയ്തതും ലൈംഗികത തുറന്നു പ്രകടിപ്പിക്കാത്ത ശരീരങ്ങളായാണ്; പ്രത്യകിച്ച് സ്ത്രീശരീരം.മണിപ്രവാളകാലത്തിലെ സ്ത്രീകള്‍ ലൈംഗികതയുടെ ബിംബങ്ങളായിരുന്നു. ഈ ലൈംഗികത തേടി പുരുഷന്മാരവരുടെ മുന്നില്‍ കാത്തുകിടക്കുന്നതായിരുന്നു അതിലെ വിവരണവിഷയം. ഇത് ഫ്യൂഡല്‍ മരുമക്കത്തായ ലൈംഗികതയുടെ ആവിഷ്കാരമായിരുന്നു. എന്നാല്‍ നവോത്ഥാനം വന്നതോടെ ഇത്തരം കഥാപാത്രങ്ങള്‍ വേശ്യകളായി മാറുന്നു. ലൈംഗികത പ്രകടിപ്പിക്കാത്തവള്‍ കുലീനയായ കുടുംബിനിയും. വേശ്യ/കുലീന എന്ന ദ്വന്ദ്വത്തിലാണ് നവോത്ഥാനാനന്തര സാഹിത്യം സ്ത്രീയെ വാര്‍ത്തത്. ഇന്ദുലേഖ, സുഭദ്ര, ഉമ്മാച്ചു, സുഹ്റ, സാറാമ്മ എന്നിങ്ങനെ മലയാള നോവലിലെ ഏതു നായികയും കുലീനയുടെ ലൈംഗികതാവിരുദ്ധതയെ പ്രകാശിപ്പിക്കുന്നവളായിരുന്നു. സ്ത്രീവാദത്തിന്റെ വരവ് പല വാര്‍പ്പുമാതൃകകളെയും വീട്ടമ്മ എന്നതിനെയും പ്രശ്നവല്കരിച്ചുകൊണ്ട് തന്റേടിയായ പെണ്ണത്തം പോലുള്ള സങ്കല്പങ്ങളെ മുന്നോട്ടുവച്ചു. അപ്പോഴും ലൈംഗികതയും വേശ്യാത്വവും അപരമായി നിന്നു. ആധുനികതയുടെ ലൈംഗികതാവര്‍ജനത്തെ മറികടക്കാനുള്ള ആര്‍ജവം ഇന്നും മലയാള സാഹിത്യം നേടിയിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നത്. അടുത്തകാലത്ത് ശ്രദ്ധേയമായ ആരാച്ചാരിലെ ചേതനയുടെ നിര്‍മിതിയിലും ബാക്കികിടക്കുന്നത് തന്റേടിയായ പെണ്ണ് എന്ന സ്ത്രീവാദത്തിന്റെ മൂശയില്‍ വാര്‍ന്ന സങ്കല്പമാണ്. പുരുഷാധിപത്യത്തിന്റെ കേവലമായ അധികാരത്തെ പ്രതിരോധിക്കുന്ന കര്‍തൃത്വം എന്ന, മലയാളത്തില്‍ പ്രചാരപ്പെട്ടിരിക്കുന്ന സ്ത്രീവാദസങ്കല്പങ്ങളെ സന്തോഷിപ്പിക്കുന്നതിനപ്പുറത്തേക്ക് ചേതനയും വളരുന്നില്ല. ആനന്ദമുക്തമായ ശരീരമായിട്ടാണ് അവളുടെ ശരീരം നില്‍ക്കുന്നത്. ഈ ഭാവുകത്വത്തെയാണ് മറിയ ഉടയ്ക്കുന്നത്.

മറിയ- പാപത്തെ പ്രണയം കൊണ്ട് ഉലച്ചവള്‍
ക്രിസ്ത്യാനികള്‍ ഏറെ ഉപയോഗിക്കുന്ന എന്നാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട നാമമാണ് മറിയ എന്നത്. മഗ്ദലന മറിയ എന്നൊരു വേശ്യയുടെ ആഖ്യാനം ബൈബിളിലുണ്ട് എന്നുള്ളതാണ് ഇതിനു കാരണം. വള്ളത്തോളിന്റെ മഗ്ദലന മറിയം എന്ന കവിത ഈ നാമത്തെ തര്‍ക്കത്തിന് ഇട നല്കിയിരുന്നു. ബൈബിളിലെ ഈ മറിയയില്‍നിന്നു തന്നെയാണ് ലിസി നോവല്‍ തുടങ്ങുന്നത്. പക്ഷേ ആ മറിയയെ തന്നെ വല്ലാതെ പ്രശ്നവല്കരിച്ചുകൊണ്ടാണ് ഇത് നിര്‍വഹിക്കുന്നതെന്നു മാത്രം. അവന്‍ പറയും സ്ത്രീയേ ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. മേലില്‍ പാപം ചെയ്യരുത്. അപ്പോള്‍ മറിയ ചോദിക്കും എന്താണ് പാപം? ചോദിക്കാതിരിക്കണമെങ്കില്‍ അവള്‍ പനങ്കേറി മറിയ അല്ലാതിരിക്കണം. അവന്‍ കുനിഞ്ഞ് പൂഴി മണലില്‍ എഴുതിക്കൊണ്ടിരിക്കും. മറിയ ആവര്‍ത്തിച്ച് ചോദിക്കും എന്താണ് പാപം? (പു. 12). അവന്‍ ഉത്തരം പറഞ്ഞെങ്കിലും ആ ഉത്തരം നോവലിസ്റ്റ് പറയുന്നില്ല. പാപം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ എന്താണ് പാപം എന്നു ചോദിച്ച്, നിലവിലുള്ള പാപത്തിന്റെ നിര്‍വചനത്തെയും പട്ടികയയെയും പ്രശ്നവല്കരിച്ചുകൊണ്ട് മറിയ തന്റെ പ്രണയ ജീവിതം തുറക്കുകയാണ്. മറിയയുടെ പ്രണയമാണ് പാപത്തിനുള്ള മറുപടി. അതുകൊണ്ടാണ് അവന്റെ മറുപടിക്കിവിടെ പ്രസക്തി ഇല്ലാത്തത്. പുരുഷനല്ലിവിടെ സംസാരിക്കേണ്ടത്, മറിച്ച് പ്രണയത്തിനും പാപത്തിനും അടിപ്പെടുന്ന പെണ്ണാണ്. സാമ്പ്രദായികമായ ശരീരവും പ്രണയവും കാമവും പാപമാണെന്ന മറുപടിയെയാണ് മറിയ പോറലേല്പിക്കുന്നത്. പാപം-പരിശുദ്ധം എന്ന ദ്വന്ദ്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മറിയയുടെ ജീവിതം ശരീരത്തിലെ അണയാത്ത അഗ്നിയെ ശമിപ്പിക്കാനുള്ള വഴിതേടലായിരുന്നു. ലൈംഗികതയുടെ സാഗരത്തിലാണ് മറിയ നീന്തിത്തുടിച്ചത്.

നൂറും നൂറ്റമ്പതും വര്‍ഷം നീളുന്ന, നീണ്ട ആഖ്യാനങ്ങളൊക്കെ നോവലായി ഇവിടെ വന്നിട്ടുണ്ട്. അവയുടെ കേന്ദ്രം പുരുഷന്മാരാണ്. സ്ത്രീ, അവനെ പരിപോഷിപ്പിക്കുന്ന കാമുകിയോ ഭാര്യയോ അമ്മയോ ആകുന്ന ഭാഗങ്ങള്‍ മാത്രം. ദേശത്തിന്റെ ചരിത്രം പുരുഷശരീരത്തിന്റെ ചരിത്രമാണ്. അതാണിവിടെ പ്രകടമായിത്തന്നെ റദ്ദാക്കപ്പെടുന്നത്. തൃശൂരിന്റെ എഴുപതോളം വര്‍ഷത്തെ സാമൂഹിക പരിണാമത്തിലൂടെയാണ് മറിയ കടന്നുപോകുന്നത്. തുടക്കം മുതല്‍ അവസാനം വരെയും തന്റെ വാര്‍ധക്യകാലത്തും മറിയ ഉണര്‍ന്നിരിക്കുന്നു. അവളുടെ ജീവിതത്തിന്റെ ഉപഗ്രഹങ്ങളായി കാലവും പുരുഷന്മാരും ഒലിച്ചുപോകുന്നു. പ്രണയം അണയാത്ത ശരീരവുമായി മറിയ മാത്രം ജീവിക്കുന്നു. അപ്പോഴും തന്റെ പ്രിയപ്പെട്ട ചാരായകുപ്പി അന്വേഷിച്ച് നില്‍ക്കുന്നു. തന്റെ പ്രണയാഗ്നി മറിയ മിക്കപ്പോഴും കെടുത്താന്‍ ആഗ്രഹിച്ചത് ചാരായത്തിലാണ്. വീര്യമേറിയ ലഹരിയില്‍ അത് കെടുകയല്ല മറിച്ച് കൂടുതല്‍ ശക്തിയായി പൂത്തുലയുകയായിരുന്നു എന്നതാണ് വസ്തുത. ലഹരിയും പ്രണയവും പൂത്ത ശരീരത്തിന്റെ ആഘോഷമായിരുന്നു മറിയ.

ഫ്യൂഡല്‍ സാമൂഹിക ജീവിതത്തിന്റെ ഓരത്തുനിന്നാണ് മറിയയുടെ കഥ തുടങ്ങുന്നത്. വാണിജ്യത്തിലൂടെ സാമ്പത്തിക ശക്തിയാകുന്ന തൃശൂരിലെ ക്രിസ്ത്യന്‍ തറവാട്ടിലാണ് മറിയ ജനിക്കുന്നത്. വയനാട്ടില്‍ മലഞ്ചരക്കിറക്കാന്‍ പോയ കൂട്ടത്തിലിറക്കിയ പ്രിയനന്ദിനിയെന്ന തമ്പ്രാട്ടി ചരക്കുമായി അന്തോണീസ് വരുന്നു. അതോടെ വീട്ടില്‍ കലഹമാകുന്നു. അപ്പനും അമ്മയും വീട്ടില്‍ നിന്നുപോയി. എന്നാല്‍ പിന്നവര് ഇണങ്ങിയെങ്കിലും അപ്പന്റെ സംശയമുനയുള്ള ചോദ്യത്തിനു മുന്നില്‍ പ്രിയാനന്ദിനി ജീവനൊടുക്കിയതോടെ മറിയയും അന്തോണീസും ഒറ്റയ്കക്കാകുന്നു. വലിയ വീടികളിലെ ചോദ്യങ്ങളും ഉത്തരങ്ങളും കേള്‍ക്കാനുള്ളതല്ല. കേട്ടാലും ഗ്രഹിക്കാനുള്ളതല്ല എന്നു നോവലിസ്റ്റ് കുറിക്കുന്നുണ്ട്. തറവാടിത്തങ്ങളുടെ അടിത്തട്ടില്‍ അപമാനവീകരണത്തിന്റെ വലിയ ശബ്ദങ്ങള്‍ കിടക്കുന്നുണ്ട്. നോവല്‍ മിക്കപ്പോഴും പറയുന്നത് ഈ അപമാനവീകരണത്തെയാണ്. അതിലൂടെ തറവാടിത്തത്തെ ഉലയ്ക്കുകയും ചെയ്യുന്നു. റോസമുത്തിയുടെ സംരക്ഷണയിലാകുന്നു അവള്‍. വലിയവീട്ടിലെ ഏകാന്തതയില്‍ മറിയ ആശ്വാസം കണ്ടെത്തുന്നത് തന്റെ പ്രണയത്തിലാണ്, ഡ്രൈവിംഗ് പഠിക്കാനെത്തിയ സൈമണ്‍പീറ്ററുമായി. ആ പ്രണയം അവളുടെ ശരീരത്തില്‍ സമ്മാനിച്ചത് ഒരു ശിശുവിനെയാണ്. അതോടെ അവളുടെ വീട്ടില്‍ ഭൂകമ്പമായി. പ്രണയം തകര്‍ന്നു. സൈമണ്‍പീറ്റര്‍ നാടുവിട്ടു. അവളെ അപ്പന്‍ ഗ്രബ്രിയേലിന്റെ മകന്‍ കുഞ്ഞാറ്റയെക്കൊണ്ട് കല്യാണം കഴിപ്പിച്ച് തറവാടിന്റെ മാനം രക്ഷിച്ചു. അതോടെ ആ വീടും മറിയയും ആകെ പ്രശ്നത്തിലാകുന്നു.

വിവാഹശേഷം, മകനുണ്ടായിക്കഴിഞ്ഞും മറിയ ഒന്നിനോടും പൊരുത്തപ്പെടുന്നില്ല. അവള്‍ പീറ്ററിന്റെ പ്രണയത്തിന്റെ ലഹരിയിലാണ്. വിവാഹശേഷവും അവള്‍ കുഞ്ഞാറ്റയെ ഭര്‍ത്താവായി കണക്കാക്കാനോ തന്റെ സമീപത്ത് അടുപ്പിക്കാനോ തയാറാകുന്നില്ല. ഒരിക്കലും അഴിക്കാന്‍ പറ്റാത്ത കുരുക്കാണത്രേ കഴുത്തില്‍ വീണ മിന്ന്. പീറ്ററെത്തുന്ന നാള്‍ അവളത് പൊട്ടിച്ച് കുഞ്ഞാറ്റയ്ക്ക് തിരിച്ച് നല്കും. പടികളിറങ്ങും... മറിയയ്ക്കതില്‍ ഒരു സംശയവുമില്ല. (പു.81). ഇതാണവളുടെ തീരുമാനം. അതിനവളെ പ്രേരിപ്പിക്കുന്നതാണവളുടെ പ്രണയം. അത് അഗ്നിപോലെ അവളെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. സ്നേഹിക്കുന്നത് പാപമാണോ? എങ്കില്‍ ആ പാപം അവളിനിയും ചെയ്യും. അവള്‍ക്ക് സ്നേഹിക്കാതെ വയ്യ... താളാത്മകമായ കയറ്റിറക്കങ്ങളില്‍ ഭാരമില്ലാത്തവളായി പറന്നുപൊങ്ങാനായി അവളുടെ ശരീരവും മനസ്സും പിടിവിട്ട് പോകുന്നത് അവളുടെ കുറ്റമാണോ? അവള്‍ക്കൊന്നിലും പശ്ചാത്താപം തോന്നിയില്ല. (പു.83). മറിയ ഉള്‍ക്കരുത്ത് നേടുന്നത് ഈ പ്രണയത്തില്‍നിന്നാണ്. ആ പ്രണയം തന്നെയായിരുന്നു അവളുടെ സങ്കടവും. അതു ജ്വലിപ്പിക്കുന്ന ലഹരിയും മരുന്നുമായിരുന്നു മദ്യം.

പ്രണയത്തിന്റെ ചൂടില്‍ ജീവിക്കവേ ജീവിതത്തിന്റെ ഭാരവും അവളേറ്റെടുക്കുന്നതോടെ പുതിയൊരു സ്വത്വമായി അവള്‍ രൂപാന്തരപ്പെടുന്നു. മലഞ്ചരക്ക് കച്ചവടം പൊട്ടി കടംകേറി അപ്പന്റെ വീടും സ്വത്തും നഷ്ടപ്പെടുന്നു. അവര്‍ക്ക് വാടക വീട്ടിലേക്കു മാറേണ്ടിവരുന്നു. ഉറച്ച നിശ്ചയങ്ങളോടെ വീട് കടംവീട്ടി തിരിച്ചെടുക്കാമെന്ന തീരുമാനത്തോടെ അവള്‍ ജീവിതം തള്ളിനീക്കുന്നു. കുഞ്ഞാറ്റയുടെ ഇറച്ചിക്കടയിലെ മേല്‍നോട്ടം അവളേറ്റെടുക്കുന്നു. അവളിലെ തറവാടിത്തം അവളതിലൂടെ ഉരിഞ്ഞെറിയുന്നു. പാണ്ടിജോസും കാട്ടാളനും ദയാലുവും ഇറച്ചിക്കടയിലെ അവളുടെ സഹായികളാകുന്നു. വെറും ജോലിക്കാര്‍ മാത്രമല്ല ഇവര്‍. ആജീവനാന്തം കൂടെ നില്‍ക്കുന്ന കരുത്തായി മാറുന്നവര്‍. ഇതിനിടെ അവളുടെ കാത്തിരിപ്പിനെയും പ്രണയത്തെയും തകര്‍ത്തുകൊണ്ട് പീറ്ററെത്തുന്നു. എന്നാല്‍ അവന്‍ അവളുടെ കാത്തിരിപ്പിനെ നിരാകരിക്കുന്നു. മാത്രവുമല്ല പീറ്റര്‍ അവളുടെ അപ്പന്റെ, തിരിച്ചെടുക്കാം എന്നു പ്രതീക്ഷിച്ച വീട് സ്വന്തമാക്കുകയും ചെയ്യുന്നു. അതോടെ മറിയ ആകെ തകരുന്നു. പക്ഷേ അവള്‍ കരയുന്നില്ല, അവള് പുതിയൊരു പെണ്ണാകുന്നു. ഉള്ളിലെ പൊട്ടിപ്പെണ്ണിനെ കുഴിച്ചുമൂടി അവള്‍ വളര്‍ച്ചയുടെ പുതിയ തലത്തിലേക്കു പ്രവേശിക്കുന്നു. അതുവരെ കാത്തുസൂക്ഷിച്ച ശരീരം അവള്‍ കുഞ്ഞാറ്റയ്ക്കും ചാക്കോരുവിനും വിട്ടുകൊടുക്കുന്നു. പ്രണയത്തെ പുതിയ നിര്‍വചനത്താല്‍ അവള്‍ വിവര്‍ത്തനം ചെയ്യുന്നു. ഇഷ്ടപുരുഷനു ആജീവനാന്തം കൊടുത്തനുഭവിക്കുന്നതല്ല ഇനിമുതല്‍ അവളുടെ പ്രണയം, മറിച്ചത് അവളിലെ കാമം ശമിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്കെല്ലാം നല്‍കുന്നതായി അവള്‍ മാറ്റുന്നു. അവള്‍ ജീവിതലഹരി ഉച്ചത്തില്‍ ആസ്വദിക്കുന്നു. ഇറച്ചിവെട്ടുകടയിലെയും ടൗണ്‍ജീവിതവും അവള്‍ തന്റേടത്തോടെ ആഘോഷിക്കുന്നു.

മറിയയുടെ മാറ്റത്തെ നോവലിസ്റ്റ് ഇങ്ങനെയാണ് വിവരിക്കുന്നത്- നിങ്ങള്‍ക്കു വേണ്ടത് ന്റെ മാംസവും രക്തവുമല്ലേ... വേണ്ടിടത്തോളം ഭക്ഷിച്ചു തൃപ്തരാവുക. വേണ്ടിടത്തോളം പാനം ചെയ്ത് ഉന്മത്തരാവുക...അല്ലാതെ എപ്പോഴും നിന്നെ മാത്രം ഞാനോര്‍ത്തരിക്കണമെന്നും നിന്റെ കൂടെ മാത്രമേ കിടക്കാവൂ എന്നെല്ലാം പറയാന്‍ തുടങ്ങിയാല്‍... മറിയ കുലുങ്ങിച്ചിരിക്കും (പു.131).എല്ലാവര്‍ക്കും കേറിയിറങ്ങാനോ പൈസകൊടുത്ത് ഭക്ഷിക്കാനോ കഴിയുന്ന ഭോജനശാലയൊന്നുമല്ല മറിയയുടെ ശരീരം. അത് അവളുടെ ഇഷ്ടക്കാര്‍ക്കു മാത്രം പ്രവേശനമുള്ളതും ആ ഭാഗ്യം ലഭിച്ചവര്‍ക്ക് സൗജന്യമായി എടുക്കാവുന്നതും. ചുരുക്കത്തില്‍ പണമോ ഔദാര്യമോ മറിയ ആരില്‍ നിന്നും പ്രതീക്ഷിച്ചില്ല. കൈപ്പറ്റിയതുമില്ല. നിനക്ക് എന്തോ അത് എനിക്കും കിട്ടുന്ന, രണ്ടുപേരും ചേര്‍ന്ന കളിയായതുകൊണ്ട്... പച്ചമലയാളത്തില്‍ ഡാഷ് മോനേ നീ നടക്ക് എന്ന് പൈസ കാണിച്ച ഒരുത്തനോട് മറിയ ക്ഷോഭിച്ചുപോലും (പു.131). മറിയ തന്റെ ജീവിതത്തെ എങ്ങനെ വ്യാഖ്യാനിച്ചുവെന്ന് ഇവിടെനിന്ന് വായിച്ചെടുക്കാം. മലയാളത്തിലെ ഭാവനകള്‍ക്ക് ഭാവനചെയ്യുന്നതിനപ്പുറത്തേക്കു പോവുകയാണ് മറിയ. ശരീരത്തിന്റെ തൃഷ്ണകളെ എങ്ങനെ നേരിടണം എന്നതിന് പുതിയ സമവാക്യങ്ങള്‍ മറിയ നിര്‍വചിക്കുന്നു. ആണ്‍- പെണ്‍ ബന്ധത്തിന്റെ നിലവിലെ ലിംഗരാഷ്ട്രീയത്തെയാണ് ആത്യന്തികമായി മറിയ പൊളിക്കുന്നത്. നിലവിലെ ലിംഗരാഷ്ട്രീയത്തിലൂടെ കെട്ടപ്പെട്ടിരിക്കുന്ന കുടുംബം എന്ന സ്ഥാപനത്തെയും മറിയ തന്റെ ശരീരം കൊണ്ട് വിചാരണ ചെയ്യുന്നു.

കുഞ്ഞാറ്റ ഭര്‍ത്താവായിരിക്കുമ്പോള്‍ തന്നെ തനിക്ക് ഇഷ്ടമുള്ള, തന്നില്‍ പ്രണയം ജനിപ്പിക്കാന്‍ കഴിയുന്ന പുരുഷന്മാരുമായി മറിയ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഒരാളെ നിശ്ചിത മാസമായിരിക്കും കൂടെ നടത്തുക. അവനെ മടുക്കുമ്പോള്‍ മറ്റൊരാളെ. അയാളുടെ കുഞ്ഞിനെയും മറിയ പ്രസവിക്കും. അങ്ങനെ പത്തുപതിനാറ് കൊല്ലംകൊണ്ട് അത്രയും കുട്ടികളയും മറിയ പോറ്റിപുലര്‍ത്തി. അതിനുള്ള വരുമാനം അവള്‍ തന്റെ ഇറച്ചിക്കടയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ചെറുപ്പത്തില്‍ പീറ്റര്‍ എന്ന യുവാവ് കൊന്ന തന്റെ പ്രണയത്തോട് മറിയ ഇത്തരത്തിലാണ് പ്രതികരിച്ചത്. പീറ്ററിനെ മറിയ കാത്തിരുന്നതുതന്നെ തന്റെ ശരീരിക പ്രണയാഗ്നിയെ അവന് ശമിപ്പിക്കാനാവും എന്നു കരുതിയാണ്. എന്നാല്‍ പീറ്റര്‍ അത് നിഷേധിച്ചപ്പോള്‍ മറിയ മറ്റൊരു പോരാളിയാവുകയായിരുന്നു. ഒരിക്കലും പിന്നെ പീറ്ററെ തന്റെ ജീവിതത്തിലേക്ക് അവള്‍ അടുപ്പിച്ചില്ല. അവനോടുള്ള പ്രണയം ഉള്ളില്‍ ജ്വലിച്ചുനിന്നപ്പോഴും, അവന്‍ മാപ്പു പറഞ്ഞ് തിരിച്ചു വന്നിട്ടും.

ഒടുവില്‍, കാലം ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചു. മറിയയുടെ ശരീരത്തിലൂടെ ഉരുണ്ടുപോയ തൃശൂരില്‍ അനേകം മാറ്റങ്ങള്‍ വന്നു. രാഷ്ട്രീയമായും സാമൂഹികമായും. പുതിയ പുതിയ സ്ഥാപനങ്ങള്‍, വ്യക്തികള്‍.... വിമോചന സമരവും ഐക്യകേരളവും നക്സലിസവും എല്ലാം. അതിന്റെ കോലാഹലങ്ങള്‍. അപ്പോള്‍ മറിയയുടെ ജീവിതവും മാറിമറിഞ്ഞു. ആദ്യത്തെ മകന്‍ അവന്റെ പീറ്ററെന്ന അപ്പനോടു ചേര്‍ന്നു. തെറ്റുമനസിലാക്കിയ പീറ്റര്‍ മറിയയുടെ അടുത്തേക്കു വന്നെങ്കിലും മറിയ പീറ്റിനെ ആട്ടിപ്പായിച്ചു. ഇതിനിടയില്‍ മറിയയുടെ സഹായിയകളായ ദയാലുവും കാട്ടാളനും നഷ്ടപ്പെട്ടത് മറിയയെ തളര്‍ത്തി. വിമോചനസമരത്തിന്റെ കൂട്ടാളികളികളാല്‍ കൂട്ട ബലാല്‍കാരത്തിന് മറിയ വിധേയമായി, മരിച്ചുവെന്നു പലരും വിധിയെഴുതിയെങ്കിലും അവള്‍ തിരിച്ചുവന്നു. തടയാനാവാത്ത സംഭവങ്ങളിലൂടെ ജീവിതം കടന്നുപോയപ്പോള്‍ സ്നേഹവും കാമവുമൊക്കെ പുതുതായി നിര്‍വചിക്കപ്പെട്ടുകൊണ്ടിരുന്നു. മറിയയും വാര്‍ധക്യത്തിലേക്കു കടന്നു. കൂട്ടാളികളും ബന്ധങ്ങളും നഷ്ടപ്പെട്ടപ്പോള്‍ അവള്‍ കുഞ്ഞാറ്റയൊടൊപ്പം അട്ടപ്പാടിയിലേക്കു താമസം മാറി. പീറ്ററും തന്നെ സ്നേഹിച്ചവരും മണ്ണടിഞ്ഞപ്പോഴും മറിയ ജീവിച്ചിരുന്നു. നോവല്‍ അവസാനിക്കുമ്പോഴും തന്റെ ആദ്യ മകന്‍ ജോണ്‍സിന്റെ മകനെ കാണുന്നിടത്ത് അവള്‍ കാണുന്നത് തന്നില്‍ ആദ്യം പ്രണയം നിറച്ച പീറ്ററിനെയാണ്. സ്നേഹത്തിന്റെ ആ നുരയലില്‍ അവള്‍ ചോദിക്കുന്നത് ഷാപ്പ് എവിടെയെന്നാണ്. സ്നേഹം പോലെ വല്ലാത്ത ലഹരിയായി മദ്യവും മറിയയുടെ ശരീരത്തെ ജ്വലിപ്പിക്കുന്നു. നിര്‍വചിക്കാനും ക്രമപ്പെടുത്താനുമാകാത്ത വലിയൊരു സ്നേഹത്തിന്റെ അടയാളമായി അവള്‍ നരയുന്നു. ഒരാളില്‍ ക്രമപ്പെടുത്താനും നിയന്ത്രിക്കാനും പ്രണയത്തെയും ശരീരത്തെയും നിര്‍വചിക്കുന്ന കാലത്ത് സ്നേഹത്തിന്റെ അരാജകത്വത്തെ ശരീരംകൊണ്ടവള്‍ ഉന്നയിക്കുന്നു. അഥവാ ശരീരം ഒരുതരം അരാജകത്വമാണെന്നു പറയുന്നു. ശരീരം എന്ന ദേശത്തെ പ്രണയംകൊണ്ട് തോറ്റിയെടുക്കുന്ന ഉത്സവമായി അവള്‍ നില്‍ക്കുന്നു.

(തുടരും)


Next Story

Related Stories