TopTop
Begin typing your search above and press return to search.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

മതം എന്നത് ഏറ്റവും വലിയ അശ്ലീലമാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭൂമി പരന്നതാണെന്നും ഏഴ് കടലുകൾക്കപ്പുറം ഒരിടത്തിരിക്കുന്ന ഒരാളാണ് ദൈവമെന്നും ശിവന്റെ രേതസ്സ് തുള്ളി വീണതിൽ നിന്നാണ് രസം (മെർക്കുറി) ഉണ്ടായതെന്നും ഒക്കെയുള്ള ആന മണ്ടത്തരങ്ങൾ ചേർന്ന കഥകൾ എല്ലാ മതങ്ങളുടേയും വിശുദ്ധ ഗ്രന്ഥങ്ങളിൽ അനവധിയുണ്ട്. ഒപ്പം പരിഹാസ്യമായ നിരവധി ശാസ്ത്ര വിരുദ്ധ കാര്യങ്ങളും. അതൊക്കെ പൊട്ടത്തെറ്റാണെന്ന് തിരിച്ചറിഞ്ഞ അണികൾ അതിനെ വകവയ്ക്കാതെ അത്തരം പുസ്തകത്തിനെ തന്നെ വിശുദ്ധ ഗ്രന്ഥമെന്ന പേരിൽ ചുമക്കുന്നത് പൂർവ്വികരെ അപമാനിക്കുന്നതല്ലേ? അവരെഴുതിയതിനെ മാറ്റേണ്ട ആവശ്യം ഇല്ല എന്നത് നിശബ്ദതയ്ക്കും ശബ്ദമുണ്ടെന്ന് തിരിച്ചറിയുന്ന മനസ്സിനുടമകളായതിനാലാണ്. അതിനർത്ഥം ഈ കിത്താബുകളിലെ ദൈവങ്ങളുടെ ആയിരം കെട്ടുകഥകൾ അടിമുടി ശരിയെന്ന് കണ്ണും പൂട്ടി വിശ്വസിക്കുന്ന മരമണ്ടൻമാരല്ല എന്നു തന്നെയാണ് . ആ കാലത്തിന് ആ വാക്കുകൾ മതിയായിരുന്നു എന്നു തിരിച്ചറിവുള്ളവരാണ് അവർ. അന്നത്തെ സാഹചര്യം മറ്റൊന്നായിരുന്നു, ഇന്നതിന് യാതൊരു വിധ പ്രസക്തിയുമില്ല, തെറ്റായ സതിയാചാരങ്ങളെ യുദ്ധം ചെയ്ത് തോൽപ്പിച്ചതും ഈ നിശബ്ദ ഭൂരിപക്ഷങ്ങളായിരുന്നു എന്നതും അവർക്കറിയാം.

പക്ഷെ അഭിനവ മതങ്ങളും അതിന്റെ മദം പൂണ്ട അനുയായികളും മൃദുല വികാരങ്ങളിൽ തകർന്നടിഞ്ഞ് സ്വന്തം ദൈവത്തിന്റെ അസ്തിത്വത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കാറുണ്ട്. അതുകൊണ്ടാണ് ഓടയിലെ വെള്ളമാണ് സിമിന്റ് ദൈവരൂപത്തിന്റെ കാലിലൂടെ ലീക്കേജായി വരുന്നതെന്ന സത്യം വെളിപ്പെടെ, വിശുദ്ധ ജലമെന്നലറി ബിസിനസ്സ് തുടങ്ങിയ ക്രിസ്തീയ തിരുമേനിയുടെ വികാരം വ്രണപ്പെട്ട് ക്ഷമിക്കുന്ന യേശുവിനെക്കാൾ വലുതായ ഹൈക്കോടതിയിൽ ന്യൂനപക്ഷ വികാരവുമായ് കേസുകളിച്ചത്. തട്ടിപ്പ് വെളിപ്പെടുത്തിയ സനൽ ഇടമറുകിന് രാജ്യം വിടേണ്ടി വന്നത്. ഖുർ-ആൻ എന്ന പുസ്തകത്തിലെ ന്യായാന്യായങ്ങളും നബിചര്യകളും ബാങ്കുവിളി ഉൾപ്പെടെയുള്ളവയുടെ അനുചിതമായ രീതികളും യഥാസ്ഥിതികവാദികൾക്ക് ഇഷ്ടപ്പെടാത്ത തരത്തിൽ വ്യാഖ്യാനിക്കുകയും പുരോഹിതരുടെ കള്ള വാക്യങ്ങളെ വെളിയിൽ കൊണ്ടുവന്നതും കൊണ്ട് മാത്രമാണ് ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതും അതിന് പ്രേരണ കൊടുത്ത വമ്പരടക്കമുള്ള പ്രതികൾ വെളിയിൽ നടക്കുന്നതും. കാരുണ്യവാനായ മുത്തു നബി എന്ന് മൈക്ക് വെച്ചലറുന്ന അതേ ആൾക്കൂട്ടങ്ങളിൽ ചിലരാണ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്. മുഹമ്മദ് നബി എന്നല്ല, പി.ടി കുഞ്ഞുമുഹമ്മദിന്റെ സ്ക്രിപ്റ്റുമായ് ബന്ധപ്പെട്ട വിഷയമാണ് സംഭവം എന്ന് പറഞ്ഞ് ഭക്തൻമാർക്ക് തെറ്റിദ്ധാരണ വന്ന് വികാരം വ്രണപ്പെട്ടതിന് മാപ്പും ഏറ്റുപറഞ്ഞ് അശ്രദ്ധയ്ക്ക് അധികാരികളിൽ നിന്ന് ശിക്ഷയും ഏറ്റുവാങ്ങിയ ഒരു മനുഷ്യനെയാണ് കാട്ടുനീതിയുടെ വിശ്വാസങ്ങളുമായെത്തിയ അണികളെന്ന ക്രിമിനലുകൾ കൈയ്യറുത്ത് മാറ്റിയത്. ഏതോ പഴയകാല അക്രമികൾ കൈയ്യും എതിർ ഭാഗത്തെ കാലും വെട്ടണം എന്ന വാക്യങ്ങൾ ഉരുവിടാറുള്ളത് നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലത്രെ. ഇതാണ് കാരുണ്യവാൻ മുഹമ്മദ് നബിയുടെ അനുയായികളെന്ന് ശഠിക്കുന്നവരുടെ കരുണ.

ഇതിത്രയും പറഞ്ഞത് സെമറ്റിക് മതങ്ങൾ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ പലപ്പോഴും മതവികാരം വ്രണപ്പെട്ടതിന് അങ്കം കുറിക്കാറുള്ളത് കാണുന്നത് തൊണ്ണൂറുകൾക്ക് മുൻപ് വരെ ഹിന്ദു ധർമ്മവാദികൾക്ക് പരമ പുച്ഛമായിരുന്നു. ദൈവം അനാദിയാണ്, അതിനെ മുറിക്കാനും ഛേദിക്കാനും നശിപ്പിക്കാനും സാധിക്കില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു പ്രബല വർഗ്ഗമായിരുന്നു ഹിന്ദുക്കൾ. ഹാസ്യനാടകങ്ങളിൽ ചിലവയിൽ, "നിങ്ങൾക്കൊക്കെ ശാകുന്തളം മതി" പോലുള്ളവയിൽ ദൈവങ്ങളെയും മുനിമാരെയുമൊക്കെ വിമർശന വിധേയമാക്കിയിരുന്നു. നാരായണ ഗുരു സുബ്രഹ്മണ്യനെ "എരപ്പാളി'' എന്നും, ശിവനെ "എച്ചിലു തിന്നുന്നവൻ" എന്നും സംബോധന ചെയ്ത് കൃതി രചിച്ചിട്ടുണ്ട്. അതിലും പിറകോട്ട് പോയൽ ദൈവങ്ങളെ കളിയാക്കാനും വിമർശിക്കാനും ഭക്തർക്ക് അവസരമുള്ള പലയിടങ്ങളുണ്ട്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഈ ലേഖകനും മരിച്ചു പോയ നടൻ എം എസ് തൃപ്പൂണിത്തുറയും ചേർന്ന് കൊടുങ്ങല്ലൂരമ്മയെ ഭോഗിക്കണമെങ്കിൽ കൊടിമരം പോലൊരു ലിംഗം വേണം എന്ന പ്രശസ്തമായ കാവ് തീണ്ടൽ പാട്ട് ഉറക്കെ പാടിയിട്ടുണ്ട്. ഞങ്ങൾക്ക് തെറ്റിയ തെറിപ്പദങ്ങൾ അടുത്ത് കേട്ടു നിന്നവർ തിരുത്തി തന്നിട്ടുണ്ട് . ആചാരമായിട്ടും അനാചാരമായിട്ടും ദൈവത്തിനെ വരെ തെറി വിളിക്കുന്ന, ദൈവത്തിന് കള്ളും മീനും കടിച്ച് തിന്നാൻ ജീവനുള്ള കോഴിയും സമർപ്പിക്കുന്ന നാട്ടിലാണ് നമ്മൾ സ്വസ്ഥമായ് ജീവിച്ചിരുന്നത്.

ആ നമ്മളെയാണ് വർത്തമാനകാല നവ ഹിന്ദുത്വ വാദികൾ എന്ന ക്രിമിനൽ മാനസികാവസ്ഥയുള്ള സംഘങ്ങൾ വികാരം വ്രണപ്പെടുന്നു എന്ന പേരിൽ കൊല ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതിന്റെ ഏറ്റവും പുതിയ ഇരയാണ് സനൽകുമാർ ശശിധരനും ലോകപ്രശസ്തമായ റോട്ടർഡാം ചലച്ചിത്ര മേളയിൽ മികച്ച ചിത്രമെന്ന അംഗീകാരം കിട്ടിയ അദ്ദേഹത്തിന്റെ സെക്സി ദുർഗ്ഗ എന്ന സിനിമയും.

സുഹൃത്തെന്ന നിലയിൽ സനലിന്റെ ആദ്യ സിനിമ തൊട്ട് അവ പൊതു ഇടത്തിൽ പ്രദർശിപ്പിക്കും മുൻപ് കാണാൻ സാധിക്കാറുണ്ട്. അങ്ങനെ സെക്സി ദുർഗ്ഗ എന്ന ചിത്രം ഒന്നിലധികം വട്ടം കണ്ടു. അതിൽ ദുർഗ്ഗാ ദേവിയെ പറ്റിയോ ഹിന്ദു മതത്തെ പറ്റിയോ മറ്റ് ഏതെങ്കിലുമൊരു മതത്തിലെ ദൈവത്തെ പറ്റിയോ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു നിന്ദയും ഇല്ല. ചിത്രത്തിലെ നായിക ദുർഗ്ഗ എന്ന സ്ത്രീയാണ്. അവർ സെക്സിയാണെന്ന് തോന്നുന്നതും അതിനനുസരിച്ച് പെരുമാറുന്നതും അസമയത്ത് തന്റെ പ്രിയപ്പെട്ട ഒരാൾക്ക് ഒപ്പം റെയിൽവേ സ്റ്റേഷൻ തേടി പോകുന്ന അവർ ഏതാനും മിനിറ്റുകൾ / മണിക്കൂറുകളിൽ കണ്ടുമുട്ടിയ വ്യത്യസ്ത പുരുഷൻമാരാണ് കഥയിലുള്ളത്. ചിത്രത്തിൽ ഒപ്പം സഞ്ചരിക്കുന്ന കബീർ എന്ന ഒരാളൊഴികെയുള്ള സിനിമയിലെ കഥാപാത്രങ്ങൾക്ക് അസമയത്തെ ദുർഗ്ഗ വെറും പെണ്ണാണ്. ഭോഗിക്കാനോ ചോദ്യം ചെയ്യാനോ പരിഹസിക്കപ്പെടാനോ മാത്രമായിട്ടുള്ള ഒരു 'വെടി പെണ്ണ്'.

സിനിമയിൽ ആദ്യമായല്ല ദുർഗ്ഗ വരുന്നത്. സിനിമയിൽ ആദ്യമായല്ല കാളി വരുന്നത്. കുന്നുംപുറം ജാനുവെന്നും നടത്തറ ശാന്തയെന്നും വെടിപ്പാറു എന്നും ബസ്സ്റ്റാൻഡ് ലക്ഷ്മി എന്നുമെക്കെ പുരുഷ സമൂഹം ഓമനപ്പേരിട്ട് വിളിക്കുന്നതെല്ലാം ഹിന്ദു ദേവിമാരുടെ പേരല്ലേ? പഥേർ പാഞ്ചാലിയിലും ദുർഗ്ഗയുണ്ട്. നിരവധി ഭാഷകളിലെ സിനിമകളിൽ ഉണ്ട്. ബി ഗ്രേഡ് മസാലപ്പടങ്ങളിൽ തുണിയുരിഞ്ഞിഭിനയിക്കുന്നവരിലുണ്ട്. അവരാരും ഹിന്ദു ദേവതയല്ലാതാവുമ്പോൾ സെക്സി ദുർഗ്ഗ മാത്രം എങ്ങനെ ഹിന്ദു ദേവതയായി?

ഇപ്പോഴത്തെ ഭീഷണിക്ക് ഒരു പൂർവ്വ ചരിത്രമുണ്ട്. ഒരു ഹിന്ദുസേനക്കാരൻ ചിത്രം നിരോധിക്കണം എന്ന് സെൻസർ ബോർഡിനൊരു കത്ത് കൊടുത്തത് സെക്സി ദുർഗ്ഗ എന്ന ഇറോട്ടിക് സിനിമയെപ്പറ്റി പത്രത്തിൽ സനൽ അനൗൺസ് ചെയ്തതിന് അടുത്ത ദിവസമായിരുന്നു(ആ കഥ മാറി ഒരു തരത്തിലുമുള്ള ഇറോട്ടിസവും ഇല്ലാതെയാണ് ചിത്രം). എന്നു വെച്ചാൽ കഥയും സ്ക്രിപ്റ്റ്ബോർഡും ഇല്ലാത്ത ഒരു സിനിമ ഷൂട്ട് ചെയ്യും മുൻപേ തന്നെ അത് ദുർഗ്ഗാ ദേവിയെപ്പറ്റിയായിരിക്കും എന്ന് ഗണിച്ചറിഞ്ഞ് വികാരം വ്രണപ്പെട്ട ഒരാളിവിടുണ്ട്, ഒരു ഹിന്ദു സേനക്കാരൻ. കാര്യങ്ങൾ വഷളാക്കണ്ട എന്ന് കരുതി അന്നത്തെ ഭീഷണികളെ അവഗണിച്ചതാണ്. നിലവിലെ ഈ ഭീഷണി ദേശീയ തലത്തിൽ നിന്നാണ്; അത് ചിത്രത്തിന് റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ പുരസ്ക്കാരം കിട്ടിയ ശേഷമാണ്. അപ്പോൾ ചിത്രത്തിലെ ദൈവവിരുദ്ധത കേരള ഹിന്ദു ദേശീയ ഹിന്ദുവിന് കൈമാറിയതാവാനാണ് ചാൻസ്. അവർക്ക് കഥയൊന്നും അറിയണ്ട. സിനിമയിൽ എന്തെങ്കിലും ഹാനികരമായതുണ്ടോ, ദൈവനിന്ദയുണ്ടോ എന്നൊന്നും അറിയേണ്ട. പകരം ദേശീയ ഹിന്ദു നേതാവിന് അര മണിക്കൂർ കൊണ്ട് സനലിനെക്കുറിച്ചള്ള വിവരമെല്ലാം കിട്ടിയത്രെ. തുടർന്ന് വരുന്ന ഭീഷണികൾ ചെറിയ തരത്തിൽ അല്ല. ഇത്തരം ഭീഷണിക്കാരുടെ ഇരട്ടത്താപ്പുകൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ഡൽഹി കേരളാ ഹൗസിലെ ബീഫ് വിവാദം തന്നെ നമുക്കോർമ്മിക്കാം. പ്രധാനമായും മലയാളികൾക്കായുള്ള ഒരു ക്യാന്റീനിൽ ഡൽഹിയിൽ താമസിക്കുന്ന സംഘപരിവാർ അനുകൂല മാധ്യമ പ്രവർത്തകർ അടക്കം കാലങ്ങളായി ഭക്ഷണം കഴിക്കുന്ന സ്ഥലമാണ്. ബോർഡിൽ ബീഫ് എന്ന് എഴുതിയാലും എരുമ- പോത്തിറച്ചിയാണെന്നും അതിന് ബീഫ് എന്ന് തന്നെയാണ് എഴുതുക എന്നും അവിടെയിരുന്ന് ബീഫ് തിന്നുന്ന ആർഎസ്എസ് - ബിജെപി അനുഭാവമുള്ള സുഹൃത്തുക്കൾക്കടക്കം അറിയാമെങ്കിലും ഒരു തക്കം കിട്ടിയപ്പോൾ മറ്റേതോ സംഘി വിഷം പുറത്തെടുത്തു. നവ ഹിന്ദു സേനാംഗങ്ങൾ അടങ്ങിയിരിക്കാതെ പോലീസിനെ കയറ്റി അന്തരീക്ഷം കലാപസമാനമാക്കി. ഈ വിവരം അറിയാവുന്ന, പ്രശ്നത്തെ വഷളാക്കിയാൽ കേരള ഹൗസിലെ ജീവനക്കാർക്കടക്കം ആപത്ത് സംഭവിക്കും എന്നറിയാവുന്ന, അവിടെയിരുന്ന് ബീഫുതിന്നുന്ന ഹിന്ദുക്കൾ കുറ്റകരമായ മൗനം പാലിച്ചു. ഇനി അഥവാ ഗോമാംസം കഴിച്ചവർ കൊല്ലപ്പെടേണ്ടവർ ആണെങ്കിൽ കേരളത്തിലെ ബിജെപി - ആർഎസ്എസ് നേതാക്കളടക്കം നെടുങ്കൻ ഹിന്ദുക്കളിൽ കുറച്ച് പേര് ആ കൂട്ടത്തിൽ പോവില്ലെ? ഒരു ഭയവുമില്ലാതെ ഗോമാംസം കഴിച്ചാൽ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടും എന്നറിയാതെ അത് ഭക്ഷിച്ചിരുന്ന ഹിന്ദുക്കൾ കേരളത്തിലില്ലേ? അതൊക്കെ പോട്ടെ, ബിജെപി നേതാവിന്റെ വിവാദമായ ഉള്ളിക്കറി തീറ്റയുടെ ചിത്രം ഡൽഹിയിലെ ആർഎസ്എസ് കാര്യാലയത്തിലല്ലാതെ ഗോ രക്ഷാസമിതി അംഗങ്ങളെക്കാണിച്ചാൽ സംഭവിക്കുന്നതെന്തെന്നറിയാമോ ? ഇതൊക്കെയാണ് കാര്യമെങ്കിലും നിലവിൽ ലോകത്തിൽ വ്യാപാരാർത്ഥം ഗോമാംസം കയറ്റി വിടുന്നതിൽ ഒന്നാമത് നിൽക്കുന്ന രാജ്യത്തെ പൗരന്മാരല്ലേ നാം?

അതിലെ ന്യായാന്യായങ്ങൾ നിൽക്കട്ടെ നമുക്ക് സെക്സി ദുർഗ്ഗയിലേക്ക് വരാം, ദുർഗ്ഗാ ദേവിയിലേയ്ക്കും. വർഷങ്ങൾക്ക് മുൻപ് ജീവിത വൃത്തിയ്ക്കായി പൂജാ താന്ത്രിക കർമ്മങ്ങൾ അനുഷ്ഠിച്ചിരുന്ന ഒരാളെന്ന നിലയിൽ പല ദുർഗ്ഗാക്ഷേത്രങ്ങളിലും കലശവും പ്രതിഷ്ഠയും ഹവനാദി കർമ്മങ്ങളും ചെയ്തിട്ടുണ്ട്. ദേവി ഭാവത്തിലുള്ള ഒന്നിനെ പ്രകീർത്തിക്കുന്ന ശ്ളോകങ്ങൾ ശ്രദ്ധിച്ചാൽ, മദാലസയായ മഞ്ജുളാംഗിയാണ്, സ്തനങ്ങൾ എഴുന്ന് നിൽക്കുന്നവയാണ് എന്ന് തുടങ്ങി അംഗങ്ങളുടെ മദാലസത്വം തന്നെയാണ് ശരീര വർണ്ണനയിൽ പ്രധാനം (ഇസ്ലാം മതത്തിലും സ്വർഗ്ഗത്തിലെ ഹൂറികൾക്ക് ഇടിയാത്ത മാറിടമെന്ന് യൂ ടുബിൽ ഒരു മുക്രിയുടെ വിവരണം ഉണ്ട്). കടിപ്രദേശവും തുടയും ഒക്കെ കാമം ഉണർത്തും വണ്ണമെന്ന് വർണ്ണിച്ചിരിക്കുന്നത് മഹർഷിമാരാണ്.

ഇംഗ്ലീഷിൽ പറഞ്ഞാൽ സെക്സി ദേവിയാണ്. സംസ്കൃതത്തെ അർത്ഥം ചോരാതെ എടുക്കാൻ പാകത്തിൽ ഇംഗ്ലീഷിൽ പദങ്ങളില്ല. സെക്സി എന്നല്ലാതെ ആ ഭാഷയിൽ യോജിച്ച സമാന പദങ്ങൾ ഇല്ല. സംസ്കൃതത്തിന്റെ അത്ര സമ്പുഷ്ടമായ ഭാഷയല്ല ഇംഗ്ലീഷ്. ഇതെല്ലാം ഉറക്കെ മൈക്കിലൂടെ ചൊല്ലിയിരുന്ന ആളാണ് ലേഖകനും. ഇന്ന് അതൊക്കെ ദേവിയെ അപമാനിക്കലായ് തോന്നുമോ എന്തോ?

സനലിന്റെ സിനിമയിൽ ഒരു സാധാരണ ദുർബലയായ മനുഷ്യ സ്ത്രീയാണ് ദുർഗ്ഗ; ആ സ്ത്രീക്ക് മതവുമായോ ദേവിയുമായോ ബന്ധമില്ല. രാത്രി ഭയാശങ്കകളോടെ ലക്ഷ്യസ്ഥാനം തേടി പോകുന്ന ഒരു അബല. ഭാഷയറിയാത്ത ദേശത്ത് അസമയത്ത് അവരെ കാണുന്ന പുരുഷന്മാരിലാണ് സെക്സി ദുർഗ്ഗ ജനിക്കുന്നത്. ഒരു ചലച്ചിത്ര കലാരൂപത്തിന്റെ പല വ്യാഖ്യാനങ്ങളിൽ ഒന്ന് മാത്രമാണിത്. കാഴ്ച്ചക്കാരന് എങ്ങനെയും കണ്ടെത്താം. ഇനി ബംഗാളിൽ നിന്ന് സ്വന്തം പ്രണയിയെ തേടി കേരളത്തിലെത്തിയ ഒരു പെൺകുട്ടിയെ സദാചാര മലയാളികൾ ചേർന്ന് ബലാത്സംഗം ചെയ്തത് മറന്നു പോയോ? ആ കുട്ടിയുടെ പേരും ഒരു ദേവിയുടെ പേരല്ലെ? ഡൽഹിയിലെ നിർഭയയുടെ പേരും ദേവിയുടെതല്ലേ? പെരുവഴിയിൽ, അസമയത്ത് ബലാത്സംഗം ചെയ്യപ്പെടുന്ന, കൊല്ലപ്പെടുന്ന പെൺകുട്ടികളിൽ അധികവും ദേവിമാരുടെ പേരുള്ളവരായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ കുറ്റവാളികൾക്ക് ദേവൻമാരുടെ പേരും. അപ്പോഴൊന്നും അപമാനിക്കപ്പെടാത്ത, വ്രണപ്പെടാത്ത പുരുഷാധിപത്യ സമൂഹത്തിന്റെ ഭ്രാന്തുകൾ കേവലം മതനിന്ദാ വിഭാഗത്തിലേക്ക് ചുരുങ്ങി പോവുന്നത് ദൈവങ്ങൾ മാത്രമെ പൂജ്യമായുള്ളു; മനുഷ്യർ, സ്ത്രീകൾ വെറും കീടങ്ങൾ എന്ന ധാരണ ഉറപ്പിച്ചത് കൊണ്ട് കൂടിയാണ്.

ദേവിക്കായി ദേഹത്ത് ശൂലം കുത്തിക്കയറ്റുന്നതും മുതുകിലും തുടയിലും തുളച്ച് കയറ്റി ചാട്ടിലാടാനും തീയ്യിൽ ചാടാനും ഒരുങ്ങുന്ന പുരുഷൻമാർ ഒരു വശത്ത്; രാത്രി നേരം തൊട്ടടുത്ത് കൂടി നടന്നു പോകുന്ന ദേവി നാമമുള്ള സ്ത്രീയോട് പുരുഷ സമൂഹം ചെയ്യുന്നത് മറുവശത്ത്; വിവാദമായ"സെക്സി ദുർഗ്ഗ" എന്ന ചലച്ചിത്രം ഈ പ്രമേയത്തെ മികവുറ്റ രീതിയിൽ ഒപ്പിയെടുത്തു. യാതൊരു തരത്തിലും ഭക്തൻമാരെ മുറിപ്പെടുത്താത്ത ആ ചിത്രം ദേവിനിന്ദയാണെന്ന് ചിത്രം ഷൂട്ട് ചെയ്യും മുന്നേ, പടം കാണും മുന്നേ വിധിയെഴുതി, വധഭീഷണി മുഴക്കുന്ന നവഹിന്ദു സേനാംഗങ്ങൾ അവരുടെ ദൈവവിശ്വാസവും ദൈവവും ദുർബലമാണെന്ന് ഉറക്കെ ചെണ്ടകൊട്ടിയുറയുന്നു. അവർ ഹിന്ദുക്കളല്ല എന്നു മാത്രമല്ല മനുഷ്യ വിരുദ്ധരാണെന്നും സ്ത്രീവിരുദ്ധരാണെന്നും കൂടി തെളിയിക്കുന്നു. യത്ര നാര്യസ്തു പൂജ്യന്തേ തത്ര ദേവതാഭിരമ്യതെ:- എവിടെ നാരിമാർ പൂജിക്കപ്പെടുന്നോ അവിടെ ദേവതകൾ അഭിരമിക്കുന്നു എന്നൊരു പുരാതനൻ എഴുതിയിരുന്നു . അത് പാലിക്കപ്പെടാൻ ഇട നൽകില്ല എന്നുറപ്പ് വരുത്തുന്ന തരം ആൾക്കാരാണ് നമ്മുടെ നാട്ടിൽ ഉള്ളത്. അത്തരം വചനങ്ങൾ എഴുതിയ നാട്ടിൽ ദുർഗ്ഗയെന്ന സാധരണ സ്ത്രീയുടെ കഥ പറഞ്ഞ സംവിധായകനെ ഇന്ത്യയിലെത്തിയാൽ ശിക്ഷിച്ച് മറ്റുള്ളവരെയും പഠിപ്പിക്കാനിറങ്ങിയ ഹിന്ദു സേനാംഗങ്ങളെ നിങ്ങൾക്ക് ഹാ കഷ്ഠം.

എല്ലാ മതഭ്രാന്തരും ചെയ്യുന്നതെന്തെന്ന് അവർക്കറിയാം. നിങ്ങളീ രാജ്യത്തെ

മതത്താലും ദുർവിചാരങ്ങളാലും വെട്ടിമുറിക്കാൻ കൊതിക്കുന്ന പിശാചുബാധിച്ച മനുഷ്യരാണ്; അതും ദൈവത്തിന്റെ പേരിൽ.

ഇത്തരം ദുർബല ദൈവചിന്തയും ദൈവ വിശ്വാസവും നിങ്ങൾക്കു മാത്രമല്ല, സമൂഹത്തിനും ആപത്താണ്.

Next Story

Related Stories