TopTop
Begin typing your search above and press return to search.

പെനല്‍റ്റി കിക്ക് കാത്തിരിക്കുന്ന എസ്എഫ്ഐയുടെ ഏകാന്തത

പെനല്‍റ്റി കിക്ക് കാത്തിരിക്കുന്ന എസ്എഫ്ഐയുടെ ഏകാന്തത

‘പെനല്‍റ്റി കിക്ക് കാത്തിരിക്കുന്ന ഗോളിയുടെ ആകുലത’ പ്രശസ്ത ആസ്ട്രിയന്‍ നോവലിസ്റ്റ് പീറ്റര്‍ ഹാന്‍ഡ്കെയുടെ നോവലാണ്. ഇത് പിന്നീട് അദ്ദേഹത്തിന്റെ തന്നെ തിരക്കഥയില്‍ പ്രശസ്ത ജര്‍മ്മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്സ് സിനിമയാക്കി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഈ ടൈറ്റിലാണ് ഓര്‍മ്മ വരുന്നത്. പ്രത്യേകിച്ചും ലോ അക്കാദമിയില്‍ സഹോദര പ്രസ്ഥാനമായ എ ഐ എസ് എഫ് കെ എസ് യു, എബിവിപി, എംഎസ്എഫ് തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി സമരം നടത്തുകയും ഒടുവില്‍ സമര വിജയത്തിന്റെ ക്രെഡിറ്റ് എടുത്തു കൊണ്ടുപോവുകയും ചെയ്തപ്പോള്‍ എസ്എഫ്ഐ തീര്‍ത്തും ഒറ്റപ്പെട്ടു പോയിരുന്നു. ആ ദിവസങ്ങളില്‍ കടുത്ത ഏകാന്തതയായിരിക്കാം എസ്എഫ്ഐയെ അലട്ടിയിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ സദാചാര പോലീസിംഗ് സംഭവത്തോടെ അത് ഉത്കണ്ഠയായി മാറിയിരിക്കുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഗോള്‍ വല കാത്തു സൂക്ഷിക്കുന്നു എന്നവകാശപ്പെടുന്ന എസ് എഫ് ഐ യുടെ കൈകള്‍ക്കിടയിലൂടെ പന്തുകള്‍ ചോര്‍ന്നു പോയി വല കുലുക്കുകയാണ്. അതും തുടര്‍ച്ചയായി.

എംജി സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേക് കുമാരനെ കഴിഞ്ഞ ജനുവരി 10-ാം തീയതി രാത്രിയിലായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. രാത്രി 11.30-ഓടെയാണ് കാമ്പസിലെ പല്ലന ഹോസ്റ്റലിലെ വിവേക് താമസിക്കുന്ന 203-ാം റൂമില്‍ നാലോളം പേര്‍ അതിക്രമിച്ചു കടന്നായിരുന്നു മര്‍ദ്ദനം. എസ്എഫ്‌ഐ ക്യാമ്പസ് യൂണിയന്‍ ചെയര്‍മാനും യൂണിറ്റ് സെക്രട്ടറിയുമായ ശ്യാംലാലിന്റെ നേതൃത്വത്തില്‍ അരുണ്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നീ വിദ്യാര്‍ത്ഥികള്‍ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവേകിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ബോധരഹിതനായ വിവേകിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാമ്പസില്‍ ദളിത് വിദ്യാര്‍ഥി കൂട്ടായ്മ ശക്തി പ്രാപിക്കുന്നു എന്നതും എസ്എഫ്ഐയില്‍ നിന്നു കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതുമാണ് വിവേകിനെ അക്രമിക്കുന്നതിലേക്ക് നയിച്ചത്. രാജ്യത്തെ മറ്റ് കാമ്പസുകളില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ബാപ്സ തുടങ്ങിയ ദളിത് സംഘടനകള്‍ ശക്തി പ്രാപിക്കുന്നതിന് സമാന്തരമായി എംജി കാമ്പസിലും വിദ്യാര്‍ഥികള്‍ സംഘടിക്കുന്നുണ്ട്. ഇതു തന്നെയാണ് കേരള വര്‍മ്മയിലെ അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രവര്‍ത്തകരും ആക്രമിക്കപ്പെടാന്‍ കാരണം. യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ വി എം ഫഹീം യൂണിറ്റ് പ്രസിഡന്റ് അഞ്ചിത കെ ജോസ് എന്നിവരോടൊപ്പം തടയാനെത്തിയ എസ്എഫ്ഐ പ്രവർത്തകയായ ശ്രീലക്ഷ്മിയും അവിടെ ആക്രമിക്കപ്പെട്ടു.

പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലിന്റെ പട്ടട ഒരുക്കിയതും എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും എസ്എഫ്ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ മറ്റ് സംഭവങ്ങളാണ്. അതിനിടയിലാണ് ഇന്നലെ യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സദാചാര പോലീസിംഗും വടകര മടപ്പള്ളി ഗവ. കോളേജില്‍ ഇങ്ക്വിലാബ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതും. സത്യത്തില്‍ ഇതിനേക്കാളൊക്കെ അപമാനകരമായി മാറുകയാണ് എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് ഒരു ചാനലില്‍ വന്നിരുന്നു നടത്തിയ നിര്‍ലജ്ജമായ ന്യായീകരണം. പരാതിക്കാരികളായ പെണ്‍കുട്ടികളാണ് എതിര്‍ഭാഗത്ത് ഇരിക്കുന്നത് എന്നു പരിഗണിക്കാതെ എസ്എഫ്ഐയുടെ ഭൂതകാലവും ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തതിലെ ചാനലിന്റെ രാഷ്ട്രീയ താത്പര്യവും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു കൊടുത്ത അനാശാസ്യ കഥകളും വിളമ്പുകയായിരുന്നു ഈ നേതാവ്. ജെഎന്‍യുവിലും ഹൈദരബാദ് സര്‍വ്വകലാശാലയിലും പോണ്ടിച്ചേരി സര്‍വ്വകലാശാലയിലുമൊക്കെ വമ്പിച്ച വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒരു പ്രസ്ഥാനമാണ് നിന്നു വിയര്‍ക്കുന്നത് എന്നു കാണുമ്പോഴാണ് സങ്കടം തോന്നുന്നത്.

യഥാര്‍ത്ഥത്തില്‍ എസ്എഫ്ഐ ഇന്ന് നേരിടുന്ന പ്രതിസന്ധി ആ വിദ്യാര്‍ത്ഥി സംഘടനയുടെ മാത്രമല്ല. അത് ചുമക്കുന്നത് അതിന്റെ പിതൃസംഘടനയായ സിപിഎം ചെയ്തുകൂട്ടുന്ന കന്നംതിരിവുകളുടെ ഫലം കൂടിയാണ്. പാര്‍ട്ടി ഫ്രാക്ഷനില്‍ എടുക്കുന്ന തീരുമാനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ വന്നതിന്റെ തിരിച്ചടിയാണ് ലോ അക്കാദമിയില്‍ കണ്ടത്. അവര്‍ക്ക് വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല എന്നുമാത്രമല്ല ഒറ്റപ്പെടുകയും ചെയ്തു. സമരത്തില്‍ വൈകി എത്തുകയും നേരത്തെ ഇറങ്ങിപ്പോവുകയും ചെയ്തു എന്ന പഴി അവര്‍ക്ക് കേള്‍ക്കേണ്ടിയും വന്നു. അതിന്റെ അലയൊലി അടങ്ങുന്നതിന് മുന്‍പ് തന്നെ തലസ്ഥാനത്തെ മറ്റൊരു കാമ്പസില്‍ കുഴപ്പത്തില്‍ ചാടി ഇരിക്കുകയാണ് എസ് എഫ് ഐ. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ പറയുന്നതു പോലെ ജനാധിപത്യത്തെ ഒട്ടും മാനിക്കാത്ത 'സ്വേച്ഛാധിപത്യവും' 'ഗുണ്ടായിസവും' ഭരിക്കുന്ന കാമ്പസാണ് യൂണിവേഴ്സിറ്റി കോളേജ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നടന്ന ചാപ്പ കുത്തല്‍ സംഭവം മുതല്‍ കഴിഞ്ഞ വര്‍ഷം എഐഎസ്എഫ് പ്രവര്‍ത്തക കയ്യേറ്റം ചെയ്യപ്പെട്ട സംഭവം വരെ ഉദാഹരണങ്ങളാണ്. സൂര്യഗായത്രിയും അസ്മിതയും ജിജേഷും ഒടുവിലത്തെ ഉദാരഹണങ്ങള്‍ മാത്രം.

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതാദ്യമായി അംഗത്വം നല്കി എന്നു മേനി നടിക്കുമ്പോഴും സമൂഹം കൂടുതല്‍ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ എസ് എഫ് ഐക്ക് സാധിക്കുന്നില്ല. 90 കളിലെയും 2000ത്തിലെയും അവസ്ഥയല്ല ഇപ്പോള്‍. ഒരു രാഷ്ട്രത്തിന്റെ ഭരണകൂടത്തെ തന്നെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളതാണ് നവമാധ്യമം എന്ന പ്രതിപക്ഷശക്തി. അറബ് രാജ്യങ്ങളില്‍ നടന്ന മുല്ലപ്പൂ വിപ്ലവവും അഴിമതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഉദയം ചെയ്തതും ഓര്‍ക്കുക. ഡല്‍ഹി കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത് മറ്റൊരു ഉദാഹരണം. ജെ എന്‍ യുവിലെയും ഹൈദരബാദിലെയും പ്രക്ഷോഭങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിയതും രാഷ്ട്രീയ വിഷയമായി മാറിയതും എങ്ങനെയെന്ന് ചിന്തിക്കുക. കേരളത്തില്‍ കിസ്സ് ഓഫ് ലവ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ യുവജനങ്ങളുടെ ഇടയിലേക്ക് എങ്ങനെയാണ് ഇത്രയധികം സ്വാധീനം ചെലുത്തിയത് എന്നു ചിന്തിക്കുക. യൂണിവേഴ്സിറ്റി കോളേജിലെ സംഭവം കാട്ടുതീ പോലെ പടര്‍ന്നതും ഒടുവില്‍ നാണംകെട്ട അനാശാസ്യകഥയുമായി എസ് എഫ് ഐക്ക് വരേണ്ടിവന്നതും എന്തുകൊണ്ടെന്ന് അതിന്റെ നേതാക്കള്‍ ചിന്തിക്കുക തന്നെ വേണം.

വരാന്‍ പോകുന്ന വര്‍ഗീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ഭീഷണി ഉയര്‍ത്തിക്കാട്ടി എത്രകാലം തങ്ങളുടെ ചെയ്തികളെ എസ് എഫ് ഐക്ക് പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് അവരെ സ്നേഹിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം. രോഹിത് വെമൂലയെ ആത്മഹത്യയിലേക്ക് നയിച്ചവര്‍, കന്നയ്യ കുമാറിനെ ജയിലില്‍ അടച്ചവര്‍ ജനാധിപത്യത്തിന്റെ പൊയ്മുഖം അണിഞ്ഞു മാന്യത നേടാന്‍ അനുവദിച്ചതിന് സി പി ഐയെയോ എ ഐ എസ് എഫിനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതിനു ഉത്തരവാദികള്‍ തങ്ങള്‍ തന്നെയാണെന്ന് എസ് എഫ് ഐ തിരിച്ചറിയണം. മാറിയ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തില്‍ കെ എസ് യു അടക്കമുള്ള ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളുമായി എങ്ങനെ ചേര്‍ന്ന് പോകുന്ന കാര്യമായിരിക്കണം എസ് എഫ് ഐ ചിന്തിക്കേണ്ടത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പൂര്‍വ്വ കലാലയവും എസ് എഫ് ഐയുടെ കോട്ടയുമായ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജില്‍ ചെന്നപ്പോള്‍ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. അവിടത്തെ മുന്‍ എസ് എഫ് ഐ നേതാവും ഒരു പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറുമായ സുഹൃത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്നതായിരുന്നു. ക്യാമറ സംഘത്തെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിനകത്ത് കയറ്റാന്‍ തയ്യാറായില്ല. കാരണമായി പറഞ്ഞത് അതിനു തൊട്ട് മുന്‍പ് ഏതോ ഒരു മാധ്യമം തെറ്റായ റിപ്പോര്‍ട്ട് കോളേജിനെ കുറിച്ചു കൊടുത്തു എന്നുള്ളതായിരുന്നു. സാങ്കേതിക വിദ്യകള്‍ ഇത്രയേറെ വികസിച്ച കാലത്ത് എത്രകാലം ഈ ചെങ്കോട്ടകള്‍ ഇങ്ങനെ അടച്ചു കെട്ടി സൂക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു അന്ന് അവിടെയുണ്ടായിരുന്ന ഞങ്ങളില്‍ ചിലര്‍ എസ് എഫ് ഐ സഹോദരന്‍മാരോട് ചോദിച്ചത്.

ജനാധിപത്യത്തിന്റെ വാതിലുകള്‍ തുറന്നിടാതെ ഇനി ഒരടി മുന്നോട്ട് പോകാന്‍ എസ്എഫ്ഐക്ക് സാധിക്കില്ല എന്നതാണു യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളും സമീപകാലത്ത് മറ്റ് കാംപസില്‍ ഉണ്ടായ സംഭവങ്ങളും സൂചിപ്പിക്കുന്നത്. അത്രയേറെ അവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടിരിക്കുന്നു. കയ്യൂക്കും ഗുണ്ടായിസവുമല്ല ആ പ്രസ്ഥാനത്തെ നയിക്കേണ്ടത്. സ്വയം നവീകരണത്തിന് എസ് എഫ് ഐ തയ്യാറാവുക തന്നെ വേണം. അല്ലെങ്കില്‍ തങ്ങള്‍ പുറത്തു പോകേണ്ടി വരും എന്ന യാഥാര്‍ഥ്യം എസ് എഫ് ഐ തിരിച്ചറിയേണ്ടതുണ്ട്. പകരം വരുന്നത് ആരായിരിക്കും എന്ന ചോദ്യം തന്നെയാണ് ഏവരെയും അസ്വസ്ഥതപ്പെടുത്തുന്നത്.

പിന്‍ കുറിപ്പ്: ബ്രണ്ണന്‍ കോളേജിലും എം ജി സര്‍വ്വകലാശാലയിലും എസ് എഫ് ഐ പതിച്ച പോസ്റ്ററുകളാണ് ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നത്. അതില്‍ ബ്രണ്ണന്‍ കോളേജിലെ സഖാക്കള്‍ അന്വേഷിക്കുന്ന സദാചാര പോലീസുകാര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ട്. ആ കാര്യം സംസ്ഥാന കമ്മിറ്റി അടിയന്തിര സര്‍ക്കുലര്‍ വഴി യൂണിറ്റ് കമ്മറ്റിയെ അറിയിക്കുമല്ലോ?

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories