TopTop
Begin typing your search above and press return to search.

മണ്ണൊലിച്ച് പോകുന്നത് എസ്എഫ്ഐ അറിയുന്നുണ്ടോ?

മണ്ണൊലിച്ച് പോകുന്നത് എസ്എഫ്ഐ അറിയുന്നുണ്ടോ?

കേരളത്തിലെ സമീപകാല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ലോ അക്കാദമി സമരം ഫെബ്രുവരി 8ന് പര്യവസാനിച്ചപ്പോള്‍ സ്വന്തം കസേര നഷ്ടപെട്ട ലക്ഷ്മി നായര്‍ എന്ന അവിടുത്തെ പ്രിന്‍സിപ്പലിനുണ്ടായതിനേക്കാള്‍ വലിയ നഷ്ടം സംഭവിച്ചത് എസ്എഫ്‌ഐക്കായിരുന്നോ എന്ന സംശയം ഉയര്‍ത്തിയവരില്‍ ഇടതുപാളയത്തില്‍ തന്നെ ഒരുപാടുപേരുണ്ടായിരുന്നു. കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അത് വരെ എസ്എഫ്ഐക്കുണ്ടായിരുന്ന അനിഷേധ്യ മേധാവിത്വം വരെ ചോദ്യം ചെയ്യപ്പെട്ട ഒരു സമരമായിരുന്നു അതെന്നത് ഒരു വസ്തുതയാണ്. പ്രമാദമായ ഒരു വിദ്യാര്‍ത്ഥി സമരം ഏറ്റവും പ്രമുഖമായ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ സഹായമില്ലാതെ വിജയിപ്പിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിഞ്ഞു എന്ന വസ്തുതയാണ് ഇവിടെ പ്രധാനം.

എസ്എഫ്ഐയുടെ എതിരാളികളും കൂടെ നില്‍ക്കുന്നവരും ഒരേ ശബ്ദത്തില്‍ ഒറ്റുകാര്‍ എന്ന് വിളിക്കുന്ന ഭീഷണമായ സാഹചര്യമാണ് ഇനി അവര്‍ക്കു നേരിടാനുള്ളത്. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് മാറി, വിദ്യാര്‍ത്ഥി വിരുദ്ധ നീക്കങ്ങളില്‍ മാനേജ്‌മെന്റുകളുടെ പിണിയാളുകളായി മാറിയതായിരുന്ന യൂണിവേഴ്സിറ്റി ലോ അക്കാദമി സമരത്തിൽ കണ്ടത്. കേരളം മുഴുവന്‍ ദിവസങ്ങളോളം ലൈവ് കണ്ട, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ആ സമരമുണ്ടാക്കിയ കറ അത്രയെളുപ്പം എസ്എഫ്ഐയുടെ മേലേ നിന്ന് മാഞ്ഞു പോകില്ല.

ബംഗാളില്‍ സിപിഎമ്മിന്റെ അവസാനത്തിന് ആരംഭം കുറിച്ച നന്ദിഗ്രാം സമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേരളത്തിലെ എസ്എഫ്‌ഐയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ലോ അക്കാദമി സമരം. പണ്ടു ജന്മിത്തത്തെ സമരങ്ങളിലൂടെ തോല്പിച്ചും, ഭൂപരിഷ്ക്കരണ നിയമത്തിലൂടെ പാവപ്പെട്ടവന് ഭൂമിനേടിക്കൊടുത്തും സിപിഎം ആര്‍ജിച്ച അവരുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവുമായിരുന്നു 35 വര്‍ഷത്തോളം തുടര്‍ച്ചയായി ബംഗാളിനെ കൈപ്പിടിയിലൊതുക്കാന്‍ പാർട്ടിയെ സഹായിച്ച പ്രധാന ഘടകം. അതേ പാവപ്പെട്ടവരുടെ ഭൂമി കുത്തകകള്‍ക്ക് വേണ്ടി അവരില്‍ നിന്ന് തട്ടിപ്പറിക്കാന്‍ സിപിഎം തന്നെ നേതൃത്വം നല്‍കുന്നത് കണ്ട അവരുടെ ഞെട്ടലിന്റെ പ്രതിഫലമായിരുന്നു നന്ദിഗ്രാം സമരം. ബംഗാളിലെ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു അത്. ഇന്ന് ബൂത്ത് പ്രവര്‍ത്തനം നടത്താന്‍ പോലുമാവാത്ത വിധം ഇല്ലാതായിക്കഴിഞ്ഞു അവര്‍ ബംഗാളില്‍. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകമായ വിദ്യാര്‍ത്ഥികളുടെ വിശ്വാസം അസന്നിഗ്ധമായി നഷ്ടപ്പെടുത്തിയ ഒരു സമരമായി മാറുകയായിരുന്നു ലോ അക്കാദമി സമരം. തൊട്ടുപുറകെ വന്ന, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ വാര്‍ത്തകളും അതിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പ്രതിരോധിച്ച രീതിയും വിരല്‍ ചൂണ്ടുന്നത് ഈ അപകടത്തിലേക്ക് തന്നെയാണ്.

രണ്ടു വിദ്യാര്‍ത്ഥിനികളെയും അവരുടെ സുഹൃത്തിനെയും ഏതാനും എസ്എഫ്‌ഐക്കാര്‍ സദാചാരഗുണ്ടകള്‍ ചമഞ്ഞ് മര്‍ദ്ദിച്ചതെന്തിനെന്നെന്ന ചോദ്യത്തിന് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ചാനലുകളിലെ പ്രൈം ടൈമില്‍ വന്ന് പറഞ്ഞ മറുപടി ഒന്ന് മാത്രം മതിയായിരുന്നു അവര്‍ ഇത്രയും നാള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇത്ര വലിയ കള്ളങ്ങള്‍ ആയിരുന്നോ എന്ന് പൊതുസമൂഹത്തിനെക്കൊണ്ട് ചോദിപ്പിക്കാന്‍. തൃശ്ശൂര്‍ ജില്ലയിലെ ഒരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു നാടകം കാണാന്‍ രണ്ടു പെണ്‍ സുഹൃത്തുക്കളുടെ കൂടെ വന്നതെന്തിനെന്ന അശ്ലീലം കലര്‍ന്ന ചോദ്യം ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിര്‍ത്തികളില്ലാത്ത രാജ്യം എന്ന മുദ്രാവാക്യം മുഴക്കി ജെഎന്‍യുവില്‍ സമരം നടത്തിയവരുടെ, സദാചാര പോലീസിങിനെതിരെ ചുംബനസമരം നടത്തിയവരുടെ, ഫാസിസത്തിനെതിരെ തൊണ്ടകീറി മുദ്രാവാക്യം വിളിക്കുന്നവരുടെ, യഥാര്‍ത്ഥ മുഖം ഇതായിരുന്നോ എന്ന് പൊതുസമൂഹത്തിനെക്കൊണ്ട് ചോദിപ്പിക്കാന്‍ തക്ക പ്രാപ്തമായിരുന്നു ആ മറുപടി.

ജെല്ലിക്കെട്ട് സമരത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞ ഒരു കാര്യം ഇവിടെ എഫ്എഫ്‌ഐയുടെ കാര്യത്തിലും പ്രസക്തമാണ്. ഇത്തരം കാര്യങ്ങള്‍ വെറും ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നിലയില്‍ കാണാതെ, ഒരുപാടുകാലം കൊണ്ട് അടിത്തട്ടില്‍ നടക്കുന്ന മാറ്റങ്ങളുടെ ഒരു ബഹിര്‍സ്പുരണമായിട്ടു വേണം കാണാന്‍ എന്നായിരുന്നു അത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഏകാധികപതികളുടെ കീഴില്‍ കാലങ്ങളായി അടക്കിനിര്‍ത്തേണ്ടി വന്ന തമിഴ് ജനതയുടെ അസംതൃപ്തി അനുയോജ്യമായ സാഹചര്യം വന്നപ്പോള്‍ പൊട്ടിത്തെറിച്ചതാണ് ജെല്ലിക്കെട്ട് സമരം എന്നായിരുന്നു അവര്‍ നിരീക്ഷിച്ചത്. അതെപോലെ കാലങ്ങളായി പ്രസ്ഥാനത്തില്‍ അടിഞ്ഞുകൂടിയ ദുഷ്പ്രവണതകളും അഴുക്കുകളും യാദൃശ്ചികമായി ഒരു സുപ്രഭാതത്തില്‍ അതിന്റെ വൃത്തികെട്ട മുഖം പുറത്തു കാണിച്ചതാണ് എസ്എഫ്‌ഐയുടെ കാര്യത്തില്‍ സംഭവിച്ചത്.

അവരെ സംബന്ധിച്ച് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം തെറ്റ് ചൂണ്ടിക്കാണിച്ച് തിരുത്തിക്കാന്‍ കഴിവുള്ളവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നതാണ്. എസ്എഫ്ഐയുടെ പേരില്‍ പുറത്തുവരുന്ന ദുഷ്‌ചെയ്തികളെയെല്ലാം 'സംഘി' മോഡല്‍ എന്ന് പറഞ്ഞ് വെള്ള പൂശുമ്പോള്‍ സംഭവിക്കുന്നത് തിരുത്തലുകള്‍ക്ക് വിധേയമായി സ്വയം ശുദ്ധീകരിക്കാനുള്ള അവസരം ഇല്ലാതാവുകയെന്നതാണ്. തിരുത്താന്‍ ശ്രമിക്കുന്ന സിപിഐ പോലുള്ള സഖ്യകഷികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന, 'സംഘി' എന്ന് മുദ്ര കുത്തുന്ന പ്രവണത കൂടിയാകുമ്പോള്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയുന്നു.

ഇന്ന് ജനപക്ഷ ആവശ്യങ്ങള്‍ക്കായുള്ള സമരമുഖങ്ങളിൽ ബിജെപി, എബിവിപി സംഘടനകള്‍ നടത്തുന്ന ഇടപെടൽ കണ്ടിട്ടും അവർക്ക് കാര്യം മനസിലാവുന്നില്ല. ജനകീയ സമരങ്ങളില്‍ ഇത്രകാലം സിപിഎമ്മിനും അതിന്റെ അനുബന്ധ സംഘടനകൾക്കുമുണ്ടായിരുന്ന ഇടമാണ് ബിജെപിയും എബിവിപിയുമൊക്കെ കയ്യടക്കാന്‍ തുടങ്ങുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ലോ അക്കാദമി സമരം എന്ന് അവര്‍ക്കു മാത്രം തിരിച്ചറിയാനും കഴിയുന്നില്ല. ഒരുകാലത്ത് എസ്എഫ്‌ഐക്ക് മാത്രം യോജിച്ചിരുന്ന 'സമരമുഖത്തെ തീപ്പന്തങ്ങളാവുക' എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മറ്റ് സംഘടനകളെ വിശേഷിപ്പിക്കാനാണ്. മാറിയ കാലത്തിനനുസരിച്ചു സ്വയം മാറാന്‍ തയ്യാറാവാത്ത ഒന്നിനും നിലനില്‍പ്പില്ല എന്നതാണ് അടിസ്ഥാന തത്വം എന്നെങ്കിലും എസ്എഫ്ഐ മനസിലാക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories