TopTop
Begin typing your search above and press return to search.

ഇങ്ങനെ പോയാല്‍ എസ്എഫ്ഐയുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍

ഇങ്ങനെ പോയാല്‍ എസ്എഫ്ഐയുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍

"അതെ ക്ലാസ് മുറിയിൽ ഞാൻ ഉണ്ടായിരുന്നു. എസ്എഫ്ഐക്കാർ പടച്ചു വിടുന്ന കഥയിലെപോലെ പോലെ പൊളിറ്റിക്സ് ക്ലാസ് മുറി ആണോ എന്നറിയില്ല. പകരം ഇടി കൊണ്ട് ഞാൻ താഴെ വീണപ്പോൾ അവർ തന്നെ എടുത്തു കൊണ്ടിടുകയായിരുന്നു. മുഖത്ത് വെള്ളം തളിച്ചപ്പോഴാണ് ബോധം തിരിച്ചു കിട്ടിയത്. അല്ലാതെ ഒരിക്കലും എൻെറ കൂട്ടുകാരുമായി ഞാൻ ക്ലാസ് മുറിയിൽ പോയി ഇരുന്നിട്ടില്ല. മർദ്ദിച്ചു അവശനാക്കിയ ശേഷം ബോധംപോയപ്പോഴാണ് ക്ലാസ് മുറിയിലെ ബഞ്ചിൽ അവർ കൊണ്ടുപോയി കിടത്തിയത്." തിരുവനന്തപുരം യുണിവേഴ് സിറ്റി കോളേജിലെ എസ്എഫ്ഐ ക്കാരുടെ സദാചാരപോലീസിങ്ങിനും ക്രൂര മർദനത്തിനും ഇരയായ ജിജീഷ് പറഞ്ഞു . കോളേജിൽ പെൺസുഹൃത്തുക്കളോടൊപ്പം ഇരുന്നതിനു അടിച്ചവശനാക്കിയതിലേറെ ജിജീഷിനെ വേദനിപ്പിക്കുന്നത് മുഖം നഷ്ടപ്പെട്ട എസ്എഫ്ഐക്കാർ പൊരിച്ചെടുക്കുന്ന കുറെ കഥകൾ ആണ്.

യൂണിവേഴ്സിറ്റി കോളേജിൽ, ബി എ മലയാളം വിദ്യാർത്ഥിനി അസ്മിതയേയും (ജാനകി) ബിഎ ഫിലോസഫി വിദ്യാർഥിനി സൂര്യഗായത്രിയേയും അവരുടെ സുഹൃത്തായ തൃശ്ശൂർ മണ്ണുത്തി സ്വദേശി ജിജേഷിനേയും വളഞ്ഞിട്ട്‌ മർദ്ദിച്ച നടപടി എസ്എഫ്ഐ നേതാക്കന്മാരും സിപിഎമ്മും അറിഞ്ഞിട്ടില്ല എന്ന് കരുതുവാൻ തരമില്ല. ഹൈദരാബാദ് സർവകലാശാലയിലും ജെഎൻയുവിലുമൊക്കെ സമരവുമായി പറന്നിറങ്ങുന്ന എംബി രാജേഷും പികെ ബിജു വൊന്നും സ്വന്തം സംസ്ഥാനത്ത് അവരുടെ സംഘടന നടത്തിയ കുറ്റകൃത്യങ്ങൾ കണ്ടില്ലേ?

കാമ്പസിൽ അവതരിപ്പിക്കപ്പെടുന്ന നാടകം കാണുവാനായി വിദ്യാർത്ഥിനികൾക്കൊപ്പം എത്തിയതായിരുന്നു ജിജേഷ്‌. പുറത്ത്‌ നിന്നുള്ള ആളായതിനാൽ കാമ്പസിന്‌ പുറത്ത്‌ പോകണം എന്നായിരുന്നു എസ്എഫ്ഐയുടെ ആവശ്യം. എന്നാൽ, ഈ പെൺകുട്ടികൾ ശരിയല്ല എന്നും ഇവരോട്‌ അത്ര ഇടപെടണ്ട എന്നും പറഞ്ഞതിനെ അസ്മിതയും സൂര്യയും ചോദ്യം ചെയ്യുകയും അതേ തുടർന്ന് വാക്കേറ്റത്തിലേക്ക്‌ നീങ്ങിയ കാര്യങ്ങൾ കയ്യാങ്കളിയിലെത്തുകയുമാണ്‌ ഉണ്ടായത്‌. പത്തോളം പേർ ജിജേഷിനെ മർദ്ദിക്കുകയും നിലത്തിട്ട്‌ ചവിട്ടുകയും ചെയ്തു. ഇതിനിടയിൽ കേട്ടാലറയ്ക്കുന്ന ചീത്ത വാക്കുകൾ ഉപയോഗിച്ച്‌ പെൺകുട്ടികളെ ആക്ഷേപിച്ചു എന്നും നെഞ്ചിൽ പിടിച്ച്‌ തള്ളിയിട്ടു എന്നും പറയുന്നുണ്ട്‌.

നെഞ്ചിൽ പിടിച്ച്‌ തള്ളിയിടുന്നത്‌ വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ നോക്കി നിന്നുവെന്നും സംഭവ സ്ഥലത്തെത്തിയ പോലീസ്‌ നിഷ്ക്രിയരായിരുന്നു എന്നുമുള്ള ഗുരുതരമായ ആരോപണവും ഇവർ ഉയർത്തുന്നുണ്ട്‌. "ഇത്‌ യൂണിവേസിറ്റി കോളെജാണെന്നറിയില്ലേ? നിങ്ങൾ ഏത്‌ പാർട്ടിയാണ്‌?" എന്നിങ്ങനെയുള്ള പോലീസിന്റെ ചോദ്യങ്ങൾ നിലനിൽക്കുന്ന യഥാർഥ്യങ്ങൾക്ക്‌‌ നേരെ വിരൽ ചൂണ്ടുന്നു. യൂണിവേഴ്സിറ്റി കോളേജിൽ ഇത്തരം അക്രമങ്ങൾ നടക്കുന്നത്‌ സ്വാഭാവികമല്ലേ എന്ന മട്ടിലുള്ള നിയമപാലകരുടെ ആ പ്രതികരണം എസ്എഫ്ഐയുടേയും ഇതിനു വിലക്ക് പിടിക്കുന്ന സിപിഎം എന്ന പാർട്ടിയും കാണുന്നില്ലേ? മാധ്യമ പ്രവർത്തകയായ ജിഷ എലിസബത്തിനെയും ഭർത്താവിനെയും സദാചാര പോലീസ് ചമഞ്ഞു പിടികൂടി അപമാനിച്ച സഖാവിനെ സസ്‌പെന്റ് ചെയ്താണ് ജില്ലാ സെക്രട്ടറി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ നട്ടെല്ല്‌ കാട്ടിയത്. അപമാനത്തിന്റെ ചെളിക്കുണ്ടിൽ നിന്നും പാർട്ടി അന്ന് രക്ഷപ്പെടുകയും ചെയ്തു. ഇന്ന് കടകംപള്ളി മന്ത്രിയാണ്. പക്ഷെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലാണ് ഇരുപ്പ്. മിനിസ്റ്റർ, നിങ്ങളുടെ മൗനം പോലും ജനം വിലയിരുത്തുന്നുണ്ട്.

എസ്എഫ്ഐക്കാരല്ലാത്ത ആരെയും എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാം എന്ന ഫാസിസ്റ്റ്‌ നിലപാടിലേക്ക്‌ ആ സംഘടന വളർന്നുവെങ്കിൽ, നെഞ്ചിലേറ്റിയ യുവത അവരെ വൈകാതെ എടുത്തെറിയുക തന്നെ ചെയ്യും. പകരം അവിടെ കയറിപ്പറ്റുക അതിലും ഭീകരരായ വർഗ്ഗീയ വാദികളായിരിക്കും. വർഗ്ഗീയതെയേയും കപടസദാചാരത്തെയും എതിർക്കേണ്ടവർ തന്നെ അതിനെ വെള്ളവും വളവും നൽകി പരിപാലിച്ച്‌ വളർത്തുന്നതിന്‌ ഒരു കാലത്തും ചരിത്രം മാപ്പ്‌ നൽകില്ലെന്ന് എസ് എഫ് ഐയും പാർട്ടിയും ഓർത്താൽ നന്ന്.

ഭരണം ലഭിച്ചപ്പോൾ മുതൽ എസ്എഫ്ഐ കാട്ടുന്ന താൻപോരിമ ഇപ്പോൾ സകല സീമകളും ലംഘിച്ച്‌ ഗുണ്ടായിസത്തിലേക്ക്‌ കടന്നിരിക്കുന്നു. അനേകം പേർ ചോരയും നീരും ജീവനും കൊടുത്ത്‌ വളർത്തിയ പ്രസ്ഥാനത്തെ അതിനുള്ളിൽ നിന്നു തന്നെ അഭിനവ സഖാക്കൾ എന്ന് സ്വയം കരുതുന്ന കപട സദാചാര വാദികൾ നശിപ്പിക്കുന്നത്‌ കാണുമ്പോൾ എവിടെയോ വായിച്ചത്‌ ഓർമ്മ വരുന്നു; എസ്എഫ്ഐയെ നശിപ്പിക്കുവാൻ എസ്എഫ്ഐക്ക്‌ മാത്രമേ കഴിയൂ എന്ന്. ഇന്നലെ നടന്ന ടിവി ചർച്ചയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെ കോമാളിയാക്കിയത് എതിരാളികളല്ല പകരം അന്തവും കുന്തവുമില്ലാത്ത എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടമായിരുന്നു. അവർ നൽകിയ വിവരങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങിചാനല്‍ ന്യൂസ് അവറിൽ ഛർദ്ദിച്ചതാണ് ജയ്ക് ചെയ്ത തെറ്റ്.

ഇവിടെ എസ്എഫ്ഐയും പാർട്ടിയും, ‌ആ കണ്ണുകളുടെ വശങ്ങളിൽ കെട്ടിവച്ചിരിക്കുന്ന മറ ഒന്നഴിച്ച്‌ മാറ്റി ചുറ്റും നോക്കുകയാണ്‌ ചെയ്യേണ്ടത്‌. ജനം എന്താണ്‌ പറയുന്നതെന്ന്, പ്രതീക്ഷിക്കുന്നതെന്ന്. അത്‌ തിരിച്ചറിയാതെ പോയവരെയൊക്കെ കാത്തിരുന്നത്‌ വലിയ പതനങ്ങളായിരുന്നു എന്ന് എസ്എഫ്ഐയും പാർട്ടിയും തിരിച്ചറിഞ്ഞില്ലെങ്കിൽ അധികം വൈകാതെ തന്നെ വിപ്ലവ ഗാനം പാടിയ നാവുകൾക്കും തൊണ്ടകൾക്കും ചരമഗീതം പാടാനുള്ള അവസരമുണ്ടാകും. അത്‌ ഒരു നാടിന്റെ പ്രതിക്ഷകളുടെ ചരമഗീതവുമായിരിക്കും. അടക്കി ഒതുക്കി എതിരാളികളേ ഇല്ലാതെ 34 വർഷം ഭരിച്ച ബംഗാളിൽ ഇപ്പോൾ പാർട്ടിയുടെ പേര് പറഞ്ഞാലേ അടികിട്ടും . മറ്റുള്ളവരുടെ അനുഭവം കണ്ടുപഠിക്കുന്നരാണ് ബുദ്ധിമാന്മാർ. വിഡ്ഢികൾ സ്വന്തം അനുഭവം വരാൻ കാത്തിരിക്കും എന്നൊരു ചൊല്ലുണ്ട് . അതുകൊണ്ടു സ്വന്തം അനുഭവം വരാൻ കാത്തിരിക്കാതെ ജിജീഷിനോടും സൂര്യഗായത്രിയോടും അഷ്മിതയോടുമൊക്കെ മാപ്പ് പറയുകയും ഗുണ്ടകളെ തള്ളിക്കളയുകയും ചെയ്യണം. അല്ലാതെ ടിവി ചർച്ചയിൽ ജെയ്ക്ക് ചെയ്തതുപോലെ അക്രമികളെ സംരക്ഷിക്കാനാണ് പ്ലാൻ എങ്കിൽ എസ്എഫ്ഐ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിലേക്ക് എത്താൻ അധിക നാൾവേണ്ടി വരില്ല.

(തിരുവനന്തപുരത്ത് ഗവേഷകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories