TopTop
Begin typing your search above and press return to search.

ഒന്നും മിണ്ടരുത്; പുറത്താക്കല്‍ വാളുമായി മതമാനേജ്‌മെന്റുകള്‍

ഒന്നും മിണ്ടരുത്; പുറത്താക്കല്‍ വാളുമായി മതമാനേജ്‌മെന്റുകള്‍

ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ചെയ്തു എന്ന പേരില്‍ അരീക്കോട് സല്ലമുസ്ലാം സയന്‍സ് കോളേജിലെ ഗസ്റ്റ് ലക്ചറായിരുന്ന ഷഫീഖിനെ പിരിച്ചു വിട്ട വാര്‍ത്ത ആശങ്കയോടെ ചര്‍ച്ച ചെയ്യുകയാണ് കേരളീയ പൊതുസമൂഹം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരമനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മുഹമ്മദ് ഷഫീഖിനെ കാണുന്നവരുണ്ട്. അതേസമയം സഭ്യതയില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു കോളേജ് മാനേജ്‌മെന്റിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് അധ്യാപകന്‍ ചെയ്തതെന്ന വാദവുമായി ഒരു വിഭാഗം മുഹമ്മദ് ഷെഫീഖിനെതിരെയുള്ള നടപടിയെ ന്യായീകരിക്കുകയാണ്. എന്നാല്‍ തന്റെ വാക്കുകളെ കാരണമായി എടുത്തിരിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത ഉണ്ടാക്കിയിരിക്കുന്നത് അതിലടങ്ങിയ ആശയമാണെന്നു അധ്യാപകന്‍ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ടു ഷഫീഖ് അഴിമുഖത്തോടു സംസാരിക്കുന്നു.(തയ്യാറാക്കിയത് രാകേഷ് നായര്‍).

ഫറൂഖ് കോളേജില്‍ നടക്കുന്ന വിഷയങ്ങളും അതിനോടനുബന്ധിച്ച് ദിനു എന്ന വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത നടപടിയേയും ബന്ധപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ ഷെരീഫ് സാര്‍ ഫേസ്ബുക്കില്‍ ഇട്ടൊരു പോസ്റ്റിനു കമന്റ് ചെയ്തു എന്നതാണ് ഞാന്‍ ചെയ്ത കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. അതിലെ വാക്കുകള്‍ കുറച്ചു തീവ്രമായിരുന്നു എന്ന കാര്യം സമ്മതിക്കുന്നു, എന്നാല്‍ അതിലൂടെ ഞാന്‍ മുന്നോട്ടുവച്ചൊരു ആശയമുണ്ട്. ഇപ്പോള്‍ എന്റേത് അസഭ്യമായ ഭാഷയാണെന്നു വിളിച്ചു കൂവുന്നവര്‍ എന്തുകൊണ്ട് ഞാന്‍ മുന്നോട്ടുവച്ച സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നില്ല? ഇത്തരമൊരു കമന്റ് ഇട്ടതിനു പിന്നാലെ, ഇതിനെക്കുറിച്ച് ഏറെപ്പേര്‍ സംസാരിച്ചു തുടങ്ങിയതോടെ കഴിഞ്ഞമാസം അവസാനത്തോടെ മാനേജര്‍ എന്നെ വിളിപ്പിച്ചു. വിളിപ്പിച്ചതിനു പിന്നില്‍ എന്റെ ഫേസ്ബുക്ക് കമന്റ് തന്നെയായിരുന്നു കാരണം. എന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തിമൂലം കോളേജിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ആ കമന്റ് ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിക്കാന്‍ ഞാന്‍ തയ്യാറാണെന്നു മാനേജറെ അറിയിക്കുകയുണ്ടായി. എന്നാല്‍ ചെയ്ത കാര്യത്തില്‍ നിങ്ങള്‍ക്ക് പശ്ചാത്താപം തോന്നുണ്ടെങ്കില്‍ അതുമതി എന്ന നിലപാടാണ് ആ സമയത്ത് മാനേജര്‍ കൈക്കൊണ്ടത്. പിറ്റേദിവസം വെള്ളിയാഴ്ച്ച, ക്ലാസ് ഉണ്ടായിരുന്നില്ല. ശനിയാഴ്ച്ച മാനേജറുടെ ഫോണ്‍ കോള്‍ വന്നു;

നിങ്ങള്‍ ഇനി കോളേജില്‍ തുടരേണ്ടതില്ല എന്നാണ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം; മാനേജര്‍ അറിയിച്ചു.

എന്റെത് വളരെ മോശം വാക്കുകളായിരുന്നു എന്നാണവര്‍ പറയുന്നത്. വാക്കുകളല്ല, അതിലെ ആശയമാണ് അവരെ ചൊടിപ്പിച്ചതെന്ന് വ്യക്തം.

പുറത്താക്കിയെന്നു വാക്കാല്‍ പറഞ്ഞതുമാത്രമാണ്, അല്ലാതെ എനിക്കവര്‍ ഔദ്യോഗികമായി ഡിസ്മിസല്‍ ലെറ്റര്‍ തരികയൊന്നും ഉണ്ടായിട്ടില്ല. ഒരു ഗസ്റ്റ് ലക്ചര്‍ ആയതുകൊണ്ട് എനിക്കവരെ ചോദ്യം ചെയ്യുന്നതില്‍ പരിമിതികളുണ്ട്. കോടതിയില്‍ പോയി കേസു പറഞ്ഞ് തിരിച്ചെത്തിയാല്‍ തന്നെ അടുത്ത മാര്‍ച്ചോടു കൂടി നിലവിലുള്ള ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട് അവര്‍ക്ക് പുതിയ ആള്‍ക്കാരെ എടുക്കാം. അല്ലെങ്കില്‍ കോടതി ഉത്തരവുകളോട് എത്രത്തോളം ബാധ്യത ഇത്തരം മാനേജ്‌മെന്റുകള്‍ കാണിക്കാറുണ്ടെന്ന് മുന്‍ അനുഭവങ്ങളിലൂടെ നമുക്ക് അറിയാമല്ലോ! ആ കോളേജിലേക്ക് തിരികെ എനിക്ക് കയറണമെന്നില്ല, എന്നാല്‍ എനിക്കിപ്പോള്‍ ഉണ്ടായിരിക്കുന്ന അനുഭവം മതേതര കേരളം ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

മാനേജ്‌മെന്റുകളുടെ തന്നിഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ ഇന്‍സ്റ്റിറ്റ്യൂഷനകത്തുള്ളവര്‍ പോലും തയ്യാറല്ല. ഒരധ്യാപകന്‍ പോലും എനിക്കെതിരെയുള്ള നടപടിയെ ചോദ്യം ചെയ്യില്ല. അവര്‍ക്ക് ഭയമാണ്, അവര്‍ അശക്തരാണ്. ഒരു പെര്‍മനന്റ് അധ്യാപകനാണ് എന്റെ സ്ഥാനത്തെങ്കില്‍ പോലും മാനേജ്‌മെന്റ് നടപടിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടില്ല എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. എന്തുകൊണ്ട്? ഒട്ടുമിക്കപേരും മാനേജ്‌മെന്റുകളോട് വിധേയപ്പെട്ടവരാണ്. ഇവിടെ അധ്യാപകയോഗ്യതയായി കാണക്കാക്കുന്നത് മുജാഹിദുകളുടെയോ ലീഗുകാരുടെയോ സര്‍ട്ടിഫിക്കറ്റുള്ളതാണ്. ഒന്നോ രണ്ടോ നിയമനങ്ങള്‍ മാത്രമാണ് ഇതിനൊരു അപവാദമായി ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഇവിടെ എതിര്‍ശബ്ദങ്ങള്‍ ഉയരാത്തത്. ഉയരുന്ന ശബ്ദങ്ങളെ, അത് കോളേജിനകത്തായാലും പുറത്തായാലും അവര്‍ നിശബ്ദമാക്കും; എന്റെ കാര്യത്തിലെന്നപോലെ.

ഇപ്പോഴും ഞാന്‍ ചെയ്ത പ്രവര്‍ത്തിയില്‍, അവാസ്തവമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എന്നു കരുതുന്നില്ല. കാമ്പസുകളെ മതവത്കരിക്കുന്നതിലൂടെ അതിന്റെ സര്‍ഗാത്മകത നഷ്ടമാക്കുന്ന നടപടികളെ എതിര്‍ക്കുക തന്നെവേണം. കോളേജുകള്‍ മതപാഠശാലകളല്ല. ഫറൂഖില്‍ മാനേജ്‌മെന്റ് ചെയ്യുന്ന കാര്യങ്ങളെ എങ്ങനെ ജനാധിപത്യമൂല്യങ്ങള്‍ പിന്തുടരുന്നൊരാള്‍ക്ക് അംഗീകരിക്കാന്‍ കഴിയും. എന്നിട്ടും അവിടെ ഒരു വിഭാഗം ഫറൂഖിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുവെന്നാണ് പറയുന്നത്. അവരെ അത്തരമൊരു നിലയിലേക്ക് എത്തിച്ചിരിക്കുന്നത് മാനേജ്‌മെന്റ് തന്നെയാണ്. മുസ്ലിം ഏകീകരണം ഉണ്ടാക്കിയെടുക്കാന്‍ മനേജ്‌മെന്റിന് കഴിഞ്ഞിട്ടുണ്ട്. പ്രൗഡ് ഫാറൂഖ് എന്ന കാമ്പയിന്‍ നടത്തുന്നതിലും കോളേജ് അനുകൂലസമരം നടക്കുന്നതുമെല്ലാം മാനേജ്‌മെന്റ് അനുമതിയോടെയും പിന്തുണയോടും കൂടിയാണ്. ദിനുവിന്റെ കാര്യത്തിലും മാനേജ്‌മെന്റ് പയറ്റിയത് ഒരു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തങ്ങള്‍ക്കനുകൂലമായി ഏകോപിപ്പിക്കുകയായിരുന്നു. ദിനു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും അയാള്‍ സ്വാര്‍ത്ഥതാത്പര്യത്തോടെയാണ് കോളേജിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സാധിച്ചു. മാനേജ്‌മെന്റ് അവരുടെ ലക്ഷ്യങ്ങളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഫറൂഖില്‍ മാത്രമല്ല, മാനേജ്‌മെന്റ് വിജയങ്ങള്‍ ഉണ്ടാകുന്നത്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം മാനേജ്‌മെന്റ് കോളേജുകളിലെല്ലാം തന്നെ മാനേജ്‌മെന്റ് തീരുമാനങ്ങള്‍ തന്നെയാണ് എപ്പോഴും വിജയം കാണുന്നത്. എന്താണ് ഇവിടങ്ങളില്‍ നടക്കുന്നത്? വിദ്യാര്‍ത്ഥികളില്‍ അവരവരുടേതായ മതമൂല്യങ്ങള്‍ കുത്തി നിറയ്ക്കുകയാണ്. കേരളത്തിലെ എല്ലാ എയ്ഡഡ് കോളേജുകളും മതമനേജ്‌മെന്റുകള്‍ നടത്തുന്നതാണ്. ഇതിനകത്തു നടക്കുന്നത് എപ്പോഴും അവരുടെ താത്പര്യങ്ങള്‍ മാത്രമായിരിക്കും, ആര്‍ക്കും അതിനെതിരെ പറയാന്‍ അവകാശമില്ല. ഇവിടെ യഥാര്‍ത്ഥ തെറ്റുകാരന്‍ സര്‍ക്കാരാണ്. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിന്റെ സാന്നിധ്യം പലപ്പോഴും ദുര്‍ബലമായിപ്പോവുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ നയിക്കുന്നതു തന്നെ മാനേജ്‌മെന്റ് കോളേജുകളാണ്. അവയാകട്ടെ തികച്ചും മതാധിഷ്ഠിതവും. ഇങ്ങനെയുള്ള കോളേജുകളില്‍ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ വ്യക്തിബോധവും സ്വാതന്ത്ര്യബോധവും ഇല്ലാത്തവരായിരിക്കും.

നമുക്കെന്താണ് ഈ കാര്യത്തില്‍ ചെയ്യാനുള്ളതെന്ന് എന്നതാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. മതേതര കേരളത്തിന്റെ പങ്കാളിത്തം പൂര്‍ണമായും ഇതില്‍ ഉണ്ടാകണം. ഒറ്റപ്പെട്ട ശബ്ദങ്ങള്‍കൊണ്ട് ഒന്നിനും കഴിയില്ല. കോളേജില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം എന്റെയൊരു അമ്മാവന്‍ ചോദിച്ചത്; നീ ഇത്രയും പഠിച്ചത് മഞ്ഞപത്രങ്ങളില്‍ വാര്‍ത്ത വരുന്നതിനുവേണ്ടിയായിരുന്നോ എന്നാണ്? ഞാന്‍ എതിര്‍ത്തിരിക്കുന്നത് കോളേജ് മാനേജ്‌മെന്റിനന്റെ നടപടികളെയാണെങ്കില്‍ അതു ചെന്നെത്തിയിരിക്കുന്നത് ഞാന്‍ മതത്തെ വിമര്‍ശിച്ചുവെന്നിടത്താണ്. മതത്തെ വിമര്‍ശിക്കുന്നവന്‍ (ഏതു മതത്തിലാണെങ്കിലും) കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുകയാണ്. അതാണ് മതത്തിന്റെ സ്വാധീനം.

അതുകൊണ്ട് തന്നെ എന്റെ ആവശ്യം, ഷഫീഖ് എന്ന അധ്യാപകന്റെ പുറത്താക്കലിനെ കുറിച്ചല്ല, ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകപ്പെടുന്ന സാഹചര്യം നമ്മുടെ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ ഉണ്ടാവണം എന്നതാണ്. വളരെ ഗൗരവമായി തന്നെ നാം അത് നടത്തേണ്ടതുണ്ട്...

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories