TopTop
Begin typing your search above and press return to search.

തുടര്‍ച്ചയായി മൂന്നു സിനിമകളില്‍ മുസ്ലീം നായകന്‍; ഷാരൂഖിന്റെ രാഷ്ട്രീയ പ്രഖ്യാപനം

തുടര്‍ച്ചയായി മൂന്നു സിനിമകളില്‍ മുസ്ലീം നായകന്‍; ഷാരൂഖിന്റെ രാഷ്ട്രീയ പ്രഖ്യാപനം

കഴിഞ്ഞ നാലു മാസത്തിനിടയില്‍ പുറത്തുവന്ന മൂന്ന് സിനിമകളിലും ഷാരൂഖ് ഖാന്‍ മുസ്ലീം നാമധാരിയായ നായകനെ അവതരിപ്പിക്കുന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകയും രാഷ്ട്രീയ നിരീക്ഷകയുമായ റാണ അയൂബ്. റായീസ് എന്ന പുറത്തുവരാനിരിക്കുന്ന സിനിമയിലെ 'ബനിയയുടെ ബുദ്ധി, മുസ്ലീമിന്റെ ധൈര്യം' എന്ന ഇപ്പോള്‍ തന്നെ ഹിറ്റായിരിക്കുന്ന സംഭാഷണം ഇതിന്റെ സൂചകമാണെന്നും എന്‍ഡിടിവി.കോമില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ നിരീക്ഷിക്കുന്നു.

മുസ്ലീം, ക്രിസ്ത്യന്‍ നാമധാരികള്‍ അപൂര്‍വമായി മാത്രം നായക കഥാപാത്രങ്ങളാകുന്ന ഒരു രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് സിനിമകളില്‍ മുസ്ലീം പേര് സ്വീകരിക്കുന്നത് രാജ്യത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും ശ്രദ്ധിക്കപ്പെടുകയും ശ്ലാഘിക്കപ്പെടുകയും ചെയ്യേണ്ട ഒരു കലഹം അതില്‍ അന്തര്‍ലീനമാണെന്നും റാണ പറയുന്നു. യെ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തിലെ താഹിര്‍ ഖാന്‍, ഡിയര്‍ സിന്ദഗിയിലെ ജെഹാംഗീര്‍ ഖാന്‍ എന്നിവയാണ് പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍.

വ്യക്തി ജീവിതത്തിലും തന്റെ മുസ്ലീം സ്വത്വം മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഷാരൂഖ്. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്ലാമിനെ കുറിച്ചുള്ള മിഥ്യാധാരണകള്‍ ലഘൂകരിക്കുന്നതിനായി എഴുതിയ ലേഖനത്തിലും മറ്റ് നിരവധി ഘട്ടങ്ങളിലും അദ്ദേഹം തന്റെ വിശ്വാസം തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തം സ്വത്വം സംരക്ഷിക്കുന്നത് മൂലം പലപ്പോഴും രാജ്യസ്‌നേഹം തെളിയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2014ല്‍, രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയില്‍ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടു. അഞ്ചാം തവണയും ബിജെപി എംപിയായി വിലസുന്ന യോഗി ആദിത്യനാഥ് അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

പക്ഷെ രാജ്യത്ത് നിലനില്‍ക്കുന്ന മുസ്ലീങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റുന്നതിനും അവര്‍ അനുഭവിക്കുന്ന വിവേചനം പുറത്തുകൊണ്ടുവരുന്നതിനും കല സഹായകരമാണെന്നും അദ്ദേഹം കരുതി. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'ഐ ആം ഖാന്‍' എന്ന ചിത്രം ഒരു പക്ഷെ ഇത്തരം ഒരു ചിന്തയുടെ പ്രതിഫലനമാണെന്ന് വിശേഷിപ്പിക്കാം. 2007ലെ ഹിറ്റ് ഫിലിം 'ചക് ദേ' ഇന്ത്യയില്‍ അദ്ദേഹം ഹോക്കി ടീമിന്റെ ക്യാപ്ടനായ കബീര്‍ ഖാനായാണ് വേഷമിടുന്നത്. മതപരമായ വിവേചനം നേരിടുന്ന ഒരു വ്യക്തിയാണ് ആ കഥാപാത്രം. രാജ്യത്തിന് വേണ്ടി നിരവധി വിജയങ്ങള്‍ നേടിയിട്ടും തന്റെ ദേശഭക്തി തെളിയിക്കാന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. പാകിസ്ഥാനെതിരായ ഒരു കളി കബീര്‍ ഖാന്‍ മനഃപൂര്‍വം തോറ്റു കൊടുത്തു എന്ന് മാധ്യമങ്ങള്‍ ആരോപിക്കുക കൂടി ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ പോലും കബീര്‍ ഖാനെ വഞ്ചകന്‍ എന്ന് മുദ്രകുത്തുന്നു. ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന അവസ്ഥയുടെ നേര്‍ ചിത്രമാണ് കബീര്‍ ഖാന്‍ എന്ന കഥാപാത്രം വരച്ചുകാട്ടുന്നത്.

ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ മുസ്ലീം നാമധാരിയായി ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പുതിയ ദിശാബോധം സൃഷ്ടിക്കുമെന്ന് റാണ അയൂബ് വാദിക്കുന്നു. മുസ്ലീമിനെ തീവ്രവാദിയായി മാത്രം പാത്രവല്‍ക്കരിക്കപ്പെട്ടിരുന്ന 90കളിലെ ഹിന്ദി ചിത്രങ്ങളില്‍ നിന്നുള്ള വഴിമാറി നടത്തം കൂടിയാണിത്. പുതിയ സാധാരണത്വം സൃഷ്ടിച്ചതിന് ഷാറൂഖ് ഖാനോട് നമ്മള്‍ നന്ദിയുള്ളവരായിരിക്കണമെന്നും റാണ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/YBT66p

Next Story

Related Stories