TopTop
Begin typing your search above and press return to search.

ഷക്കീല; ഇറക്കി വെട്ടിയ ബ്ലൌസും നഗ്നമായ അരക്കെട്ടുമല്ല

ഷക്കീല; ഇറക്കി വെട്ടിയ ബ്ലൌസും നഗ്നമായ അരക്കെട്ടുമല്ല

ഒരിക്കലും തീയറ്ററിൽ പോയി കാണാത്ത ഹിറ്റ്‌ സിനിമകൾ ഷക്കീലയുടെതാണ്. ഇത് ഒരു 'നല്ല' പെണ്‍കുട്ടി ആകാനുള്ള സാക്ഷ്യ പത്രമോ ആ സിനിമകൾ കാണാത്തതിന്റെ നിരാശയോ നിങ്ങളൊക്കെ പറയുമ്പോലെ അത് കണ്ട് സംസ്കാരം നശിപ്പികാനുള്ള ഫെമിനിച്ചിയുടെ വ്യഗ്രതയോ അല്ല. ലോകം മുഴുവൻ എൽ ജി ബി ടി യെ പറ്റി സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയ മൊത്തം മഴവില്ല് വിരിയുമ്പോൾ സിനിമ മേഖലയിൽ നിന്നും ഉറച്ച ശബ്ദത്തിൽ ഭിന്ന ലിംഗത്തിൽ പെട്ടവർക്ക് വേണ്ടി സംസാരിച്ചത് ഷക്കീല ആണെന്ന് വായിച്ചപ്പോൾ വന്ന സ്വാഭാവികമായ ഓർമയാണ്

എന്റെ നാട്ടിൽ അന്ന് മൂന്നു കിലോമീറ്റരിനുള്ളിൽ ആറു തീയറ്ററുകൾ ഉണ്ടായിരുന്നു. ആ തീയറ്ററുകളിൽ എല്ലാം ഷക്കീല പടങ്ങൾ നിറഞ്ഞോടിയ ഒരു സ്ക്കൂൾക്കാലം..നുണ്‍ ഷോ കഴിഞ്ഞു ആഭാസങ്ങൾ പറയുന്ന ആണ്‍ കൂട്ടങ്ങളെ കടന്നു നാട്ടിൽ നിറഞ്ഞ പോസ്റ്ററുകൾ നോക്കാതെ എന്റെ കൂട്ടുകാരികൾക്കൊപ്പം ഞാനും തല താഴ്ത്തി നടന്നു. നമ്മുടെ സിനിമാ കാഴ്ചകളിൽ നിന്നും ബഹിഷ്കൃതയായതുകൊണ്ട് തന്നെ എപ്പോഴാണ് ഷക്കീലാ തരംഗം അവസാനിച്ചതെന്നു കൃത്യമായി അറിയില്ല.

കുറച്ചു കൂടി വളർന്നപ്പോൾ ആണ് 'ഞാൻ നിങ്ങളുടെ രാത്രികളുടെ ഭാഗമായിരുന്നു' എന്നാ തലക്കെട്ടിൽ വന്ന അവരുമായുള്ള അഭിമുഖം വായിച്ചത്. കൂടെ അഭിനയിക്കുന്ന നടന്മാരുടെയും സിനിമാ സംവിധായകരുടെയും വലിപ്പത്തെകുറിച്ചും ഇടുന്ന ആഭരണങ്ങളെയും വസ്ത്രങ്ങളെയും കുറിച്ചും മാത്രമാണ് അക്കാലത്ത് മലയാള സിനിമ നടിമാരുടെ അഭിമുഖങ്ങളിൽ കണ്ടത്. അപ്പോഴാണ് ഒരു നടി തൊഴിൽ ചൂഷണങ്ങളെ പറ്റിയും മദ്യപാനത്തെ പറ്റിയും ഒക്കെ ഒരു മുഖ്യധാരാ മാധ്യമത്തിലൂടെ നമ്മളോട് പറഞ്ഞത്.

പിന്നെയും കുറച്ചു കാലം കഴിഞ്ഞാണ് ഒരു ഓണ പതിപ്പിൽ അർഷാദ് ബത്തേരിയുടെ പൊള്ളുന്ന ഭാഷയിൽ അവരുടെ ആത്മ കഥയുടെ കുറെ ഭാഗങ്ങൾ വായിച്ചത്. അപ്പോഴേക്കും ഇന്റര്നെറ്റ് വന്നു സൌത്ത് ഇന്ത്യൻ സോഫ്റ്റ്‌ പോണ്‍ വ്യവസായത്തെ പാടെ ഇല്ലാതാക്കിയിരുന്നു. ഷക്കീലയുടെ ഡേറ്റ് കാത്തിരിക്കുന്ന സംവിധായകരും നിർമാതാക്കളും ഒരുപാടുണ്ടായിരുന്ന സമയത്താണ് പറഞ്ഞുറപ്പിച്ച കരാറുകൾ തെറ്റിച്ച സംവിധായകനെതിരെ പത്ര സമ്മേളനം വിളിച്ചു അവർ ഈ മേഖലയിൽ നിന്നും ഇറങ്ങി പോയതെന്നറിഞ്ഞു. ആത്മകഥ വന്നത് പിന്നെയും കുറച്ചു കാലം കഴിഞ്ഞ് .ആത്മകഥയിൽ സ്കൂൾ മാഷ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ പറ്റിയും വേശ്യാവൃത്തിയിലേക്ക് ഇറക്കി വിട്ട. പണം തട്ടിയെടുത്ത വീട്ടുകാരെ പറ്റിയും കൂടെ കിടക്കാൻ വേണ്ടി മാത്രം പ്രണയവും സൌഹ്ര്ദവും നടിച്ചു വന്നവരെ പറ്റിയും കള്ള് കുടിച്ചു ബോധമില്ലാതെ കിടന്ന രാത്രികളെ പറ്റിയും ഓർക്കുന്നു. ' എനിക്ക് കുറ്റബോധമില്ല പക്ഷെ ദുഃഖം ഉണ്ട്' എന്ന് വളരെ കൃത്യമായി അവർ നമ്മുടെ കാപട്യത്തോട്‌ വിളിച്ചു പറയുന്നു.

ഇടക്കെപോഴോ കന്യാ സ്ത്രീ ആയി അവർ അഭിനയിക്കുന്നു എന്നും അവരെ അഭിനയിക്കാനുള്ള തീരുമാനത്തോടുള്ള എതിർപ്പിൽ ആ സിനിമയെ ഇല്ലാതായി പോയെന്നും അറിഞ്ഞു. ച്ചോട്ടാ മുംബൈ എന്ന സിനിമയിൽ ഷക്കീല തന്നെ ആയും തേജോ ഭായ് ആൻഡ്‌ ഫാമിലി എന്ന സിനിമയിൽ സർവ്വേ എടുക്കാൻ വന്ന ഉദ്യോഗസ്ഥയായും ഞാൻ അടക്കമുള്ള മലയാളി സ്ത്രീകൾ ആദ്യമായി ഷക്കീലയെ കേരളത്തിലെ ബിഗ്‌ സ്ക്രീനിൽ കണ്ടു. അശ്ലീല പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഒറ്റ സീനിൽ മാത്രം വന്നു മറഞ്ഞു പോയി അവർ. തെജോഭായിയിൽ സുരാജിന്റെ കഥാപാത്രം സാഹചര്യത്തിന് ഒട്ടും ചേരാത്ത രീതിയിൽ അശ്ലീലം ചോദിച്ചു നമ്മൾ കാണുന്നത് ഷക്കീലയെ തന്നെ ആണെന്ന് ഓർമിപ്പിച്ചു

ഇതിനിടയിൽ അവർ വിവാഹിതയാകുന്നു എന്ന് കേട്ടു. സോഷ്യൽ മീഡിയ യിൽ അവരുടെ ഭർത്താവാകാൻ പോകുന്ന ആൾ ചായ കുടിക്കാൻ ചായ തോട്ടം വാങ്ങുന്നതിനെ പറ്റിയും പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽകരിക്കരിക്കുന്നതിനെ പറ്റിയും കുറെ പേർ ആകുലപ്പെടുന്നത് കണ്ടു. ഷക്കീല സിനിമ സംവിധാനം ചെയ്യുന്നു എന്ന് കേട്ടു. അപ്പോളും കണ്ടു അവരുടെ ഉടലിനെ പറ്റിയുള്ള ഉന്മാദങ്ങൾ. ദേശീയ അവാർഡു നേടിയ dirty പിക്ചർ തന്റെ അടുത്ത സുഹ്രത്തായ സിൽക്ക് സ്മിതയുടെ കഥയെ അല്ല എന്നവർ പറഞ്ഞു. അപ്പോൾ വീണ്ടും സ്മിതയെയും ഷക്കീലയെയും വിദ്യാ ബാലനെയും തെറി പറഞ്ഞു നമ്മൾ സംസ്ക്കാരത്തിന്റെ അപ്പോസ്തലന്മാരായി.

ഷക്കീല വീണ്ടും വാർത്തകളിൽ..ഭിന്ന ലിംഗക്കാർക്ക് വേണ്ടി സംസാരിച്ച്...അവരിൽ ഒരാളെ ദത്തെടുത്ത്..ഭിന്ന ലിംഗക്കരിയായ വളർത്തമ്മയുടെ സ്നേഹത്തെ ഓർത്ത്....അവർക്ക് തൊഴിലിടങ്ങൾ ഉണ്ടാവണം എന്ന് ആഹ്വാനം ചെയ്ത്..തന്നാലാവും വിധം തൊഴിലുകൾ നല്കി....അവരെ നിങ്ങൾ ഞങ്ങളെ പോലെ ലൈ0ഗികമായി ചൂഷണം ചെയ്യുന്നു എന്നുറക്കെ വിളിച്ചു പറഞ്ഞ്..തന്റെ നായകന്മാരുടെ ഹ്യുമർ സെൻസിനെ പറ്റി അഭിമാനം കൊണ്ടും പണം കൊടുക്കുന്ന രാഷ്ട്രീയ പാർടികളുടെ പ്രചാരണ യോഗങ്ങളിൽ കാഴ്ച വസ്തുവായി നിറഞ്ഞും ഇവിടെ വന്നു പോകുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാള നടിമാർക്കിടയിൽ ആണ്(റിമ കല്ലിങ്ങലിന്റെ ചില സോഷ്യൽ മീഡിയ ഇടപെടലുകളെ മാറ്റി നിർത്തുന്നു) ഒരു നടി സഹവർത്തിത്വത്തെ കുറിച്ചു സംസാരിക്കുന്നത്..മുൻപ് മുഖ്യധാരാ സിനിമയിൽ നിന്നും ആരും പോകാതിരുന്ന സിൽക്ക് സ്മിതയുടെ മരണത്തിൽ പങ്കെടുത്ത ഉർവശിയാണ് ഇത് പോലെ അത്ഭുതപ്പെടുത്തിയത്. അവർ വിവാഹ മോചിതയും മദ്യപയും ആയതു കൊണ്ട് നമ്മൾ ഓർക്കാൻ ഇടയില്ല.

സിനിമകളിലെ ഷക്കീലയെ എനിക്കറിയില്ല. കേട്ടിടത്തോളം അത് മുന്നിലും പിന്നിലും വല്ലാതെ ഇറക്കി വെട്ടിയ ബ്ലൗസും നഗ്നമായ അരക്കെട്ടും കുളി സീനുകളും കിടപ്പറയിലെ മുറുമുറുപ്പും ഒക്കെയാണ്...എന്തോ ആവട്ടെ.. എൽ ജീ ബീ ടി യെ പറ്റിയും സ്ത്രീയെ പറ്റിയും സംസാരിക്കാൻ പേടിയാണ്, ഒറ്റപെട്ടു പോകും എന്ന് സുരക്ഷിത താവളങ്ങളിൽ മറഞ്ഞു നില്ക്കുന്നവരുടെയും എന്തെങ്കിലും ഒക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ തെറി വിളിച്ചും സഹതപിച്ചും പരിഹസിച്ചും നിശബ്ദരാക്കുന്നവരുടെയും ഇടയിൽ ജീവിക്കാനുള്ള ഊര്ജം തന്നെയാണ് 25 കൊല്ലമായി തെറിയും അസഭ്യങ്ങളും മാത്രം കേട്ടു ശീലിച്ച ചതി മാത്രം പരിചയിച്ച ഒരാൾ മാനുഷിക പരിഗണന എന്ന മിനിമം കടമയെ പറ്റി ഓർമിപ്പിക്കുമ്പോൾ കിട്ടുന്നത്.


Next Story

Related Stories