TopTop

കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണം; നടപടി സ്വീകരിക്കാന്‍ വൈകുന്നതിന് പിന്നില്‍

കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണം; നടപടി സ്വീകരിക്കാന്‍ വൈകുന്നതിന് പിന്നില്‍

ജിഷ ജോര്‍ജ്

ഒരു ഗ്രാമത്തിനു സ്വന്തമായ ഡോക്ടര്‍; സാധാരണക്കാരന്റെ ആശ്രയം മാത്രമല്ല അഭിമാനവുമാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ശിവപുരം പടുവാറ ഐഷ മന്‍സിലില്‍ അബൂട്ടിയുടെയും ഷെരീഫയുടെയും മകള്‍ ഷംന തസ്‌നീം ഒരു ഡോക്ടറുടെ കുപ്പായം അണിഞ്ഞു വരുന്നത് കാണാന്‍ ശിവപുരം എന്ന ഗ്രാമം മുഴുവന്‍ കാത്തിരുന്നതും അതുകൊണ്ടാണ്. ഈ പ്രദേശത്തു നിന്നും ആദ്യമായി എംബിബിഎസിന് പ്രവേശനം നേടുന്ന കുട്ടി എന്നതിനപ്പുറം ഉന്നത വിദ്യഭ്യാസം കൊതിച്ച് വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്കു മുഴുവന്‍ മാതൃകയായിരുന്നു ഷംന. എല്ലാവരോടും ഇഷ്ടം കൂടുന്ന, എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ഒരാള്‍. ചെറുപ്പം മുതല്‍ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന മകളുടെ ഓരോ ചുവടുവയ്പിലും പൂര്‍ണ പിന്തുണയുമായി പിതാവ് അബൂട്ടിയും ഉണ്ടായിരുന്നു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കു നേടി, അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠനമാരംഭിച്ച ഷംന അതേ സ്ഥാപനത്തിലെ തന്നെ ഉത്തരവാദിത്വപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് ഇരയായി പത്തൊന്‍പതാം വയസ്സില്‍ മരണത്തിനു കീഴടങ്ങി.

2016 ജൂലായ് 18 നാണു രണ്ട് ദിവസമായി തുടരുന്ന പനിക്ക് ചികിത്സ തേടി ഷംന കൂട്ടുകാര്‍ക്കൊപ്പം എംബിബിഎസ്സിനു പഠിക്കുന്ന കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോക്ടര്‍ ജില്‍സ് ജോര്‍ജ്ജിനെ സന്ദര്‍ശിക്കുന്നത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ അലര്‍ജി സാധ്യത കൂടിയ സെഫ്ട്രിയാക്‌സോണ്‍ എന്ന ആന്റിബയോടിക് കുറിച്ചു നല്‍കി. എന്നാല്‍ തികച്ചും ഉന്മേഷവതിയായിരുന്ന ഷംന കുത്തിവയ്പ്പിനെ തുടര്‍ന്ന് ഉടനടി അവശയായി. വായില്‍ നുരയും പതയും നിറഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞ ഷംനയെ രക്ഷിക്കാന്‍ സക്ഷന്‍ അപ്പാരറ്റസും ഓക്‌സിജന്‍ ട്യൂബും തേടി സഹപാഠികള്‍ പരക്കം പാഞ്ഞു. എന്നാല്‍ ഇവയൊന്നും വാര്‍ഡിലോ പരിസരത്തോ ഉണ്ടായിരുന്നില്ല. ഒടുവില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ മറ്റൊരു ഭാഗത്തുനിന്നും സ്‌ട്രെക്ച്ചര്‍ കണ്ടെടുത്ത് ഷംനയെ വാര്‍ഡില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയപ്പോള്‍ വിലപ്പെട്ട 20 മിനിറ്റില്‍ അധികം നഷ്ടപ്പെട്ടിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച ഷംനയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

കൃത്യമായ രോഗനിര്‍ണയമോ രക്തപരിശോധനയോ കൂടാതെയാണ് ഡോക്ടര്‍ സെഫ്ട്രിയാക്‌സോണ്‍ എന്ന ഉയര്‍ന്ന പ്രതിപ്രവര്‍ത്തന ശേഷിയുള്ള മരുന്ന് ഷംനയ്ക്ക് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നു. ടെസ്റ്റ് ഡോസ് എടുക്കുമ്പോള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഫുള്‍ ഡോസ് എടുക്കുമ്പോള്‍ അപകടരകമായ റിയാക്ഷന്‍ ഉളവാക്കുന്ന മരുന്നാണിതെന്നും മറുമരുന്നായ അഡ്രിനാലിന്‍ നിറച്ചു വച്ച സിറിഞ്ച്, ഓക്‌സിജന്‍ ട്യുബ് എന്നീ സംവിധാനങ്ങളൊടു കൂടി ഐസിയുവിന്റെ സാമീപ്യം ഉറപ്പാക്കി ഡോക്ടറുടെ സാന്നിധ്യത്തില്‍ മാത്രമെ ഈ മരുന്ന് നല്‍കാന്‍ പാടുള്ളു എന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ചികിത്സാ പിഴവുമൂലമാണ് ഷംന മരിച്ചതെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രൊഫസര്‍ ഡോ. എംകെ സുരേഷ്, പള്‍മനറി മെഡിസിന്‍ പ്രൊഫസര്‍ ഡോ.കെ അനിത എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതി എറണാകുളം മെഡിക്കല്‍ കോളെജില്‍ എത്തി അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനു റിപ്പോര്‍ട്ട് കൈമാറി. എന്നാല്‍ മെഡിക്കല്‍ കോളെജിലെ ചികിത്സാ സംവിധാനങ്ങളെയും ഷംനയുടെ അധ്യാപകര്‍ കൂടിയായ ഡോക്ടര്‍മാരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വിടാനോ ഇതേപറ്റി പ്രതികരിക്കാനോ സര്‍ക്കരോ മറ്റ് ഉദ്യോഗസ്ഥരോ തയ്യാറായില്ല. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ച ഷംനയുടെ ബന്ധുക്കള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത് മോശം പ്രതികരണങ്ങളായിരുന്നു.ഷംന മരിച്ചു പിറ്റേന്ന് തന്നെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് തന്റെ മകളുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് പോസ്റ്റ് മോര്‍ട്ടം നടക്കുന്നതിനു മുന്‍പ് തന്നെ ഷംനയുടെ പിതാവ് അബൂട്ടി കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് ആന്തരാവയവങ്ങള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ ലാബിലേയ്ക്ക് അയച്ചു.

പോസ്റ്റ്‌മോര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകള്‍ കൂടാതെ മറ്റ് മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി തയ്യറാക്കപ്പെട്ടു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് നേതൃത്വം നല്‍കിയ മൂന്നംഗ സമിതി, എറണാകുളം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിയമിച്ച സമിതി, ഷംനയെ ചികിത്സിച്ച ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് എന്നിവയാണവ.

മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് എടുത്തു പറയുന്നത് ഷംനയെ ഇഞ്ചക്ട് ചെയ്ത സിഫ്ട്രിയാക്‌സോണ്‍ എന്ന മരുന്ന് ഹൃദയാഘാതം ഉണ്ടാക്കിയപ്പോള്‍ പ്രതിമരുന്ന് അടിയന്തിരമായി ഓക്‌സിജന്‍, മറ്റ് ജീവന്‍ രക്ഷാസംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കിയില്ല അതുകൊണ്ട് തന്നെ ഷംനയുടെ മരണം മെഡിക്കല്‍ നെഗ്ലിജന്‍സ് കൊണ്ടാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ എറണാകുളം മെഡിക്കല്‍ കോളെജ് നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ആശുപത്രിയിലെ ചികിത്സാരീതികള്‍ക്കോ സംവിധാനങ്ങള്‍ക്കോ യാതൊരു പാകപ്പിഴയുമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഷംനയെ ചികിത്സിക്കാന്‍ കൊണ്ടുവന്ന സഹപാഠികളുടെ മൊഴിയും പോസ്റ്റ് മോര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകളും ഈ വാദത്തെ ഖണ്ഡിക്കുന്നവയാണ്. കുത്തിവയ്പ്പിനെ തുടര്‍ന്ന് ഷംനയുടെ വായില്‍ നിന്ന് നുരയും പതയും വന്നു. എന്നാല്‍ അത് വലിച്ചെടുത്ത് കളയാന്‍ ആവശ്യമായ സക്കിംഗ് മെഷീന്‍ ലഭ്യമായില്ല, നാലാം നിലയിലെ വാര്‍ഡില്‍ നിന്ന് താഴെയ്ക്ക് കൊണ്ടുപോവാന്‍ ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല, സ്‌ട്രെക്ച്ചര്‍ എടുത്ത് കൊണ്ട് പോവാന്‍ ഏറ്റവും താഴത്തെ നിലയില്‍ വരേണ്ടി വന്നു. ഐസിയുവിലേക്ക് എത്തിക്കാന്‍ 20 മിനിറ്റില്‍ അധികം വൈകി എന്നിങ്ങനെയാണ് ഷംനയുടെ സഹപാഠികള്‍ പോലീസിനു നല്‍കിയ മൊഴി.

ഹൃദയാഘാതംമൂലം മരണം സംഭവിച്ചു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ രോഗനിര്‍ണ്ണയത്തിലെ പിഴവെന്നാണ് ലാബ് റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇത്രയും വസ്തുതാപരമായ തെളിവുകള്‍ ലഭിച്ചിട്ടും ഈ റിപ്പോര്‍ട്ടുകളില്‍ മേലുള്ള തുടര്‍ നടപടി പിന്നീട് ഉണ്ടായില്ല. അത് നിരവധി വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കി. തുടര്‍ന്ന് ഷംനയുടെ പിതാവ് നടത്തിയ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് നിലവിലുള്ള റിപ്പോര്‍ട്ടുകളിന്മേല്‍ വിദഗ്ദ്ധാഭിപ്രായം ലഭിക്കുന്നതിനുവേണ്ടിയുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ കണ്‍വീനറായുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശ്രീദേവിയും ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുമാണ് മറ്റ് അംഗങ്ങള്‍.

സെപ്റ്റംബര്‍ 27 നു നിശ്ചയിച്ച ബോര്‍ഡിന്റെ ആദ്യ യോഗം മുന്‍ തീരുമാനം മാറ്റി 26 ന് ചേര്‍ന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം എറണാകുളം ജനറല്‍ ആശൂപത്രിയിലെ കാര്‍ഡിയോളജിസ്റ്റ്, അനസ്‌തേഷ്യ വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് യോഗം ചേര്‍ന്നത്. സമിതിയുടെ നിഗമനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി എന്നാണു മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചത്.

എന്നാല്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ പ്രതിസ്ഥാനത്തു വരുന്ന കേസ് ആയതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പാനല്‍ മീറ്റിംഗില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കു പകരം മറ്റ് മെഡിക്കല്‍ കോളെജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പാനല്‍ രൂപീകരിക്കണം എന്ന ഷംനയുടെ പിതാവ് അബൂട്ടിയുടെ ആവശ്യം ബോര്‍ഡ് പരിഗണിച്ചില്ല.


ഷംനയും പിതാവ് അബൂട്ടിയും (ഫയല്‍ ചിത്രം)

മെഡിക്കല്‍ ബോര്‍ഡ് കൈമാറിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് മെഡിക്കല്‍ കോളെജ് ജീവനക്കരുടെ ഭാഗത്തു നിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ച്ചകളാണ്. Temperature ഉള്‍പ്പെടെയുള്ള vital signs ഒന്നും ഷംനയുടെ കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. വാര്‍ഡില്‍ കുഴഞ്ഞു വീണതിനും ഐസിയുവിലേക്ക് മാറ്റിയതിനും ഇടയ്ക്കുള്ള സമയത്തെക്കുറിച്ച് കേസ് ഷീറ്റില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നഴ്സസ് റിപ്പോര്‍ട്ടും ലഭ്യമല്ല. ഇത്തരം വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പല രീതിയിലും സ്വാധീനിക്കപ്പെടാമെന്ന ആശങ്കയും ഷംനയുടെ ബന്ധുക്കള്‍ക്കുണ്ട്.

കാരണം MBBS, MD, പാരാമെഡിക്കല്‍, നഴ്‌സിംഗ് അടക്കം ഇരുന്നൂറ്റി അന്‍പതോളം കുട്ടികള്‍ ഓരോ ബാച്ചിലും പഠിക്കുന്ന ഒരുപാട് സാധരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു മെഡിക്കല്‍ കോളേജിലെ ഡേക്ടര്‍മാരുടെ അശ്രദ്ധയും അലംഭാവവും അതോടൊപ്പം ചികിത്സാ സംവിധാനങ്ങള്‍, ജീവന്‍രക്ഷാ സാമഗ്രികള്‍ എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലങ്ങളിലുള്ള കെടുകാര്യസ്ഥതയും ചേര്‍ന്ന് സൃഷ്ടിച്ച ദുരന്തമായിരുന്നു ഷംനയുടെ മരണം.

കഴിഞ്ഞ ഓഗസ്റ്റ് 27നു പ്രസ്തുത മെഡിക്കല്‍ കോളേജില്‍ ആര്‍ഭാടപൂര്‍വ്വം നടന്ന ബിരുദദാന ചടങ്ങില്‍ മുഖ്യമന്ത്രി, ചലച്ചിത്രതാരം മമ്മൂട്ടി, വൈസ് ചാന്‍സലറുമാര്‍ തുടങ്ങിയ അതിഥികളെ സാക്ഷി നിര്‍ത്തി മെഡിക്കല്‍ എത്തിക്‌സിനെ കുറിച്ചു പ്രസംഗിച്ച ഡോക്ടര്‍മാരും മറ്റു ആശുപത്രി അധികൃതരും ആ വാക്കുകള്‍ പ്രവൃത്തിയിലും കൊണ്ടു വരുന്നുണ്ടോ എന്ന ആത്മപരിശോധനയാണ് ഷംന എന്ന പെണ്‍കുട്ടിയുടെ മരണം മുന്നില്‍ നിര്‍ത്തുന്ന ചോദ്യം.

മെഡിക്കല്‍ നെഗ്ലിജന്‍സും മെഡിക്കല്‍ ആക്‌സിഡന്റും പലപ്പൊഴും കോടതികള്‍ക്കു പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. അതുകൊണ്ടു തന്നെ അത്തരം കേസുകളില്‍ ഇരകള്‍ക്ക് ലഭിക്കുന്ന നീതിയെ കുറിച്ചും ആശങ്കകള്‍ ഉണ്ടാവാറുണ്ട്. രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ ആരോഗ്യകരമായ ഡോക്ടര്‍-രോഗി ബന്ധം ഉളവാക്കാന്‍ വേണ്ടി തൃശ്ശുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ചികിത്സാ നീതി' എന്ന ചാരിറ്റബിള്‍ സംഘടനയുടെ സെക്രട്ടറി കൂടിയായ ഡോ.പ്രിന്‍സ് കെ ജെ ഷംനയുടെ മരണത്തിനു കാരണമായി എന്നു പറയുന്ന സിഫ്ട്രിയാക്‌സോണ്‍ എന്ന ആന്റി ബയോടികിനെ കുറിച്ചും അത് ഉണ്ടാക്കുന്ന അലര്‍ജ്ജി റിയാക്ഷനുകളെ കുറിച്ചും അഭിപ്രായപ്പെട്ടത് ഇങ്ങനെ; 'അനഫെയിലാക്‌സിസ് (ഗുരുതരമായ അലര്‍ജ്ജി) ലോകത്തെമ്പാടും പെട്ടെന്നുള്ള മരണത്തിനു ഇടയാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇതിന്റെ ചികിത്സയുടെ കാതലായ വശം അഡ്രിനാലിന്‍ എന്ന മരുന്ന് അടിയന്തിരമായി കുത്തിവയ്ക്കുകയും പുനര്‍ജ്ജീവന ക്രിയകള്‍ (Cardio Pulmonary Resuscitation) അഥവ CPR ഉടനെ നല്‍കുകയുമാണ്.

ഗുരുതരമായഅലര്‍ജ്ജി റിയാക്ഷനുകളുടെ എല്ലാ ദോഷഫലങ്ങളും ചികിത്സാ പിഴവുകളായി കണക്കാക്കുന്നില്ല, ഇവിടെ ചികിത്സാ പിഴവെന്നു കരുതുന്നതിനു ചില മാനദണ്ഡങ്ങള്‍ ഉണ്ട്.

1. ചികിത്സകനു രോഗിയുടെ പരിചരണത്തിന്റെ ചുമതല ഉണ്ടായിരിക്കുകയും ആ ചുമതല നിറവേറ്റുന്നതില്‍ വീഴ്ച്ചവരുത്തുകയും ചെയ്യുക.

2. ചികിത്സകന്‍ യുക്തി ഭദ്രമായി പ്രവര്‍ത്തിക്കതിരിക്കുക; അതായത് രോഗിക്ക് ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ മുന്‍കൂട്ടി കണ്ട് അവയെ തടയാന്‍ ക്രിയാത്മകമായി പരിശ്രമിക്കാതിരിക്കുക.

3.ചികിത്സകന്റെ ചികിത്സാ രീതികള്‍ കൊണ്ട് രോഗിക്ക് ദോഷഫലങ്ങള്‍ ഉണ്ടാവുക.

അനഫെയിലാക്‌സിസ് ഉണ്ടാക്കുവാനിടയുള്ള മരുന്നുകളുടെ ടെസ്റ്റ് ഡോസ് കൊടുക്കുന്ന ഏതു ചികിത്സകനും രോഗിയുടെ സുരക്ഷ ഉറപ്പാക്കുവാനുള്ള ചുമതലയുണ്ട്. ഇതില്‍ പുനര്‍ജ്ജീവനത്തിനുള്ള (എക്‌സ് പെയറി കഴിയാത്ത) എല്ലാ മരുന്നുകളും ലഭ്യമാക്കിയിരിക്കണം, ഓക്‌സിജന്‍ ലാറിന്‍ ജിയോസ്‌കോപ്പ്, എന്റോട്രക്കിയല്‍ ട്യുബ്, മറ്റ് നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കണം. അലര്‍ജിയെക്കുറിച്ച് രോഗിയുടെ മുന്‍കാല ചരിത്രം ശേഖരിച്ചിരിക്കണം എന്നിവ നിഷ്‌കര്‍ഷിക്കുന്നു.

മേല്‍ പ്രതിപാദിച്ചകാര്യങ്ങള്‍ വച്ച് പരിശോധിച്ചാല്‍ തന്നെ ഷംനയുടെ കാര്യത്തിലുണ്ടായത് കുറ്റകരമായ ചികിത്സാപിഴവു തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്നതാണ്.

അറിയപ്പെടുന്ന ഒരു അലര്‍ജി റിയാക്ഷനെ മുന്‍കൂട്ടി കണ്ടെത്തുന്നതിനോ അത്തരമൊരു അവസ്ഥ ഉണ്ടായാല്‍ അതു പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി വയ്ക്കുന്നതിനോ അപ്രതീക്ഷിതമായി ഒരു അലര്‍ജി റിയാക്ഷന്‍ ഉണ്ടായപ്പോള്‍ അത് വിജയകരമായി കൈകാര്യം ചെയ്യുന്നതിനോ ചികിത്സകര്‍ ശ്രമിക്കാതിരുന്നതുകൊണ്ടാണ് സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അനാസ്ഥയ്ക്ക് ഇരയായി ഷംനമരണപ്പെട്ടത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അവള്‍ പഠിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ നിന്നുണ്ടായ അനുഭവം ഇതാണെങ്കില്‍ സാധരണക്കാരായ തങ്ങളുടെ ഒക്കെ വിധി എന്താവുമെന്ന് ഷംനയുടെ നാട്ടിലെ, അവളെ സ്‌നേഹിച്ചിരുന്ന ജനങ്ങള്‍ ചോദിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ കോളെജുകളെ ചൊല്ലി എല്ലാ വര്‍ഷവും വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഭരണ പക്ഷവും പ്രതിപക്ഷവും നാട്ടിലെ മെഡിക്കല്‍ കോളേജുകളുടെ നിലവാരത്തെപറ്റി മൗനം ദീക്ഷിക്കുന്നു എന്നാണ് അവരുടെ ആരോപണം. ജില്ലാ ആശുപത്രികളുടെ പേരു മാത്രംമാറ്റി മെഡിക്കല്‍ കോളെജുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന ആരോഗ്യ നയങ്ങള്‍ക്കൊന്നും രോഗാതുരമായ പൊതു ആരോഗ്യസംവിധാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് സത്യമാണ്.


(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ജിഷ ജോര്‍ജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories