UPDATES

സിനിമ

കിസ്മത്: എന്റെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് എന്റെ സിനിമ: അഭിമുഖം/ഷാനവാസ് ബാവക്കുട്ടി

Avatar

ഷാനവാസ് ബാവക്കുട്ടി/ അപര്‍ണ

വല്ലാത്ത പുതുമയോടെ ‘കിസ്മത്തി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തു വന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷകര്‍ കിസ്മത്തിലെ ഓരോ പാട്ടിനും ഓരോ രംഗത്തിനും വേണ്ടി കാത്തിരുന്നു. പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കുന്നു. അത്രമേല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സിനിമയായി കിസ്മത്ത് മാറിയിരിക്കുന്നു. റിലീസിന് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സംവിധായകന്‍ ഷാനവാസ് തന്റെ സിനിമയെയും പ്രതീക്ഷകളെയും ആശങ്കളെയും കുറിച്ച് അപര്‍ണയുമായി  സംസാരിക്കുന്നു…

അപര്‍ണ: ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനങ്ങളുമായി പൊന്നാനിയില്‍ സജീവമായിരുന്ന ഒരാള്‍. ആ തട്ടകത്തില്‍ നിന്നും മുന്‍പരിചയമേതുമില്ലാത്ത സിനിമയുടെ ലോകത്തേക്കു വരുന്നു. എങ്ങനെയാണ് ഈ മാറ്റം സംഭവിച്ചത്?

ഷാനവാസ്: സിനിമയെ ഒരു കാഴ്ചക്കാരന്‍ മാത്രമായി കണ്ടിരുന്ന ആളാണ് ഞാന്‍. ഇടക്ക് എപ്പോഴൊക്കെയോ ചെറുതായ അഭിനയ മോഹം ഉണ്ടായി. രണ്ടോ മൂന്നോ ഹ്രസ്വ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. വളരെ പെട്ടന്ന് തന്നെ അതെനിക്ക് പറ്റിയ പണി അല്ലെന്നും തിരിച്ചറിഞ്ഞു. കാര്യങ്ങള്‍ പഴയപടിയിലേക്ക് പോകുമ്പോഴാണ് രാജീവ് രവിയുടെ അന്നയും റസൂലും പുറത്തിറങ്ങുന്നത്. അത് സിനിമ എന്ന സ്വപ്നത്തെ ആഴത്തില്‍ വേരുപിടിപ്പിച്ചു. എത്രത്തോളം ആ ചിത്രം എന്നെ സ്വാധീനിച്ചു എന്ന് പറഞ്ഞറിയിക്കാനാവില്ല. ആദ്യം ചെയ്തത് രാജീവ് രവിയെ ഫോണ്‍ ചെയ്യുകയായിരുന്നു. കുറച്ചധികം സമയം അദ്ദേഹവുമായി സംസാരിച്ചു. ഒരു പ്രേക്ഷകനെന്ന നിലയില്‍ മാത്രമായിരുന്നു ആ സംഭാഷണം. അപ്പോഴൊന്നും ഒരു സിനിമാക്കാരന്‍ ആകണമെന്ന് കരുതിയില്ല. രാജീവ് രവി എന്റെ സിനിമ നിര്‍മിക്കും എന്നും അറിയില്ലായിരുന്നു. എന്നാല്‍ അവിടെ നിന്നാണ് കിസ്മത്ത് തുടങ്ങുന്നത്. പക്ഷെ കിസ്മത്ത് ഒരിക്കലും അന്നയും റസൂലിന്റെയും അനുകരണമോ തുടര്‍ച്ചയോ അല്ല.

 

: എപ്പോഴാണ് രാജീവ് രവി കിസ്മത്തിന്റെ നിര്‍മാണം ഏറ്റെടുക്കുന്നത്?

 

ഷാ: അന്നയും റസൂലിനും ശേഷം ഞാന്‍ അദ്ദേഹവുമായി നിരന്തരം സംസാരിച്ചിരുന്നു. ഞാന്‍ സംവിധാനം ചെയ്ത കണ്ണേറ് എന്ന ഹ്രസ്വചിത്രം അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. പിന്നീട് സിനിമാ രംഗത്തേക്ക് ഇറങ്ങാന്‍ നിരന്തര പ്രോത്സാഹനം നല്‍കി. കിസ്മത്തിന്റെ കഥ കേട്ടപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ നിര്‍മാണം അദ്ദേഹത്തിന്റെ കമ്പനി ഏറ്റെടുക്കുകയായിരുന്നു. കിസ്മത്തിന്റെ തുടര്‍ന്നുള്ള ഊര്‍ജം ആ തീരുമാനമായിരുന്നു.

: യഥാര്‍ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം എന്ന് പറഞ്ഞിരുന്നു?

ഷാ: 2011-ല്‍ പൊന്നാനിയില്‍ നടന്ന സംഭവമാണ് കിസ്മത്തിന് പിറകില്‍. ഒരു ദളിത് യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയം സംബന്ധിച്ചുണ്ടായ പൊലീസ് കേസ്. കേസും തുടര്‍ സംഭവങ്ങളുമെല്ലാം ചേര്‍ത്തു വച്ച സ്വതന്ത്രമായ ഇടപെടല്‍ ആണ് ഈ സിനിമ.

അ: പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ സിനിമയെ സഹായിച്ചോ?

ഷാ: പത്തു വര്‍ഷത്തില്‍ ഏറെയായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങളുമായുള്ള അടുത്ത ബന്ധം സിനിമ യാഥാര്‍ഥ്യമാക്കാന്‍ ഒരുപാട് സഹായിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആവുന്നതില്‍ തൊട്ട് സിനിമയുടെ സകല മേഖലകളിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊന്നാനിക്കാരുടെ സഹായം കിട്ടി. സിനിമയുടെ പ്രമേയസ്വീകരണത്തില്‍ തൊട്ട് എല്ലാത്തിനെയും സത്യസന്ധമായി സമീപിക്കാന്‍ ഈ പിന്തുണ സഹായിച്ചു.

അ: പുതുമുഖങ്ങളെവച്ച് സിനിമ ചെയ്യുമ്പോള്‍ നേരിടുന്ന പല പ്രശ്‌നങ്ങളുമുണ്ട്. പ്രത്യേകിച്ച്, വിതരണക്കാരെ കിട്ടാനും തീയേറ്ററുകള്‍ ലഭിക്കാനുമൊക്കെ. അത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നോ?

ഷാ: എന്റെ അഭിനേതാക്കളില്‍ ഞാനും നിര്‍മാതാക്കളും പൂര്‍ണ തൃപ്തരായിരുന്നു. പ്രേക്ഷകര്‍ക്ക് പരിചയം ഉള്ള ഒന്നോ രണ്ടോ പേരും ബാക്കി പുതുമുഖങ്ങളുമാണ്. ഇവരില്‍ ആരും തന്നെ ആദ്യത്തെ ചോയ്‌സ് ആയിരുന്നില്ല എന്നതാണ് സത്യം. പക്ഷെ ഇവരില്‍ ആരെങ്കിലും ഇല്ലായിരുന്നെങ്കില്‍ സിനിമയേ മാറി പോയേനെ…

എന്നാല്‍ ഞങ്ങള്‍ സമീപിച്ച വിതരണക്കാരും തീയേറ്ററുകാരും വല്ലാത്ത ആശങ്കയില്‍ ആയിരുന്നു. സിനിമ ഒരു കച്ചവടവും കൂടി ആണെന്ന് ശരിക്കും തിരിച്ചറിഞ്ഞതപ്പോഴാണ്. 2015 ജൂലൈ മുതല്‍ കിസ്മത്ത് അങ്ങനെ എവിടെയൊക്കെയോ കുരുങ്ങിക്കിടന്നു. ആ മുതല്‍ ഈ നിമിഷം വരെ സിനിമ കൂടുതല്‍ നന്നാക്കാനുള്ള ഓട്ടത്തിലാണ് ഞങ്ങള്‍. അങ്ങനെയിരിക്കെയാണ് ലാല്‍ ജോസ് സാറിന്റെ മുന്നില്‍ കിസ്മത്ത് കാണിക്കാന്‍ സാധിച്ചത്. സുഹൃത്തായ രാജീവ് രവി നിര്‍മിക്കുന്ന സിനിമ എന്നതായിരുന്നു ആ ചിത്രം കാണുന്നതുവരെ ലാല്‍ ജോസിന്റെ മനസിലെ ആകാംക്ഷയെങ്കിലും കണ്ടതിനുശേഷം കിസ്മത് വിതരണത്തിന് എടുക്കാമെന്ന് അദ്ദേഹം താതപര്യപ്പെടുകയായിരുന്നു. മറ്റെല്ലാ തിരക്കുകളും മറികടന്ന് അദ്ദേഹം കിസ്മത്തിന് ഇടം നല്‍കി.

അ: ശ്രുതി മേനോന്‍ എന്ന നടിയെ നഗരവത്കൃത ശരീരഭാഷയില്‍ പെടുത്തിയാണ് സിനിമാ – ടെലിവിഷന്‍ ലോകം ഇതുവരെ അടയാളപ്പെടുത്തിയിട്ടുള്ളത്. എങ്ങനെയാണ് അവര്‍ പൊന്നാനിക്കാരി അനിതയായത്?

ഷാ: ഉസ്താദ് ഹോട്ടലില്‍ തിലകന്‍ പറയുന്ന ആ കിസ്മത്ത് ഡയലോഗ് ഞാന്‍ എന്റെ സിനിമയിലെ അഭിനേതാക്കളെപ്പറ്റി പറയുമ്പോള്‍ ഒക്കെ ആലോചിക്കും. ശ്രുതിക്ക് മുന്‍പ് പലരെയും സമീപിച്ചു. നായികയുടെ പ്രായം, ദളിത് ഐഡന്റിറ്റി ഒക്കെ എല്ലാവര്‍ക്കും വലിയ പ്രശ്‌നമായിരുന്നു. അങ്ങനെയാണ് ജന്മം കൊണ്ട് മലയാളിയും കര്‍മം കൊണ്ട് മുംബൈക്കാരിയും ആയ ശ്രുതി മേനോനിലേക്കു എത്തുന്നത്. അവരെ മോഡലും അവതാരകയുമൊക്കെ ആയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ഇതുവരെ സിനിമ കണ്ട എല്ലാവരും ആദ്യം അഭിനന്ദിക്കുന്നത് ശ്രുതിയെ ആണ്…

അ: തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീയുമായുള്ള ഒരു ചെറുപ്പക്കാരന്റെ പ്രണയം, കേന്ദ്രകഥാപാത്രങ്ങളായി മുസ്ലിം യുവാവും ദളിത് സ്ത്രീയും; കിസ്മത്തിനു മേല്‍ ആകാംക്ഷയേറ്റുന്നത് ഇത്തരം ഘടകങ്ങളാണ്. അതേസമയം ഇവ വിവാദങ്ങളെയും കൊണ്ടുവരില്ലേ?

ഷാ: നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയിലും ആവിഷ്‌ക്കാര സ്വാതന്ത്രത്തിലും പുരോഗമന പ്രസ്ഥാനങ്ങളിലും വിശ്വസിക്കുന്നത് കൊണ്ട് എനിക്ക് ആശങ്കകളില്ല. എന്റെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള ഉപാധി കൂടിയാണ് എന്റെ സിനിമ. സെന്‍സര്‍ ബോര്‍ഡ് എങ്ങനെ സമീപിക്കും എന്നകാര്യത്തില്‍ ചെറിയ ഭയം ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ സഹകരിച്ചു.

അ; പൊന്നാനി വളരെയധികം സാഹിത്യ സാംസ്‌കാരിക സംഭാവകള്‍ നല്‍കിയ പ്രദേശമാണ്. ഏറെ പ്രത്യേകതകള്‍ ഉള്ള ഭൂപ്രകൃതിയും സവിശേഷ സംസ്‌കാരവും അവിടുണ്ട്. മലയാള സിനിമ വേണ്ട വിധത്തില്‍ ആ സ്ഥലത്തെ ഉപയോഗിച്ചു എന്ന് തോന്നുന്നുണ്ടോ?

ഷാ: ആളുകളെ തൊപ്പിയിടീക്കാന്‍ കൊണ്ട് പോകുന്ന വളരെ ദുരൂഹവും ഭീകരവുമായ ഇടമാണ് മലയാള സിനിമക്ക് പൊന്നാനി. അങ്ങനെയൊരു ആശങ്കയിലാണ് ഈ നാടിനെ മലയാള സിനിമ ഒതുക്കി നിര്‍ത്തിയിരിക്കുന്നത്. കഥകളും കവിതകളും പാട്ടുകളും പ്രണയവും ഒക്കെ ഉള്ള ലോകത്തെ ഏറ്റവും മനോഹരമായ ഇടമാണ് എനിക്ക്, ഞങ്ങള്‍ക്ക് പൊന്നാനി. ഞാന്‍ അറിഞ്ഞ, അനുഭവിച്ച ആ നാട്ടിലാണ് കിസ്മത്ത് സംഭവിക്കുന്നത്. ഒരുപക്ഷെ അന്നയും റസൂലിലും മാത്രം ഇതുവരെ അടയാളപ്പെട്ട ഒരു നാട്ടില്‍.

അ: പ്രദര്‍ശനത്തിന് എത്തും മുന്നെ വലിയ ചര്‍ച്ചകളും പ്രതീക്ഷകളും കിസ്മത്ത് ഉണ്ടാക്കിയിരിക്കുന്നു. ട്രെയിലറിലെ രംഗങ്ങളും പാട്ടുകളും ഏറെ ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നു…

ഷാ: ഒരുപാട് സന്തോഷത്തിനൊപ്പം ചെറിയ ആശങ്കയും നല്‍കുന്നതാണ് പ്രേക്ഷകരുടെ ഈ സമീപനം. സൂപ്പര്‍ സ്റ്റാറുകള്‍ക്കും ബ്രഹ്മാണ്ഡ പടങ്ങള്‍ക്കും പുറകെ മാത്രമേ പ്രേക്ഷകര്‍ പോവൂ എന്ന വിശ്വാസങ്ങള്‍ തകര്‍ക്കുന്നതാണ് ഇതുപോലൊരു ചെറിയ സിനിമയ്ക്ക് ഉണ്ടാകുന്ന പ്രതീക്ഷകള്‍. ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യത ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണ്. അപ്രതീക്ഷിതമെന്നു പറയാം. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എന്തോ ഈ സിനിമയില്‍ ഉണ്ട് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ട്.

അ: ഭാവി സിനിമയും രാഷ്ട്രീയവും?

ഷാ: എന്റെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് എന്റെ സിനിമ. രാഷ്ട്രീയത്തില്‍ നിന്നു മാറി എനിക്കൊരു ജീവിതം സാധ്യമല്ല. അതിനൊപ്പം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. എന്റെ നാടിനെ പറ്റി, ഇവിടെയുള്ള ജീവിതങ്ങളെക്കുറിച്ച്…

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍