TopTop
Begin typing your search above and press return to search.

55കാരിയായ മകള്‍ക്ക് താങ്ങ് 80നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയും

55കാരിയായ മകള്‍ക്ക് താങ്ങ് 80നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയും

രാകേഷ് സനല്‍

സ്വര്‍ഗത്തിനടുത്താണ് വാണിനഗര്‍. പത്തുനാല്‍പ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ശിലാബതിക്ക് അന്ന് ആറര വയസ് പ്രായം. യെങ്കിട റാവുവിന്റെ അടയ്ക്കാത്തോട്ടത്തിലാണ് അമ്മ ദേവകി റാവുവിന് പണി. യെങ്കിട റാവു കൊടുത്ത രണ്ടുസെന്റില്‍ ഒരു മണ്‍പുരയിലാണ് ശീലാബതിയും ചേട്ടനും അമ്മയും താമസം. അച്ഛന്‍ മരിച്ചു പോയി. വാണീനഗറിലെ പനയല സ്‌കൂളില്‍ ശിലാബതി രണ്ടാം ക്ലാസില്‍ പഠിക്കുന്നു. കൊരട്ടമരത്തോട്ടത്തിലെ തേയിലക്കൊതുകിനെ കൊല്ലാന്‍ പികെസി (പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കേരള)ക്കാര്‍ കൊണ്ടുവന്ന യന്ത്രത്തുമ്പികള്‍ ആകാശത്ത് പറന്നു നടക്കുന്ന കാലം.

കശുമാവിന്‍ പൂക്കളില്‍ മരുന്നു തളിക്കുകയാണെന്നും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും പികെസിക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്ന കാര്യം അന്നാട്ടുകാരില്‍ നിന്നും മറച്ചുവച്ചു. തോട്ടങ്ങളുടെ അതിര്‍ത്തിയില്‍ നാട്ടിയിരുന്ന ചുവപ്പു കൊടി (ഹെലികോപ്റ്ററില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥലം മനസിലാകാന്‍ വേണ്ടി) ഊരിയെടുത്ത് തങ്ങളുടെ പറമ്പിലേക്കു മാററി കുത്തിയിരുന്നവരുണ്ട്. മരുന്നല്ലേ തളിക്കുന്നത്, അത് തങ്ങളുടെ പറമ്പിലെ ചെടികളിലും മരങ്ങളിലും വീണോട്ടെയെന്ന് അവര്‍ കരുതി. ഒരു തലമുറയെ മുടിച്ചു കളയുന്ന കാളകൂടമാണ് ആകാശത്തു നിന്നും പെയ്യുന്നതെന്ന് ആ പാവങ്ങള്‍ക്ക് അറിവില്ലായിരുന്നു.

സ്വര്‍ഗയിലെ പ്രധാന ജലസ്രോതസ് സുരങ്കകള്‍ (തുരങ്കങ്ങള്‍) ആണ്. ഓരോ പറമ്പിലും ചെറിയ കുളംപോലെ കാണാം. സുരങ്കകള്‍ വഴിവരുന്ന വെള്ളമാണ് അതില്‍ ശേഖരിക്കുക. എന്‍ഡോസള്‍ഫാന്‍ തുള്ളികള്‍ ഭൂമിക്കടിയിലേക്കിറങ്ങി സുരങ്കകള്‍ വഴി ഓരോ വീട്ടുമുറ്റത്തും വിഷം എത്തിച്ചിരുന്നു. മണ്ണിരപോലും ചത്തൊടുങ്ങുന്ന തരത്തിലേക്ക് വിഷം വ്യാപിച്ചപ്പോഴും ഇന്‍മകജെക്കാര്‍ വിചാരിച്ചില്ല എല്ലാത്തിനും കാരണം മകളില്‍ നിന്നും പെയ്യുന്ന വിഷമാണ് ഇതിനെല്ലാം കാരണമെന്ന്. അവര്‍ ജഢാധാരിയുടെ ശാപമാണിതെല്ലാമെന്നു കരുതി. രക്തം ഛര്‍ദ്ദിച്ചു വീഴുന്ന മനുഷ്യന്‍ സര്‍പ്പദോഷത്തിന്റെ ഇരയാണെന്നു ഭയന്നു. എന്താണ് നേരന്നറിയാതെ, തങ്ങള്‍ക്കു ചുറ്റും തീര്‍ക്കപ്പെട്ട ഒരു കൊലക്കളത്തിനു ചുറ്റുമായിരുന്നു കാസര്‍ഗോഡെ പല പഞ്ചായത്തുകളും. സ്വര്‍ഗവും വാണീനഗറുമെല്ലാം ഉള്‍പ്പെടുന്ന എന്‍മകജെ അക്കൂട്ടത്തില്‍ കൂടതല്‍ ഭയം പേറി നിന്നു.

സ്വര്‍ഗത്തിലെ കുട്ടികള്‍ക്ക് ആകാശത്ത് ഹെലികോപ്റ്ററുകള്‍ മുരണ്ടു പറക്കുന്നത് അത്ഭുതമായിരുന്നു. ശീലാബതിയുടെ വീടിനു മുന്നില്‍ നിന്നാല്‍ കാണാം പറന്നു പോകുന്ന യന്ത്രപ്പക്ഷിയെ. പുറത്തു നോക്കാന്‍ പക്ഷേ അമ്മ സമ്മതിച്ചില്ല. ഏതോ ഒരുള്‍ഭയം ദേവകിക്കുണ്ടായിരുന്നു.

അന്ന്, കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്കു പോവുകയായിരുന്നു ശീലാബതി. കൊരട്ട മരത്തോട്ടത്തിലൂടെയാണ് വഴി. പെട്ടെന്ന് ആകാശത്ത് ഹെലികോപ്റ്ററിന്റെ മുരള്‍ച്ച. കൂടെയുണ്ടായിരുന്നവര്‍ പേടിച്ചു മുന്നോട്ടോടി. ശീലാബതിയില്‍ ഭയമല്ല, കൗതുകമായിരുന്നു. അവള്‍ മുകളിലേക്ക് തല ഉയര്‍ത്തി. കൊരട്ടമരച്ചിലകള്‍ക്കിടയിലൂടെ കാണാം വലിയ യന്ത്രപ്പക്ഷിയെ... അതിന്റെ പള്ളയില്‍ നിന്നും ഇലത്തലപ്പുകളില്‍ തട്ടി താഴെക്കു വീഴുന്ന മരണത്തുള്ളികള്‍ ശിലാബതിയുടെ നേര്‍ക്ക് കുതിച്ചെത്തി...

ദേവകി തോട്ടത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ചില കുട്ടികള്‍ ചേര്‍ന്ന് ശീലാബതിയെ താങ്ങി കൊണ്ടുവരുന്നത്. കോരട്ട മരത്തോട്ടത്തില്‍വച്ചു തളര്‍ന്നു വീണതാണെന്നു പറഞ്ഞു. അകത്തുകൊണ്ടുപോയി കിടത്തിയശേഷം ദേവകി പണിക്കിറങ്ങി. രാത്രിയില്‍ തിരിച്ചെത്തുമ്പോഴും ശീലാബതി കിടന്നകിടപ്പ് തന്നെയാണ്. വിളിച്ചിട്ടു മിണ്ടുന്നില്ല. ദേവകിക്ക് ആകെ പേടിയായി.

പിറ്റേദിവസം മുള്ളേരിയായിലെ ആശുപത്രിയിലേക്ക് ശീലാബതിയേയും എടുത്ത് ദേവകി നടന്നു. വാണീനഗറില്‍ നിന്നും 35 കിലോമീറ്ററോളം ദൂരമുണ്ട് ആശുപത്രിയിലേക്ക്. ഡോക്ടര്‍ ഇഞ്ചക്ഷന്‍ കൊടുത്തു. അഞ്ചുദിവസത്തോളം ഇതു തുടര്‍ന്നു. ശിലാബതി എഴുന്നേറ്റില്ല. പക്ഷേ ശരീരം മുഴുവന്‍ നീരുകെട്ടി. കൈകാലുകള്‍ ചുരുണ്ടുകോടി. തന്റെ മകളുടെ രൂപം വല്ലാതെ മാറിപ്പോയതായി ദേവകി കണ്ടു.വേറെ എവിടെയെങ്കിലും കാണിച്ചാലോന്നായി. ഇപ്പോള്‍ എടുത്തുകൊണ്ടുപോകാന്‍ പോലും പറ്റുന്നില്ല. എന്നാലും ഒരുവിധത്തില്‍ കേശവ ഭട്ട് ഡോക്ടറുടെ ക്ലിനിക്കല്‍ കൊണ്ടു ചെന്നു. നല്ല മനുഷ്യനായിരുന്നു ഭട്ട് ഡോക്ടര്‍. ഈ കുട്ടിയെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നതെന്നായിരുന്നു ഡോക്ടര്‍ ചോദിച്ചത്. പരിശോധന കഴിഞ്ഞ് ഭട്ട് നിര്‍ദേശിച്ചത് ഇഞ്ചക്ഷനായിരുന്നു. ചില മാറ്റങ്ങള്‍ കണ്ടു. ശീലാബതിയുടെ സംസാരശേഷി തിരിച്ചുകിട്ടി. പത്ത് ഇഞ്ചക്ഷനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്. ഒന്നൊഴിച്ച് ബാക്കിയെല്ലാം വീട്ടിലെത്തിയാണ് കേശവ് ഭട്ട് നല്‍കിയത്. ശീലാബതിയേയും ചുമന്ന് തന്റടുത്തേക്ക് ദേവകിയെ അദ്ദേഹം നടത്തിച്ചില്ല. ഒരു രൂപ പോലും ഫീസ് വാങ്ങിയതുമില്ല. പക്ഷേ ഡോക്ടറുടെ ചികിത്സയ്‌ക്കോ ദേവകിയുടെ പ്രാര്‍ത്ഥനയ്‌ക്കോ ശീലാബതിയെ എഴുന്നേല്‍പ്പിക്കാനായില്ല. വാടിയൊരു ചെമ്പരത്തിപോലെ ശീലബതി ചുരുണ്ട് കൂടി.

ആ മണ്‍വീട്ടില്‍ ശീലാബതിയെ തനിച്ചിട്ടിട്ടു പണിക്കു പോകേണ്ടി വന്നു ദേവകിയ്ക്ക്. ചികിത്സയ്ക്കും ഭക്ഷണത്തിനും വകയുണ്ടാക്കണമെങ്കില്‍ യെങ്കിട ഭട്ടിന്റെ തോട്ടത്തില്‍ പോകാതെ പറ്റില്ല. എല്ലിച്ച ശരീരത്തിനുള്ളിലെ ആ മാതൃഹൃദയം നിമഷംപ്രതി വെന്തുരുകി. ഇതിനിടയിലാണ് ഒരു വില്ലന്‍ കടന്നു വരുന്നത്. ഒരു പൂച്ച. ശീലബതി കിടക്കുന്നതിനടുത്ത് വന്നിരിക്കും. അനങ്ങാന്‍ വയ്യാതെ കിടക്കുന്ന ശീലാബതിയെ അവന്‍ മാന്തിയും കടിച്ചും ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ദേവകി പിന്നീടാണ് ഈക്കാര്യം അറിയുന്നത്. അതിനുശേഷം പണിക്കു പോകും മുമ്പ് പൂച്ചയെ ഒരു ചരടില്‍ കെട്ടിയിടും. ശീലാബതിക്കു ശല്യവുമാകില്ല, അതേസമയം ഒരു കൂട്ടുമാകും. ശിലാബതിയെ കുറിച്ച് ഓര്‍മിക്കുന്നവരുടെയെല്ലാം വാക്കുകകളില്‍ ഈ പൂച്ചയും കടന്നുവരാറുണ്ട്.

അമ്മമാര്‍ ഉറങ്ങാത്ത നാട്


വര്‍ഷങ്ങള്‍ കടന്നുപോയി. ശീലാബതി അതേ കിടപ്പ് തന്നെ... ഇതിനിടയില്‍ എന്‍ഡോസള്‍ഫാന്‍ വിഷം കാസര്‍ഗോഡിനെ നരകമാക്കി തീര്‍ത്തിരുന്നു. ഇരകളുടെ കഥകള്‍ പലയിടങ്ങളില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങി.

ശീലാബതിയുടെ കഥകേട്ട് പലരും അവരെ കാണാനെത്തി. അധ്യാപകനും എഴുത്തുകാരനുമായ അംബികാസുതന്‍ മാങ്ങാടിനെ പോലുള്ളവര്‍ ശിലാബതിയെ വെറുമൊരു ഇരയായി മാത്രം കണ്ടില്ല.

ഞാന്‍ ആദ്യമായി വരുമ്പോള്‍ നിലത്താണ് ശീലാബതി കിടക്കുന്നത്. അന്നു തന്നെ ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ ശ്രീനിവാസയേയും കൂട്ടി പെരിയയില്‍ ചെന്ന് ഒരു കട്ടില്‍ വാങ്ങിക്കൊണ്ടു വന്നു. ആ കട്ടിലിലാണ് ശീലാബതി എന്നും കിടക്കുന്നത് ; അംബികാസുതന്‍ മാഷ് ഓര്‍ക്കുന്നു.(എന്‍മകജെ എന്ന നോവല്‍ അംബികാസുതന്‍ മാങ്ങാട് എഴുതുന്നത് പിന്നീടാണ്. നോവലിന്റെ റോയല്‍റ്റി തുക ഇന്നും വീട്ടിലെത്തി ശീലബതിയുടെ കൈയില്‍ കൊടുക്കും മാഷ്). ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ശീലാബതിക്ക് ഒരു വീട് നിര്‍മിച്ചു നല്‍കുന്നത്. അടച്ചുറപ്പുള്ള ചെറിയൊരു വാര്‍ക്കല്‍ കെട്ടിടം.ഇപ്പോള്‍ ശീലാബതിക്ക് 55 വയസായി എന്നാണു ദേവകി പറയുന്നത്. ആറര വയസില്‍ കിടപ്പിലായതാണ്. ദേവകി ഇപ്പോള്‍ തീരെ ക്ഷിണിച്ചു.പ്രായം എണ്‍പതിനോടടുത്തു.ആരോഗ്യമില്ലാതായതോടെ കഴിഞ്ഞ മൂന്നുവര്‍ഷമായി ദേവകി ജോലിക്കും പോകുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെട്ടതിനാല്‍ കിട്ടുന്ന ധസഹായവും മറ്റുള്ളവരുടെ നല്ല മനസുമാണ് ഇന്നിപ്പോള്‍ ദേവകിയുടെയും ശീലാബതിയുടെയേും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വാര്‍ധക്യകാല പെന്‍ഷനോ വിധവ പെന്‍ഷനോ എനിക്ക് കിട്ടുന്നില്ല. കുറെ നടന്നു. ആരും ഒന്നും ചെയ്തു തന്നില്ല. മേലാത്ത ഈ കൊച്ചിനെയും ഇട്ടിട്ട് എപ്പോഴും എനിക്ക് പോകാന്‍ പറ്റുമോ? പ്രായവും കൂടിവരികയാണ്. ഒരു മകനുണ്ടായിരുന്നത് അപകടത്തില്‍ മരിച്ചു. എന്റെ കാലം കഴിഞ്ഞാല്‍ ആരാണ് ഇവളെ നോക്കണത്? പുക കെട്ടിനില്‍ക്കുന്ന അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ദേവകിയുടെ തൊണ്ടയിടറി.

ശീലാബതി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. ഒരുപാട് തവണ പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങളുടെ ആവര്‍ത്തനമാണ് മുകളില്‍ നല്‍കിയിട്ടുള്ളതെന്നും അറിയാം. പക്ഷേ ഇതിനകത്ത് പുതിയതായി ചേര്‍ക്കുന്ന അപേക്ഷ ദേവകിയ്ക്ക് അര്‍ഹതപ്പെട്ടതാണെങ്കില്‍ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അവരെയും ഉള്‍പ്പെടുത്തുക. വിശ്രമിക്കണ്ട പ്രായത്തില്‍ ആധിയോടെ അലയേണ്ടി വരികയാണ് ഈ അമ്മയ്ക്ക്. അവര്‍ പറഞ്ഞപ്രകാരം ഇതിനകം പല ഓഫിസുകളിലും കയറിയിറങ്ങിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്നോ കഴിഞ്ഞ കഥയായി കരുതുന്നവര്‍ക്ക് ദേവകിയോടും ശീലാബതിയോടും അനുതാപം തോന്നാന്‍ വഴിയില്ല. എന്റെ കാലം കഴിഞ്ഞാല്‍ എന്റെ കുഞ്ഞിന്റെ കാര്യം എന്താകും? എന്നാ അമ്മ വിതുമ്പോള്‍ പകരം പറയാന്‍ എന്താണുള്ളതെന്ന് സര്‍ക്കാരാണ് പറയേണ്ടത്...


തുടരുംചിത്രങ്ങള്‍: സജി ചുണ്ട* ഈ റിപ്പോര്‍ട്ടില്‍ ശീലാബതിയുടെ ചിത്രം ചേര്‍ത്തിട്ടില്ല.


Next Story

Related Stories