Top

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത് ഷീല ദീക്ഷിത് ആണ്.

2014 മാര്‍ച്ച് 11 മുതല്‍ 2014 ഓഗസ്റ്റ് 25 വരെ കേരള ഗവര്‍ണറായിരുന്നു. 2019 ജനുവരി 10 മുതല്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.

1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍ത്തലയിലാണ് ഷീല ദീക്ഷിതിന്റെ ജനനം. ന്യൂഡല്‍ഹിയിലെ കോണ്‍വന്‍ ഓഫ് ജീസസ് ആന്‍ഡ് മേരി സ്‌കൂളിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മിറാന്‍ഡ ഹൗസിലുമായി വിദ്യാഭ്യാസം. 1984 മുതല്‍ 89 വരെ ഉത്തര്‍പ്രദേശിലെ കന്നോജില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്റി കാര്യത്തിന്റേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേം നെഹ്രു കുടുംബത്തെ പ്രധാനമന്ത്രി നരസിംഹ റാവു അവഗണിച്ചപ്പോള്‍ ഷീല ദീക്ഷിത് സോണിയ ഗാന്ധിയുടെ വിശ്വസ്തയെന്ന പോലെ പ്രവര്‍ത്തിച്ചു. സോണിയ ഗാന്ധി 98ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയ ശേഷമാണ്, അന്ന് പിസിസി പ്രസിഡന്റായിരുന്ന ഷീല ദീക്ഷിതിനെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാക്കിയത്.

ഡൽഹിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1998ലും 2003ലും ഗോലെ മാര്‍ക്കറ്റില്‍ നിന്നും 2008ല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുമാണ് ഷീല ദീക്ഷിത് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതി കേസുകളിൽ ആരോപണം നേരിട്ടിരുന്ന ഷീല ദീക്ഷിത്ത് 2013ൽ ന്യൂഡൽഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയായിരുന്നു.

കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി കേസുകളിൽ ഷീല ദീക്ഷിതിനെതിരെ കെജ്‌രിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഗെയിംസിനു മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവു വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച ഷുങ് കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടി രൂപയോളം സർക്കാരിന് നഷ്ടം സംഭവിച്ചു എന്നായിരുന്നു ആരോപണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഷീല ദീക്ഷിതിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.





കോണ്‍ഗ്രസ് ട്രഷററും മുന്‍ കേന്ദ്ര മന്ത്രിയുമായ ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഷീല കപൂര്‍, ഷീല ദീക്ഷിത് എന്ന് പേര് മാറ്റിയത്. വിനോദ് ദീക്ഷിത് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. മകന്‍ സന്ദീപ് ദീക്ഷിത് കോണ്‍ഗ്രസ് നേതാവാണ്. മകള്‍ ലതിക സയിദ്.

Next Story

Related Stories