TopTop
Begin typing your search above and press return to search.

'സൈന്യത്തില്‍ സമ്പൂര്‍ണ അരാജകത്വം. ആരും ചോദ്യം ചെയ്യാത്തത് പേടിച്ചിട്ട്'

സൈന്യത്തില്‍ സമ്പൂര്‍ണ അരാജകത്വം. ആരും ചോദ്യം ചെയ്യാത്തത് പേടിച്ചിട്ട്

'രാജ്യത്തിനു കാവല്‍ നില്‍ക്കുന്നവരുടെ ദുരവസ്ഥ തുറന്ന് കാണിച്ചതിന്റെ പേരില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നെങ്കില്‍ ഞാനതിനായി മരിക്കാന്‍ തയ്യാറായിരുന്നു. കാരണം കുടുംബത്തേക്കാളേറെ ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. രാജ്യത്തിനായി, അതിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പ്രതിനിധിയായി മരിക്കാനും ഞാന്‍ ഒരുക്കമായിരുന്നു. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്നുറപ്പിച്ചു തന്നെയായിരുന്നു ഞാന്‍ നിന്നത്. പക്ഷെ അവരതിന് ഇട നല്‍കാതെ എന്നെ കുടുംബത്തിനടുത്തേക്ക് തിരിച്ചയച്ചിരിക്കുകയാണ്. അതെനിക്ക് ഒട്ടും ആശ്വാസം തരുന്നില്ല' പട്ടാളത്തടങ്കലില്‍ നിന്ന് പുറത്തെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നതിന്റെ ആശ്വാസമോ സന്തോഷമോ ഷിബിന്റെ വാക്കുകളിലുണ്ടായിരുന്നില്ല. താനുയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി പോലും നല്‍കാതെ സേനയില്‍ നിന്ന് പുറത്താക്കി നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടതിന്റെ നിരാശയും പ്രതിഷേധവും മാത്രമായിരുന്നു അതില്‍.

പട്ടാളത്തടങ്കലിലെ ഇരുട്ടില്‍ അടയ്ക്കപ്പെട്ട 12 ദിവസങ്ങള്‍ക്ക് ഷിബിന്റെ പോരാട്ട വീര്യം കെടുത്താനായില്ല. തടങ്കല്‍ ജീവിതത്തിനിടയ്ക്ക് ചേര്‍ന്ന പട്ടാളക്കോടതികളിലും തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മാത്രം തേടിയ ബിഎസ്എഫ് ജവാനെ കോളര്‍ മുറിച്ചുമാറ്റി സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ഒടുവില്‍ സേനാതലവന്‍മാര്‍ തീരുമാനിക്കുകയായിരുന്നു. പശ്ചിമബംഗാളില്‍ ബിഎസ്എഫിന്റെ 28-ാം ബെറ്റാലിയനില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ വടക്കനാര്യാട് ഇട്ടിയംവെളിയില്‍ ഷിബിന്‍ തോമസ് തിങ്കളാഴ്ച വീട്ടില്‍ മടങ്ങിയെത്തി.

'ഞാന്‍ മുമ്പ് നല്‍കിയ പരാതികള്‍ ഒരു ഐപിഎസ് ഓഫീസറെ വച്ച് അന്വേഷിപ്പിക്കണം എന്ന് ഞാന്‍ അവസാനം കോടതി കൂടിയപ്പോഴും ആവശ്യപ്പെട്ടു. അതാവശ്യപ്പെട്ടയുടനെ എന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ അവര്‍ തുടങ്ങുകയും തിടുക്കപ്പെട്ട് നടപടികളെല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒരാനൂകൂല്യങ്ങളും അനുവദിക്കാതെയാണ് അവരെന്നെ പുറത്താക്കിയിരിക്കുന്നത്. നടപടിയില്‍ പരാതിയുണ്ടെങ്കില്‍ മൂന്ന് മാസത്തിനകം പരാതി സമര്‍പ്പിക്കാമെന്നാണ് എന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഏതറ്റം വരെയും പോവാനാണ് എന്റെ തീരുമാനം. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് നീതി ലഭിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

വര്‍ഷാവര്‍ഷം ബജറ്റില്‍ സേനയ്ക്കും ജവാന്‍മാരുടേതടക്കമുള്ളവരുടെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ വലിയ തുകയാണ് മാറ്റിവയ്ക്കുന്നത്. എന്നാല്‍ ഇതൊന്നും സേനയുടെ താഴെത്തട്ടിലേക്കെത്തുന്നില്ല. അപ്പോള്‍ അതെവിടെ പോവുന്നു എന്ന് അന്വേഷിക്കേണ്ട ധാര്‍മ്മിക ചുമതല ഒരു പൗരനെന്ന നിലയില്‍ എനിക്കുണ്ട്. ഓരോ ദിവസവും ജവാന്‍മാര്‍ക്കനുവദിക്കേണ്ട ഭക്ഷണത്തിന്റെ വലിയ ലിസ്റ്റ് തന്നെയുണ്ട്. പക്ഷെ അതില്‍ പലതും കിട്ടുന്നില്ല. പഴങ്ങള്‍ തരാറേയില്ല. മാംസാഹാരം തരും, പക്ഷെ അളവില്‍ കുറവായിരിക്കും. നല്ല ചായ പോലും കിട്ടില്ല. കുറേ പഞ്ചസാര മാത്രമിട്ട വെള്ളം പോലിരിക്കുന്ന ചായയാണ് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് കിട്ടുന്നത്. ഭക്ഷണം ചുരുക്കി ഇതിനായി അനുവദിക്കുന്ന പണം പോക്കറ്റിലാക്കുന്നതിലാണ് പലരുടേയും താത്പര്യം. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം കൂട്ടുനില്‍ക്കുകയും ചെയ്യും.

ഷിബിനും ഭാര്യ സോഫിയയും

ഓരോ ബെറ്റാലിയനിലേക്കും അനുവദിക്കുന്ന ടാങ്ക് കണക്കിന് ഡീസല്‍ എവിടെ പോവുന്നു? അത് ഉദ്യോഗസ്ഥരെല്ലാമടങ്ങുന്ന ഒരു ലോബി മറിച്ചു വില്‍ക്കുകയാണ്. ഇത് നേരിട്ടറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അത് ചോദ്യം ചെയ്തതാണ് അവര്‍ പ്രശ്‌നമാക്കിയിരിക്കുന്നത്. 1968ല്‍ ഉണ്ടാക്കിയിരിക്കുന്ന നിയമം തന്നെയാണ് ഇപ്പോഴും സേന പിന്തുടരുന്നത്. അത് മാറ്റേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. ഈ നിയമങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരപയോഗം ചെയ്യുകയാണ്. ഈ നിയമങ്ങളനുസരിച്ച് സേനയില്‍ നടക്കുന്ന അനീതിയ്‌ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ ഒന്നുകില്‍ പുറത്താക്കും, അല്ലെങ്കില്‍ ജയിലിലടയ്ക്കും. സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ തന്നെ വലിയ പീഡനങ്ങളായിരിക്കും അനുഭവിക്കേണ്ടി വരിക. പ്രതികരിക്കുന്നവര്‍ എപ്പോഴും മാറ്റി നിര്‍ത്തപ്പെടും. ശമ്പളം കട്ട് ചെയ്യുക, സര്‍വീസ് റെക്കോര്‍ഡ് നശിപ്പിക്കുക, ലീവ് നല്‍കാതിരിക്കുക, തുടങ്ങി നിരവധി പീഡനമുറകളിലൂടെയായിരിക്കും പ്രതികരിക്കുന്നവര്‍ കടന്നുപോവേണ്ടി വരിക. ജയിലിലടയ്ക്കപ്പെടുന്നവര്‍ക്ക് 22 കിലോ ഭാരവുമെടുത്ത് രാവിലേയും വൈകിട്ടും 45 മിനിറ്റ് ഓടേണ്ടി വരാറുമുണ്ട്.

മുമ്പ് പ്രതികരിച്ചതിന്റെ പേരില്‍ 2015ല്‍ എന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് നിയമ പോരാട്ടങ്ങളിലൂടെയാണ് സേനയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചെത്തിയതിന് ശേഷവും മുമ്പ് ഞാന്‍ നല്‍കിയ പരാതികളില്‍ അന്വേഷണം നടത്തി അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ശരിയല്ലെന്ന് തുറന്ന് പറയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് വീണ്ടും റോള്‍കോളിലും മറ്റും പ്രതികരിച്ചു.

നാസിക്കില്‍ അടുത്തിടെ കൊല്ലം സ്വദേശിയായ മലയാളി ജവാന്‍ റോയി മാത്യു ദുരൂഹ സാചര്യത്തില്‍ മരിച്ചിരുന്നു. ആത്മഹത്യയാണെന്ന് അവര്‍ പറയുന്നു. പക്ഷെ എന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്ന് അതങ്ങനെയാവാന്‍ വഴിയില്ല. 13 വര്‍ഷത്തെ പരിചയം കൊണ്ട് എനിക്കറിയാം ഡോക്ടര്‍മാരടക്കം എല്ലാവരും ഒന്നിച്ച ഒരു ലോബിയാണ്്. പേടിച്ചിട്ട് സാക്ഷിമൊഴി കൊടുക്കാന്‍ പോലും ഒരു സൈനികനും തയ്യാറാവില്ല. സാക്ഷി പറഞ്ഞാല്‍ പറയുന്നവരെ ഇല്ലായ്മ ചെയ്ത് കളയും. എന്ത് വേണമെങ്കിലും ആവാമെന്ന ധാരണ ഈ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ക്യാമറയ്‌ക്കോ മറ്റ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ക്കോ സേനയ്ക്കകത്ത് ഒരു സ്ഥാനവുമില്ല. അത് അവര്‍ക്ക് വളമാവുന്നുണ്ട്. സേനയ്ക്കുള്ളിലെ കാര്യങ്ങള്‍ പുറത്തുപോവാതിരിക്കാന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്.

സേനയ്ക്കുള്ളില്‍ സമ്പൂര്‍ണ അരാജകത്വമാണ്. പേടിച്ചിട്ട് മാത്രമാണ് ആരും ഇതിനെ ചോദ്യം ചെയ്യാത്തത്. പക്ഷെ എനിക്കങ്ങനെ പേടിച്ചിരിക്കാന്‍ തോന്നിയില്ല. സേനയുടെ താഴേത്തട്ടിലുള്ളവരോടുള്ള വേര്‍തിരിവ് അവസാനിപ്പിക്കാനായി ജവാന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പോരാടാനായിരുന്നു എന്റെ തീരുമാനം. ഇപ്പോള്‍ തടങ്കലില്‍ നിന്ന് പുറത്തിറങ്ങി എന്നത് എനിക്ക് സന്തോഷം നല്‍കുന്ന കാര്യമേയല്ല. ഇത്രയും കാര്യങ്ങള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ട് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമില്ലാതെ പോവും' ഷിബിന്‍ പറയുന്നു.

13 വര്‍ഷമായി ബിഎസ്എഫില്‍ ജോലി ചെയ്യുന്ന ഷിബിന്‍ മുമ്പ് പശ്ചിമബംഗാളില്‍ തന്നെ 41-ാം ബറ്റാലിയനിലായിരുന്നു. ജവാന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടില്‍ ലഭ്യമാകാത്തതിനെതിരെ 2015 ഡിസംബറില്‍ പ്രതികരിച്ചതോടെയാണ് മേലധികാരികള്‍ പീഡനം തുടങ്ങിയത്. ജവാന്മാര്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ ചില മേലധികാരികള്‍ മറിച്ചുവില്‍ക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ഷിബിന്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. ഒരു ജവാനു വേണ്ടി സര്‍ക്കാര്‍ എന്തെല്ലാം നല്‍കുന്നുവെന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇതിനു ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയില്ല. വൈകാതെ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ചില കുറ്റങ്ങള്‍ ചുമത്തി സര്‍വീസില്‍ നിന്ന് പുറത്താക്കി ഉത്തരവിറക്കി. ഷിബിന്‍ നാട്ടില്‍ മടങ്ങിയെത്തുകയും പിന്നീട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. ഷിബിന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ബിഎസ്എഫ് അധികാരികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഷിബിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ബി.എസ്.എഫ്. കൈമാറി. 41-ാം ബറ്റാലിയനില്‍ നിന്ന് 28-ാം ബറ്റാലിയനിലേക്ക് മാറ്റി. അവിടെ പഴയ കേസിന്റെ നടപടികള്‍ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ തുടങ്ങുകയും ചെയ്തു. എതിര്‍കക്ഷികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് ഒപ്പിട്ട് നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഷിബിന്‍ പറയുന്നത്. ഇതിന് വസമ്മതിച്ചതോടെയാണ് മറ്റു ചില കുറ്റങ്ങള്‍ ചുമത്തി തടങ്കലിലാക്കിയത്. ഡ്യൂട്ടി ചെയ്യുന്നില്ല, മെഡിക്കല്‍ ഓഫീസറെ ധിക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷിബിനു മേല്‍ ചുമത്തിയിട്ടുള്ളത്. ഫോണ്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ല. നീതി തേടി പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പടെ സമീപിക്കാനാണ് ഷിബിന്റെ തീരുമാനം.

(മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories