TopTop
Begin typing your search above and press return to search.

'കളക്ടര്‍ ബ്രോ'യ്‌ക്കെതിരെ നടപടി; ഐഎഎസ് സമരത്തില്‍ ചേരാതിരുന്നത് കാരണമെന്ന് സൂചന

കളക്ടര്‍ ബ്രോയ്‌ക്കെതിരെ നടപടി; ഐഎഎസ് സമരത്തില്‍ ചേരാതിരുന്നത് കാരണമെന്ന് സൂചന

ഐഎഎസുകാരുടെ സമരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് നായര്‍ക്കെതിരെ ചീഫ് സെക്രട്ടറി പ്രതികാര നടപടി സ്വികരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം എംകെ രാഘവന്‍ എംപിയുമായുള്ള പ്രശ്‌നത്തില്‍ പ്രശാന്ത് നായര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് നേരത്തെ മുഖ്യമന്ത്രിയടക്കം ഇടപെട്ട് ഒത്തുതീര്‍പ്പായ പ്രശ്‌നത്തില്‍ ഇപ്പോള്‍ നടപടി വരുന്നത്. എംപിയോടുള്ള മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നും ഒഴിവാക്കാന്‍ കാരണം കാണിക്കണമെന്നും പറഞ്ഞ് ജനുവരി 11നാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ന്യൂസ് പോര്‍ട്ടലായ thenewsminute.com റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി ഒമ്പതിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഐഎഎസുകാരുടെ കൂട്ട അവധി സമരത്തോട് വിയോജിച്ചതിനുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരടക്കം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഐഎഎസ് - ഐപിഎസ് പോര് ശക്തമായത്. പ്രധാനമായും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ പ്രതിഷധമാണ് കൂട്ട അവധി തീരുമാനത്തിലേയ്ക്ക് നയിച്ചത്. എന്നാല്‍ പ്രശാന്ത് നായര്‍ അവധിയെടുക്കാന്‍ വിസമ്മതിച്ചു. വിജിലന്‍സ് ഡയറക്ടറേയോ മറ്റേതെങ്കിലും വ്യക്തിയേയോ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഇത്തരമൊരു നീക്കത്തോട് യോജിക്കാനാവില്ലെന്ന് പ്രശാന്ത് നായര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. അഴിമതി കേസുകള്‍ അന്വേഷിച്ച് സത്യസന്ധത തെളിയിക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് നായര്‍ പറഞ്ഞിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതിക്കൊപ്പമാണ് എന്ന തെറ്റായ സന്ദേശമായിരിക്കും സമരം നല്‍കുകയെന്നും പ്രശാന്ത് നായര്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ കര്‍ശനമായ താക്കീതിനെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധി പ്രതിഷേധത്തിനുള്ള നീക്കം ഉപേക്ഷിച്ചത്.

അതേസമയം സമരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പ്രശാന്തിനെതിര മാസങ്ങള്‍ക്ക് മുമ്പ് നടന്നതും ഒത്തുതീര്‍ന്നതുമായ പ്രശ്‌നം കുത്തിപ്പൊക്കി പ്രതികാര നടപടി സ്വീകരിക്കുകയാണ് ഐഎഎസ് അസോസിയേഷനെന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെ എംകെ രാഘവനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു എന്നായിരുന്നു കളക്ടര്‍ക്കെതിരായ പരാതി. 2016 ജൂലൈയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേണ്ടി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കളക്ടറേറ്റ് ഉദ്യോഗസ്ഥരില്‍ എംകെ രാഘവന്‍ വഴിവിട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രശാന്ത് നായര്‍ രംഗത്തെത്തി. 2016 ജൂണ്‍ 29ന് കോഴിക്കോട് നടന്ന എംപിഎല്‍എഡി (എംപിമാരുടെ പ്രാദേശിക വികസന പദ്ധതി) റിവ്യൂ മീറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അതേസമയം എംപി ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് എംകെ രാഘവന്‍ കളക്ടര്‍ക്ക് കത്തയച്ചു. കളക്ടറേറ്റ് ഉദ്യോഗസ്ഥരോട് താക്കീതിന്റെ സ്വരത്തിലാണ് എംകെ രാഘവന്‍ സംസാരിച്ചത്.

എന്നാല്‍ പൊതുപണം ചെലവഴിക്കാന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ ഒന്നും നടക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും പറഞ്ഞ് പിആര്‍ഡി പ്രസ് നോട്ടിലൂടെയാണ് കളക്ടര്‍ മറുപടി നല്‍കിയത്. ജനപ്രതിനിധിയായ തന്നെ പ്രശാന്ത് അപമാനിച്ചു എന്ന് എംകെ രാഘവന്‍ ആരോപിച്ചു. പ്രശാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഘവന് 'ഇതാ കുന്നംകുളത്തിന്‌റെ മാപ്പ്' എന്ന് പറഞ്ഞ് മറുപടി നല്‍കിയ പ്രശാന്തിന്‌റെ നടപടി വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് തന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് നായര്‍ രംഗത്തെത്തുകയും ചെയ്തു.

ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച് പ്രശാന്തിനെതിരെ അന്വേഷണം വന്നത്. രാഘവനുമായുള്ള പ്രശ്‌നത്തില്‍ പ്രശാന്തിന്‌റെ വിശദീകരണം തൃപ്തികരമല്ലെന്നും 1969ലെ ഐഎഎസ് ചട്ടപ്രകാരം പ്രശാന്തിനെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടി വരുമെന്നുമാണ് ചീഫ് സെക്രട്ടറി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്‌റ് അംഗങ്ങള്‍ അടക്കമുള്ള ജനപ്രതിനിധികളോട് ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് ഗവണ്‍മെന്‌റ് ചട്ടം പ്രശാന്ത് ലംഘിച്ചതായി നോട്ടീസില്‍ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എംപിഎല്‍എഡി ഫെസിലിറ്റേഷന്‍ സെന്റര്‍ അടച്ചിട്ടതിനും കളക്ടറെ നോട്ടീസ് വിമര്‍ശിക്കുന്നു.

1968ലെ ഓള്‍ ഇന്ത്യ സര്‍വീസ് (കണ്‍ഡക്ട്) റൂള്‍ മൂന്നിന്റെ ലംഘനമാണ് കളക്ടര്‍ നടത്തിയത്. വീണ്ടും വിശദീകരണം നല്‍കാന്‍ കളക്ടര്‍ക്ക് 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ റൂള്‍ 3 ഇത്തരത്തില്‍ പാര്‍ലമെന്റ് അംഗവുമായുള്ള വിയോജിപ്പുകളുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ചില മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. എംപിഎല്‍എഡി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സാധാരണയായി തിരഞ്ഞെടുപ്പ് കാലത്ത് അടച്ചിടാറുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് നിര്‍ദ്ദേശം നല്‍കാറുമുണ്ട്. ഇത് ചട്ടലംഘനമാണെന്ന് പറഞ്ഞ് നോട്ടീസ് അയയ്ക്കാന്‍ ചീഫ് സെക്രട്ടറിക്ക് എങ്ങനെ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.


Next Story

Related Stories