Top

ആള്‍ക്കൂട്ട നീതിക്കാലത്തെ ഇന്ത്യന്‍ ജീവിതം

ആള്‍ക്കൂട്ട നീതിക്കാലത്തെ ഇന്ത്യന്‍ ജീവിതം

ടീം അഴിമുഖം / എഡിറ്റോറിയല്‍എന്തായാലും ഈ ദിവസങ്ങളില്‍ മുംബൈയില്‍ നടന്നത് ഒറ്റപ്പെട്ട ഒന്നല്ല. രാജ്യത്തെ മുന്‍നിര ചലച്ചിത്ര പ്രവര്‍ത്തകരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജ് താക്കറെയെന്ന സാമൂഹിക വിരുദ്ധനും ചേര്‍ന്നുണ്ടാക്കിയ ആ കരാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വരുംനാളുകളിലേക്കുള്ള ഒരു മുന്നറിയിപ്പാണ്. പാക്കിസ്ഥാനി നടന്‍ ഫവാദ് ഖാന്‍ നായകനായ കരണ്‍ ജോഹര്‍ ചിത്രം Ae Dil Hai Mushkil റിലീസ് ചെയ്യുന്നത് ഈ രീതിയിലൊക്കെ തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. കാരണം, പക്വമായ ഒരു ജനാധിപത്യം ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കുറച്ചേറെയായി നാം കാണുന്നുണ്ട്. ഇനിയും മനസിലാകാത്തവരുണ്ടെങ്കില്‍, ഇന്ത്യ ജനാധിപത്യത്തില്‍ നിന്ന്‍ ഒരു ജനക്കൂട്ടാധിപത്യത്തിലേക്ക് കടന്നിരിക്കുന്നു എന്ന്.ഇന്ത്യന്‍ സമൂഹത്തിലെ മുഴുവന്‍ പൊതു ഇടങ്ങളും ഇത്തരത്തില്‍ വിഡ്ഡികളും അക്രമികളുമായ ഒരുകൂട്ടം കവര്‍ച്ചക്കാര്‍ കയ്യേറുകയായിരുന്നു. അതിനായി അവര്‍ ടി.വി സ്റ്റുഡിയോകളുടെ സ്വഭാവം മാറ്റിയെടുക്കുന്നു, ബൗദ്ധികമായ ഏതു വ്യവഹാരത്തേയും ആക്രോശങ്ങളും തിണ്ണമിടക്കും കൊണ്ട് ശുഷ്‌കമാക്കുന്നു, ഭിന്നാഭിപ്രായങ്ങളെ തല്ലിയൊതുക്കുന്നു, സര്‍വകലാശാലകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും കടന്നുകയറുന്നു, എന്തു കഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുന്നു, ഭക്ഷണത്തിന്റെ പേരില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നവന് നഷ്ടപരിഹാരം നല്‍കുന്നു, മനുഷ്യരെ ആക്രമിച്ച് ദുര്‍ബലപ്പെടുത്തുന്നു... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍. ഇതെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ ഒരു പുതിയ തരം രാഷ്ട്രീയത്തിന്റെ പിറവിയും നമുക്ക് കാണാം- പൊതുവ്യവഹാരങ്ങളോട്, സ്വതന്ത്ര മാധ്യമങ്ങളോട്, മാധ്യമ സ്വാതന്ത്ര്യത്തോട്, സമൂഹത്തില്‍ ഉയരുന്ന വ്യത്യസ്താഭിപ്രായങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുത കാണിക്കുന്ന ഒരു രാഷ്ട്രീയം.നമ്മുടെ ടി.വി സ്റ്റുഡിയോകളിലേക്ക് നോക്കൂ: ഏതുവിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍, യാതൊരു വിവേകവുമില്ലാതെ അവര്‍ കുറെ വൃദ്ധരേയും അലമുറയിടുന്ന സ്ത്രീകളേയും അസഭ്യം മാത്രം പറയുന്ന ചെറുപ്പക്കാരെയും പെറുക്കിക്കൂട്ടുന്നു. അവതാരകന്‍ നിശ്ചയിക്കുന്ന അതിര്‍ത്തികള്‍ കടന്നാല്‍ ഒന്നുകില്‍ നിങ്ങള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തെറിയപ്പെടും, അല്ലെങ്കില്‍ നിങ്ങളുടെ മൈക്ക് നിശബ്ദമാകും. അവരുടെയല്ലാം അനുകരണീയ മാതൃക അര്‍ണാബ് ഗോസ്വാമിയാണ്, ടൈംസ് നൗ ചാനലിന്റെ അവതാരകനായ ഈ അവതാരമാണ് ഈ പുതിയ മാതൃകകളുടെ തലതൊട്ടപ്പന്‍. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെ നയിച്ചിരുന്ന ഗോസ്വാമിയുടെ യുദ്ധങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. അയാളിപ്പോള്‍ സര്‍ക്കാരിനു വേണ്ടി വാദിക്കുന്നയാളാണ്, നരേന്ദ്ര മോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന ആരേയും ജയിലില്‍ അയയ്ക്കണമെന്ന് ആക്രോശിക്കുന്ന ഒരാള്‍ മാത്രം.

നമ്മുടെ സര്‍വകലാശാലകളിലേക്ക് നോക്കു: നടപ്പുധാരണകളില്‍ നിന്ന് വിരുദ്ധമായി നിങ്ങള്‍ക്ക് ഒരഭിപ്രായമുണ്ടെന്ന് കരുതൂ, സര്‍വകലാശാല അധികൃതര്‍ ആദ്യം വിളിക്കുന്നത് പോലീസിനെയാണ്. മറ്റ് ആശയങ്ങളോ പ്രത്യയശാസ്ത്രങ്ങളോ അംഗീകരിക്കാന്‍ തയാറല്ലെങ്കില്‍ ശാരീരികാക്രമണം ഉറപ്പാണ്. കാശ്മീരികളുടെ അവകാശത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പുറത്തിറക്കിയ ഒരു പ്രസ്താവന, ഈയടുത്ത് സ്ഥാപിതമായ ലിബറലായ ഒന്നെന്നു കരുതപ്പെടുന്ന അശോക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു, ആ പ്രസ്താവനയെ പിന്തുണച്ച അവിടുത്തെ സ്റ്റാഫ് നിര്‍ബന്ധിതമായി രാജി വയ്‌ക്കേണ്ടി വന്നു. ചില കോളേജുകളില്‍ അധികൃതരുടെ ആശങ്ക പെണ്‍കുട്ടികള്‍ എന്തു വസ്ത്രം ധരിക്കണം എന്നതു മാത്രമാണ്, അവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്നല്ല. ലോകമറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന അക്കാദമിക്കുകള്‍ പകല്‍ വെളിച്ചത്തില്‍ കയ്യേറ്റം ചെയ്യപ്പെടുന്നു. അതെ, ആ ആള്‍ക്കൂട്ടം നമ്മുടെ ക്യാമ്പസുകളിലും എത്തിക്കഴിഞ്ഞു.നമ്മുടെ സമൂഹത്തിലേക്ക് നോക്കൂ: മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതില്‍ പ്രതിയായ ഒരാള്‍ അസുഖബാധിതനായി മരിക്കുന്നു. ആ കൊലയാളിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുന്നു. ആള്‍ക്കൂട്ട വിധി നടപ്പാക്കിയ കൊലയാളികള്‍ക്കൊപ്പം ആഘോഷിക്കാന്‍ രാജ്യത്തെ സാംസ്‌കാരിക മന്ത്രി തന്നെ നേരിട്ടെത്തുന്നു. അപരവിദ്വേഷവും സ്ത്രീവിരുദ്ധതയും നികുതി വെട്ടിപ്പുമൊക്കെ നടത്തുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ ജന്മദിനം ആഘോഷിക്കാന്‍ കേരള ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്ന് ആരോപിച്ച് അവിടെ അതിക്രമിച്ച കയറിയയാള്‍ നേതൃത്വം നല്‍കുന്നു. നീതി നടപ്പാക്കാന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍, സാക്ഷരരും രാഷ്ട്രീയ ധാരണകളുള്ള ഒരു സമൂഹത്തിന്റെ പ്രതിഫലനമായ മാധ്യമങ്ങളെ അവഹേളിക്കുകയും മാധ്യമ പ്രവര്‍ത്തകരെ തല്ലിയോടിക്കുകയും ചെയ്യുന്നു. സ്വതന്ത്രാഭിപ്രായമുള്ള സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ തലങ്ങും വിലങ്ങും പുലഭ്യമേറ്റുവാങ്ങേണ്ടി വരുന്നു... ഇതൊക്കെയാണ് ഇന്ന് നമ്മുടെ സമൂഹം.ഇന്ത്യയില്‍ ഇപ്പോള്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും ജനക്കൂട്ടമാണ്. അധികാരത്തിലുള്ളവരെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ പാടില്ല, സൈന്യത്തെക്കുറിച്ച് നിങ്ങള്‍ മിണ്ടാനേ പാടില്ല. ശത്രുരാജ്യത്തെ ജനങ്ങളെ കൊല്ലുന്നതും അവരുടെ തലവെട്ടിയെടുക്കുന്നതും ഇപ്പോള്‍ അനുവദനീയ ശീലങ്ങളായി മാറിക്കഴിഞ്ഞു. എതിരഭിപ്രായമുള്ളവരെ കൊല്ലുന്നതോ കൊല്ലാക്കൊല ചെയ്യുന്നതോ ആണ് ഇപ്പോള്‍ നിയമം, പാക്കിസ്ഥാനിലോ മറ്റേതെങ്കിലും വിദേശ രാജ്യത്തോ ഉള്ള ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ ജോലി ചെയ്യാന്‍ പാടില്ല, ഇതൊക്കെയാണ് നമ്മുടെ നാട് ഇന്ന്. അതുകൊണ്ട് അടുത്ത തവണ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ആലോചിക്കുക, നിങ്ങള്‍ കഴിക്കാന്‍ പോകുന്ന ഭക്ഷണം ഈ ആള്‍ക്കൂട്ടം അംഗീകരിച്ചു തന്നിട്ടുള്ളതാണോ എന്ന്.Next Story

Related Stories