TopTop
Begin typing your search above and press return to search.

ഒരു സ്കൂള്‍ പൂട്ടുമ്പോള്‍, ഒരു ഷോപ്പിംഗ് കോംപ്ലക്സ് കൂടി തുറക്കുന്നു

ഒരു സ്കൂള്‍ പൂട്ടുമ്പോള്‍, ഒരു ഷോപ്പിംഗ് കോംപ്ലക്സ് കൂടി തുറക്കുന്നു

ടീം അഴിമുഖം


കൊണ്ടോട്ടി എ എം എല്‍ എല്‍ പി സ്കൂളാണ് ഇന്നലെ പൂട്ടി. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും കോടതി ഉത്തരവിനെ തടയാന്‍ മാത്രം അത് ശക്തമായിരുന്നില്ല. അങ്ങനെ 60ഓളം വരുന്ന കുട്ടികളും അദ്ധ്യാപകരും പെരുവഴിയിലായി.

കഴിഞ്ഞാഴ്ചയാണ് തൃശൂര്‍ കിരാലൂരിലെ പരശുരാം മെമ്മോറിയല്‍ സ്കൂള്‍ കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയത്. സ്കൂളിന്റെ ഭരണാവകാശം ഉണ്ടായിരുന്ന പ്രസിദ്ധ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ തന്റെ കയ്യില്‍ നിന്നു ഒരു ട്രസ്റ്റിനെന്ന വ്യാജേന സ്കൂള്‍ തട്ടിയെടുക്കപ്പെട്ട കഥ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ സ്കൂള്‍ സംരക്ഷണ സമിതിയും യുവജന സംഘടനകളും സമരത്തിലാണ്. കുറച്ചു കുഞ്ഞുങ്ങള്‍ അവിടെ ഇപ്പൊഴും വന്നും പോയുമിരിക്കുന്നു.

പക്ഷേ ഏറ്റവും വിവാദമായ കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെയായി അടച്ചുപൂട്ടാന്‍ കഴിഞ്ഞിട്ടില്ല. പുതിയ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളിയ കോടതി സ്കൂള്‍ അടച്ചു പൂട്ടാന്‍ വീണ്ടും ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ സ്കൂള്‍ സംരക്ഷണ സമിതിയുടെയും എസ് എഫ് ഐയുടെയും നേതൃത്വത്തില്‍ അവിടെ ശക്തമായ സമരം നടക്കുകയാണ്.

കോഴിക്കോട് തന്നെയുള്ള പാലാട്ട് എല്‍ പി സ്കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവിന്റെ അവസാന ദിവസം ഇന്നാണ്. അതും അടച്ചു പൂട്ടേണ്ടത് മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടാന്‍ ചുമതലപ്പെട്ട എ ഇ ഓ തന്നെ. മാതാപിതാക്കളുടെയും കുട്ടികളുടെയും കാര്യം ഓര്‍ക്കുമ്പോള്‍ വേദനയുണ്ടെങ്കിലും കോടതി ഉത്തരവ് നടപ്പിലാക്കുകയാണ് തന്റെ കര്‍ത്തവ്യം എന്നു അവര്‍ പറയുന്നു.

ഇനി ജൂണ്‍ ഒന്നിലെ മറ്റൊരു വാര്‍ത്തയിലേക്ക്. കൊല്ലം മുഖത്തല എംജിടിഎച്ച്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിഷാദ് കനത്ത മഴയില്‍ കുതിര്‍ന്നു നിന്ന സ്കൂള്‍ കെട്ടിടത്തിന്റെ തൂണ് തകര്‍ന്നു ശരീരത്തില്‍ വീണു ദാരുണമായി മരിക്കുകയുണ്ടായി. സ്കൂള് തുറക്കലിന്റെയും പ്രവേശനോത്സവത്തിന്റെയും ആഹ്ളാദ തള്ളിച്ചയില്‍ ആയിരുന്ന കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.ഈ രണ്ടു വാര്‍ത്തകള്‍ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സമയാസമയം അറ്റകുറ്റപണി നടത്താതെ ജീര്‍ണ്ണിച്ച് നിലംപൊത്താന്‍ നില്‍ക്കുന്ന നിരവധി എയ്ഡഡ് സ്കൂളുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ഈ സ്കൂളുകളാണോ പൂട്ടാന്‍ തയ്യാറായി സര്‍ക്കാരിന്റെയും കോടതിയുടെയും അനുവാദം കാത്തു കിടക്കുന്നത്? കേരളത്തിലെ ഗവണ്‍മെന്‍റ് സ്കൂളുകള്‍ എം എല്‍ എ, എം പി, സര്‍വ്വ ശിക്ഷാ അഭിയാന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് അത്യാവശ്യം മികച്ച അടിസ്ഥാന സൌകര്യങ്ങളിലേക്ക് വികസിച്ചപ്പോള്‍ ഒരു കാലത്ത് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച എയ്ഡഡ് സ്കൂളുകള്‍ ദരിദ്രാവസ്ഥയിലാണ്. (കേരള പിറവിക്ക് മുന്‍പ്-1956 വരെ- എയ്ഡഡ് മേഖലയില്‍ 6374 സ്കൂള്‍ ഉണ്ടായിരുന്നു എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്)

കുട്ടികളുടെ തലയെണ്ണത്തിനനുസരിച്ചാണ് എയ്ഡഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം. എന്നാല്‍ മത/ജാതി സംഘടനകള്‍ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആകര്‍ഷകമായ പുതിയ പദ്ധതികളുമായി രക്ഷിതാക്കളെ ആകര്‍ഷിച്ചപ്പോള്‍ ഈ ഗ്രാമീണ സ്കൂളുകള്‍ സാധാരണക്കാരുടെ മാത്രം അത്താണിയായി. കുട്ടികളുടെ എണ്ണം കുറഞ്ഞ ഇത്തരം സ്കൂളുകള്‍ 'ലാഭകര'മല്ലാത്തവയായി സര്‍ക്കാര്‍ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയോടെ സ്കൂളുകള്‍ നടത്തിയിരുന്ന ഒരു കൂട്ടം പഴയ തലമുറ മാനേജര്‍മാരില്‍ നിന്നും സ്കൂള്‍ നടത്തിപ്പ് അവരുടെ പുതിയ തലമുറയിലേക്ക് കൈമാറിയപ്പോള്‍ പോക്കറ്റില്‍ നിന്നു കാശെടുത്ത് സ്കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ ആവര്‍ തയ്യാറായില്ല എന്നു മാത്രമല്ല, ലാഭത്തിന്റെ പുതിയ കണ്ണുകളിലൂടെ അവരതിനെ കാണാനും തുടങ്ങി.

നടത്തിപ്പ് ലാഭകരമല്ലാതായതോടെ സ്കൂളുകളെ സ്വഭാവിക മരണത്തിന് വിടുകയാണ് മാനേജര്‍മാര്‍. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതില്‍ എന്തു നേട്ടം എന്നവര്‍ ചിന്തിക്കുന്നു. സ്കൂളുകള്‍ ലാഭകരമല്ല എന്നു വരുത്തി തീര്‍ത്ത് അടച്ചു പൂട്ടാനുള്ള അനുവാദം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പല മാനേജര്‍മാരും. മലാപ്പറമ്പ സ്കൂളിലും സംഭവിച്ചത് അതാണ്‌. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത് വേഗത്തില്‍ നടപ്പിലാകാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എന്തായാലും ഇത് പെട്ടെന്നുണ്ടായ പ്രതിഭാസമല്ല. ഉദ്യോഗസ്ഥ-ഭരണ തലത്തില്‍ ഇതിന് വേണ്ടിയുള്ള അരങ്ങൊരുങ്ങി തുടങ്ങിയിട്ടു കുറച്ചു കാലം ആയിരിക്കുന്നു എന്നു വേണം കരുതാന്‍. തെറ്റായ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍, പാഠ്യ പദ്ധതി പരിഷ്ക്കരണങ്ങളെ തകിടം മറിക്കല്‍ മുതല്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ കയ്യയച്ചു പ്രോത്സാഹിപ്പിക്കല്‍ അടക്കം പൊതുവേ ദുര്‍ബലയായ ഇത്തരം സ്കൂളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒന്നായി.

'വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണല്ലോ സ്കൂള്‍ അടച്ചു പൂട്ടല്‍ പ്രശ്നം .അക്കാരണം കൊണ്ടു തന്നെ സ്ഥായിയായ ഒരു നടപടി ഇതിനാവശ്യമാണ്. എടുത്തു ചാടിയുള്ള ഒരു തീരുമാനം അല്ല ഇതിനാവശ്യം. അങ്ങനെ എടുത്തവ വിപരീതഫലമാണ്‌ ഉണ്ടാക്കിയിട്ടുള്ളതും. ഓരോ തലത്തിലെയും പ്രശ്നങ്ങള്‍ വ്യക്തമായ പഠനത്തിലൂടെയും ചര്‍ച്ചകളിലൂടെയും വിലയിരുത്തിയ ശേഷമേ ഇതിനൊരു പരിഹാരം കണ്ടെത്താനാകൂ. അത് ആരംഭിച്ചു കഴിഞ്ഞു. എത്രയും വേഗം പരിഹാരം ഉണ്ടാവും. ആവശ്യമെങ്കില്‍ കെഇആര്‍ ഭേദഗതി ചെയ്തും പരിഹാരം കണ്ടെത്തും. ഇപ്പോള്‍ നടക്കുന്ന നിയമനടപടികളില്‍ കോടതിയുടെ വിധി മാനിച്ചു മാത്രമേ മുന്നോട്ടു പോകൂ'. വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥ് അഴിമുഖത്തോട് പറഞ്ഞു.ചില സര്‍ക്കാര്‍ സ്കൂളുകളുടെയും അവസ്ഥയും പരിതാപകരമാണ് എന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍ അഭിപ്രായപ്പെടുന്നത്.

'സുരക്ഷാസംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാകാത്തതിന്റെ പ്രശ്നങ്ങള്‍ ഓരോ രൂപത്തിലാണ് വ്യക്തമാവുക. ചിലയിടങ്ങളില്‍ ഓടു പൊളിഞ്ഞു വീഴുന്നു, മറ്റിടങ്ങളില്‍ ഇത് പോലെ തൂണുകള്‍. മറ്റു ചില സ്ഥലങ്ങളില്‍ മരം മറിഞ്ഞു വീഴുന്നു. ഇതെല്ലാം അഡ്രസ് ചെയ്യേണ്ടവയാണ്. എല്ലാ വര്‍ഷവും പ്രവേശനോത്സവത്തിനു മുന്‍പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണം എന്നത് നിര്‍ബന്ധമാക്കിയിരിക്കണം. ഓരോ സ്കൂളും നിലനില്‍ക്കുന്നത് ഏത് അവസ്ഥയിലാണ് എന്ന് മനസ്സിലാക്കണം എങ്കില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അതേക്കുറിച്ച് ലഭ്യമാവണം. പരിശോധനകള്‍ യഥാസമയം നടത്തുക തന്നെയാണ് അതിനു പ്രതിവിധി. അങ്ങനെ ഒന്നില്ലാത്തതിന്റെ പരിണിതഫലമാണ്‌ മുഖത്തല എംജിടിഎച്ച്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാദിന്റെ കാര്യത്തില്‍ ഉണ്ടായത്. അശ്രദ്ധ മൂലം ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്. പ്രോപ്പര്‍ മോണിറ്ററിംഗ് നടക്കാത്തതിന്റെ അഭാവം അവിടെ കാണാന്‍ സാധിക്കും- ഷാജര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല മരണ ശയ്യയിലാണ് എന്നു തെളിയിക്കുന്നതാണ് സ്കൂള്‍ അടച്ചു പൂട്ടാനുള്ള ശ്രമങ്ങളും നിഷാദിന്റെ അപകട മരണം പോലുള്ള ദാരുണ സംഭവങ്ങളും. അദ്ധ്യാപകരില്ലാത്തതും സമയത്തിന് പുസ്തകം കിട്ടാത്തതുമൊക്കെയായിരുന്നു നേരത്തെയുള്ള പ്രശ്നങ്ങള്‍ എങ്കില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയയുടെ കഴുകന്‍ കണ്ണുകള്‍ കണ്ണായ സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന പല സ്കൂളുകളിലേക്കും പതിഞ്ഞിരിക്കുന്നു എന്നതാണ് പുതിയ വെല്ലുവിളി.

നികത്താന്‍ വയലും തണ്ണീര്‍തടങ്ങളും ഇല്ലാതായപ്പോള്‍ അവര്‍ പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകളിലേക്ക് തിരിഞ്ഞിരിക്കുന്നു. കര്‍ശനമായ നിയമ നിര്‍മ്മാണത്തിലൂടെയല്ലാതെ ഇത് തടയാന്‍ സാധിക്കില്ല എന്നത് തീര്‍ച്ച. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളില്‍ ആ സൂചന ഉണ്ടെങ്കിലും ഈ കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൈകൊണ്ട മെല്ലെപ്പോക്ക് നയമല്ല അടിയന്തര നടപടിയാണ് സര്‍ക്കാരില്‍ നിന്ന്പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഷോപ്പിംഗ് കോംപ്ലക്സിന് വേണ്ടി അടച്ചു പൂട്ടാന്‍ ഒരുങ്ങിയ തിരുവനന്തപുരം അട്ടകുളങ്ങര സ്കൂള്‍ പൊതു സമൂഹത്തിന്റെ ഇടപെടലിലൂടെ തിരിച്ചു പിടിച്ചതിന്റെ ധീര മാതൃക കൂടുതല്‍ വ്യാപിപ്പിക്കേണ്ടിയും ഇരിക്കുന്നു.


Next Story

Related Stories