TopTop
Begin typing your search above and press return to search.

രസിലയുടെ കൊലപാതകം: ഐടി മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രതിധ്വനിയുടെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍

രസിലയുടെ കൊലപാതകം: ഐടി മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രതിധ്വനിയുടെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍
ജനുവരി 29-ന് പൂനെയിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട രസിലയുടെ അനുഭവം ഐടി ജീവനക്കാരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സെക്യൂരിറ്റി സംവിധാനമടക്കം നിലവിലുള്ള സമ്പ്രദായങ്ങളിലുള്ള ഗുരുതരമായ പിഴവുകള്‍ പരിഹരിക്കാനും രസിലക്കുണ്ടായ ഈ ദുരന്തം ഇനിയൊരു ജീവനക്കാര്‍ക്കും ഉണ്ടാകാതിരിക്കാനുമുള്ള നടപടികളാവശ്യപ്പെട്ട് പുതിയ ഒരു ക്യാമ്പയിന് തുടക്കമാവുകയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ 'പ്രതിധ്വനി' ഇതിനായി മാസ് സിഗ്നേച്ചര്‍ ക്യാമ്പയിന് തുടക്കമിടുകയാണ്.

രസിലയുടെ മരണവും ഐ ടി സുരക്ഷിതത്വവും;  പ്രതിധ്വനിയുടെ സിഗ്നേച്ചർ ക്യാമ്പയിൻ 

'പ്രതിധ്വനി'യുടെ ക്യാമ്പയിന്റെ ഭാഗമായി പറയാനുള്ള കാര്യങ്ങള്‍.

രസില- കോഴിക്കോട് ജില്ലയിലെ കിഴക്കല്‍ കടവ് ഗ്രാമത്തില്‍ വിമുക്ത ഭടനായ രാജുവിന്റെയും പരേതയായ പുഷ്പലതയുടെയും മകളായി ജനിച്ച് കേന്ദ്രീയ വിദ്യാലയത്തിലും കോയമ്പത്തൂര്‍ നാമക്കല്‍ സി.എം.എസ് എഞ്ചിനീയറിംഗ് കോളേജിലും ഉന്നത നിലവാരത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കാമ്പസ് പ്ലെയ്‌സ്മെന്റില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.റ്റി കമ്പനിയില്‍ ജോലി ലഭിച്ച മിടുക്കിയായിരുന്നു രസില. വലിയ  പ്രതീക്ഷകളുമായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നിന്നും ജോലിക്കായി രസില പൂനെയിലെ ഇന്‍ഫോസിസ് കാമ്പസിലെത്തി. എന്നാല്‍, 2017 ജനുവരി 29 ഞായറാഴ്ച അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നെന്നേക്കുമായി അഅവസാനിച്ച ദിവസമായിരുന്നു.

ജോലി ചെയ്തിരുന്ന പൂനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ നിന്നും ബാംഗ്ലൂരിലേക്ക് ഒരു സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്ന രസില തന്റെ പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കായി ആ ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓഫീസിലെത്തുകയും വൈകുന്നേരം 8 മണിക്ക് തന്റെ കാബിനില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെടുകയും ചെയ്തു. താടിയെല്ലുകള്‍ തകര്‍ന്നും മുഖത്തും മുതുകത്തും ഗുരുതരമായ മുറിവുകളോടെയും കഴുത്തില്‍ നെറ്റ് വര്‍ക്ക് കേബിള്‍ ചുറ്റിയ നിലയില്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഓഫീസിനുള്ളില്‍ അവള്‍ തനിച്ചായിരിന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം അവളുടെ ഓ.ഡി.സി.യില്‍ അവള്‍ക്ക് പുറമേ കയറിയതായി ബയോ മെട്രിക് രജിസ്റ്റര്‍ പ്രകാരം പിന്നിട് കണ്ടെത്തിയ അതേ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ ബബന്‍ സൈക്കിയ എന്ന 27 വയസ്സുകാരനെ അന്നേ ദിവസം രാത്രിയില്‍ തന്നെ പൊലീസ് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

രസിലക്ക് സംഭവിച്ച ഈ ദുരന്തം ടെക്കി ലോകത്തിന് പകരുന്നത് സെക്യൂരിറ്റി സംവിധാനമടക്കം നിലവിലുള്ള സമ്പ്രദായങ്ങളിലുള്ള ഗുരുതരമായ പിഴവുകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. നാളിതു വരെയും നാമെല്ലാം ബോധപൂര്‍വ്വമായോ അല്ലാതെയോ ചുമന്നു കൊണ്ട് നടന്നിരുന്ന ചില അബദ്ധ ധാരണകളുടെ പൊളിച്ചെഴുത്തുകളാണ് രസിലയുടെ മരണം നമുക്ക് തരുന്നത്. യാഥാര്‍ത്ഥത്തില്‍ അവള്‍ക്ക് എന്താണ് സംഭവിച്ചതെന്നും ഇനി മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട് എന്നതിലും ഗൗരവമായ ചര്‍ച്ചകള്‍ നടക്കണം. ഒപ്പം ഈ മേഖലയില്‍ നിലനില്‍ക്കുന്ന സമാനമായ മറ്റു അനാരോഗ്യ പ്രവണതകള്‍ കൂടി അവസാനിപ്പിക്കാനും ഇതിലൂടെ നാം വഴി കണ്ടെത്തണം.

ദേഹമനങ്ങാതെ അനര്‍ഹമായി സമ്പാദിച്ചു കൂട്ടുകയും എല്ലാവിധ സൌഭാഗ്യങ്ങളും അനുഭവിക്കുകയും ചെയ്യുന്ന ഒരു വരേണ്യ തൊഴില്‍ വിഭാഗമാണ് ഐ.ടി മേഖലയിലുള്ളത് എന്നതാണ് നമ്മുടെ സമൂഹത്തിന്റെ പൊതുവായ തെറ്റിദ്ധാരണ . എന്നാല്‍, യാഥാര്‍ത്ഥ്യം അതില്‍ നിന്നുമെത്രയോ അകലെയാണ്. കോര്‍പ്പറേറ്റ് മേഖലയിലെ എല്ലാവിധ ഗുണദോഷങ്ങളും ചുമലില്‍ പേറുന്ന, അസംഘടിതരായ ഈ ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ജോലിയിലെ അമിതമായ പിരിമുറുക്കം കുടുംബ ജീവിതത്തില്‍ ഉണ്ടാക്കുന്ന താളപ്പിഴകള്‍ എന്നിവയൊക്കെ ഇന്ന് പ്രമുഖ ആരോഗ്യ മാസികകളുടെ ഇഷ്ട വിഷയങ്ങളാണ്.

എന്നാല്‍ ഈ അസ്വാരസ്യങ്ങള്‍ക്കൊക്കെയിടയിലും ഐ ടി മേഖലയില്‍ പണിയെടുക്കുന്നവര്‍ അഭിമാനപൂര്‍വ്വം വിശ്വസിച്ചിരുന്ന, ആശ്വസിച്ചിരുന്ന ഒന്ന് ഇതിനുള്ളിലെ ഭൗതിക സുരക്ഷിതത്വമായിരിന്നു. നിയതമായ ജോലി സമയം നിഷ്‌കര്‍ഷിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഈ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ ആവശ്യകതകളില്‍ ഒന്നും അതു തന്നെയായിരിന്നു. ഈ വിശ്വാസത്തിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് രസിലയുടെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. വളരെയധികം സുരക്ഷാ ക്രമീകരണങ്ങളുള്ള, അത്രയധികം സംരക്ഷണ സംവിധാനങ്ങളുള്ള, സെക്യൂരിറ്റി ഉദ്യോഗസ്ഥരും സി.സി ടി.വി ക്യാമറകളും ഒക്കെ ഉള്ള ഒരു ഐ.ടി കാമ്പസിനുള്ളില്‍, പകല്‍ സമയത്ത്, അതും അടച്ചിട്ട കാബിനില്‍ ഒരു ജീവനക്കാരന്‍/ജീവനക്കാരി സുരക്ഷിതയല്ല എന്ന അറിവ് അമ്പരപ്പിക്കുന്നതാണ്. പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ നടന്ന ഒറ്റപ്പെട്ട സംഭവമായി ഇതിനെ നിസ്സാരമായി കാണുവാന്‍ കഴിയില്ല... ഇന്ന് രസിലയ്ക്ക് പുനെയില്‍ സംഭവിച്ചത് നാളെ നമ്മുടെ ഏതെങ്കിലുമൊരു സഹോദരിക്ക് അഥവാ സഹോദരന് ഇവിടെ നമ്മുടെ തിരുവനന്തപുരത്തോ കൊച്ചിയിലോ സംഭവിച്ചു കൂടെ...


സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഐ ടി കമ്പനികളുടെയും ശ്രദ്ധ പതിയേണ്ടുന്ന ഒട്ടേറെ വസ്തുതകള്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഭൗതികവും അല്ലാത്തതുമായ സുരക്ഷാ നടപടികളിലെ പിഴവുകള്‍, ഐ. ടി മേഖലയില്‍:

1. രസിലയുടെ മരണം സംഭവിച്ചിരിക്കുന്നത് സുരക്ഷാ സംവിധാനങ്ങള്‍ക്ക് ആഗോള നിലവാരമുണ്ടെന്ന് കരുതപ്പെടുന്ന കമ്പനിയുടെ സുരക്ഷാ ജീവനക്കാരനാല്‍ ആണ് എന്നത് സംഭവത്തെ അതീവ ഗുരുതരമാക്കി മാറ്റുന്നു. ഐ ടി കാമ്പസുകള്‍ക്കുള്ളില്‍ പരമാവധി സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും കാമ്പസിനുള്ളില്‍ ഒരു ടെക്കി ഏതു സമയത്തും പൂര്‍ണ്ണ സുരക്ഷിതന്‍ ആയിരിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് ഈ സംഭവത്തോടെ തകര്‍ന്നു വീഴുന്നത്.

ഒരു ടെക്കിയുടെ സുരക്ഷാ കാര്യത്തിന് കമ്പനി ചുമതലപ്പെടുത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ളവനാകുകയും അവന്‍ തന്നെ സുരക്ഷക്ക് ഭീഷണി ആകുകയും ചെയ്യുന്ന സാഹചര്യം എല്ലാ പരിധികളും ലംഘിക്കുന്നതാണ്.സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരുടെ ഭൂതകാല പശ്ചാത്തലം വ്യക്തമായി അറിയുക എന്ന അതിപ്രധാന കാര്യത്തില്‍ നേരിട്ട ഗുരുതരമായ വീഴ്ചയായി ഇതിനെ പ്രഥമ ദൃഷ്ട്യാ കാണാവുന്നതാണ്. മിക്ക കമ്പനികളും സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നത് ഏജന്‍സികള്‍ മുഖാന്തിരമാണ് എന്നതിനാല്‍ തന്നെ കമ്പനികള്‍ക്ക് നേരിട്ട് ഇവരുടെ കൃത്യമായ വിവരങ്ങള്‍ അറിയുകയും അവരെ നേരിട്ട് നിയന്ത്രിക്കുവാനും കഴിയുന്നില്ല എന്നത് ഒരു ന്യൂനത ആണ്. ഇവിടെയാണെങ്കിലോ , ഒരു വര്‍ഷത്തിലേറെയായി ലൈസന്‍സ് പുതുക്കി കിട്ടിയിട്ടില്ലാത്ത ഏജന്‍സിയാണ് [Terrier Security Services] ബബന്‍ സൈക്കിയയെ ഇന്‍ഫോസിസില്‍ നിയമിച്ചത് എന്നത് കൂടി എടുത്ത് പറയേണ്ടതുണ്ട്.

2. ബബന്‍ സൈക്കിയ എന്ന സെക്യൂരിറ്റി ജീവനക്കാരനെതിരെ രസില മുന്‍പ് തന്നെ കമ്പനിയില്‍ പരാതി കൊടുത്തിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഒരു വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുന്നു എന്ന് ആരോപിച്ച് പരാതി ലഭിച്ചിട്ട് അതിന്മേല്‍ എന്തെങ്കിലും അന്വേഷണമുണ്ടായോ എന്നോ എന്ത് നടപടിയാണ് കമ്പനി മാനേജ്മെന്റ് എടുത്തതെന്നോ വ്യക്തമല്ല.

3. പക്ഷേ, ഇത് കുറ്റക്കാരന്‍ സെക്യൂരിറ്റി മാത്രമാണ് എങ്കില്‍ ഉള്ള കാര്യമാണ്.. രസീലയുടെ കാര്യത്തിലുള്‍പ്പെടെ, കുറ്റവാളികള്‍ ഈ ചെറിയ വൃത്തത്തിലൊതുങ്ങണമെന്നില്ല തന്നെ. കൂടെ ജോലി ചെയ്തവരോ മേലുദ്യോഗസ്ഥരോ ഒക്കെ ഈ കുറ്റകൃത്യത്തില്‍ ഭാഗഭാക്കാണെങ്കില്‍... ശേഷം ചിന്തനീയം തന്നെ. സഹപ്രവര്‍ത്തകരോ മറ്റു കമ്പനി ജീവനക്കാരോ വനിതാ ജീവനക്കാരുടെ ജീവനെടുക്കുന്നത് ഐ. ടി മേഖലയില്‍ ഇതാദ്യമല്ല. പൂനെയില്‍ ഇന്‍ഫോസിസ് കാമ്പസിനുള്ളില്‍ തന്നെ ഇത് രണ്ടാമത്തെ സംഭവമാണ്. രസില എല്ലാ കാര്യങ്ങളും തുറന്നു പറയുമായിരുന്ന അവളുടെ സഹോദരിയുടെ മൊഴി ഈ സംഭവത്തെ വളരെ വ്യത്യസ്തമായൊരു കോണിലൂടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. അതിന്‍ പ്രകാരം രസിലയുടെ മാനേജര്‍ ആയിരിന്നു രസിലയോട് അപമര്യാദയായി പെരുമാറിക്കൊണ്ടിരുന്നതും ആ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതിരിന്നപ്പോള്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടിരിന്നതും. അത് സഹിക്കാതെ വന്നപ്പോള്‍ ആണ് അവള്‍ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടത് എന്നാണ് രസിലയുടെ സഹോദരി പറയുന്നത്.. ഇങ്ങനെയൊരു വശം കൂടി ഈ സംഭവത്തിനുണ്ടെങ്കില്‍ ഈ മേഖലയില്‍ നില നില്‍ക്കുന്ന അടിയന്തിരമായും പരിഹാരമാവശ്യമായ അനാരോഗ്യ പ്രവണതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാകും ഈ ദുരന്തം.

4. ഒരു അവധി ദിവസത്തില്‍ ഒറ്റയ്ക്ക് രസീലയ്ക്ക് ഓഫീസില്‍ പോകേണ്ടി വന്ന സാഹചര്യവും അത്തരം സന്ദര്‍ഭങ്ങളില്‍ അധികമായ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രൊജക്റ്റ് മാനെജ്‌മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകാതിരിന്നതും ആലോചനാ വിഷയങ്ങള്‍ തന്നെയാണ്.. ഇത്തരം സന്ദര്‍ഭങ്ങള്‍ ഐ.റ്റി മേഖലയില്‍ സര്‍വ്വ സാധാരണമെങ്കിലും, തീര്‍ത്തും മാറ്റി വെയ്ക്കാനാകാത്ത ചുരുക്കം സന്ദര്‍ഭങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ അവധി ദിവസങ്ങളിലെ തൊഴില്‍ ആവര്‍ത്തിക്കുന്നതും രാത്രി വൈകുന്നതു വരെ ജോലി ചെയ്താലും തീരാത്ത ജോലി ഭാരവുമൊക്കെ പരമാവധി ഒഴിവാക്കേണ്ടതു തന്നെയാണ്. സാങ്കേതിക വിദ്യ ഇത്രയുമധികം വളര്‍ന്ന സാഹചര്യത്തില്‍ ഓഫിസില്‍ വരാതെ വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാന്‍ പല വഴികളും നിലവിലിരിക്കെ, അതിനുള്ള സാഹചര്യം ഒരുക്കുന്നത് തന്നെയായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭികാമ്യം. കുറഞ്ഞ പക്ഷം വനിതാ ജീവനക്കാരെയെങ്കിലും അവധി ദിവസങ്ങളിലെ പണിയെടുക്കലില്‍ നിന്നും രാത്രി ഏറെ വൈകിയുള്ള ജോലിയില്‍ നിന്നും ഒഴിച്ചു നിര്‍ത്തുവാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നത് നന്നായിരിക്കും.

രസിലക്കുണ്ടായ ദുരനുഭവവും മരണവും ഐ ടി മേഖലയിലെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ വളരെ മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് സമാനമായ രീതിയില്‍ ടെക്കികള്‍ക്ക് ഉണ്ടായ ദുരനുഭവങ്ങളിലേക്കും ദുരന്തങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കാം.

ഐ ടി ക്യാമ്പസുകളില്‍ ജീവന്‍ വെടിയുന്ന ടെക്കികള്‍:

1. രസിലയുടെ കൊലപാതകം നടന്ന പൂനയിലെ ഹിന്‍ജേവാഡി ഐ. ടി പാര്‍ക്കില്‍ തന്നെ ഇതിനു മുന്‍പ് സമാനമായ ഒരു സംഭവം നടന്നിട്ടുണ്ട്. 2005 ഡിസംബര്‍ 27 ഞായറാഴ്ച , ഇന്‍ഫോസിസ് കാമ്പസിനുള്ളിലെ കാന്റീന്‍ ജീവനക്കാരിയായ 25 വയസ്സുള്ള യുവതി അതെ കാമ്പസിലെ രണ്ട് ഹൌസ് കീപ്പിംഗ് ജീവനക്കാരാല്‍ മൃഗീയമായ ബലാത്സംഗത്തിനിരയായിരിന്നു.

2. 2007 ല്‍ ജ്യോതി കുമാര്‍ ചൗധരി എന്ന പൂനെയിലെ ഹിന്‍ജേവാഡി പാര്‍ക്കില്‍ തന്നെയുള്ള വിപ്രോയില്‍ ജോലി ചെയ്യുന്ന കോള്‍സെന്റര്‍ എക്‌സിക്യൂട്ടീവിനെ അതേ കമ്പനിയുടെ കാബ് ഡ്രൈവറും സുഹൃത്തും കൂടി ബലാത്സംഗം ചെയ്യുകയും അതിനു ശേഷം അവളുടെ തലയോട്ടി കരിങ്കല്‍കഷ്ണം കൊണ്ട് ഇടിച്ച് പൊട്ടിച്ച് ദാരുണമായി കൊലപ്പെടുത്തുകയും ചെയ്തു.

3. 2008 ആഗസ്ത് 7 ന്, ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന 22 വയസ്സുള്ള ഒരു കോള്‍സെന്റര്‍ എക്‌സിക്യൂട്ടീവിനെ ഒരു സംഘം ക്രിമിനലുകള്‍ കൂട്ട ബലാത്സംഗം നടത്തുകയുണ്ടായി. നാളിതു വരെ പൊലീസിന് ഈ കേസിന് തുമ്പുണ്ടാക്കാനോ കുറ്റവാളികളെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

4. 2009 ല്‍ പൂനെയിലെ തന്നെ ഒരു ഐ ടി പ്രൊഫഷണലായ നയന പൂജാരിയെ തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കമ്പനി കാബ് ഡ്രൈവറും അയാളുടെ സ്‌നേഹിതനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുണ്ടായി.

5. 2014 ഫെബ്രുവരിയില്‍, ചെന്നൈയിലെ സിപ് കോട്ട് ഐ ടി പാര്‍ക്കിലെ ടിസിഎസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന 23 വയസ്സുകാരി ഉമാ മഹേശ്വരി എന്ന യുവതിയെ കാണാതായി. 9 ദിവസങ്ങള്‍ക്കു ശേഷം തന്റെ കമ്പനിക്കടുത്ത് നിന്ന് ബലാത്സംഗം ചെയ്തു കൊന്ന നിലയില്‍ മൃതശരീരം കാണപ്പെട്ടു.

6. 2016 മെയില്‍, ഹൈദരാബാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന 25 വയസ്സുകാരി സമത എന്ന യുവതി തന്റെ ഓഫിസിലെ കെട്ടിടത്തില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു. സമതയുടെ വീട്ടുകാരുടെ മൊഴി പ്രകാരം അവളെ വധിച്ചത് സഹ പ്രവര്‍ത്തകനായിരുന്നു.

7. 2016 ഒക്ടോബര്‍ 14 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഭവാനി എന്ന കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്നും ശ്രീരാജ് ശശിധരന്‍ എന്ന ടെക്കി ചാടി മരിക്കുകയുണ്ടായി. അമിതമായ ജോലി ഭാരം മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ആണ് ശ്രീരാജ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു.

8. 2016 ഡിസംബര്‍ 25 ന് ബാംഗ്ലൂര്‍ കാപ് ജെമിനിയില്‍ ജോലിചെയ്തിരുന്ന ആന്തര ദാസ് എന്ന ടെക്കി തന്റെ ഓഫിസില്‍ നിന്നും കേവലം 500 മീറ്റര്‍ അകലെ വെച്ച് അതി ക്രൂരമായി കൊല ചെയ്യപ്പെട്ടു. ട്രെയിനിംഗ് കാലയളവില്‍ അവളുടെ കൂടെയുണ്ടായിരുന്ന ടെക്കി യുവാവായിരുന്നു കൊലപാതകി.

9. 2017 ഫെബ്രുവരി 3 ന്, പൂനെ ടിസിഎസിലെ ഐ ടി ജീവനക്കാരനായ അഭിഷേക് കുമാര്‍ താന്‍ താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. മരിക്കുന്നതിന് മുന്‍പ് ബെഡ് ഷീറ്റു കൊണ്ടുണ്ടാക്കിയ കൊലക്കയറുമായി സെല്‍ഫി എടുത്ത് അഭിഷേക് കൂട്ടുകാരന് അയച്ചു കൊടുത്തിരുന്നു.

10. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു ടെക്കി യുവതി താന്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ടെറസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടിരുന്നു. വളരെ പെട്ടെന്ന്, മതിയായ നഷ്ടപരിഹാരങ്ങളില്ലാതെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിലുള്ള ഷോക്കിലും സാമ്പത്തിക പരാധീനത നേരിടാനാകാതെയുമാണ് അവള്‍ ജീവനൊടുക്കിയതെന്നായിരുന്നു വാര്‍ത്ത.


നമുക്ക് ചുറ്റുമുള്ള ഐ ടി പാര്‍ക്കുകളില്‍ ഇതേ പോലെയുള്ള നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. കൊട്ടി ഘോഷിക്കപ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ക്കുമിടയില്‍ തന്റെ സ്വന്തം തൊഴിലിടങ്ങളില്‍ ഒരു ടെക്കി ഒട്ടും സുരക്ഷിതനല്ല എന്ന അപ്രിയ സത്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അംബര ചുംബികളായ കണ്ണാടി മാളികകള്‍ക്കും അതി വിശാലമായ കാമ്പസുകളിലെ അരുവികളും നീരുറവകളും കൃത്രിമ ഉദ്യാനങ്ങളും പൂന്തോട്ടങ്ങളും ബോട്ടുകളും ഒക്കെ നിറഞ്ഞ അങ്കണങ്ങള്‍ക്കുമൊക്കെ കണ്ണഞ്ചിപ്പിയ്ക്കുന്ന സൗകര്യങ്ങളുടെ വലിയ ഭാഷണങ്ങള്‍ പറയുവാനുണ്ടാകും. ഐ.ടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കായി ഉണ്ടാക്കി വെച്ചിട്ടുള്ള കോഫി ഷോപ്പുകളും, ഷോപ്പിംഗ് മാളുകളും ജിമ്മുകളും ബ്യുട്ടി പാര്‍ലറുകളും ഒക്കെ ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനുള്ള ഉപാധികളായി വിലയിരുത്തുവാനുമാകും. എന്നാല്‍, എത്ര ശതമാനം പേര്‍ക്ക് ഇവയൊക്കെ ആസ്വദിക്കുവാന്‍ കഴിയുന്നു എന്നും ഇതിനൊക്കെയിടയിലും എത്രത്തോളം സുരക്ഷ ഒരു ടെക്കിയുടെ ജോലിക്കും ജീവിതത്തിനും നല്‍കുവാന്‍ കഴിയുന്നു എന്നതും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു എന്ന് പറയാതെ തരമില്ല!

രസിലയുടെ മരണത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ടെക്നോപാര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ വനിതാ ഫോറം ടെക്നോപാര്‍ക്കിനുള്ളില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുകയുണ്ടായി. മെഴുകു തിരി കത്തിച്ച് കൊണ്ടുള്ള കേവലം പ്രതീകാത്മകമായ ഒരു പ്രതിഷേധത്തിനപ്പുറം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇത് പോലെയുള്ള മറ്റു അനാരോഗ്യ പ്രവണതകള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്ന തുടര്‍ നടപടികള്‍ അന്ന് തന്നെ പ്രതിധ്വനി തീരുമാനിച്ചിരുന്നു. അതിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുവാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കേരള സര്‍ക്കാരിനും ബന്ധപ്പെട്ട അധികാരികള്‍ക്കും ടെക്നോപാര്‍ക്ക് അധികൃതര്‍ക്കും വിവിധ കമ്പനി മേധാവികള്‍ക്കും അയക്കുവാനും വേണ്ടിയുള്ള ഒരു മാസ് സിഗ്‌നേച്ചര്‍ കാമ്പയിന്‍ പ്രതിധ്വനി ഇവിടെ തുടക്കമിടുകയാണ്.

ജീവനക്കാരുടെ സുരക്ഷയ്ക്കായി താഴെ പറയുന്ന കാര്യങ്ങള്‍ എല്ലാ ഐ ടി കമ്പനിക ളും കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം എന്ന് ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ഗവണ്മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു. അതിനു മുന്നോടിയായുള്ള ഒരു മാസ് സിഗ്‌നേച്ചര്‍ കാമ്പയിന്‍ പ്രതിധ്വനി ഇവിടെ തുടക്കമിടുകയാണ്.

1. റസിലയുടെ മരണം സമഗ്രമായി അന്വേഷിക്കുക

2. ഐ ടി കമ്പനികളിലെ അക്രമങ്ങളും പീഡനങ്ങളും ഒഴിവാവാക്കുന്നതിനായി എല്ലാ കമ്പനികളും എല്ലാ തരത്തിലുള്ള ജീവനക്കാരുടെയും ബാക് ഗ്രൗണ്ട് വെരിഫിക്കേഷന്‍ കമ്പനികളുടെ മേല്‍ നോട്ടത്തില്‍ നടത്തുക.

3. സ്ത്രീ ജീവനക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി വുമണ്‍ കംപ്ലൈന്റ് സെല്‍ എല്ലാ കമ്പനികളിലും ആരംഭിക്കുക, അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഓഡിറ്റ് ചെയ്യുക.

4. സാധാരണ ജോലി സമയത്തിനു കൂടുതല്‍ നേരം ജോലി ചെയ്യുന്ന ജീവക്കാരുടെ കൂടെ അവരുടെ മേലുദ്യോഗസ്ഥര്‍ പ്രൊജക്റ്റ് മാനേജരോ എച്ച് ആര്‍ മാനേജരുടെയോ സാന്നിധ്യം ഉറപ്പു വരുത്തുക,

5. വൈകി വീട്ടിലേക്കു പോകുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വം കമ്പനികള്‍ ഉറപ്പുവരുത്തുക.

6. ഗവണ്‍മെന്റ് എല്ലാ ഐ ടി നഗരങ്ങളിലും ഗ്രിവന്‍സ് സെല്ലുകള്‍ ആരംഭിക്കുക

7. ഗവണ്‍മെന്റ് തന്നെ നേരിട്ട് ഐ ടി കമ്പനികളിലെ ജീവനക്കാരുടെ സുരക്ഷയെ പറ്റി പഠിച്ചു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.

ഒരാഴ്ച്ച നടക്കുന്ന ഒപ്പു ശേഖരണത്തിന് ശേഷം ഈ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നല്കാന്‍ പ്രതിധ്വനി തീരുമാനിച്ചിട്ടുണ്ട് . പ്രതിധ്വനി വെബ്സൈറ്റ് വഴിയും ഫേസ്ബുക് പേജ് വഴിയും ഐ ടി ജീവനക്കാര്‍ക്ക് ഒപ്പു ശേഖരണ ക്യാമ്പയിനില്‍ പങ്കെടുക്കാം.


Next Story

Related Stories