ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യമാതാവ് ദലിതാണെന്ന് അറിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു

ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ബ്രോക്കറെ പോലീസ് അറസ്റ്റ് ചെയ്തു

ഭാര്യയുടെ അമ്മ ദലിതാണെന്ന് തിരിച്ചറിഞ്ഞ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പഞ്ചാബിലാണ് സംഭവം. പഞ്ചാബിലെ ഉന്നത ജാതിയായ ജാട് വിഭാഗക്കാരനായ മന്‍പ്രീത് സിംഗ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യ ജാട് യുവതിയാണെന്ന് കരുതിയാണ് ഇയാള്‍ വിവാഹം ചെയ്തത്. എന്നാല്‍ അവരുടെ മാതാവ് ദലിതാണെന്ന് താന്‍ കണ്ടെത്തിയെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ബ്രോക്കര്‍ മുഖേനയാണ് ഇവരുടെ വിവാഹം നടത്തിയത്. ‘ഞാന്‍ ഒരു ജാട് യുവാവാണ്. എന്റെ ഭാര്യാപിതാവും ജാട് ആണ്. പക്ഷെ ഭാര്യമാതാവ് രാംദാസിയയാണ്(സിഖ് വിഭാഗത്തിലെ ദലിത്). എന്നോട് എല്ലാവരും ജാട് ആണെന്നാണ് പറഞ്ഞിരുന്നത്’ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 45,000 രൂപ ബ്രോക്കര്‍ ഫീസ് വാങ്ങിയ ഗുല്‍ജീത്ത് സിംഗെന്ന ബ്രോക്കര്‍ വഞ്ചിച്ചെന്നാണ് ഇയാളുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

സാമ്പത്തികമായി പിന്നോക്കമാണെങ്കിലും ജാട് വിഭാഗമാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. കല്യാണത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യാ വീട്ടില്‍ പോയപ്പോഴാണ് മന്‍പ്രീത് വിവരങ്ങള്‍ അറിഞ്ഞത്. ഭാര്യയുമായി മടങ്ങിയെത്തിയ ശേഷം ഫാമിലേക്ക് പോയ മന്‍പ്രീത് അവിടെ വച്ചാണ് വിഷം കഴിച്ചത്.

ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ബ്രോക്കര്‍ ഗുര്‍ജീത്തിനെ ലെഹ്‌റ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന ജാതി മത ചിന്തയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടലാണ് ഈ സംഭവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍