TopTop

സില്‍ക്ക് സ്മിത ഒരു ശരീരം മാത്രമായിരുന്നില്ല

സില്‍ക്ക് സ്മിത ഒരു ശരീരം മാത്രമായിരുന്നില്ല

അനു അക്ഷര

ഒരു കുഗ്രാമത്തില്‍ നിന്നു തുടങ്ങി സ്വന്തം കല കൊണ്ട് ദക്ഷിണേന്ത്യ അപ്പാടെ അധീനതയിലാക്കിയ വ്യക്തിത്വം. സില്‍ക്ക് സ്മിതയെന്ന വിജയലക്ഷ്മിയെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അതായിരിക്കാം അല്പപ്രജ്ഞരുടെ ചര്‍ച്ചകളില്‍ എല്ലായ്പ്പോഴും അവര്‍ വിലാസവതിയായി ആയിരങ്ങളെ കോരിത്തരിപ്പിച്ച, ഇക്കിളികൂട്ടിയ സില്‍ക്ക് സ്മിത മാത്രമായി ചുരുങ്ങുമ്പോഴൊക്കെയും എന്നെയത് അരിശം കൊളളിച്ചു കൊണ്ടേയിരിക്കുന്നത്. സ്മിതയെ ന്യായീകരിക്കുന്ന ഇടങ്ങളിലെല്ലാം തന്നെ എന്നെ വിലകുറഞ്ഞവളായി വിലയിരുത്തുന്നതും അല്പപ്രജ്ഞയുടെ സൂചകമായി കണ്ട് ഞാന്‍ സമാശ്വസിച്ചു.

മനസ്സ് നിറയെ രേഖയെ ആരാധിച്ച, രേഖയെ പോലെ ഒരു നടിയാകണമെന്നാഗ്രഹിച്ച അവരുടെ ജീവിതവും മോഹവും സമാന്തരമായ രേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത ഒന്നായി മാറിയത് വേദനിപ്പിക്കുന്നതാണ്. പതിമൂന്നാം വയസ്സില്‍ ആന്ധ്രയിലെ കുഗ്രാമത്തില്‍ നിന്ന് മദ്രാസിലേക്ക് വണ്ടി കയറുമ്പോള്‍ അവര്‍ തനിച്ചായിരുന്നു. ആന്‍റണി ഈസ്ററുമാന്‍റെ ഇണയെ തേടി എന്ന ചിത്രത്തിലെ നായികയെ തേടിയുളള അന്വേഷണം ഒടുവില്‍ ചെന്ന് നിന്നത് ഈ വിജയലക്ഷ്മിയിലായിരുന്നു. ആയിരത്തി അഞ്ഞൂറു രൂപ പ്രതിഫലത്തില്‍. അദ്ദേഹം ആ പെണ്‍കുട്ടിയെ സ്മിത എന്ന് നാമകരണം ചെയ്തു. സ്മിതാ പാട്ടീലിനെ അനുസ്മരിപ്പിക്കുന്ന അവരുടെ മുഖത്തിന് അതില്‍ പരം യോജിക്കുന്ന മറെറാരു പേര് തുല്യം വെക്കുവാനില്ലായിരുന്നു. പിന്നീട് തിരുപ്പൂര്‍ മണി നിര്‍മ്മിച്ച വണ്ടിച്ചക്രമെന്ന ചിത്രത്തില്‍ എത്തിപ്പെട്ടതോടെ അവര്‍ സില്‍ക്ക് സ്മിതയായിമാറി. പിന്നീടവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വളരെ എളുപ്പത്തില്‍ തന്നെ വിജയത്തിന്റെ കനകപീഠം ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. പിന്നീടൊരിക്കല്‍ തിരുപ്പൂര്‍ മണി തന്റെ ഇമൈകള് എന്ന ചിത്രത്തില്‍ സ്മിതയെ അഭിനയിക്കാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹത്തോടൊപ്പമുളള തന്റെ ആദ്യചിത്രത്തില്‍ അര്‍ഹിക്കുന്ന പ്രതിഫലം തരാതിരുന്നതിന് പകരമായി സ്മിത രണ്ട് ലക്ഷം രൂപ ഇതിലാവിശ്യപ്പെടുകയുണ്ടായി. അക്കാലത്തു് സ്മിത വാങ്ങിയിരുന്നതിലും രണ്ടിരട്ടി. ഇതില്‍ കലി പൂണ്ട തിരുപ്പൂര്‍ മണി സ്മിതയെ വെല്ലുവിളിച്ചു "നീ കാള്‍ഷീറ്റ് തന്നില്ലെങ്കില്‍ നിന്നെപ്പോലൊരു സ്മിതയെ ഞാനുണ്ടാക്കു"മെന്ന്. അദ്ദേഹം അവര്‍ക്ക് പകരമായി ജയമാലിനിയെന്ന നായികയെ കാസ്റ്റ് ചെയ്തു. ശിവാജി ഗണേശന്‍, സരിത, ശരത് ബാബു തുടങ്ങിയവരെല്ലാം ഇമൈകളിലെ അഭിനേതാക്കളായി ഉണ്ടായിരുന്നെങ്കിലും സ്മിത ഇല്ല എന്ന ഒററക്കാരണത്താല്‍ ചിത്രം വിതരണത്തിനെടുക്കാനാരും തയ്യാറായില്ല. ഒടുവില്‍ അദ്ദേഹത്തിന് സ്മിതയുടെ മുന്‍പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. സ്മിത ആവശ്യപ്പെട്ട തുകയത്രയും കൊടുത്തു. ഇമൈകള്‍ വന്‍വിജയവുമായി.ആണധികാരത്തിന്റെ ഇടമായ, ആണുങ്ങളുടെ വീക്ഷണ കോണില്‍ നിന്ന് സ്ത്രീകളെ അടയാളപ്പെടുത്തുന്ന ചലച്ചിത്ര ലോകത്തില്‍ നായകന്റെ സാന്നിധ്യമില്ലാതെ തന്നെ ഹിററുകള്‍ തീര്‍ക്കാന്‍ അവര്‍ പ്രാപ്തയായിരുന്നു. ഇന്ത്യയിലെ ഒന്നാംനിര നായകന്മാരുടെ ചിത്രങ്ങളില്‍ പോലും അവര്‍ ഒഴിച്ച് കൂടാന്‍ പററാത്ത ഒരു ഘടകമായി തീര്‍ന്നു. ഒരിക്കല്‍ കമല്‍ഹാസനോടൊപ്പം സ്മിത അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെററില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തിന്റെ അച്ഛന്‍ കടന്നു വന്നു. മകന്റെ അഭിനയം കാണാനാണ് വന്നതെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീട് അദ്ദേഹം അത് മനസ്സിലാക്കി തിരുത്തി പറയുകയുണ്ടായി "അച്ഛന്‍ എന്നെ കാണാനല്ല സില്‍ക്കിനെ കാണാനാണ് വന്നതെന്ന്." അതുപോലെ 82ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ സകലകലാവല്ലഭനും രജനീകാന്തിന്റെ മുന്റുമുഖവും ബോക്സ് ഓഫീസില്‍ തകര്‍ത്തോടാന്‍ കാരണക്കാരിയും സ്മിത തന്നെയായിരുന്നു. അതായിരുന്നു സ്മിത തരംഗത്തിന്റെ ശക്തി.

സ്മിത കടിച്ചെടുത്ത ആപ്പിള്‍ ലേലത്തിലൂടെ ഒരു ആരാധകന്‍ സ്വന്തമാക്കിയ കഥ എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഒരിക്കല്‍ സ്മിത ഇങ്ങനെ പറഞ്ഞു "എന്റെ മനസ്സ് മുഴുവന്‍ ദുഃഖമാണ്. കണ്ണീരിന്റെ സ്വരൂപമാണ് ഞാന്‍". വളരെയേറെ സെന്‍സിറ്റീവായിരുന്നു അവര്‍. കളിയാക്കുമ്പോള്‍, ഉപദേശങ്ങള്‍ കേള്‍ക്കുമ്പോഴൊക്കെയും അവര്‍ മൂഡ് ഓഫ് ആകും. ഇതിഹാസ പുരുഷനായ കര്‍ണ്ണനെ ആരാധിച്ച, മദര്‍ തെരേസയെ പോലെയാകണമെന്നാഗ്രഹിച്ച, പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന സ്മിതയെ കുറിച്ചും എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.

സംഘടനകളില്‍ നിന്നോ, സ്മിതയുടെ കഴിവുകളെ പരമാവധി ചൂഷണം ചെയ്ത് വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചവരില്‍ നിന്നോ ഒന്നു പോലും നിശ്ചേതനമായ ആ ദേഹത്തിന് അവസാന നിമിഷത്തില്‍ അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ല എന്നതാണ് ചലച്ചിത്രലോകം അവരോടു കാണിച്ച ഏററവും വലിയ നീതികേട്.

(ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories