TopTop
Begin typing your search above and press return to search.

സില്‍ക്ക് സ്മിത; ഒട്ടും ഗൃഹാതുരമല്ലാത്ത ഒരോര്‍മ്മക്കുറിപ്പ്

സില്‍ക്ക് സ്മിത; ഒട്ടും ഗൃഹാതുരമല്ലാത്ത ഒരോര്‍മ്മക്കുറിപ്പ്

ക്ലാര നിറഞ്ഞു പെയ്യുന്ന മഴക്കാലങ്ങളിൽ എപ്പോഴും സ്മിതയെ ഓർമ വരും. സിൽക്ക് സ്മിത എന്നെല്ലാവരും വിളിക്കുന്ന സ്മിതയെ. അവർ നനഞ്ഞൊട്ടി ആടിയ മഴനൃത്തങ്ങളൊന്നുമല്ല കാരണം. എനിക്ക് തിരിച്ചറിവെത്തും മുന്നെ അവർ ദുർമരണപ്പെട്ടിരുന്നു. ടി.വിയിൽ കണ്ട മുഖ്യധാരാ സിനിമകളിലെ കാമം കത്തുന്ന കണ്ണും ചുണ്ടും ഇത്തിരിത്തെറ്റലിന്റെ ഭംഗിയുമുള്ള നിരവധി ഉടലുകളിൽ ഒന്നായി അവരെ എന്റെ ബോധം ഉൾക്കൊണ്ടു.

മഴ കനത്ത ഒരു സ്കൂൾ കാലത്ത് ഞങ്ങളുടെ 'സിൽക്ക് സ്മിത 'ടീച്ചർ കുടയുമായി വന്നു. അവരുടെ ഭംഗിയുള്ള ഇരുനിറത്തിനും വലിയ കണ്ണുകൾക്കും ആരോ നൽകിയ വിളിപ്പേരാണ് സിൽക്ക് സ്മിത. ആ ടീച്ചർ വലിയ ബാഗും പിടിച്ച് വരുന്നത് കാണാൻ ആൺകുട്ടികളുടെ നീണ്ട നിര ഉണ്ടാവുമായിരുന്നു. അവർ സാമൂഹ്യപാഠം ക്ലാസെടുക്കുമ്പോൾ അവരുടെ അഴകളവുകളെ കുറിച്ചുള്ള മുറുമുറുപ്പ് കേട്ടു. മഴയും സ്മിതയും ആദ്യമായി ഇഴചേർന്നതപ്പോഴാണ്. പിന്നീട് സ്മിതയെ ടി.വിയിൽ കാണുമ്പോഴൊക്കെ ഈ ടീച്ചർ മഴയത്തു നടന്നു വരുന്നത് ഓർമ വരും.

നിറയെ കയറ്റിറക്കങ്ങളുള്ള ഒരു വഴി അവസാനിക്കുന്നതിന്റെയും ഒരു കുന്ന് തുടങ്ങുന്നതിന്റെയും ഇടയിലായിരുന്നു ഞങ്ങളുടെ സ്ക്കൂൾ. അവിടെ മഴ കനത്ത് പേടിച്ചു ക്ലാസിലെല്ലാവരും ചേർന്നിരിക്കുന്ന ഒരു ഉച്ചയിലാണ് സ്മിത വീണ്ടും വന്നത്. കൂട്ടുകാരി ബാഗിൽ ഒളിച്ചു വച്ച 'വിശുദ്ധ സ്മിതക്ക് ' എന്നു പേരുള്ള പുസ്തകം കണ്ടപ്പോഴാണത്. ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് ആരോ അവളുടെ ഏട്ടന് കൊടുത്ത പുസ്തകമായിരുന്നു അത്. എവിടെ നിന്നോ മഴ നനഞ്ഞ് ഓടിക്കിതച്ച് ഓടി വന്ന ഒരു സീനിയർ ചേട്ടൻ പറഞ്ഞു, "ശ്ശോ അവൾ മരിച്ചത് കഷ്ടായി " എന്ന്. അവരുടെ അകാലമരണത്തിൽ അനുതപിച്ച എന്നെ ഒരു കൂട്ടം അശ്ലീല പൊട്ടിച്ചിരികൾ കടന്നു പോയി.

സ്മിത ആരെന്ന് അറിഞ്ഞ കോളേജ് കാലത്തെ ഒരു മഴ നേരത്ത് ക്ലാരയുടെ അസംഖ്യം കാമുകന്മാരിൽ ഒരാൾ വീണ്ടും പറഞ്ഞു "ശ്ശൊ സിൽക്ക് മരിക്കണ്ടായിരുന്നു.. എന്തൊരു കിടിലൻ പീസാ.. ഇന്നും ഏറ്റവും ഹിറ്റ് അവളുടെ വീഡിയോകളാ. മരിച്ചതോടെ എത്രയെണ്ണം മിസ്സായി...." മഴയത്തും പൊളളിയ പതിഞ്ഞ ശബ്ദത്തിൽ ഞാൻ 'കഷ്ടം' എന്ന് പറഞ്ഞു. മുഴുമിക്കും മുന്നെ ഒരാൾക്കൂട്ടം 'തീവ്രവാദി ഫെമിനിസ്റ്റേ' എന്നൊക്കെ അലറി. വലിയൊരു ആൾക്കൂട്ടത്തിൽ നിന്നു കൊണ്ടു തന്നെ അവരിൽ നിന്ന് ബഹിഷ്കൃതയായി ഞാൻ മഴ നനഞ്ഞു.

മഴയത്ത് പട്ടുപാവാടയും പുളിയിലക്കര മുണ്ടും ഇട്ട് ഓടി വരുന്ന ഏതൊക്കെയോ സിനിമാ നടിമാരാണ് ഇപ്പോഴും പലരുടെയും ജീവിത പങ്കാളിയുടെ സങ്കൽപ്പ ചിത്രം. മഴ നനഞ്ഞു വരുന്ന ക്ലാര നിത്യ നഷ്ട പ്രണയിനിയും. സ്മിത മറ്റാരോ ഡൗൺലോഡ് ചെയ്യുമെന്നുറപ്പിച്ച് ഡിലീറ്റ് ചെയ്യുന്ന കുറെ വീഡിയോകൾ.

നമ്മുടെ ഇരട്ടത്താപ്പിനെയും കാപട്യത്തെയും അവരുടെ ഇന്നും ദുരൂഹമായ നീതി കിട്ടാത്ത മരണത്തെയും ഓർമിപ്പിക്കുക ഒരു രാഷ്ട്രീയ ദൗത്യമാണെങ്കിലും അതു ചെയ്യുന്നില്ല. ക്ലാരയേയും ജയകൃഷ്ണനെയും പ്രണയ പെയ്ത്തായ നൂറു കണക്കിനു രംഗങ്ങളെയും ഓർക്കാൻ ശ്രമിച്ച് സ്മിതയുടെയും അവരുടെ മരണത്തിന്റെയും ഒട്ടുo പൊട്ടിപ്പോവാത്ത റീലുകൾ മാത്രം മനസിലേക്ക് വരുന്ന ഒരുവളുടെ ഒട്ടും ഗൃഹാതുരമല്ലാത്ത ഒരോർമ്മക്കുറിപ്പു മാത്രമാണിത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories