TopTop
Begin typing your search above and press return to search.

ഏകീകൃത നികുതി നിയമം ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമോ?

ഏകീകൃത നികുതി നിയമം ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമോ?

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ഉത്തരേന്ത്യന്‍ സംസ്ഥാന അതിര്‍ത്തിയായ കന്നായൂരിയില്‍ മൈലുകളോളം ചരക്കുവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് നിത്യകാഴ്ചയാണ്. നിര്‍മാണശാലകള്‍ക്ക് വേണ്ടിയുള്ള ചരക്കുകളും കൊണ്ട് ദിവസങ്ങളോളം യാത്ര ചെയ്യുന്ന വണ്ടികളാണിത്. തിരക്കു പിടിച്ച ഇന്ത്യയിലെ റോഡുകളിലൂടെയുള്ള ദുര്‍ഘടമായ യാത്രയല്ല തങ്ങളുടെ പ്രശ്‌നമെന്നും ചെക്ക്‌പോയിന്റുകളിലെ ദീര്‍ഘമായ കാത്തിരിപ്പും പരിശോധനയുമാണ് തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. എല്ലാ ദിവസവും 1500-ലധികം ചരക്കു വണ്ടികള്‍ ഇവിടെ മണിക്കൂറുകളോളം നിര്‍ത്തിഇടാറുണ്ട്. ഇതു തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പരാതി പറഞ്ഞു.

'നിങ്ങള്‍ എവിടെയെത്തിയെന്ന് കമ്പനി മാനേജര്‍മാര്‍ വിളിച്ച് കൊണ്ടേയിരിക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇവിടെ കുടുങ്ങിയിരിക്കുകയായിരിക്കും'- 35 വയസ്സുകാരനായ ദിനേഷ് കുമാര്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും പഞ്ചാബിലെ നിര്‍മാണശാലയിലേക്ക് തയ്യല്‍നൂല്‍ കൊണ്ടുപോകലാണ് ദിനേഷിന്റെ ജോലി.

ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ശതമാനവും ചരക്കുഗതാഗതം നടക്കുന്നതു റോഡു വഴിയാണ്. ലോക ബാങ്കിന്റെ വിവരണ പ്രകാരം 40 ശതമാനം സമയം മാത്രമേ ചരക്കു വണ്ടി ഓട്ടത്തിനു വേണ്ടി എടുക്കുന്നുള്ളൂ. അതിര്‍ത്തിയില്‍ ചുങ്കം പിരിക്കുന്നതിലും ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും വേണ്ടിയാണ് ബാക്കി സമയം മുഴുവന്‍ പോകുന്നത്. ഇതിന്റെ കണക്ക് ഓരോ സംസ്ഥാനങ്ങളിലും നേരിയ തോതില്‍ വ്യത്യസ്തമുണ്ടായിരിക്കും.

ഈ കച്ചവട പ്രശ്‌നം ഒഴിവാക്കാന്‍ വേണ്ടി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുതിയ നിയമം കൊണ്ടു വന്നു. നിലവിലുള്ള ഇരുപതോളം ചരക്ക് നികുതികളും വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ചുങ്കങ്ങള്‍ക്കു പകരം ഏകീകൃത ചരക്ക് സേവന നികുതി കൊണ്ടുവരാനുള്ള നിയമമാണിത്. ജി.എസ്.ടി എന്നറിയപ്പെടുന്ന ഈ നിയമം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന സാമ്പത്തിക പരിഷ്‌കരണമാണെന്നും കച്ചവട മേഖലയെ ഇതു പൂര്‍ണമായും സഹായിക്കുമെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.വിവര സാങ്കേതിക മേഖല പോലുള്ള സേവനരംഗങ്ങളില്‍ മാത്രമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുള്ളത്. എന്നാല്‍ കൃഷി മേഖലയില്‍ ഒരു തരത്തിലുള്ള സാമ്പത്തിക പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക ഉത്പാദനത്തിന്റെ 16 ശതമാനവും വ്യവസായ മേഖലയില്‍ നിന്നാണ്. 2022 ആകുമ്പോഴേക്കും ഇതു 25 ശതമാനമായി ഉയര്‍ത്താനും 2000 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

ഏഷ്യയുടെ മൂന്നാമത്തെ വലിയ സാമ്പത്തിക മേഖലയായ ഇന്ത്യയെ നവീകരിക്കുക എന്ന മുദ്രാവാക്യവുമായാണ് കഴിഞ്ഞ മേയ് മാസം മോദി അധികാരത്തില്‍ വന്നത്. അതിന്റെ ഭാഗമായാണ് 'ഇന്ത്യയില്‍ നിര്‍മാണം' എന്ന കാമ്പയിന്‍ കൊണ്ടു വന്നത്. ഇന്ത്യയുടെ ഉത്പാദനം ഉയര്‍ത്തിയ ചൈനയെ പോലെ കയറ്റുമതി മേഖല വികസിപ്പിക്കുക എന്നതാണു ഇതിന്റെ ലക്ഷ്യം.

എന്നാല്‍ ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം കച്ചവടം ചെയ്യാനുള്ള സൗകര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 142 ആണ്. കച്ചവടത്തിന് സാഹചര്യമൊരുക്കുന്ന സര്‍ക്കാരിന്റെ ഇടപെടലുകളുണ്ടായിരുന്നിട്ടു പോലും കഴിഞ്ഞ വര്‍ഷത്തെ 134 ആം സ്ഥാനത്തു നിന്നും ഇന്ത്യ താഴോട്ടു പോയിരിക്കുകയാണ്.

ഇന്ത്യയിലെ ഉത്പാദന വിതരണ ചിലവ് (ലോജിസ്റ്റിക്കല്‍ കോസ്റ്റ്) അന്താരാഷ്ട്ര സൂചകങ്ങളെക്കാള്‍ ഏഴു മടങ്ങാണെന്ന് ലോക ബാങ്ക് കണക്കുകള്‍ പറയുന്നത്.

സാമ്പത്തിക മേഖലയുടെ ഗതി നിര്‍ണയിക്കുന്ന പരിഷ്‌കരണമാണ് പുതിയ ഏകീകരിച്ച ചരക്ക് സേവന നികുതി നിയമമെന്ന് ലോക ബാങ്കിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ ഡെന്നിസ് മെദ്വെദേവ് പറഞ്ഞു. ഇതു ചരക്കു ഗതാഗത സമയം ഇരുപതു മുതല്‍ മുപ്പതു വരെ കുറയ്ക്കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉത്പാദനം 2 ശതമാനം കൂടുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

'ഇന്ത്യയിലെ ഉത്പാദന മേഖലയിലെ അനിശ്ചിതത്വം ഇതോടു കൂടി ഇല്ലാതാക്കിയിരിക്കുകയാണ്' മെദ്വെദേവ് പറഞ്ഞു.

കന്നായൂര്‍ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാപരിശോധനയ്ക്ക് വേണ്ടി മണിക്കൂറുകളോളമാണ് ചരക്കു വണ്ടികള്‍ നിര്‍ത്തിയിടുന്നത്. ചൂട്ടുകൂട്ടി ചൂടുപിടിപ്പിച്ചും ചായ കുടിച്ചും ഡ്രൈവര്‍മാര്‍ സമയം തള്ളി നീക്കുകയാണ് പതിവ്. ഇവിടെ പരിഷ്‌കാരം കൊണ്ടു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

'ആറു മണിക്കൂറിലധികമായി ഞാന്‍ ഇവിടെ കാത്തിരിക്കുകയാണ്' രാസവസ്തുക്കള്‍ കൊണ്ടുപോകുന്ന 38 വയസ്സുകാരനായ ഡ്രൈവര്‍ ലക്ഷ്മണ്‍ സിംഗ് പറഞ്ഞു. കടന്നു പോയ ചെക്ക്‌പോസ്റ്റില്‍ നിന്നും അറിയിപ്പ് കിട്ടിയില്ല എന്നാണ് അവര്‍ പറയുന്നതെന്നും ഇതെങ്ങനെയാണ് എന്റെ പ്രശ്‌നമാകുന്നതെന്നും അയാള്‍ ചോദിച്ചു. കച്ചവടത്തെ ഈ കാര്യങ്ങള്‍ മോശമായി ബാധിക്കുന്നുണ്ടെന്ന് അയാള്‍ സൂചിപ്പിച്ചു.

ചില അവസരങ്ങളില്‍ ഇടക്കിടെയുള്ള ഈ പരിശോധന അഴിമതിക്കും തൊഴിലാളികളെ ഉപദ്രവിക്കാനും ഇട വരുത്താറുണ്ടെന്ന് ഗതാഗത കമ്പനിയായ കാരവന്‍ റോഡ്‌വെയ്‌സ് സ്ഥാപകനായ രാജീവ്.എന്‍.ഗുപ്ത പറഞ്ഞു.

കഴിഞ്ഞ വര്‍ഷം. ഉത്പാദന വിതരണ ചിലവും (ലോജിസ്റ്റിക്കല്‍ കോസ്റ്റ്) സമയവും ലാഭിക്കാന്‍ വേണ്ടി ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃതപദാര്‍ത്ഥങ്ങള്‍ പണിശാലയുടെ അടുത്തുനിന്നു തന്നെ വാങ്ങാന്‍ മോട്ടോര്‍വണ്ടി നിര്‍മാതാക്കളായ മാരുതി സുസൂക്കി തീരുമാനിച്ചു.

ഏകീകൃത നികുതി നിയമം നടപ്പിലായാല്‍ കച്ചവട മേഖലയിലെ അനാവശ്യ നിക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ജപ്പാന്‍ മോഡലിലുള്ള സമയബന്ധിതമായ നിര്‍മാണം ഇന്ത്യയിലും സ്വീകരിക്കാന്‍ സാധിക്കുമെന്നും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് ഇന്ത്യ വിഭാഗത്തിലെ തലവന്‍ ദേവേഷ് കപൂര്‍ പറഞ്ഞു.

ഇതാദ്യമായല്ല ജി.എസ്.ടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ചുങ്കം പിരിക്കാനും നികുതി വര്‍ദ്ധി്പ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധികാരം നഷ്ടമാകുമോ എന്നു ഭയന്ന് പല തവണ ഈ ബില്‍ അംഗീകരിക്കാതെ പോകുകയാണ് ചെയ്തിരുന്നത്.ധൃതി പിടിച്ചുള്ള ഈ പരിഷ്‌കാരത്തിനെതിരെ വ്യവസായ സംസ്ഥാനങ്ങളായ തമിഴ്‌നാടും ബംഗാളും ധനകാര്യ മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

നികുതി സംബന്ധിയായ സംസ്ഥാന സര്‍ക്കാരുകളുടെ സ്വയം ഭരണാധികാരത്തെ ഈ ബില്‍ ബാധിക്കുമെന്ന് സൂചിപ്പിച്ചു കൊണ്ട് തമിഴ്‌നാടു മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായ സമന്വയം നടത്താതെ ദീര്‍ഘകാല സ്വാധീനം ചെലുത്തുന്ന ഇത്തരം നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാവുന്ന എന്തു നഷ്ടവും കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുമെന്ന് ജെറ്റ്ലി പറഞ്ഞു. പുതിയ ബില്‍ സ്വീകാര്യമാകാന്‍ വേണ്ടിയാണ് അദ്ദേഹം ഈ ഉറപ്പു നല്‍കിയത്.

എന്നാല്‍ ഈ നിയമം കൃത്യമായി പ്രാബല്യത്തിലാകാതെ വരികയോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുകയോ ചെയ്താല്‍ രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത പാര്‍ലമെന്റ് സെഷനില്‍ ഈ ബില്‍ വീണ്ടും ചര്‍ച്ചയ്ക്ക്‌ വെയ്ക്കും. ഭരണഘടനയില്‍ ഭേദഗതി ആവശ്യമുള്ള ഈ ബില്‍ മൂന്നില്‍ രണ്ടു ശതമാനം നിയമനിര്‍മാതാക്കളും അംഗീകരിക്കേണ്ടതുണ്ട്. കൂടാതെ സംസ്ഥാന നിയമസഭയുടെ പകുതി അംഗങ്ങളുടെ എങ്കിലും അംഗീകാരം ആവശ്യമാണ്. 2016ഓടു കൂടി ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെറ്റ്ലി പറഞ്ഞു.

'പുതിയ നിയമം വന്നാല്‍ നീണ്ട വരിയായി നില്‍ക്കുന്ന ചരക്കു വണ്ടികളുടെ കാഴ്ച ചരിത്രം മാത്രമായി മാറും' കന്നയൂറിലെ നികുതി വിഭാഗം ഉദ്യോഗസ്ഥന്‍ സഞ്ജീവ് പൂരി പറഞ്ഞു. അതിര്‍ത്തി പരിശോധനയും ചെക്ക്‌പോസ്റ്റുകളും ഇല്ലാതാകുകയും ഇന്ത്യയില്‍ കച്ചവടത്തിനുള്ള വലിയ സാധ്യത തുറന്നു വരുമെന്നും അതൊരു പുതിയ ലോകം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.


Next Story

Related Stories