TopTop

ഒരു സ്വവര്‍ഗ്ഗാനുരാഗിയും അമ്മയും എന്ന നിലയില്‍ എന്‍റെ ജീവിതം

ഒരു സ്വവര്‍ഗ്ഗാനുരാഗിയും അമ്മയും എന്ന നിലയില്‍ എന്‍റെ ജീവിതം

കാത്തി ഷാടെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കുട്ടിക്കാലത്തെയും കൌമാരകാലത്തെയും ഏറ്റവും വലിയ ആഗ്രഹം അമ്മയാകണം എന്നതായിരുന്നു. എന്റെ ഏറ്റവും വലിയ ലക്‌ഷ്യം അതായിരുന്നു എന്ന് ഒരുപക്ഷെ എന്റെ മാതാപിതാക്കള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കില്ല. ഒരു ഭേദപ്പെട്ട ഇടത്തരം കുടുംബത്തില്‍ ജനിച്ച ഞാന്‍ കുടുംബം എന്ന് ചിന്തിക്കും മുന്‍പ് ചിന്തിക്കേണ്ടത് കോളേജിനെപ്പറ്റിയും ജോലിയെപ്പറ്റിയും ഒക്കെയാണ്. അതുകൊണ്ട് ഞാന്‍ എന്റെ അലമാരയുടെ പിറകില്‍ വിലകുറഞ്ഞ കുട്ടിയുടുപ്പുകളും ചെരിപ്പുകളും മറ്റു കുട്ടിസാമഗ്രികളും ഒളിച്ചുവെച്ചു. (കുഞ്ഞുങ്ങളുടെ ചെരിപ്പിനെക്കാള്‍ മനോഹരമായി എന്താണുള്ളത്?)

അമ്മയാകണോ വേണ്ടയോ എന്നൊന്നും താന്‍ ആലോചിച്ചതില്ലെന്നായിരുന്നുവെന്നാണ് എന്റെ അമ്മ പറഞ്ഞത്.

എന്നാല്‍ എനിക്ക് അമ്മയാകണം എന്നത് ഒരു അഭിലാഷമായിരുന്നു. എനിക്ക് ഞാന്‍ പുറത്തുള്ളയാരോ ആണെന്നപോലെയാണ് തോന്നിയത്- കാരണം ഞാന്‍ തീരെ ചെറിയതുമായിരുന്നു, അതിന്റെ കൂടെ ലെസ്ബിയനും.

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഹൈസ്കൂളില്‍ വെച്ച് ഞാന്‍ ലെസ്ബിയനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ എല്‍ജിബിറ്റിക്യു (ലെസ്ബിയന്‍ ഗേ ബൈസെക്ഷ്വല്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്യുവര്‍) അംഗവും ഒപ്പം മാതാപിതാക്കളുമായ ആരെയും എനിക്ക് ഉദാഹരണമാക്കാനില്ലായിരുന്നു. അങ്ങനെയുള്ളവര്‍ ഉണ്ടെന്നു അറിയാമായിരുന്നുവെങ്കിലും ബോസ്റ്റണിലോ പിന്നീട് എന്റെ ലിബറല്‍ ആര്‍ട്ട്‌സ് കോളെജിലോ അത്തരം കുടുംബങ്ങള്‍ ഞാന്‍ കണ്ടിരുന്നില്ല. എനിക്കും എന്റെയൊപ്പമുള്ള ക്യുവര്‍ (queer) ആളുകള്‍ക്കും മാതാപിതാക്കളാകാന്‍ കഴിയും എന്നത് അന്നത്തെ സങ്കല്‍പ്പത്തിനു വെളിയിലായിരുന്നു. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കിളിക്കൂടും മുട്ടകളും കിട്ടുന്നത് പോലെ അത്ര മാന്ത്രികമായ ഒരു കാര്യമായാണ് ഞാന്‍ അത് കരുതിയിരുന്നത്.

അത് മാത്രമല്ല, അമ്മയാകാനുള്ള എന്റെ ആഗ്രഹം, പ്രത്യേകിച്ച് ചെറിയ പ്രായത്തില്‍ (ഞാന്‍ ആദ്യം ഗര്‍ഭിണിയാകാന്‍ ശ്രമിച്ചത് ഇരുപത്തിയൊന്നാം വയസിലാണ്) അത് ഫെമിനിസത്തിന്റെ മുഖത്താണ് പറന്നുചെന്നത്—എന്റെ പല എല്‍ജിബിറ്റി സുഹൃത്തുക്കളും ഫെമിനിസ്റ്റുകള്‍ ആയിരുന്നു താനും. ഒരു വീട്ടുജിവിതം ഒഴിവാക്കാന്‍ ഞാന്‍ എടുക്കേണ്ടിയിരുന്ന മറ്റു തീരുമാനങ്ങള്‍ എല്ലാം എവിടെ? ഒരു ക്യുവര്‍ വ്യക്തിയാകാനും ഒപ്പം ഒരു സിംഗിള്‍ അമ്മയാകാനും എളുപ്പമല്ല എന്ന് തോന്നി. ഞങ്ങള്‍ ആരും- തല ഷേവ് ചെയ്ത, പിങ്ക് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന, ജാക്കറ്റ് ധരിക്കുന്ന ക്യുവര്‍ ആള്‍ക്കാര്‍ ആരും തന്നെ ഒരു ഹോംമേക്കര്‍ ആവുകയോ ഒരു പിറ്റിഎ അംഗമാവുകയോ ചെയ്തിരുന്നില്ല.

ക്യുവര്‍ വ്യക്തികളെപ്പറ്റിയും അമ്മമാരെപ്പറ്റിയും ഉള്ള ഈ ചിത്രങ്ങള്‍ എല്ലാം വാര്‍പ്പുമാതൃകകളാണ്. എന്നാല്‍ ഞാന്‍ അതില്‍ വീണുപോയി. എന്റെ ചെറുപ്പകാലമത്രയും ഞാന്‍ കട്ടിലില്‍ കിടന്നു ദിവാസ്വപ്നം കാണുന്ന ഭാവി സ്വപ്നം നുണയാണെന്ന് ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിച്ചു: എന്റെ കയ്യില്‍ ഒതുങ്ങി ഒരു കുഞ്ഞ്, എന്നെ ചേര്‍ത്ത് പിടിക്കുന്ന ഒരു പെണ്‍ കരം. കുട്ടിയുടെ പിറകെ മഴയത്ത് ഓടുന്നത്, നക്ഷത്രങ്ങളെ നോക്കുന്നത്, ഉടുപ്പില്‍ മറ്റൊരു സ്ത്രീയുടെ മണം അനുഭവിക്കുന്നത്... ഞാന്‍ ഇതൊന്നും അനുവദിക്കില്ലായിരുന്നു, ഇതൊക്കെ സാധ്യമാണ് എന്നെനിക്ക് അറിയില്ലായിരുന്നു.ലോകം നമ്മോട് പറയുന്നത് അമ്മമാര്‍ സ്നേഹം തുളുമ്പുന്ന മൃദുസ്പര്‍ശമാണെന്നാണ്. ഞാന്‍ ആ വശം പരീക്ഷിച്ചു നോക്കി. എന്നാല്‍ ഞാന്‍ എന്നെ ഒരു പരുക്കന്‍ ധൈര്യശാലിയായ, ഏകാകിയായ പോരാളിയായാണ്‌ കാണുന്നത്. എന്റെ കൌമാരത്തിന്റെ അവസാനവും ഇരുപതുകളുടെ ആദ്യവും ആളുകള്‍ എന്നെ ആണ്‍കുട്ടി എന്ന് തെറ്റിദ്ധരിച്ചതൊക്കെ ഞാന്‍ ആസ്വദിച്ചിരുന്നു. ലിംഗവേര്‍തിരിവിന്റെ നിയമങ്ങള്‍ തെറ്റിക്കാന്‍ ഞാന്‍ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മൂത്രമൊഴിച്ചിരുന്നു. കുറച്ചുകാലം ഞാന്‍ എന്റെ തല മൊട്ടയടിക്കുകയും എന്റെ മുലകള്‍ ടേപ്പ് ഒട്ടിച്ചു പരത്തുകയും ചെയ്തിരുന്നു. ഞാന്‍ ലെതര്‍ ജാക്കറ്റും ബൂട്ടും ധരിച്ചിരുന്നു. ചിലപ്പോഴൊക്കെ ആണുങ്ങള്‍ എന്നെ നോക്കി ചെറിയ രീതിയില്‍ തല കുലുക്കിയിരുന്നു. ഇതൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചു. എത്രകാലം എനിക്കിങ്ങനെ ആണ്‍വേഷം കെട്ടാനാകും?

എന്റെ തന്നെ പാവം പരുക്കന്‍ അമ്മയാണ് എനിക്ക് എന്റെ രീതിക്ക് കുട്ടിയെ വളര്‍ത്താം എന്ന് വിശ്വാസം തോന്നാന്‍ സഹായിച്ചത്. എന്നാല്‍ എനിക്കെങ്ങനെ ഒരേസമയം ആണ്‍കുട്ടിയെപ്പോലെയും അമ്മയും ആകാന്‍ കഴിയും?

ഈ രണ്ടു വ്യക്തിത്വങ്ങള്‍ക്കിടയില്‍ ഞാന്‍ കിടന്നു കുഴഞ്ഞു. ഒരു രൂപാന്തരകാലമായിരുന്നു അത്. ഞാന്‍ എല്ലാമായിരുന്നു, എന്നാല്‍ ഒന്നുമല്ല എന്ന അവസ്ഥ. ഞാന്‍ ഒരു അമ്മയാകാന്‍ പോവുകയാണോ? എന്റെ ക്യുവര്‍ സമൂഹം കുട്ടിയെ വളര്‍ത്തല്‍ പോലുള്ള ഇത്തരം സാമ്പ്രദായിക കുടുംബജോലികളെ ആഗ്രഹിക്കുന്നത് കൊണ്ട് എന്നെ ഒറ്റുകാരിയായി കാണുമോ? അമ്മയാകാന്‍ ആഗ്രഹിക്കുക എന്നാല്‍ അത്ര ക്യുവര്‍ അല്ല എന്ന് എനിക്ക് തോന്നി.

ഇക്കാലമത്രയും എല്‍ ജി ബി റ്റി മാതാപിതാക്കളുടെ ഇടയില്‍ ചേരാന്‍ മാത്രം പ്രായം എനിക്കായിരുന്നില്ല. ഞാന്‍ സാറാ ലോറന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മമാരാകാന്‍ പോകുന്ന ലെസ്ബിയന്‍ സ്ത്രീകളുടെ ഒരു സംഘത്തില്‍ ചേര്‍ന്നു. മാന്‍ഹാട്ടനിലെ എല്‍ ജി ബി റ്റി സെന്ററിലാണ് അവര്‍ കൂടിച്ചേര്‍ന്നത്. ഞാന്‍ എന്റെ കവിതാ ക്ലാസ് കഴിഞ്ഞ് മെട്രോ വഴി പോകും. എന്റെ സഹപാഠികള്‍ പബ്ബിലോ കൂട്ടുകാരുടെ ഒപ്പമോ ആവും ഈ സമയം ചെലവിടുക. എനിക്ക് ഈ മീറ്റിംഗ് ഇഷ്ടമായിരുന്നു. ഞാന്‍ ആയിരുന്നു ഈ കൂട്ടത്തിലെ ഏറ്റവും ചെറിയ ആള്‍. ഇവര്‍ക്കാര്‍ക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല.

ഒന്നാം വര്ഷം കഴിഞ്ഞപ്പോള്‍ എനിക്ക് കൊളാജ് എന്ന എല്‍ജിബിറ്റി മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള ഒരു ഗ്രൂപ്പില്‍ ഇന്റേണ്‍ഷിപ്പ് കിട്ടി. എന്റെ മാതാപിതാക്കള്‍ സാധാരണക്കാരായിരുന്നിട്ടും എന്നെ സ്വീകരിക്കാന്‍ ഒരുപാട് വിശദീകരിക്കേണ്ടിവന്നു. ഒരു ദിവസം ഈ കൂടെ ചേരാന്‍ പോകുന്ന ഒരു കുട്ടി എനിക്കും ഉണ്ടാകുമല്ലോ. കൊളാജിലെ അനുഭവം എനിക്ക് പുതിയതായിരുന്നു. രാജ്യത്ത് ആകമാനമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയിരുന്നു. എനിക്ക് അവിടുത്തെ അന്തരീക്ഷം ഇഷ്ടമായിരുന്നുവെങ്കിലും മാതാപിതാക്കള്‍ എന്നെ അവരുടെ സംഘത്തിലെ ഭാഗമായി കണ്ടില്ല.

കോളേജ് കഴിഞ്ഞപ്പോള്‍ ഒരു പഴയ ഫാംഹൌസ് വാങ്ങി അവിടെ കുട്ടികളെയും കോഴികളെയും ഒന്നിച്ചു വളര്‍ത്തണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനെ ഞങ്ങള്‍ ബേബി ഫാം എന്ന് വിളിക്കും. ഒരു ലൈബ്രറി, കുട്ടികളുടെ ചെരിപ്പിടാന്‍ ഒരു കൂട, ഒരു ഓക് മരത്തില്‍ തൂങ്ങുന്ന ഊഞ്ഞാല്‍, ഒരു ട്രീ ഹൌസ്, ഇതൊക്കെ അവിടെ ഞാന്‍ മനസ്സില്‍ കണ്ടു. വേണമെങ്കില്‍ ഉടുപ്പില്ലാതെ നടക്കാം, കുടുംബത്തിന്റെ സംഗീത ബാന്‍ഡ് തുടങ്ങാം, ബാത്ത്ടബിലെ ഭിത്തിയില്‍ ക്രയോന്‍ സന്ദേശങ്ങള്‍ എഴുതാം, മഫിന്‍ ഉണ്ടാക്കാം, പാവം അലയുന്ന മൃഗങ്ങള്‍ക്ക് അഭയം നല്‍കാം. ഇതായിരുന്നു എന്റെ സ്വകാര്യ ദിവാസ്വപ്നം: വിദ്യാഭ്യാസമുള്ള ക്യുവര്‍ ആളുകള്‍ ലളിതമായ ഒരു ജീവിതത്തിലേയ്ക്ക് മടങ്ങുന്നത് തീര്‍ച്ചയായും വിപ്ലവകരമാണ്. എന്റെ അവസാന വര്‍ഷ സഹപാഠികളും ഇതൊരു നല്ല ആശയമാണെന്ന് സമ്മതിച്ചു. എന്നാല്‍ ആര്‍ക്കും ഇത് പഠിത്തം കഴിഞ്ഞയുടന്‍ ചെയ്യണമെന്നു ഇല്ലായിരുന്നു.

ഒരു കുട്ടിയുള്ള സ്ത്രീയെ പ്രേമിച്ചപ്പോഴാണ് എനിക്ക് സ്വയം ഒരമ്മയായി കാണാനായത്. ക്യുവര്‍ ജീവിതവും പേരന്റ് ജീവിതവും തമ്മില്‍ ഞാന്‍ കണ്ട വേര്‍തിരിവുകള്‍ അലിഞ്ഞുപോയി. ഒരു പേരന്റിനു ഒരുപാട് പേരുകളുണ്ടാകാം. എന്റെ പങ്കാളി എന്റെ മാതൃത്വവും എന്റെ പുരുഷസ്വത്വവും ഒരേപോലെ അംഗീകരിച്ചു. ഞാന്‍ ഞങ്ങളുടെ സമൂഹത്തില്‍ ദൃശ്യയായി.

ഞാന്‍ പ്രസവിച്ചപ്പോഴാണ് എന്നിലെ മാതൃത്വവും എന്നിലെ പോരാളിയും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് കണ്ടത്. ഇന്നത്തെ ലോകത്തില്‍ എന്തായാലും എന്റെ കുട്ടിക്ക് സ്വന്തം ലിംഗസ്വത്വവും ലൈംഗികതയും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്.വീടെന്ന് വിളിക്കാന്‍ ഒരിടം കണ്ടെത്തുന്നത് പാടായിരുന്നു. എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ ഇരുപത് മാസം ഞാന്‍ എന്റെ മാതാപിതാക്കളുടെ സ്ഥലത്താണ് താമസിച്ചത്. അവിടെ ക്യുവര്‍ ആളുകളെ ആരെയും എനിക്ക് അറിയില്ലായിരുന്നു. അതൊരു വിചിത്രവികാരമാണ്. എല്‍ ജി ബി റ്റി ആളുകള്‍ ഉള്ള ബ്രൂക്ക്ലിനില്‍ താമസിച്ച ശേഷം ഇങ്ങനെ ഒരു സ്ഥലത്തേയ്ക്ക് മാറുക. എന്നാല്‍ എന്റെ മാതാപിതാക്കളോടും മറ്റു യുവ അമ്മമാരോടും അടുക്കാന്‍ പറ്റിയ സമയവുമായി ഇത് മാറി. ഇവിടെ വെച്ചാണ് ഞാന്‍ പൂര്‍ണ്ണമായ ഒരു അമ്മയായത്. എന്നാല്‍ എന്റെ ക്യുവര്‍ സ്വത്വം ഇവിടെ നിശബ്ദമായിരുന്നു.


ഒരു വര്ഷം മുന്‍പാണ് ഞങ്ങള്‍ ഫിലാഡല്‍ഫിയയിലേയ്ക്ക് മാറിയത്. ഇവിടെ വന്നിട്ട് ഒരു വര്‍ഷമാകുന്നതേയുല്ലെങ്കിലും ഞാന്‍ ഇവിടെ വേരുകള്‍ ആഴ്ത്തിത്തുടങ്ങിയിരിക്കുന്നു. എന്റെ ആദ്യകാല സങ്കോചങ്ങള്‍ എല്ലാം എന്റെ തന്നെ ഭാവനയായിരുന്നു. ഇരുപത്തഞ്ചുവയസിനു മുന്‍പ് പ്രസവിക്കണം എന്നാണു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ജെസ്സിക്ക് ജന്മം നല്‍കുമ്പോള്‍ എനിക്ക് മുപ്പത്തൊന്ന് വയസായിരുന്നു.

ഇതിലൊക്കെ എന്താണ് കാര്യമുള്ളത്? എന്നാല്‍ കുറേക്കാലം എനിക്കിതൊക്കെ പ്രധാനമായിരുന്നു. ഒരു യുവ അമ്മയാവുക എന്ന കുട്ടിക്കാല സ്വപ്നം വിട്ടുകളയാന്‍ മടിയായിരുന്നു. എന്നെ ഒരു ക്യുവര്‍ അമ്മയായി കാണാനും പണ്ട് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇത്തരം സാമ്പ്രദായിക പേടികള്‍ മാറ്റിനിറുത്തിയപ്പോള്‍ എനിക്ക് എപ്പോഴും ആഗ്രഹിച്ചിരുന്ന ജീവിതം ജീവിക്കാനാവുന്നുണ്ട്


Next Story

Related Stories